ഗാന്ധി സൃമിതികളുറങ്ങുന്ന സബര്‍മതി

ibw-sabarmathi-t
SHARE

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപതാം വാര്‍ഷികം ആചരിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടേ ഉള്ളൂ. കാലാതീതമായ ഒാര്‍മ്മപ്പെടുത്തലും സ്നേഹാര്‍ദ്രമായ പിന്‍വിളിയുമാണ് ബാപ്പുജി. ഗാന്ധിയുടെ ജീവിതത്തിലേയും ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളിലെയും അവിസ്മരണീയ അധ്യായങ്ങള്‍ക്ക് സാക്ഷിയായിരുന്നു സബര്‍മതി ആശ്രമം. ഗാന്ധി ആശ്രമത്തിന്‍റെ കാഴ്ച്ചകളും അതിനെ ചൂഴ്ന്നു നില്‍ക്കുന്ന വിവാദങ്ങളുമാണ് ഇന്ത്യ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍.

അഹമ്മദാബാദ് നഗരത്തില്‍ നിന്ന് വടക്കുമാറി, ശാന്തമായൊഴുകുന്ന സബര്‍മതി നദിയുടെ കരയിലെ ഗാന്ധി ആശ്രമം. രാഷ്ട്രപിതാവിന്‍റെ ജ്വലിക്കുന്ന ഒാര്‍മ്മകളുടെ സുവര്‍ണഭൂമി. സ്വാതന്ത്ര്യലബ്ധിയുടെ എഴുപതാണ്ടിലും ഗാന്ധിയുടെ സ്വപ്നം അകലെയാണ്. രക്തസാക്ഷിത്വത്തിന്‍റെ സങ്കടസ്മൃതികളില്‍ ഉരുകുകയാണ് സബര്‍മതി.

ചെറുത്തുനില്‍പ്പിന്‍റെയും അവകാശപ്പോരാട്ടങ്ങളുടെയും ജ്ഞാനസ്നാനം കഴിഞ്ഞ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെന്ന വക്കീല്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കായി ഇടം കണ്ടെത്തിയത് അഹമ്മദാബാദിലെ കൊച്ചരബിലായിരുന്നു. 1915 മേയ് 25 ന്. 1917 ജൂണ്‍ 17 ന് സബര്‍മതിയുടെ കരയിലേക്ക് ആശ്രമം മാറ്റി. വിശാലമായ ലക്ഷ്യങ്ങളോടെ. കൃഷി, പശുപരിപാലനം, ഖാദി തുടങ്ങി വിവിധമാര്‍ഗങ്ങളിലൂടെ ദരിദ്രനാരായണന്മാരെ ഉള്‍പ്പെടുത്തി ഇന്ത്യയുടെ വിമോചനമുന്നേറ്റത്തെ ബഹുജനപ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു ഗാന്ധിയുടെ മനസില്‍. നന്മയ്ക്കായുള്ള ആത്മത്യാഗത്തിന്‍റെയും മഹാദാനത്തിന്‍റെയും പുരാണപ്പഴമ അലിഞ്ഞുചേര്‍ന്നതായിരുന്നു സബര്‍മതി ആശ്രമം നില്‍ക്കുന്ന മണ്ണ്. ദേവേന്ദ്രന് വജ്രായുധം നിര്‍മ്മിക്കാന്‍ ദധീചി മഹര്‍ഷി അസ്ഥികള്‍ ദാനം ചെയ്തത് ഇവിടെവെച്ചായിരുന്നുവെന്ന് വിശ്വാസം. ആശ്രമം നൂറിന്‍റെ നിറവ് പിന്നിട്ടു. 

1917 മുതല്‍ 1930വരെ ഗാന്ധിജി സബര്‍മതി ആശ്രമത്തിലാണ് ചെലവിട്ടത്. പതിമൂന്ന് വര്‍ഷം. ഗാന്ധിജിയുടെ ജീവിതത്തിലെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും നേര്‍സാക്ഷിയാണ് ഇവിടം. ഗാന്ധി ആശ്രമം, ഹരിജന്‍ ആശ്രമം, സത്യാഗ്രഹാശ്രമം എന്നിങ്ങനെ പലപേരുകള്‍. ഗാന്ധി സ്മാരകമാണ് ഇന്ന് സബര്‍മതി. 

