ജാതിവാദത്തിന്‍റെ ഗുജറാത്ത് മോഡല്‍

Thumb Image
SHARE

രാജ്യം ഉറ്റുനോക്കുന്നതാണ് ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. എണ്‍പതുകള്‍ക്ക് ശേഷം ജാതി രാഷ്ട്രീയം ഗുജറാത്തിന്‍റെ മണ്ണില്‍ വീണ്ടും ആളിപ്പടരുകയാണ്. സമുദായങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ നെഞ്ചിടിപ്പേറിയത് ബിജെപിക്കാണ്. രണ്ട് പതിറ്റാണ്ടിലധികമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ കൈവന്നു. 

ഹാര്‍ദിക് പട്ടേല്‍ 

വയസ് 24

പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി  നേതാവ്

അല്‍പേഷ്  ഠാക്കൂര്‍ 

വയസ് 39

ഒ.ബി.സി, എസ്.സി, എസ്.ടി ഏകതാ മഞ്ച് നേതാവ്

ജിഗ്്നേഷ് മേവാനി

വയസ് 34

രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് 

തിരഞ്ഞെടുപ്പ് ആവേശം തിളച്ചുമറിയുന്ന ഗുജറാത്തില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രം ഈ മൂന്ന് യുവാക്കളാണ്. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ആറുമാസം മുന്‍പുവരെ വിജയം സുനിശ്ചിതമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ രംഗം കൊഴുപ്പിക്കുന്നതോടെ ഗുജറാത്ത് മുഴുവനായും തൂത്തുവാരാമെന്ന കാര്യത്തില്‍ സംശയമേതുമില്ലായിരുന്നു. എന്നാല്‍ ഹാര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും, ജിഗ്നേഷ് മേവാനിയും ഉയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ് ബിജെപിയെ പിടിച്ചുലച്ചു. രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങി കരുനീക്കങ്ങള്‍ നടത്തിയതോടെ താമര ക്യാംപില്‍ ആശങ്കകള്‍ കനത്തു. മല്‍സരം കടുത്തു. ഈസി വാക്കോവര്‍ ഒരിക്കലും ലഭിക്കില്ലെന്ന തിരിച്ചറിവില്‍ ബിജെപി എത്തി. മോദിയുടെ തട്ടകത്തില്‍ കാവിക്കോട്ട പിടിച്ചുലച്ച മൂന്ന് യുവ സാമുദായിക നേതാക്കള്‍ കേന്ദ്ര ബിന്ദുവാകുന്ന ആദ്യ തിരഞ്ഞെടുപ്പ്.

ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായിരുന്നു പട്ടേല്‍ സമുദായം. ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ പോര്‍മുനയാണ് ഈ പ്രബല വിഭാഗം. ബിജെപിക്ക് 44 എം.എല്‍.എമാര്‍ പട്ടേല്‍ വിഭാഗത്തില്‍ നിന്നുണ്ട്. ഉപമുഖ്യമന്ത്രി നിതിന്‍ ഭായ് പട്ടേല്‍ ഉള്‍പ്പെടെ 10 പേര്‍ മന്ത്രിസഭയില്‍. മോദിയുടെ സ്യൂട്ട് ലേലത്തില്‍ വാങ്ങിയത് പോലും പട്ടേലുകളാണെന്നത് ബിജെപിയോടുള്ള കൂറിന് ഒരു ഉദാഹരണം മാത്രം.

ഗുജറാത്ത് ജനസംഖ്യയുടെ 15 ശതമാനം വരുന്ന പട്ടേല്‍ വിഭാഗത്തില്‍ ഭൂരിപക്ഷം മധ്യവര്‍ഗമാണ്. ദരിദ്രപൂര്‍ണമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ വളരെ തുച്ഛം. സഹോദരിക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടതാണ് ഹാര്‍ദിക് പട്ടേല്‍ എന്ന ഇരുപത്തിനാലുകാരനെ പട്ടേല്‍ സംവരണ സമരത്തിന്‍റെ ഭാഗമാക്കിയത്. 

