മോച്ചി പറയുന്നു, മോദി നാടിന്‍റെ രാഷ്ട്രീയം

Thumb Image
SHARE

ഗുജറാത്ത് നിര്‍ണായകമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആവേശച്ചൂടിലാണ്. രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം. 2002 ലെ ഗുജറാത്ത് കലാപം സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതി. ഒന്നരപതിറ്റാണ്ടിനിപ്പുറം കലാപത്തിന്‍റെ മുറിവുകള്‍ ഇരകളുടെ ഉള്ളിലും ഒാര്‍മ്മകള്‍ നീണ്ടുനീണ്ടുപോകുന്ന നിയമപോരാട്ടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളിലും ഒതുങ്ങുന്നു. ഗുജറാത്ത് കലാപത്തെ ആഴത്തില്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്ന് അശോക് മോച്ചിയുടേതാണ്. അഹമ്മദാബിലെ തെരുവോരത്ത് ചെരുപ്പ് തുന്നുന്ന അശോക് മോച്ചിക്ക് ഗുജറാത്ത് രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്.

അഹമ്മദാബാദ്.  യുനെസ്കോ പൈതൃക പദവി നല്‍കിയ നഗരം. അംദാവാദ് എന്ന് അവിടുത്തുകാര്‍ പറയും. 1400 കളുടെ ആദ്യ പകുതിയില്‍ സുല്‍ത്താന്‍ അഹ്മദ് ഷാ ഒന്നാമനാണ് ഈ നഗരം നിര്‍മിച്ചത്. അഹ്മദാബിന്‍റെ വലിയൊരു പ്രത്യേകത ഇവിടുത്തെ ദര്‍വാസകളാണ്. ഒാരോ തെരുവിന്‍റെയും തുടക്കത്തില്‍ കമാനാകൃതിയിലുള്ള കവാടങ്ങള്‍ . അഹമ്മാദാബിന്‍റെ ഒരു പകുതിയില്‍ മോദി മോഡല്‍ വികസനം നിറഞ്ഞുനില്‍ക്കുന്നു. മറുപകുതിയില്‍ പഴമയ്ക്കൊപ്പം ചേരികളും ഇടുങ്ങിയ തെരുവുകളും. മുസ്്ലിംകളും ദലിതരുമാണ് ഇവിടെ നിന്ന് തിരിയാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടി ജീവിക്കുന്നത്. മോദിയുടെ അഹ്മ്മാദാബാദിനെയും സുല്‍ത്താന്‍റെ അഹ്മ്മദാബിനെയും വേര്‍തിരിച്ചുകൊണ്ട് സബര്‍മതി നദി ഒഴുകുന്നു.   സബര്‍മതിയിലൂടെ വെള്ളം ഒരുപാടൊഴുകി. വര്‍ഗീയഭ്രാന്ത് കത്തിയാളിയ ശപിക്കപ്പെട്ട ദിനങ്ങളില്‍ ആളുകള്‍ മതത്തിന്‍റെ പേരില്‍ രണ്ട് ചേരിയായി. മരണം. മുറിവുകള്‍ . പക. പോര്‍വിളി.

ഒാര്‍മ്മകള്‍ മരവിച്ച് നില്‍ക്കുന്ന പഴയ നഗരിയുടെ ഒരു തെരുവോരത്ത് വച്ചാണ് അശോക് മോച്ചിയെ ഞങ്ങള്‍ കണ്ടുമുട്ടിയത്. ഗുജറാത്ത് കലാപത്തിന്‍റെ എല്ലാ ആസുരതയും ആഴത്തില്‍ പകര്‍ത്തിയതായിരുന്നു അശോക് മോച്ചിയുടെ ചിത്രം.

