മോദിയുടെ അഴിമതി വിരുദ്ധത കാപട്യമോ?

ibw-modi-business-fraud-t
SHARE

പ്രധാനമന്ത്രി പദം ഏറ്റെടുത്തയുടന്‍ നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയ വാഗ്ദാനമാണ് കേട്ടത്. പിന്നീട് പലപ്പോഴായി ഈ വാക്കുകള്‍ ആവര്‍ത്തിച്ചു. തിന്നുകയുമില്ല, തിന്നാല്‍ അനുവദിക്കുകയുമില്ല. അഴിമതിയോട് വിട്ടുവീഴ്്ച്ചയില്ലെന്ന് പ്രഖ്യാപിച്ച മോദി താന്‍ രാജ്യത്തിന്‍റെ കാവല്‍ക്കാരാനാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ആ ഉറപ്പ് എത്രത്തോളം പാലിക്കപ്പെട്ടു? മോദിയുടെ അഴിമതി വിരുദ്ധത പൊയ്മുഖമാണോ? മറ്റൊരുമോദിയുടെ തട്ടിപ്പിന്‍റെ കഥകള്‍ ഒാരോന്നായി പുറത്തുവരുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വിശ്വാസ്യത സംശത്തിന്‍റെ നിഴലിലാകുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കിനുമേല്‍ വെള്ളിടി പോലെയാണ് ആ വാര്‍ത്ത വന്നുപതിച്ചത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രമുഖ വജ്ര– ആഭരണ വ്യവസായി നിരവ് മോദി 11,300 കോടിയിലധികം രൂപ തട്ടിച്ചിരിക്കുന്നു. വിലപിടിപ്പുള്ള വജ്രവും  അമൂല്യ ആഭരണങ്ങളും ഇറക്കുമതി ചെയ്യാന്‍ നിരവ് മോദിക്കുവേണ്ടി പഞ്ചാബ് നാഷ്നല്‍ ബാങ്ക് ജാമ്യം നില്‍ക്കുകയായിരുന്നു. നിരവ് നിശ്ചിതസമയത്ത് പണം നല്‍കിയില്ലെങ്കില്‍ പഞ്ചാബ് നാഷ്നല്‍ ബാങ്ക് അത് അടയ്ക്കാമെന്ന ഉറപ്പ് വിദേശത്തെ വ്യവസായിക്കും ബാങ്കുകള്‍ക്കും നല്‍കുന്ന ലെറ്റര്‍ ഒാഫ് അണ്ടര്‍സ്റ്റാന്‍ഡിങ് അഥവാ ജാമ്യപത്രം തരപ്പെടുത്തിയായിരുന്നു ഹൈടെക്ക് തട്ടിപ്പ്.  ഡെപ്യൂട്ടി ജനറല്‍ മാനേജരായ ഗോകുല്‍നാഥ് ഷെട്ടി ഉള്‍പ്പെടെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ ചില ‌ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നു. നിരവ് മോദിയില്‍ നിന്ന് യാെതാരു ഇടും വാങ്ങാതെയായിരുന്നു ജാമ്യപത്രം നല്‍കിയിരുന്നത്. ഹോങ്കോങിലെ അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിെഎ ബ്രാഞ്ചുകളില്‍ നിന്ന് നിരവ് മോദിയുടെ കമ്പനി വന്‍ തുകകളാണ് ജാമ്യപത്രം ഉപയോഗിച്ച് വാങ്ങിയെടുത്തത്. 2010 – 2011 ല്‍ ആരംഭിച്ച തട്ടിപ്പ് 2017 മേയില്‍ ഗോകുല്‍നാഥ് ഷെട്ടി വിരമിക്കുന്നതുവരെ നിര്‍ബാധം തുടര്‍ന്നു. 