2015 ല്‍ 22 വയസുള്ളപ്പോള്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുത്ത റാലിക്ക് നേതൃത്വം നല്‍കിയാണ് ഹാര്‍ദിക് പട്ടേല്‍,  പട്ടേല്‍ വിഭാഗത്തിന്‍റെ ഉറച്ച ശബ്ദമായത്. സംവരണമാവശ്യപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ വിറപ്പിച്ചത്. പട്ടേല്‍ വിഭാഗത്തിന്‍റെ സംവരണാവശ്യം കാട്ടുതീപോലെ പടര്‍ന്നു. ഏറ്റുമുട്ടലില്‍ കലാശിച്ച പാട്ടിദാര്‍ വിപ്ലവ പ്രതിഷേധസമരങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് പൊലീസുകാരടക്കം പത്തുപേര്‍ക്ക്. രാജ്യദ്രോഹക്കുറ്റം ചുമത്തി ഹാര്‍ദിക് പട്ടേലിനെ ജയിലിലടച്ചു.ആറുമാസം. വിമതശബ്ദങ്ങള്‍ അധികാര ബൂട്ട് ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ നീക്കങ്ങള്‍ ഹാര്‍ദിക് പട്ടേലിനെ ബിജെപിയുടെ ശത്രുവാക്കി.

സന്പൂര്‍ണമദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും പിന്തുണയോടെ തടിച്ചുകൊഴുത്ത മദ്യമാഫിയയ്ക്കെതിരെ പിന്നാക്ക വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി പോരാടിയാണ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്തിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ ഇടം നേടിയത്.  സ്ത്രീകളുടെ കൈയ്യടി നേടിയത്. 

ഒബിസി , എസ്.സി, എസ്.ടി വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന അല്‍പേഷ് താക്കൂറിന്‍റെ െഎക്യമുന്നണിക്ക് 40 ശതമാനത്തിലധികം ജനങ്ങളില്‍ ഏറിയും കുറഞ്ഞുമുള്ള സ്വാധീനമുണ്ട്. ഗുജറാത്തില്‍ പോരാട്ടത്തിന്‍റെ പ്രഖ്യാപനം വന്നപ്പോള്‍ അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ് ക്യാംപിലെത്തി

ഗുജറാത്തിലെ ഉനയില്‍ 2016 ജൂലൈ 11 ന്  ദലിത് യുവാക്കള്‍ക്ക് നേരെയുണ്ടായ അക്രമം രാജ്യം ഇനിയും മറന്നിട്ടില്ല. ചത്ത പശുവിന്‍റെ തോല്‍ ഉരിക്കുകയായിരുന്ന ദലിതരെ പശുസംരക്ഷണത്തിന്‍റെ പേരില്‍ ക്രൂരമായി മര്‍ദിച്ചശേഷം വിവസ്ത്രരായി 25 കിലോമീറ്റര്‍ നടത്തിച്ചു. വിവേചനങ്ങളും, അടിച്ചമര്‍ത്തലുകളും കാലങ്ങളായി ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ഒരുജനതയുടെ ഉള്ളിലെ പ്രതിരോധ മുന്നേറ്റങ്ങള്‍ക്കും സംഘബോധത്തിനും ഉനയിലെ സംഭവം തിരികൊളുത്തി. 

