മോദിയെ വേട്ടയാടി റഫാല്‍ ഇടപാട്

ibw-modi-rafale-t
SHARE

നരേന്ദ്ര മോദി സര്‍ക്കാരിനെ ഇപ്പോള്‍ ഏറ്റവുമധികം വേട്ടയാടുന്നത് മറ്റൊരു അഴിമതി ആരോപണമാണ്. റഫാല്‍യുദ്ധവിമാന ഇടപാട്. ദേശസുരക്ഷയെന്ന തൊടുന്യായം പറഞ്ഞും കോണ്‍ഗ്രസിനെ അപഹസിച്ചും റഫാല്‍ഇടപാടിലെ അണിയറക്കഥകള്‍ എത്രനാള്‍ മൂടിവെയ്ക്കാനാകും?

കോമണ്‍ വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം കോടികള്‍ക്ക് വിലയില്ലാതായിപ്പോയ വന്‍ അഴിമതികളുടെ ഭണ്ഡവും പേറിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പടിയിറങ്ങിയത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി ക്കഥകളില്‍ മനം മടുത്താണ് ജനം നരേന്ദ്ര മോദിക്ക് രാജ്യഭരണത്തിന് അവസരം നല്‍കിയത്.  മോദിയും ബിജെപിയും മുന്നോട്ടുവെച്ച അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് അത്രയേറെ സ്വാധീനമുണ്ടായിരുന്നു.  നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇപ്പോള്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നത് ഫ്രാന്‍സുമായി ഉണ്ടാക്കിയ റഫാല്‍യുദ്ധ വിമാനക്കരാറിനെക്കുറിച്ചാണ്.  മോദി ഇതുവരെയും പ്രതികരിച്ചിട്ടില്ല. പക്ഷെ പ്രതിരോധ മന്ത്രാലയം 650 വാക്കുകളോളം വരുന്ന വിശദമായ പ്രതികരണം മാധ്യമങ്ങള്‍ക്ക് നല്‍കി. ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ ആ  പ്രതികരണം ആവര്‍ത്തിച്ചു. 36 യുദ്ധ വിമാനങ്ങള്‍ വാങ്ങിയ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും. കരാറിലെ സാങ്കേതിക വിവരങ്ങളല്ല മറിച്ച് യുദ്ധവിമാനം വാങ്ങാന്‍ പൊതുഖജനാവില്‍ നിന്ന് എത്ര പണം ചെലവിട്ടു എന്നതുമാത്രമാണ് പ്രതിപക്ഷം അറിയാന്‍ ആഗ്രഹിച്ചത്. ഇത് പറയാന്‍ മോദിസര്‍ക്കാര്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്?

2015 ലെ പാരീസ് സന്ദര്‍ശന സമയത്താണ് വ്യോമസേനയ്ക്ക് 36 യുദ്ധ വിമാനങ്ങാനുള്ള പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. 58,000 കോടി രൂപയായിരുന്നു ചെലവ്. മണിക്കൂറില്‍1910 കിലോ മീറ്ററാണ് റഫാലിന്‍റെ വേഗം. 24,500 കിലോ ഭാരം വഹിക്കാം. വായുവില്‍നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താന്‍ കഴിയും. 

പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപകരങ്ങള്‍ വാങ്ങുന്നതില്‍ നേരത്തെയുണ്ടായിരുന്ന മെല്ലപ്പോക്കും ചുവപ്പുനാടയും തന്‍റെ ഒരൊറ്റ നടപടികൊണ്ട് അവസാനം കുറിക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു മോദിയുടെ അവകാശവാദം. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ രൂപം നല്‍കിയ കരാറില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന മേല്‍ക്കൈയും ആനുകൂല്യങ്ങളും മോദി സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ നഷ്ടമായി. 

ഇന്ത്യയ്ക്ക് 126 വിമാനം വേണം. ഇതില്‍18 എണ്ണം നേരിട്ട് വാങ്ങും. ബാക്കി 108 എണ്ണം സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മ്മിക്കും– ഇതിയായിരുന്നു യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ കരാര്‍. എന്നാല്‍ മോദി സര്‍ക്കാര്‍കരാര്‍ ഒപ്പിട്ടപ്പോള്‍ വിമാനങ്ങള്‍38 മാത്രം. നിര്‍മാണ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭിക്കില്ല. പകരം ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതിക വിദ്യ ഒരു ഇന്ത്യന്‍കമ്പനിക്ക് കൈമാറും. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനല്ല ഒരു തോക്കുപോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത സ്വകാര്യ കമ്പനിക്കാണ് സാങ്കേതിക വിദ്യ കൈമാറുക. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്‍റേതാണ് ആ കമ്പനി. ഈ കാരാറിന് ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പാണ് മുങ്ങിത്താഴാന്‍ തുടങ്ങിയ അനില്‍അംബാനി ഒരു പ്രതിരോധ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍ വ്യോമസേനയ്ക്ക് വേണ്ടിയായിരുന്നില്ല, അനില്‍അംബാനിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയായിരുന്നു റഫാല്‍ കരാര്‍. 

യുദ്ധവിമാനങ്ങള്‍ ഇവിടെ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ പ്രതിരോധമേഖലയില്‍ മെയ്ക്ക് ഇന്‍ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയെന്ന സ്വന്തം പ്രഖ്യാപനം തന്നെ മോദി അട്ടിമറിച്ചു. 

കരാറിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് താന്‍നേരത്തെ പറഞ്ഞത് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വിഴുങ്ങി. പ്രധാനമന്ത്രിയുടെ ചങ്ങാത്ത മുതലാളിത്തതിന് ദേശസുരക്ഷയുടെ പേരില്‍ മറതീര്‍ക്കുകയാണ് ഇപ്പോള്‍. പക്ഷെ, റഫാലിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളില്‍ മോദിക്ക് അടിപതറുമോ?

രാജ്യസുരക്ഷാ താല്‍പര്യം മുന്‍നിര്‍ത്തി പ്രതിരോധ ഇടപാടുകളുടെ ചെലവുകള്‍ പുറത്തുവിടാത്തത് യുപിഎ സര്‍ക്കാരിനെ മാതൃകയാക്കിയാണെന്നാണ് അവകാശവാദം. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍12 തവണയെങ്കിലും പ്രതിരോധ ഇടപാടുകളുെട  ചെലവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ടെന്ന് പാര്‍ലമെന്‍റിന്‍റെയും പ്രതിരോധ മന്ത്രാലയത്തിന്‍റെയും രേഖകള്‍ തന്നെ പറയുന്നു. 

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണ് റഫാല്‍ ഇടപാട്. പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട ചിലരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ കൂടി മണ്ടത്തരത്തോട് ചേര്‍ത്തുവെച്ചാലേ ചിത്രം പൂര്‍ത്തിയാകൂ. ഗുരതരമായ ആരോപണങ്ങളെ ദേശ സുരക്ഷയുടെ പരിചകൊണ്ട് ഏറെ നാള്‍ തടയാനാകില്ല. 

MORE IN INDIA BLACK AND WHITE
SHOW MORE