വിണ്ടുകീറിയ പാദങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയോട് പറയുന്നത്...

mumbai-foot
SHARE

നടന്ന്, നടന്ന് അവര്‍ ചരിത്രമെഴുതി. ഇന്ത്യയിലെ െഎതിഹാസിക കര്‍ഷക സമരഗാഥകളില്‍ ഇടംപിടിക്കുന്ന ഒന്നാണ് നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച്. രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളാണ് മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയുമൊക്ക കര്‍ഷകര്‍. പ്രതിഷേധിച്ച് പെരുവഴിയിലിറങ്ങിയ കര്‍ഷകന്‍റെ പൊള്ളിക്കീറിയ കാല്‍പാദങ്ങളും ചോര കട്ടപിടിച്ച ചെരുപ്പുകളും ഡിജിറ്റല്‍ ഇന്ത്യയോട് പറയുന്നത് എന്താണ്? 

മുന്നിലെ എല്ലാ വഴികളും അടഞ്ഞപ്പോഴാണ് അവര്‍ നടന്നുതുടങ്ങിയത്. ആത്മഹത്യാമുനമ്പില്‍ നിന്ന് പോരാട്ടച്ചൂടിലേക്ക്. മണ്ണുപുരണ്ട കീറിയ കുപ്പായങ്ങളും മാറാപ്പുകളുമായി. കരുവാളിച്ച മുഖങ്ങളുമായി. അവര്‍ നടന്നു. ആറ് ദിവസം. 182 കിലോ മീറ്റര്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കണ്ടുമടുത്ത ശക്തിപ്രകടനങ്ങള്‍ പോലെയായിരുന്നില്ല അവരുടെ ആ നടത്തം. വരണ്ടുണങ്ങിയ പാടംപോലെ വിണ്ടുകീറിയ അവരുടെ കാല്‍പാദങ്ങളില്‍ ഇന്ത്യയുടെ ഭൂപടം കണ്ടു. മെലിഞ്ഞുണങ്ങിയ ഭാരതമാതാവിനെ കണ്ടു. താഴെ കാല്‍പാദങ്ങളില്‍ നിന്ന് ഇറ്റുവീഴുന്ന ചോരയുടെ ചുവപ്പ്.... മേെല ചെങ്കൊടിച്ചുവപ്പ്. ഈ ചിത്രങ്ങള്‍ പറയും അവരുടെ സഹനസമരത്തിന്‍റെ ആഴം. 

കടം കയറിയവര്‍. നാടിനെ മുഴുവന്‍ ഉൗട്ടുമ്പോഴും അവനവന് കഴിക്കാനില്ലാത്തതിനാല്‍ കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടാത്ത സ്വച്ഛഭാരത് പരന്മാര്‍. ഡിജിറ്റല്‍ ഇന്ത്യയുടെ യഥാര്‍ഥപ്രതീകങ്ങള്‍. പുതിയതെന്തെങ്കിലും നേടിയെടുക്കാനല്ല അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അവര്‍ പോരാട്ടത്തിനിറങ്ങിയത്. വനഭൂമിയില്‍ കൃഷിചെയ്തുവരുന്ന ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചുനല്‍കണം, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണം, കൃഷിഭൂമിയെ വെള്ളത്തിലാക്കുന്ന നദീസംയോജന പദ്ധികള്‍ പരിഷ്ക്കരിക്കണം, കാര്‍ഷികപ്രതിസന്ധി പരിഹരിക്കാനുള്ള സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം... ആവശ്യങ്ങള്‍ ഇവയായിരുന്നു. 

നാസിക്കില്‍ നിന്ന് മാര്‍ച്ച് തുടങ്ങുമ്പോള്‍ 16,000 കര്‍ഷകരാണ് അണിനിരന്നത്. പിന്നെ അതൊരു മഹാപ്രവാഹമായി. ആദ്യം മടിച്ചുനിന്ന മഹാനഗരം അന്നം തരുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയവ്യത്യാസമില്ലാതെ നേതാക്കള്‍ അണിനിരന്നു. പരീക്ഷയെഴുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രശ്നമുണ്ടാക്കാതെയാണ് കര്‍ഷകര്‍ മാര്‍ച്ച് ചെയ്തത്.ആവശ്യങ്ങള്‍ അംഗീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ രേഖമൂലം ഉറപ്പു നല്‍കിയതോടെ സമരം വിജയകരമായി പര്യവസാനിച്ചു. ഹരിയാനയിലും രാജസ്ഥാനിലും മധ്യപ്രദേശിലും കത്തിയാളുന്ന കര്‍ഷകസമരങ്ങളുടെ തുടര്‍ച്ചയായിരുന്നു മഹാരാഷ്ട്രയിലേത്. 