ഉനയില്‍ നിന്നുയര്‍ന്ന ദലിത് പ്രതിഷേധങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ജിഗ്്നേഷ് മേവാനിയെന്ന യുവ അഭിഭാഷകനാണ്. വിവിധ ദലിത് സംഘടനകളുമായി കൈകോര്‍ത്ത് ജിഗ്്നേഷ് അസ്മിത യാത്ര നടത്തി. ദലിത് സ്വാഭിമാനമെന്ന മുദ്രാവാക്യമുയര്‍ത്തി. അടിച്ചമര്‍ത്തും തോറും അവരുടെ ശബ്ദം കരുത്താര്‍ജിച്ചുകൊണ്ടിരുന്നു. നൂറു ചുണ്ടുകളില്‍ നിന്ന് ആയിരം ചുണ്ടുകളിലേക്കും ആയിരം ചുണ്ടുകളില്‍ നിന്ന് ലക്ഷം ചുണ്ടുകളിലേക്കും മുന്നേറ്റത്തിന്‍റെ മുദ്രാവാക്യങ്ങള്‍ പടര്‍ന്നുകയറി. 2016 ലെ സ്വാതന്ത്ര്യ ദിനത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ജിഗ്്നേഷ് പ്രതിജ്ഞ ചൊല്ലി. ചത്തപശുവിന്‍റെ തോലുരിയില്ലെന്നും മനുഷ്യ വിസര്‍ജ്യം വാരുന്ന ജോലിയെടുക്കില്ലെന്നുമായിരുന്നു പ്രതിജ്ഞ. നിങ്ങള്‍ പശുവിന്‍റെ വാലെടുത്തോളൂ, ഞങ്ങളുടെ ഭൂമി തിരിച്ചുതരൂവെന്നായിരുന്നു ദലിതര്‍ ഗുജറാത്ത് സര്‍ക്കാരിനോടും സംഘപരിവാറിനോടും ആവശ്യപ്പെട്ടത്. ഗുജറാത്ത് ജനസംഖ്യയുടെ എട്ട് ശതമാനമാണ് ദലിതര്‍

പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളില്‍ കലങ്ങിമറിഞ്ഞ ഗുജറാത്തില്‍ വിമതശബ്ദങ്ങളുടെ, പ്രതിഷേധങ്ങളുടെ, അതിജീവനത്തിന്‍റെ പ്രതീകമായി ഹാര്‍ദിക് പട്ടേലും, അല്‍പേഷ് ഠാക്കൂറും, ജിഗ്നേഷ് മേവാനിയും മാറി. ആദിവാസികളും, അംഗന്‍വാടി ജീവനക്കാരും കൂടി തെരുവിലിറങ്ങിയതോടെ ഗുജറാത്ത് രാഷ്ട്രീയം കലങ്ങി മറിയാന്‍ തുടങ്ങി. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന  ബോളിവുഡ് ചിത്രം റാണി പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ബിജെപി സര്‍ക്കാര്‍ ചിത്രത്തിനെതിരെ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് ക്ഷത്രിയ വിഭാഗങ്ങള്‍ കൂടി പ്രതിഷേധരംഗത്തെത്തി. അതോടെ, ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ കേന്ദ്ര ബിന്ദു ജാതിയായി. 

ജാതി വാദത്തിന്‍റെ രാഷ്ട്രീയം ബിജെപിക്ക് ഗുണം ചെയ്യില്ലെന്നാണ് ഗുജറാത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്നത്. 1980 ല്‍ 51 ശതമാനവും 1985 ല്‍ 56 ശതമാനവും വോട്ടുകളോടെ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ജാതി സഖ്യസമവാക്യങ്ങളാണ്. 

സമുദായവാദം സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ വഴിയൊരുക്കിയത് ഏറെ വാഴ്ത്തിപ്പാടപ്പെട്ട ഗുജറാത്ത് വികസന മാതൃകയാണെന്നെതാണ് സുപ്രാധാനമായ കാര്യം. വിവിധ ജാതികളെ ഹിന്ദുത്വമെന്ന ഏകത്വത്തില്‍ ഇഴചേര്‍ക്കുകയായിരുന്നു ബിജെപി ചെയ്തത്. അതിന്‍റെ ഇഴകളാണ് ഇപ്പോള്‍ പൊട്ടാന്‍ തുടങ്ങിയത്.

