നികുതി കുറയ്ക്കലിന്‍റെ അവകാശികളാര് ?

Thumb Image
SHARE

ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിന് ശേഷം നികുതി നിരക്കുകളില്‍ വലിയ പൊളിച്ചെഴുത്താണ് അടുത്തിടെ ഗുവാഹത്തില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ നടത്തിയത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നികുതി കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കോണ്‍ഗ്രസ് ജി.എസ്.ടി വിഷയം ശക്തമായി ഉയര്‍ത്തിക്കാട്ടുന്നു.

ഹോട്ടല്‍ ഭക്ഷണത്തിന്‍റേത് ഉള്‍പ്പെടെ 200 ഓളം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനം വന്ന ശേഷം മുന്‍ധനമന്ത്രി പി.ചിദംബംരം ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു നന്ദി ഗുജറാത്ത്!!. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ജി.എസ്.ടിയുടെ രാഷ്ട്രീയം വ്യക്തമാക്കുകയായിരുന്നു ചിദംബരം. ബി.ജെ.പിയുടെ സഖ്യകകക്ഷിയായ ശിവസേനയുടെ മുഖപത്രമായ സാമ്്നയുടെ മുഖപ്രസംഗം കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന ഭീതികാരണമാണ് നികുതി ഒറ്റയടിക്ക് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. ജിഎസ്ടി ഭേദഗതിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ് മറുപടി നല്‍കുന്നു. വ്യാപാരികള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് നികുതി കുറച്ചതെന്ന് രാജ്്നാഥ് സിങ് സമ്മതിക്കുന്നുണ്ട്.

ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്നതായിരുന്നു ജി.എസ്.ടിയുടെ ലക്ഷ്യം. നികുത്തിക്ക് മേല്‍ നികുതി വരുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു ശ്രമം. പക്ഷേ, ജി.എസ്.ടിയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന രീതിയിലായിരുന്നില്ല നാലു സ്ളാബുകളിലായുള്ള നികുതി നിരക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സാന്പത്തിക പരിഷ്കരണം നടപ്പാക്കിയത്. 18 ശതമാനം നികുതി എന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ നിര്‍ദേശം. ഒടുവില്‍ സര്‍ക്കാര്‍ അതേ നിര്‍ദേശത്തിന്‍റെ വഴിയേ തന്നെ പോകുന്നു. ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തിന്‍റെ സ്ളാബ് ഇല്ലാതാകുമെന്നാണ് സൂചന.

നോട്ട് നിരോധനത്തിന് പിന്നാലെവന്ന ജി.എസ്.ടി സാധാരണക്കാരെ ശരിക്കും ദുരിതത്തിലാക്കി. ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്.  മോദിയുടെ സ്വന്തം തട്ടകത്തില്‍ ബി.ജെ.പി വിയര്‍ക്കുന്നത് ജി.എസ്.ടിയുടെ രാഷ്ട്രീയത്തില്‍ തന്നെയാണ്. പൂര്‍ണമായും കൈവിട്ട പോരാട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതും അതുതന്നെ. ഗുജറാത്ത് നവ്്സര്‍ജന്‍ യാത്ര എന്നപേരില്‍ സംസ്ഥാനത്തിന്‍റെ തലങ്ങും വിലങ്ങും സഞ്ചരിച്ച് പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന പ്രധാനവിഷയം ജി.എസ്.ടി ഉണ്ടാക്കിയ ദുരിതങ്ങള്‍ തന്നെയാണ്. ഒടുവില്‍ നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഫലമായിട്ടാണെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നു.

പട്ടേല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ ജാതിവിഭാഗങ്ങളുടെ അതൃപ്തിക്ക് പിന്നാലെ ജി.എസ്.ടി ബി.ജെ.പിക്ക് കൂനിന്‍മേല്‍ കുരുവാകുന്നു. രണ്ട് പതിറ്റാണ്ടായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്ന വിധമാണ് കാര്യങ്ങള്‍. ഏതായാലും പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ഗുജറാത്തില്‍ തുടങ്ങിക്കഴിഞ്ഞു. ജി.എസ്.ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് ബിജെപി നേതാക്കള്‍ വ്യാപാരികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരും മന്ത്രിമാരുമൊക്കെയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. നികുതി കുറച്ചതിന്‍റെ ക്രെഡിറ്റ് നരേന്ദ്രമോദി സര്‍ക്കാരിന് തന്നെയാണെന്ന് ബി.ജെ.പി ഗുജറാത്തിലെ ഓരോ പ്രചാരണവേദികളിലും ആവര്‍ത്തിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് കണക്കുകൂട്ടല്‍.

MORE IN INDIA BLACK AND WHITE
SHOW MORE