ചെങ്കോട്ട തകര്‍ത്ത് ബിജെപി ചരിത്രമെഴുതി; ത്രിപുരയില്‍ നിന്ന് സിപിഎം പാഠം പഠിക്കുമോ?

Tripura
SHARE

ത്രിപുരയിലെ ചെങ്കോട്ട തകര്‍ത്ത് ബിജെപി ചരിത്രമെഴുതി. അറുപത് അംഗ അസംബ്ലിയില്‍ പൂജ്യത്തില്‍ നിന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കടന്നുള്ള വളര്‍ച്ച. കര്‍ണാടകയിലടക്കം ആസന്നമായ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും അടുത്തവര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിലും ശക്തമായി പോരാടാനുള്ള ആത്മവിശ്വാസമാണ് വടക്കുകിഴക്കന്‍ മേഖലയിലെ മുന്നേറ്റം ബിജെപിക്ക് നല്‍കിയത്.

ആകസ്മികമായി സംഭവിച്ച അത്ഭുതമായിരുന്നില്ല സത്യത്തില്‍ ത്രുപരയിലെ ബിജെപി വിജയവും ചെങ്കൊടിയിറക്കവും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആര്‍.എസ്.എസ് നേതൃത്വവും വര്‍ഷങ്ങളായി നടത്തിവന്ന കൃത്യമായ കരുനീക്കങ്ങളുടെ ഫലം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടിയത്. വംഗദേശത്തെ തകര്‍ച്ചയ്ക്ക് ശേഷം അവശേഷിച്ചിരുന്ന ചുവന്ന തുരുത്തുകളായിരുന്നു കേരളവും ത്രിപുരയും. എന്തുവിലകൊടുത്തും ത്രിപുരയില്‍ കാവിക്കൊടി പാറിക്കാന്‍ ഉറപ്പിച്ചിരുന്നു ബിജെപി. ചിട്ടയായ പ്രവര്‍ത്തനം, കേന്ദ്ര ഭരണത്തിന്‍റെ പിന്തുണ എന്നിവ കരുത്തായി. ത്രിപുരയെ വിഭജിച്ച് പ്രത്യേകസംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഗോത്രവര്‍ഗ പാര്‍ട്ടിയെ കൂടെക്കൂട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60ല്‍ 50 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് കിട്ടിയത് 1.4 ശതമാനം വോട്ടുമാത്രം. മോദി തരംഗം ആഞ്ഞടിച്ച 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍പ്പോലും ബിജെപിക്ക് ത്രിപുരയില്‍ 5.7 ശതമാനം വോട്ടുനേടാനേ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസിനെ വിഴുങ്ങിയാണ് ബിജെപി അടിത്തറയുണ്ടാക്കിയത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കാവിപ്പാളയത്തിലേക്ക് ചേക്കേറി. ബിജെപി ദേശീയ ജനറല്‍സെക്രട്ടറി റാം മാധവ്, കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു, അസം ധനമന്ത്രി ഹിമന്ത ബിസ്വസര്‍മ്മ, ത്രുപരയുടെ ചുമതലയുള്ള സുനില്‍ ദേവ്ധര്‍ ഇവരാണ് താമരവിപ്ലവത്തിന് ചരടുവലിച്ചത്. നമുക്ക് മാറാം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ത്രിപുരയിലെ ജനങ്ങളോട് പറഞ്ഞത്.