ദലിതര്‍ക്ക് അനുവദിച്ച ഭൂമി സര്‍ക്കാര്‍ വന്‍കിട കുത്തകകള്‍ക്ക് പതിച്ചുനല്‍കിയതാണ് മുഖ്യപ്രശ്നമായി ജിഗ്നേഷ് മേവാനി ഉയര്‍ത്തുന്നത്. സാധാരണക്കാരായ പട്ടേല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഴുത്തറപ്പന്‍ ഫീസ് താങ്ങാനാവാത്തതാണ് ഹാര്‍ദിക് പട്ടേല്‍ മുന്നോട്ട് വെയ്ക്കുന്ന വിഷയം. ഗുജറാത്തില്‍ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയിലാണ്.

എണ്‍പതുകളില്‍ കോണ്‍ഗ്രസിന് ഗുജറാത്തില്‍ അധികാരക്കസേര നല്‍കിയ സമുദായിക സഹകരണം ഉറച്ചൊരു രാഷ്ട്രീയ സഖ്യമാക്കിമാറ്റാന്‍‌ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.1990 ല്‍ ബിജെപി ജനതാദള്‍ സഖ്യസര്‍ക്കാര്‍ ഗുജറാത്തില്‍ അധികാരത്തില്‍ വന്നു. അതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായി ഗുജറാത്ത് മാറി. എല്‍ കെ അഡ്വാനി രഥയാത്ര തുടങ്ങിയത് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്നായിരുന്നു. ബിജെപിയുടെ ഉറച്ച കോട്ടയായി ഗുജറാത്ത് മാറി. നരേന്ദ്ര മോദി അതിന്‍റെ പ്രതീകവുമായി. 

മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയതോടെ ബിജെപിക്ക് അതേ തലയെടുപ്പുള്ള മറ്റൊരു നേതാവിനെ ഗുജറാത്തില്‍ കണ്ടെത്താനായില്ല. മുഖ്യമന്ത്രി മാറ്റി നോക്കി. കാര്‍ക്കശ്യക്കാരിയായ ആനന്ദി ബെന്‍ പട്ടേലിനു പകരം കൗശലക്കാരനായ വിജയ് രൂപാണി വന്നു. നിതിന്‍ പട്ടേലിന് ഉപമുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം നല്‍കി. പക്ഷെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. അപ്പോഴെല്ലാം  പ്രതിപക്ഷമായ കോണ്‍ഗ്രസാകട്ടെ കൈയ്യും കെട്ടി നോക്കി നിന്നു. ഒടുവില്‍‌, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഹാര്‍ദിക് പട്ടേലും, അല്‍പേഷ് ഠാക്കൂറും, ജിഗ്നേഷ് മേവാനിയും  ഉയര്‍ത്തിയ പ്രതിഷേധ ശബ്ദങ്ങള്‍ ഏറ്റുപിടിക്കുകമാത്രമായിരുന്നു രാഹുല്‍ ഗാന്ധിയും  കോണ്‍ഗ്രസും ചെയ്തത്

2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ  ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. 2000 നുശേഷം ആദ്യമായാണിത്. ഗ്രാമങ്ങള്‍ പൂര്‍ണമായും ഒപ്പം നില്‍ക്കുകയും സമുദായിക സമവാക്യങ്ങള്‍ തുണയ്ക്കുകയും ചെയ്താല്‍ ഗുജറാത്തില്‍ ചരിത്രമെഴുതാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍

അല്‍പേഷ് ഠാക്കൂറിന്‍റെ വരവ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണെങ്കിലും പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് തൃപ്തി അത്ര പോര. രാഹുല്‍ ഗാന്ധിക്ക് അല്‍പേഷിനോടുള്ള താല്‍പര്യക്കൂടുതല്‍ തന്നെയാണ് പ്രധാന കാരണം. സംസ്ഥാന നേതൃത്വത്തെ അല്‍പേഷ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹൈക്കമാന്‍ഡുമായി നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കുകയുമാണെന്നാണ് ആക്ഷേപം. ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം അല്‍പേഷ് തള്ളുന്നു.