വന്‍കിട മുതലാളിമാര്‍ക്ക് കടം കടയറിയാല്‍ നിയമത്തെവെട്ടിച്ച് വിദേശത്തേയ്ക്ക് കടക്കാം.കര്‍ഷകന് ഒഴുമുഴം കയറില്‍ ജീവനൊടുക്കണം. മഴയുമായി മാത്രമല്ല മരണവുമായും ചൂതുകളിക്കണം. മുന്‍സര്‍ക്കാരുകള്‍ തുടങ്ങിവെച്ച തെറ്റായനയങ്ങള്‍ ബിജെപി കൂടുതല്‍ ശക്തിയോടെ നടപ്പാക്കി. പ്രതിവര്‍ഷം ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത് 12,000 ലധികം കര്‍ഷകരാണ്.  

ത്രിപുരയിലെ ചെങ്കോട്ട തകര്‍ന്നതിന്‍റെ പ്രഖ്യാപനം വന്ന അതേ ദിവസം സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി മാധ്യമങ്ങളെ കണ്ടത് സാന്ദര്‍ഭികമായി പറയട്ടെ. മോദിയുടെ രഥയാത്ര തടയാന്‍ ഇനിയും നിങ്ങള്‍ക്കാകുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതായിരുന്നു യച്ചൂരിയുടെ മറുപടി.ലവനും കുശനും ഇടതുപക്ഷവും കോണ്‍ഗ്രസുമാണോയെന്ന് കോണ്‍ഗ്രസ് സഹകരണത്തിനായി വാദിക്കുന്ന യച്ചൂരിയോട് ചോദിച്ചപ്പോള്‍ കൗശലപൂര്‍വം നല്‍കിയ വിശദീകരണം ഇങ്ങിനെ. 

യച്ചൂരിയുടെ കൗശലം അവിടെ നില്‍ക്കട്ടെ. ത്രിപുരയില്‍ സിപിഎമ്മിന്‍റെ തിരിച്ചടി പുറത്ത് വന്ന് മൂന്നാം നാളാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അതിജീവനത്തിനായി നടക്കാന്‍ തുടങ്ങിയത്. ഫാല്‍ഗുന മാസത്തിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ നിസ്വരായ മനുഷ്യര്‍ നടത്തിയ വിജയച്ചെങ്കൊടിയേറ്റം സിപിഎമ്മിനും മുഖ്യധാര ഇടതുപക്ഷത്തിനും നല്‍കുന്നത് തിരിച്ചറിവിന്‍റെ പാഠങ്ങളാണ്. തിരുത്താനുള്ള പാഠങ്ങളാണ്. പറയേണ്ടത് വര്‍ഗരാഷ്ട്രീയമാണെന്ന പാഠം. പ്രവര്‍ത്തിക്കേണ്ടത് വര്‍ഗീയ പ്രീണനമല്ലെന്ന പാഠം. ജനകീയ മുന്നണിയുണ്ടാകുന്നത് തീക്കാറ്റൂതുന്ന സമരങ്ങളിലൂടെയാണെന്നും അധികാരത്തിലെത്താന്‍ വേണ്ടത് അവസരവാദ കൂട്ടുകെട്ടല്ലെന്നുമുള്ള പാഠം. മിനികൂപ്പറിലേറി വരുന്ന മുതലാളിത്തത്തിന് നൂറുചുവപ്പന്‍ അഭിവാദ്യം പറയലല്ല കേരളത്തിന് വേണ്ട യഥാര്‍ഥ കമ്മ്യൂണിസമെന്ന പാഠം. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ കോര്‍പ്പറേറ്റ് ദല്ലാള്‍ പണി ആവര്‍ത്തിക്കരുതെന്ന പാഠം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി വേട്ടകളിലൊന്നായ ഒാപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ പിന്തുണച്ച ബംഗാള്‍ സിപിഎമ്മിന്‍റെ ചരിത്രം കൈയ്യൊഴിയണമെന്ന പാഠം.  നന്ദിഗ്രാമിലെയും സിംഗൂരിലെയും പാപങ്ങള്‍ കഴുകിക്കളയാന്‍ സിപിഎം നടത്തുന്ന ശ്രമമായി കൂടിവേണം മഹാരാഷ്ട്രയിലെ കര്‍ഷകമുന്നേറ്റത്തെ വായിക്കാന്‍. മധുവിന്‍റെ ദാരുണമായ മരണം കേരളത്തിലെ ആദിവാസികളുടെ ഞെട്ടിക്കുന്ന ദുരിതാവസ്ഥ ഒരിക്കല്‍ കൂടി ഒാര്‍മ്മപ്പെടുത്തിയതിന് പിന്നാലെയാണ് മുംബൈയിലെ ലോങ് മാര്‍ച്ചിനൊപ്പം മലയാളി നടക്കാന്‍ തുടങ്ങിയത്. വിപ്ലവ വിജയത്തിന്‍റെ ഹാങ് ഒാവര്‍ അവസാനിപ്പിച്ച് ഇനിയെങ്കിലും നമുക്ക് കേരളത്തിലെ യഥാര്‍ഥ്യങ്ങള്‍ സംസാരിക്കാം.