മുന്നണി രാഷ്ട്രീയ സമാവാക്യങ്ങളുണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് റാം മാധവ്. മാധ്യമങ്ങള്‍ക്ക് മുന്നിലെ ആര്‍.എസ്.എസിന്‍റെ മുഖമായിരുന്നു.ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം ബിജെപി സംഘടനാനേതൃത്വത്തിലേക്ക് ചുവടുമാറ്റി. സമൂഹമാധ്യമങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ തല്‍പരന്‍. ജമ്മുകശ്മീരിലെ പിഡിപി ബിജെപി സഖ്യസര്‍ക്കാരിന്‍റെ നിലനില്‍പ്പില്‍ റാംമാധവിന് നിര്‍ണായകപങ്കുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരില്‍ വടക്കുകിഴക്കിന്‍ സംസ്ഥാനങ്ങളുടെ മുഖം. കേന്ദ്ര ഭരണത്തെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാലം. 2009 ല്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയ ചരിത്രമുണ്ട്്.അസമില്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റനേതാവായിരുന്നു. ഹിമന്തയുടെ ജനപ്രീതി വര്‍ധിക്കുന്നത് മുതിര്‍ന്ന നേതാവായിരുന്ന തരുണ്‍ ഗോഗോയ്ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പരാതി പറയാന്‍ രാഹുല്‍ ഗാന്ധിയെ കാത്തുനിന്ന് നിരാശയോടെ മടങ്ങിയ അനുഭവമുണ്ട് ഹിമന്തയ്ക്ക്. അന്ന് അമിത് ഷാ കൂടെ നിര്‍ത്തി. ഇന്ന് വടക്കുകിഴക്ക് കോണ്‍ഗ്രസിനെ കടപുഴക്കിയെറിയുന്ന തന്ത്രങ്ങളുടെ ചാണക്യന്‍.

ത്രിപുരയിലെ ബിജെപി പടയോട്ടം ആര്‍.എസ്.എസ് മുന്‍ പ്രചാരകന്‍റെ നേതൃത്വത്തിലായിരുന്നു. വാരണാസിയിലെ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കി. പിന്നെ ത്രിപുര പിടിക്കാന്‍ വണ്ടികയറി. സിപിഎമ്മിന്‍റെ കേഡര്‍ സംവിധാനത്തെ പൊളിച്ചത് സുനില്‍ ദേവ്ധറാണ്. വോട്ടര്‍മാരിലേക്ക് നിരന്തരം എത്തുന്ന പരമ്പരാഗത പ്രചാരണരീതിയുടെ വക്താവ്. ത്രിപുര വികസനത്തില്‍ പിന്നിലാണെന്ന് ബിജെപി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. സിപിഎം ഉള്‍പ്പെട്ട രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ആയുധമാക്കി. സിപിഎമ്മിന്‍റെ മറവികളെയും ബിജെപി ആഘോഷിച്ചു.സിപിഎമ്മിന്‍റെയും ത്രിപുരയുടെയും മുന്നേറ്റത്തില്‍ ഏറെ പങ്കുവഹിച്ച നേതാവായിരുന്നു നൃപന്‍ ദാ. സാക്ഷാല്‍ നൃപന്‍ ചക്രവര്‍ത്തി. ശിഷ്യരായ മണിക് സര്‍ക്കാരും കൂട്ടരും നൃപന്‍ ദായെ മറന്നപ്പോള്‍ ബിജെപി ഏറ്റെടുത്തു.  

ഇരുപത് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിന്‍റെ ക്ലീന്‍ ഇമേജായിരുന്നു സിപിഎമ്മിന്‍റെ മൂലധനം. രാജ്യത്തെ ഏറ്റവും ദരിദ്രനായ, മൊബൈല്‍ ഫോണില്ലാത്ത, സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന രീതിയില്ലാത്ത മുഖ്യമന്ത്രി. മണിക് സര്‍ക്കാര്‍ സത്യസന്ധനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അദ്ദേഹത്തിന്‍റേത് മുഴുപ്പട്ടണിക്കാരുടെ ഇടയില്‍ അരപ്പട്ടിണിക്കാരന്‍റെ ദാരിദ്ര്യമാണെന്ന് ബിജെപി വാദിച്ചു. അദ്ദേഹം ഹെലികോപ്റ്റര്‍ യാത്രയ്ക്ക് കോടികള്‍ ചെലവഴിച്ചുവെന്ന് ആരോപിച്ചു. വ്യക്തിപ്രഭാവം സിപിഎമ്മിനെ തുണച്ചില്ല, വികസനമായിരുന്നു വിഷയം. 