കോണ്‍ഗ്രസുമായി പരസ്യസഖ്യത്തിനില്ലെന്ന് ജിഗ്്നേഷ് മേവാനി പറയുന്നു. പക്ഷെ, ബിജെപിയാണ് ഒന്നാം നന്പര്‍ ശത്രു. ബിജെപിയെ തോല്‍പിക്കാന്‍ സാധ്യമായ എല്ലാം ചെയ്യും. ഫലത്തില്‍ ജിഗ്േനഷിന്‍റെ നിലപാടുകള്‍ കോണ്‍ഗ്രിസന് ഗുണം ചെയ്യും.

സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്ക് ഹാര്‍ദിക് പട്ടേല്‍ തല്‍ക്കാലത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുണ്ട്. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന് അനുകൂല നിലപാടാണ് ഉള്ളതെന്ന് ഹാര്‍ദിക് പറയുന്നു. 

22 വര്‍ഷത്തെ സംസ്ഥാന ഭരണത്തോടുള്ള അപ്രീതികളും ജിഎസ്ടി, നോട്ട് നിരോധനം എന്നിവ ജനങ്ങള്‍ക്കുണ്ടാക്കിയ പ്രതിസന്ധികളും തലവേദനയാകുന്ന ബിജെപിക്ക് വലിയ പങ്കപ്പാടുണ്ടാക്കുന്നതാണ് സംവരണ നേതാക്കളുടെ പ്രതിഷേധങ്ങള്‍.  എല്ലാതരത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഗുജറാത്തില്‍ കിട്ടുന്നതെല്ലാം ലാഭമാണ്. വല്ലവനും വിതച്ചത് കൊയ്യാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.  അതുകൊണ്ടുതന്നെ അസംതൃപ്തരെയെല്ലാം ഒന്നിച്ചു നിര്‍ത്തുകയെന്നത് നിലനില്‍പ്പിന്‍റെ രാഷ്ട്രീയമാണ്. വിഷയം തൊട്ടാല്‍ പൊള്ളുന്നതാണെങ്കിലും തല്‍ക്കാല ശാന്തിക്ക് കോണ്‍ഗ്രസിന്‍റെ മുന്നില്‍ മറ്റുവഴികളില്ല. ഉന്നതശ്രേണിയില്‍പ്പെടുന്ന പട്ടേലുമാര്‍ക്ക് എങ്ങിനെ സംവരൡണം നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്‍റെ തലവേദന. ഭാവിയില്‍ അത് തിരഞ്ഞുകൊത്താമെങ്കിലും. ബിജെപി വിരുദ്ധത മാത്രമാണ് ഈ മഴവില്‍ സഖ്യത്തിന്‍റെ ആണിക്കല്ല്. സംവരണത്തിന്‍റെ കാര്യത്തില്‍ വൈരുധ്യങ്ങള്‍ ഏറെയുണ്ട് താനും.

ജാതി പറഞ്ഞ് നടക്കാതെ വികസനം അജന്‍ഡയാക്കൂവെന്നാണ് ബിജെപിയുടെ മറുപടി. സംവരണം പറഞ്ഞ് സര്‍ക്കാരിനെ തകര്‍ക്കാന്‍ നടക്കുന്ന കുട്ടികളുടെ വാക്കുകേട്ട് ജനം വോട്ടുചെയ്യില്ലെന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രതീക്ഷ. ഹിന്ദുത്വവും വികസനവും സമം ചേര്‍ത്ത മറുമരുന്നാണ് ബിജെപി പരീക്ഷിക്കുന്നത്.