 കൈയില്‍ ഇരുന്പുദണ്ഡും തലയില്‍ കാവിക്കെട്ടുമായി കത്തിയാളുന്ന തെരുവില്‍ നിന്ന് അലറുന്ന അശോക് മോച്ചിയുടെ ചിത്രം.  ആരും ആമുഖം മറന്നിട്ടില്ല. അശോക് മോച്ചി  ഏറെ മാറിപ്പോയി. കാഴ്ച്ചയില്‍ മാത്രമല്ല കാഴ്ച്ചപാടുകളിലും. താടിയും മുടിയുമെല്ലാം വെട്ടിയൊതുക്കി. പ്രായം വീഴ്ത്തിയ പാടുകള്‍ മുഖത്ത്. തെരുവിന്‍റെ ഒരരികിലെ ചുമരിനോട് ചേര്‍ന്നിരുന്ന് ചെരുപ്പ് നന്നാക്കുന്ന തിരക്കിലാണ്. മൂന്ന് നാല് മരപ്പെട്ടികള്‍, നന്നാക്കാനുള്ള ചെരിപ്പുകള്‍, തൊഴിലുപകരണങ്ങള്‍. ഒരുപാട് നാളത്തെ സൗഹൃദം ഉള്ളിലുള്ളതുപോലെ മോച്ചി സംസാരിച്ചു തുടങ്ങി. ആദ്യം ഗുജറാത്തിനെക്കുറിച്ച് തന്നെ.

അശോക് പര്‍മാര്‍, ചെരുപ്പുകുത്തുന്നത് തൊഴിലാക്കിയതോടെ അശോക് മോച്ചിയായി. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടമായി. ഉണ്ടായിരുന്ന സഹോദരങ്ങള്‍ അവര്‍ക്ക് കുടുംബമായപ്പോള്‍ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് തെരുവിലായി ജീവിതം. അച്ഛന്‍ ചെയ്തിരുന്ന തൊഴില്‍ ഉപജീവനമാര്‍ഗമായി. 

2002 ല്‍ വംശഹത്യ നടന്നപ്പോള്‍ ആയുധമെടുത്തു, 44 വയസായി. അവിവാഹിതനാണ്. സ്വന്തമായി വീടില്ല. വാടകയ്ക്കെങ്കിലും വീടെടുക്കാനുള്ള നിവൃത്തിയുമില്ല. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് അശോക് മോച്ചി നല്‍കുന്ന മറുപടി വികസന രാഷ്ട്രീയത്തെ നെടുകെ പിളര്‍ക്കുന്നതാണ്.

അശോക് മോച്ചി ഒരു സംഘടനയിലും അംഗമല്ലാതിരുന്നിട്ടും ഇരുന്പു ദണ്ഡുമായി തെരുവിലിറങ്ങി. ഇപ്പോള്‍ ആരും അയാളെ സഹായിക്കാനില്ല. പ്രകോപനങ്ങളുമായി രക്തം തിളപ്പിച്ചര്‍ക്ക് അശോക് മോച്ചി ഇന്ന് അനഭിമതനാണ്. അന്ന് അവര്‍ക്ക് അയാള്‍ ഒരു ഉപകരണം മാത്രമായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ തെരുവിലുപേക്ഷിച്ച ഉപകരണം. സ്വന്തമെന്ന് പറയാന്‍ ആരുമില്ല. ഒന്നുമില്ല. അക്ഷരങ്ങള്‍ മാത്രമാണ് ആകെയുള്ള കൂട്ട്. കനത്ത ഏകാന്തതയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ 

കേരളത്തില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി മോച്ചി ചെറുചരിയോടെ പറഞ്ഞു. 

അശോക് മോച്ചി  ഇരയാണോ, വേട്ടക്കാരനാണോ? ആ ചോദ്യത്തിന് വലിയ പ്രസക്തിയില്ല. നമ്മുടെ വ്യവസ്ഥയാണ് അയാളെ ഇങ്ങിനെയൊക്കെയാക്കിയത്. ഒടുവില്‍ അശോക് മോച്ചി അതിനെല്ലാം മുന്നില്‍ തോറ്റുപോയി. പക്ഷെ ആ തോല്‍വികള്‍ അയാളെ നല്ലൊരു മനുഷ്യനായി പരുവപ്പെടുത്തി. കാലം അയാളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. 

ഉപ്പിന്‍റെ ജാതിയും രാഷ്ട്രീയവും അശോക് മോച്ചിയെന്ന ചെരുപ്പുകുത്തി പറഞ്ഞ രാഷ്ട്രീയവും നമ്മള്‍ കണ്ടു. കേട്ടു. കാലം എല്ലാ മുറിവുകളും മായ്ക്കുന്നു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നല്ലേ. കാത്തിരിക്കാം പുതിയ മാറ്റങ്ങള്‍ക്കായി.

MORE IN INDIA BLACK AND WHITE
SHOW MORE