അധികാരം നഷ്ടമാമയി എന്നതിനപ്പുറം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രാഷ്ട്രീയ പ്രഹരമാണ് സിപിഎമ്മും ഇടതുമുന്നണിയും ഏറ്റുവാങ്ങിയത്. സിപിഎമ്മിന്‍റെ രാജ്യത്തെ അടിത്തറതന്നെ ഇളക്കി. റിക്ഷയില്‍പോകുന്ന മണിക് സര്‍ക്കാരിന്‍റെ തോല്‍വി മിനികൂപ്പറില്‍ പോകുന്ന സഖാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്? കനലൊന്ന് മതിയെന്ന് കേരളത്തെ നോക്കി കമ്മ്യൂണിസ്റ്റുകാര്‍ പറയുമ്പോള്‍ ആ കനല്‍ കരിക്കട്ടയാകാതിരിക്കാന്‍ എന്തുചെയ്യണം.

ബിജെപിയുടെ മുന്നറിയിപ്പ് വ്യക്തമാണ്. ത്രിപുര പിടിച്ചു ഇനി കേരളം. സിപിഎമ്മിനെ അധികാരത്തില്‍ നിലനിര്‍ത്തേണ്ട ഒരു ബാധ്യതയും ജനങ്ങള്‍ക്കില്ലെന്ന് ത്രിപുരയിലെ വിധി വിളിച്ചു പറയുന്നുണ്ട്. ജനങ്ങള്‍ ക്ഷേമം കാംക്ഷിക്കുന്നു. വരട്ടുതത്വശാസ്ത്രമല്ല. കാലത്തിനൊത്ത് മാറാന്‍ തയ്യാറായാല്‍, നേതാക്കള്‍ ധാര്‍ഷ്ട്യം മാറ്റിവെച്ച് നയിച്ചാല്‍ ഒപ്പം മുണ്ടാകും. അല്ലെങ്കില്‍ ജനം പറയും കടക്കൂ പുറത്ത്. 

2011 ല്‍ ബംഗാളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പാര്‍ട്ടി പറഞ്ഞത് രണ്ട് കാരണങ്ങളാണ്. മാറ്റം വേണമെന്ന് ജനം ആഗ്രഹിച്ചു. ജനങ്ങളില്‍നിന്ന് പാര്‍ട്ടി അകന്നുപോയി. ത്രിപുരയിലും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല. ത്രിപുരയിലെ തിരിച്ചടി കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്‍റെ സമീപനത്തില്‍ മാറ്റം വരുത്തുമോ? കോണ്‍ഗ്രസ് സഹകരണമെന്ന ആവശ്യം സിപിഎമ്മിന് അകത്ത് ബലപ്പെട്ടു തുടങ്ങിയിരിക്കുന്നു. ബൂര്‍ഷ്വാ പാര്‍ട്ടികളെന്ന് വിളിച്ച് അകറ്റി നിര്‍ത്തിയിരുന്നവരെ ഒപ്പം നിര്‍ത്തണമെന്ന യച്ചൂരിന് ലൈനിന് പിന്തുണയേറുകയാണ്. ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചു കഴിഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന മായാവതിയുടെ രാഷ്ട്രീയബോധ്യം ജെഎന്‍യുവില്‍ നിന്ന് പയറ്റിയിറങ്ങിയ നേതാക്കള്‍ക്ക് ഇല്ലാതെപോകുന്നത് എന്തുകൊണ്ടായിരിക്കാം. മറുവശത്ത് തോല്‍വികളും തകര്‍ച്ചയും കോണ്‍ഗ്രസിന് ശീലമായിക്കഴിഞ്ഞു. യാതൊരു ആത്മാര്‍ഥതയുമില്ലാതയും തയ്യാറെടുപ്പും ഇല്ലാതെയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും പോരാട്ടത്തിനിറങ്ങിയത്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കോണ്‍ഗ്രസിനായില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ മുന്‍തൂക്കം കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. 

       

MORE IN INDIA BLACK AND WHITE
SHOW MORE