നഗ്നപാദരായി ചെറുത്തുനില്‍പ്പിന്‍റെ വഴിയെ നടന്ന കര്‍ഷകരെ അതിര്‍ത്തികാക്കുന്ന സൈനികന്‍റെ ത്യാഗംകൊണ്ട് തൂക്കിനോക്കി പരിഹസിക്കുന്നവര്‍ക്ക് നല്ല നമസ്ക്കാരം. ജയ് ജവാനെന്നും ജയ് കിസാനെന്നും ഒരുമിച്ച് വിളച്ച നാടാണ് സര്‍ ഇത്. പ്രതിരോധിക്കുന്ന ഒരുകൂട്ടം പാവപ്പെട്ട മനുഷ്യരെ മാവോയിസ്റ്റുകളെന്നും രാജ്യദ്രോഹികളെന്നും ചാപ്പകുത്തുന്ന ഭരണപ്പാര്‍ട്ടിയുടെ നേതാക്കള്‍ മറുപടി അര്‍ഹിക്കുന്നില്ല. തങ്ങളുടെ ആഡംബര കാറുകള്‍ക്ക് അന്നംമുട്ടിയവര്‍ വഴിതടസപ്പെടുത്തുമോയെന്ന സംശയമാണ് അവരെ ഭരിക്കുന്നത്.  ഇനിയുെമാരു കൂട്ടരുണ്ട്, തന്നെ തേടിയെത്തിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കൈയ്യടിക്കണമെന്ന് പറയുന്നവര്‍. രാജാവിന്‍റെ മുന്നില്‍ ദായാവായ്പിനായി കൈനീട്ടേണ്ടിവരുന്ന രാജ്യഭരണമല്ല ജനാധിപത്യമാണ് ഇന്ത്യയിലുള്ളത്. കര്‍ഷകര്‍ ചോദിച്ചത് സൗജന്യങ്ങളല്ല, അവകാശങ്ങളാണ്. മഹാനദിപോലെ ഒഴുകിയെത്തിയ മനുഷ്യര്‍ക്കുമുന്നില്‍ മുട്ടുമടക്കാതെ മഹാരാഷ്ട്രാ മുഖ്യമന്ത്രി മറ്റ് വഴികളില്ലായിരുന്നു. ഉറപ്പുകള്‍ കൊണ്ടൊന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ തീരില്ല. ഉറപ്പുകള്‍ പാലിക്കപ്പെട്ടാല്‍ അവരുടെ പ്രതിസന്ധികള്‍ക്ക് ചെറിയൊരാശ്വാസമാകും. 

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകുമ്പോള്‍ പുതിയ പോരാട്ടങ്ങള്‍ക്ക് അത് വഴിതുറക്കും. രാജ്യത്തിന്‍റെ പല ഭാഗത്തും കര്‍ഷകരുടെ മുന്നേറ്റത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഈ ജനമുന്നേറ്റങ്ങള്‍ എങ്ങിനെ സ്വാധീനിക്കുമെന്ന് അറിയാന്‍ കാത്തിരിക്കാം. 

MORE IN INDIA BLACK AND WHITE
SHOW MORE