ഭിന്നിപ്പിക്കുകയെന്നതാണ് ബിജെപിയുടെ  മറുതന്ത്രം.അല്‍പേഷിനെ കൂടെക്കൂട്ടാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് ബിജെപിക്ക് ജാതിവാദം തൊട്ടുകൂടാത്തതായത്. ഹാര്‍ദിക്കിനെ തള്ളിപ്പറയുന്ന പട്ടേല്‍ നേതാക്കളെ ഒപ്പം നിര്‍ത്തുകയാണ് ബിജെപി. ഹാര്‍ദിക വിരുദ്ധ നിര നാള്‍ക്കുനാള്‍ കൂട്ടിക്കൊണ്ടുവരികയാണ്. ഹാര്‍ദിക് പട്ടേലിന്‍റേതെന്ന പേരില്‍ പുറത്തുന്ന അശ്ലീല വീഡിയോ ഉപയോഗിച്ച് രംഗം പൊലിപ്പിച്ചു. എങ്കിലും ജിഗ്നേഷ് മേവാനി ഹാര്‍ദിക് പട്ടേലിനെ പിന്തുണച്ചു.

ഗുജറാത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള സ്വാമിനാരായണ്‍ വിശ്വാസ സമൂഹത്തിലെ ചില പുരോഹിതര്‍ പരസ്യമായി ബിജെപിയെ പിന്തുണച്ചത് പട്ടേല്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കും. അല്‍പേഷിനൊപ്പമുള്ള എസ്.സി, ഒ.ബി.സി വിഭാഗങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ മറ്റൊരുതന്ത്രം. ഒപ്പം, മോദിയുടെ ജനസ്വാധീനവും വികസനപ്രവര്‍ത്തനങ്ങളും ചേരുന്പോള്‍ കാര്യങ്ങള്‍ ഭദ്രമാകുമെന്നാണ് കണക്കുകൂട്ടല്‍ . ബിജെപിയുടേത് കൂടാതെ ആര്‍ എസ് എസിന് ശക്തമായ സംഘടനാ സംവിധാനം ഗുജറാത്തിലുണ്ട്. പാല്‍ സൊസൈറ്റികള്‍ മുതല്‍ സഹകരണ ബാങ്കുകള്‍ വരെ നീളുന്ന സംഘപരിവാറിന്‍റെ അധികാരശൃംഖല ഇന്നും ശക്തം. 

ഹാര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും ജിഗ്നേഷ് മേവാനിയും പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗം ഗുജറാത്ത് ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനത്തിലധികം വരും. ഗുജറാത്തിലെ വോട്ടര്‍മാരില്‍ 2 ദശാംശം 24 കോടി വോട്ടര്‍മാര്‍ നാല്‍പത് വയസില്‍ താഴെയുള്ളവരാണ്. മാറ്റം ആഗ്രഹിക്കുന്ന യുവാക്കളെ സ്വാധീനിക്കാന്‍ യുവ സാമുദായിക നേതാക്കള്‍ക്ക് കഴിഞ്ഞാല്‍ ഗുജറാത്തിലെ ചിത്രം മാറിമറിയും. തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവയും ജാതിസംവരണത്തിനൊപ്പം പറയുന്പോള്‍  വോട്ടര്‍മാരുടെ മനസില്‍ ചലനങ്ങളുണ്ടാക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു.

കോണ്‍ഗ്രസ് ജാതി സമവാക്യങ്ങളിലും യുവസാമുദായിക നേതാക്കളിലും പ്രതീക്ഷയര്‍പ്പിക്കുന്നു. ബിജെപിയാകട്ടെ പരന്പരാഗത വോട്ടുബാങ്കുകള്‍ ഇത്തവണയും തുണയ്ക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഏതായാലും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളാണ് ഗുജറാത്തില്‍ നടക്കുന്നത് അതിന്‍റെ ഫലം  ഇന്ത്യന്‍ ജനാധിപത്യത്തെ ഏങ്ങിനെ സ്വാധീനിക്കുമെന്ന് കാത്തിരുന്നുകാണാം. 

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.