സഹസ്രകോടികളുടെ തട്ടിപ്പ് നടത്തിയ നിരവ് മോദി ആരാണ്? കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു നിരവ് മോദിയുടെ വളര്‍ച്ച. 2010 ന് മുന്‍പ് ആര്‍ക്കും കൃത്യമായ ധരണയൊന്നും ഇയാളെക്കുറിച്ച് ഉണ്ടായിരുന്നില്ല. 47 കാരനായ നിരവ് ബെല്‍ജിയം പൗരനാണ്. 

വജ്രങ്ങളുടെ വാഗ്ദത്ത ഭൂമിയായ ബെല്‍ജിയത്തില്‍ നിന്നാണ് നിരവിന്‍റെ കഥതുടങ്ങുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭാഗ്യപരീക്ഷണത്തിനായി ബെല്‍ജിയത്തിലേക്ക് കുടിയേറിയ വ്യവസായിയുടെ മകന്‍. പഠനം പാതിവഴിയിലുപേക്ഷിച്ച് ഇന്ത്യയിേലക്ക് എത്തി. അമ്മാവന്‍ മെഹുള്‍ ചോസ്കി 'ഗീതാഞ്ജലി' എന്ന പേരില്‍ ആഭരണ വ്യവസായം നടത്തുന്നുണ്ടായിരുന്നു. അമ്മാവന്‍റെ കൈപിടിച്ച് ആഭരണവ്യവസായത്തിലെത്തി. നിരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിശാല്‍, അമ്മാവന്‍ മെഹുള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ബിസിനസ്. നിരവിന്‍റെ കടകള്‍ കൂണുകള്‍പോലെ ഉയര്‍ന്നുവന്നു. ഡല്‍ഹി, മുംബൈ, ന്യൂയോര്‍ക്ക്, ഹോങ്കോങ്, ലണ്ടന്‍, മക്കാവു എന്നിവടങ്ങളില്‍ ബിസിനസ് ശൃംഖല പടര്‍ന്നുപന്തലിച്ചു. ഫോര്‍ബ്സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും നിരവ് ഇടംപിടിച്ചു. പ്രിയങ്ക ചോപ്രയെപ്പോലെ വന്‍താരങ്ങള്‍ മോദിയുടെ വജ്രാഭരണം ധരിച്ച് ലോകത്തിനുമുന്നിലെത്തി. ഇതിനിടെ, ഡയറക്ട്രേറ്റ് ഒാഫ് റവന്യൂ ഇന്‍റലിജന്‍സ് നികുതിവെട്ടിപ്പ് കണ്ടെത്തി 37.16 കോടി രൂപ പിഴയിട്ടു. പഞ്ചാബ് നാഷ്നല്‍ ബാങ്കിലെ തട്ടിപ്പ് പുറത്താവുമെന്ന് അറിഞ്ഞതോടെ നിരവ് മോദി കുടുംബത്തോടൊപ്പം ഇന്ത്യവിട്ടു. 2018 ജനുവരി ഒന്നിന്. ജനുവരി 23 ന് ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്ന് ചിത്രമെടുത്തു. ഈ ചിത്രം പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് ഏറെ രാഷ്ട്രീയപ്രധാന്യം കൈവന്നത്. 2016 ജൂലൈ 26 ന് പ്രധാനമന്ത്രിയുടെ ഒാഫീസിന് നിരവ് മോദിക്കെതിരെ വിശദമായ പരാതി ലഭിച്ചിരുന്നു. പരാതി സ്വീകരിച്ച പ്രധാനമന്ത്രിയുടെ ഒാഫീസ് അത് കമ്പനി രജിസ്ട്രാര്‍ക്ക് അയയ്ക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് പഴിയില്‍ നിന്ന് ഒഴിഞ്ഞുമാറാനികില്ല. 