ബ്രിട്ടീഷുകാരന്‍റെ ബൂട്ടിനടയില്‍ ഞെരിഞ്ഞമരുമ്പോള്‍ സ്വാതന്ത്ര്യം സ്വപ്നം കാണുന്നവനെ കാത്തികരിക്കുന്നത് തടവറയാണെന്ന് ഒാര്‍മ്മപ്പെടുത്താന്‍ നദിക്കപ്പുറത്ത് ജയില്‍ കാണാവുന്ന ആശ്രമം. ഇക്കരെ തൊട്ടടുത്ത് ചുടുകാടും. പോരാട്ടത്തെയും മരണത്തെയും ഒരുപോലെ പ്രതീകവല്‍ക്കരിച്ച സന്ദേശമുള്‍ക്കൊള്ളുന്ന നിര്‍മ്മിതി. ഒരു സത്യാഗ്രഹി ഇടറാത്ത മനസുമായി ജയിലിനെയും ശ്മശാനത്തെയും സ്വീകരിക്കാന്‍ തയ്യാറാകണമെന്ന ഗാന്ധിയുടെ സമര പാഠം. ഗാന്ധിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇഷ്ടിക വിരിച്ച സംഗ്രഹാലയ മന്ദിരം. ചാള്‍സ് കോറിയയുടെ വാസ്തുശില്‍പ മികവിന്‍റെ അടയാളം.

ഗാന്ധിയെ കാണാന്‍, കേള്‍ക്കാന്‍ നിരവധി ലോകനേതാക്കളും സാധാരണക്കാരായ മനുഷ്യരും ഹൃദയകുഞ്ജിലെത്തി. മൂന്ന് മുറികളും നടുത്തളവും അടങ്ങുന്നതാണ് ഈ കൊച്ചുകെട്ടിടം. ഇന്ത്യയുടെ മോചനത്തിനായി ഗാന്ധിജി ഹൃദയകു‍ഞ്ജിരുന്ന് ആവിഷ്ക്കരിച്ച തന്ത്രങ്ങള്‍ ഒരിടത്തും മുന്‍പ് പരീക്ഷിച്ചു വിജയിച്ചതായിരുന്നില്ല. 

ഒരു ചര്‍ക്കമാത്രം ആയുധമാക്കി, അഹിംസാമന്ത്രം മാത്രം മുഴക്കി മഹാത്മാ ഗാന്ധി യുദ്ധം ജയിച്ചതിനോളം വലിയ ചരിത്ര സാക്ഷ്യം നാം അറിഞ്ഞിട്ടില്ല. ഉപവാസം അസ്ത്രമാക്കിയ ആ ജേതാവിനോളം മികച്ച മാതൃക ഇനിയും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇവിടെ ഇങ്ങിനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ അത്ഭുതപ്പെടുമെന്ന് അല്‍ബര്‍ട്ട് െഎന്‍സ്റ്റൈന്‍ പ്രഖ്യാപിച്ചത്. അസാധ്യമായ മഹദ്ജീവിതം. ആ കര്‍മ്മയോഗിയുടെ കാല്‍പ്പാടുകള്‍ പിന്നിട്ട്, കാലങ്ങള്‍ക്കിപ്പുറവും തലമുറകള്‍ സബര്‍മതിയിലെത്തുന്നു. 

അതിരാവിലെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ദിനചര്യകള്‍. ചിട്ടയായി തരംതിരിച്ച ജോലികള്‍. ചര്‍ക്ക ഉപയോഗിച്ചുള്ള നൂല്‍നൂല്‍പ്പ്, മിതമായ ആഹാരം ഇങ്ങിനെപോകുന്നു ആശ്രമരീതികള്‍. 

ഗ്രാമീണ സ്വാശ്രയത്വത്തിന്‍റെ പ്രതീകമായിരുന്ന ചര്‍ക്കയ്ക്ക് ഗാന്ധിജി പുതിയ അര്‍ഥവും നവീനവ്യാഖാനവും നല്‍കി. ദൈവിക സ്നേഹത്തിന്‍റെയും കര്‍മത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും മുദ്രയാക്കി. ആശ്രമം സ്ഥാപിച്ചപ്പോള്‍ മുതല്‍ കൈത്തറി യന്ത്രങ്ങള്‍ കൂടി സ്ഥാപിച്ചു. പ്രകൃതിയെ സര്‍വനാശത്തില്‍ നിന്നും മാനവരാശിയെ ഹിംസാത്മകതയില്‍ നിന്നും രക്ഷിക്കാനുള്ള ബദല്‍ജീവിതത്തിന്‍റെ ദര്‍ശനമാണ് ഖാദി. അതേ, ഖാദി വെറും തുണിയല്ല, ഒരു വിപ്ലവ ചിന്തയാണ്. 1918 മുതല്‍ 1921വരെയാണ് വിനോബാ ഭാവെ സബര്‍മതിയില്‍ താമസിച്ചിരുന്നത്. 