ഇത്രയും വലിയ തട്ടിപ്പ് നടത്തിയ നിരവ് മോദി ചില്ലക്കാരനല്ലെന്ന് ഉറപ്പ്. സാധാരണ തട്ടിപ്പുകാര്‍ക്ക് സാധ്യമാകുന്ന കാര്യങ്ങളല്ല നിരവ് മോദി ചെയ്തത്. നിരവ് മോദിയുടെ മിടുക്ക് പ്രാവര്‍ത്തികമാക്കിയതിനു പിറകില്‍ പണം നിയന്ത്രിക്കുന്ന നമ്മുടെ ഭരണസംവിധാനത്തിന്‍റെയും രാഷ്ട്രീയനേതൃത്വത്തിന്‍റെയും ഒത്താശയുണ്ട്. 

ജനാധിപത്യത്തെ നിയന്ത്രിക്കുന്ന പണാധിപത്യത്തിന്‍റെ സുരക്ഷാകവചമുള്ള തനിക്ക് ഒരുപോറല്‍പോലും ഏല്‍ക്കില്ലെന്ന കൃത്യമായ ബോധ്യം നിരവ് മോദിക്കുണ്ട്. ഇ രാജ്യത്ത് എന്ത് ചെയ്താലും എങ്ങിനെ ചെയ്താലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് അയാള്‍ക്കറിയാം. തട്ടിപ്പിന്‍റെ വേരുകള്‍ ചികഞ്ഞ് പോയാല്‍ ഒരുപക്ഷെ രാജ്യത്തെ ബാങ്കിങ് സംവിധാനം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥവൃന്ദം മുതല്‍ ഭരണരംഗത്തുള്ളവര്‍ വരെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവന്നേക്കാം. ഇടപാടുകാരന്‍റെ എല്ലാ വിവരങ്ങളും നിമിഷങ്ങള്‍ക്കകം അറിയാന്‍ പാകത്തിന് അത്യാധുനിക ബാങ്കിങ് സംവിധാനങ്ങളുള്ള പൊതുമേഖല ബാങ്കില്‍ ഇങ്ങിനെയൊരു തിരിമറി നടത്തണമെങ്കില്‍ ഉന്നതതലത്തിലുള്ള സഹായം വേണം. ഇത്രയും വലിയ തട്ടിപ്പ് റിസര്‍ബാങ്കിന്‍റെ റഡാറിലും പെട്ടില്ല. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സുരക്ഷിതമായി നാടുവിടാന്‍ സാധിച്ചത് സംശയമുണര്‍ത്തുന്നു. ഇന്ത്യയിലെ ബാങ്കിങ് മേഖലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഈ വിശ്വാസ്യതാനഷ്ടം രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്കു ചെറുതല്ലാത്ത പരുക്കേല്‍പ്പിക്കുന്നു. ബാങ്കുകളുടെ കിട്ടാക്കടം പെരുകുമ്പോഴാണ് നിരവ് മോദിമാര്‍ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങുന്നത്. ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ ഉത്തരവാദിത്വം രാജ്യം മുന്‍പ് ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ പ്രസംഗിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പഞ്ചാബ് നാഷ്നല്‍ ബാങ്കിലെ തട്ടിപ്പ് കഥകള്‍ കുടംതുറന്ന് പുറത്തുവന്നത്.

തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തി കാണിക്കാത്തിടത്തോളം പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ വെറും അധരവ്യായാമം മാത്രമായിരിക്കും. നിര്‍ണായ സന്ദര്‍ഭങ്ങളില്‍ കുറ്റകരമായ മൗനം പാലിച്ചിട്ടുള്ള പ്രധാനമന്ത്രി ഈ വിഷയത്തിലും മൗനംപാലിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വന്‍സ്രാവുകളുടെ പട്ടികയില്‍ നിരവ് മോദി ആദ്യത്തെപേരല്ല. അവസാനത്തെയുമല്ല. അധികാരരാഷ്ട്രീയത്തിന്‍റെ കൈത്താങ്ങില്‍ നമ്മുടെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് വിദേശത്തെ സുരക്ഷിത താവളങ്ങളില്‍ കഴിയുന്നവര്‍വേറെയുമുണ്ട്. അവരില്‍ ചിലരിലേയ്ക്ക്.