വെള്ളക്കാര്‍ ഉപ്പിന് നികുതി ചുമത്തിയപ്പോള്‍ ഗാന്ധി സബര്‍മതിയില്‍ ജനങ്ങളെ വിളിച്ചുകൂട്ടി. 1930 മാര്‍ച്ച് 12 ന് തന്‍റെ 61 ാം വയസില്‍ 78 അനുയായികള്‍ക്കൊപ്പം സമാനതകളില്ലാത്ത സമരയാത്രക്ക് സബര്‍മതിയില്‍ നിന്ന് ചുവടുവെച്ചു. ദണ്ഡി കടപ്പുറത്തേയ്ക്ക്. നിയമം ലംഘിച്ച് ഉപ്പു കുറുക്കി. ഇറങ്ങാന്‍ നേരം അദ്ദേഹം ഒരു പ്രതിജ്ഞയെടുത്തിരുന്നു. സ്വതന്ത്ര്യം ലഭിക്കാതെ സബര്‍മതിയിലേക്ക് മടങ്ങില്ല. ഹൃദയകുഞ്ജില്‍ നിന്ന് ഇറങ്ങിയ ഗാന്ധിക്ക് വിശ്രമില്ലായിരുന്നു. മതഭ്രാന്തന്‍റെ വെടിയുണ്ടയില്‍ ജീവന്‍പൊലിയുംവരെ. ഇന്ത്യക്കായുള്ള സ്വപ്നങ്ങളും സബര്‍മതിയിേലക്ക് മടങ്ങണമെന്ന ആഗ്രഹവും ബാക്കിയായി.

സബര്‍മതിയില്‍ ഒരു പകല്‍ എരിഞ്ഞുതീരുന്നു. രാജസ്ഥാനിലെ ആരവല്ലിയില്‍ നിന്ന് ഉറവയെടുക്കുന്ന സബര്‍മതി നദി. ഇരുട്ടു പരക്കാന്‍ തുടങ്ങുമ്പോള്‍ പ്രാര്‍ഥനാഭൂമിയില്‍ ഭജനുകള്‍ ഉയര്‍ന്നുതുടങ്ങി. ആശ്രമത്തിലെ ചുരുക്കം ചിലര്‍മാത്രമാണ് പ്രാര്‍ഥനയ്ക്കെത്തിയത്. ആശ്രമം പലപ്പോഴും വിവാദക്കുരുക്കില്‍പ്പെട്ടു. ഗുജറാത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായപ്പോള്‍, നരേന്ദ്ര മോദിയുടെ അധികാരമുന്നേറ്റത്തിന്‍റെ ഭൂമികയായപ്പോള്‍ സബര്‍മതി ആശ്രമം കാവിവല്‍ക്കരിക്കപ്പെട്ടുവെന്നതാണ് അതില്‍ പ്രധാനം. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത് മറ്റൊരു മോദിയാണ്.

ഗുജറാത്ത് വിദ്വേഷത്തിന്‍റെ കലാപത്തീയില്‍ കത്തിയമര്‍ന്നപ്പോള്‍ അഭയം തേടിയെത്തിയവര്‍ക്ക് മുന്നില്‍ ആശ്രമത്തിന്‍റെ കവാടങ്ങള്‍ കൊട്ടിയടച്ചുവെന്നതാണ് മറ്റൊരു വിമര്‍ശനം, ആരോപണങ്ങളുടെ ഇരുള്‍ മറമാറട്ടെ. കാരണം, സബര്‍മതി ആശ്രമം ഒരു പ്രതീകമാണ്. ഇന്ത്യയെന്ന മഹാരാജ്യത്തിനായി മഹാത്മജി കണ്ട സ്വപ്നങ്ങളുടെ പ്രതീകം. 

"ഒാരോ കാര്യത്തിലും മഹാത്മജിയെപ്പോലെയാവാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷെ, ഒാരോ തവണയും ഞാന്‍ തോല്‍ക്കും. ഒരു ഗാന്ധിയാവുക എന്നത് എളുപ്പമുള്ള കാര്യമല്ല" ഈ വാക്കുകള്‍ മഹാത്മാ ഗാന്ധിയുടെ പൗത്രി ഇള ഗാന്ധിയുടേതാണ്. എല്ലാവര്‍ക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയെന്ന സ്വപ്നമാണ് ഗാന്ധി നമുക്കായി ബാക്കിയിട്ടിട്ടുള്ളത്. 

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.