വിജയ് മല്യ. വിവാദ മദ്യവ്യവസായി. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഒന്‍പതിനായിരം കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതാണ് ഈ ആഘോഷപൊന്‍മാന്‍. മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 2016 മാര്‍ച്ചില്‍ ചില ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ലണ്ടനില്‍ കഴിയുന്ന മല്യയെ കഴിഞ്ഞ വര്‍ഷം അറസ്റ്റുചെയ്തെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ വിട്ടു. വഞ്ചനാക്കുറ്റവും ഒന്‍പതിനായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍കേസുമാണ് മല്യയുടെ പേരിലുള്ളത്. എലിയും പാറ്റയും പാമ്പും നിറഞ്ഞ ഇന്ത്യന്‍ ജയിലുകളില്‍ തനിക്ക് കിടക്കാനാവില്ലെന്നാണ് ഈ വേദനിക്കുന്ന കോടീശ്വരന്‍റെ വാദം.

ലളിത് മോദി. കളിയെ എങ്ങിനെ നന്നായി കച്ചവടം ചെയ്യാമെന്നും എളുപ്പത്തില്‍ എങ്ങിനെ കാശുവാരാമെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് പഠിപ്പിച്ചുകൊടുത്തത് ലളിത് മോദിയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍കമ്മിഷണര്‍. 2010 ല്‍ കൊച്ചിടീമിന്‍റെ ഉടമകളെ സംബന്ധിച്ച വിവരം പുറത്തുവിട്ടതാണ് വിവാദങ്ങളുടെ തുടക്കം. ഏപ്രില്‍ 25 ന് മോദിയെ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ െഎപിഎല്‍ കമ്മിഷണര്‍ സ്ഥാനത്തുനിന്നും ബിസിസിെഎ സസ്പെന്‍ഡുചെയ്തു. കുടുംബത്തിനുനേരെ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞ് മോദി ലണ്ടനിലേക്ക് കടന്നു. 2011 ല്‍ മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. െഎപിഎല്‍ കമ്മിഷണറായിരിക്കെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് മോദിയുടെ പേരില്‍ ഇന്‍റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസിറക്കി. മോദി ലണ്ടനിലെ കോടതിയില്‍ അതിനെ ചോദ്യം ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ധാര്‍മികതയുടെ ചായക്കൂട്ടുകള്‍ ലളിത് മോദി വിവാദങ്ങളില്‍ ഉരുകി. മോദി സര്‍ക്കാരിനുമേല്‍ പതിച്ച ആരോപണങ്ങളുടെ ആദ്യ അസ്ത്രമുന. പ്രതിക്കൂട്ടില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയും. ലളിത് മോദിക്ക് വിദേശയാത്ര നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തത് സുഷമ സ്വരാജാണ്.

കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍റ് ദീപക് തല്‍വാര്‍, ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരും തട്ടിപ്പ് നടത്തി വിദേശത്ത് അഭയം തേടിയവരാണ്. ദീപക്കിന്‍റെ പേരില്‍ ആദായനികുതി വകുപ്പ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദീപക് യുഎഇയിലേക്ക് കടന്നു. സഞ്ജയ് ഭണ്ഡാരിയുടെ പക്കല്‍ നിന്നും പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തി. ഭണ്ഡാരി നേപ്പാള്‍ വഴി രക്ഷപ്പെട്ടു. കടം കയറിയ കര്‍ഷകര്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കുമ്പോഴാണ് കോടികള്‍ തട്ടിച്ചവര്‍ വിദേശത്ത് വിലസുന്നത്. പ്രധാനമന്ത്രി രാജ്യത്തിന്‍റെ സമ്പത്തിന്‍റെ കാവല്‍ക്കാരനാകുമോ അതോ സമ്പത്ത് കൊള്ളയടിച്ചവരുടെ കാവല്‍ക്കാരനാകുമോയെന്ന് കാത്തിരിക്കാം.

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.