പത്മാവതി ചരിത്രമോ; കെട്ടുകഥയോ! ?

Thumb Image
SHARE

സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ബ്രഹ്്മാണ്ഡചിത്രം പത്്മാവതിയുടെ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമാക്കുന്നു. ചരിത്രത്തെ, ഫാസിസം എക്കാലത്തും സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തിരുത്തിയെഴുതും. കല എങ്ങനെയൊക്കെയായിരിക്കണമെന്ന് തിട്ടൂരങ്ങള്‍ പുറത്തിറക്കും. ജനാധിപത്യമൂല്യങ്ങളും നിയമങ്ങളും നോക്കുകുത്തിയാകും.

1303ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണത്തിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രമാണ് പത്്മാവതി. ഖില്‍ജിക്ക് കീഴടങ്ങേണ്ടിവരുമെന്ന ഘട്ടത്തില്‍  സ്വയം ചിതയില്‍ ചാടി പത്്മാവതി മരിച്ചുവെന്നാണ് പറയപ്പെടുന്നത്. ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന പത്മാവതിയുടെ കഥാപാത്രവും രണ്‍വീര്‍ സിങ് അഭിനയിക്കുന്ന അലാവുദീന്‍ ഖില്‍ജിയുടെ കഥാപാത്രവും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന വാര്‍ത്തയാണ് പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

ചിത്രീകരണത്തിന് ക്ളാപ് ബോര്‍ഡ് ആദ്യം അടിച്ചപ്പോള്‍ മുതല്‍ തീവ്രവലതുപക്ഷ രാഷ്ട്രീയവും രജപുത്ര സംഘടനകളും ബന്‍സാലിയുടെ പത്മാവതിക്കു നേരെ വാളോങ്ങിയിരുന്നു.  ശ്രീ രജ്പുത് കര്‍ണ സേന എന്ന സംഘടന ജയ്പൂരില്‍ പത്മാവതിയുടെ ചിത്രീകരണം തടസപ്പെടുത്തി. സെറ്റ് ആക്രമിച്ചു. സംവിധായകനെ കയ്യേറ്റം ചെയ്തു. ക്യാമറകള്‍ തകര്‍ത്തു. റാണി പത്മാവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുമെന്ന വിശേഷണത്തോടെയാണ് പത്്മാവതി റിലീസിന് തയ്യാറെടുക്കുന്നത്. 160 കോടി രൂപയാണ് മുതല്‍മുടക്ക്.

ചിത്രത്തിനെതിരെ ജയ്പൂര്‍ രാജകുടുംബവും പത്മാവതിയുടെ പിന്‍തുടര്‍ച്ചക്കാരും രംഗത്തെത്തി. തിരക്കഥ പരിശോധിക്കണമെന്നും ചിത്രം റിലീസിന് മുന്‍പ് കാണിച്ച് വിവാദരംഗങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു രാജകുടുംബത്തിന്‍റെ ആവശ്യം.

പത്മാവതിയുടെ രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ബി.ജെ.പി കളം നിറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ റിലീസ് ചെയ്യരുതെന്ന ബി.ജെ.പി ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.ഇതിനു പിന്നാലെയാണ് ചരിത്രം വളച്ചൊടിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എരിതീയില്‍ എണ്ണയൊഴിച്ചു. റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നത് അവര്‍ ഒരു ഹിന്ദുവായതുകൊണ്ടാണെന്നായിരുന്നു ഗിരിരാജ് സിങ്ങിന്‍റെ പ്രതികരണം. ഇന്ത്യയുടെ ചരിത്രംവച്ച് കളിക്കുന്നവരെ ജനം കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രിനിര്‍ദേശിച്ചു. ബന്‍സാലിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെട്ടു. ബന്‍സാലിക്ക് ചെരുപ്പിന്‍റെ ഭാഷയേ അറിയൂവെന്ന് പാര്‍ട്ടി എം.പി. സിനിമയ്ക്കായി ചിലവഴിച്ച പണത്തിന്‍റെ സ്രോതസ് അന്വേഷിക്കണമെന്ന് സുബ്രമണ്യന്‍സ്വാമി ആവശ്യപ്പെട്ടു.

  ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന ആവശ്യം സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും തള്ളി. സെന്‍സര്‍ ബോര്‍ഡിന്‍റെ അധികാരപരിധിയില്‍ കൈകടത്തില്ലെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. എന്നാല്‍ സിനിമകളെ സിനിമകളായി കാണണമെന്നും ചരിത്രവും ഭൂമിശാസ്ത്രവും അതിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നുമാണ് കേന്ദ്രമന്ത്രിമുക്താര്‍അബ്ബാസ് നഖ്്വിയുടെ നിലപാട്.

ആരാണ് റാണി പത്മാവതി?? എന്താണ് പത്്മാവതിയെ ചുറ്റിയുള്ള രാഷ്ട്രീയത്തിന്‍റെ പൊരുള്‍???

  രജപുത്ര സ്വാഭിമാനത്തിന്‍റെ പ്രതീകമായാണ് റാണി പത്മാവതിയെ കാണുന്നത്. മേവാഡിലെ രാജാവ് രത്തന്‍ സിങ്ങിന്‍റെ ഭാര്യയാ പത്മാവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായാണ് അലാവുദീന്‍ ഖില്‍ജി ചിത്രോര്‍ ആക്രമിച്ചതെന്നാണ് പറയപ്പെടുന്നത്. ഖില്‍ജിക്ക് കീഴടങ്ങാതെപത്്മാവതി ജീവനൊടുക്കി. ചരിത്രത്തേക്കാള്‍ പഴന്പുരാണങ്ങളും ഐതീഹ്യങ്ങളും നാടോടിക്കഥകളും ഇഴചേര്‍ന്നുകിടക്കുന്നതാണ് പത്മാവതിയുടെ ജീവിതവഴികള്‍.

ചരിത്രമേത്, കഥയേത് എന്ന് സംഘപരിവാര്‍ തീരുമാനിക്കുന്ന അവസ്ഥയാണ് പത്മാവതിയുടെ കാര്യത്തിലുള്ളത്. പതിനാറാം നൂറ്റാണ്ടിലെ പ്രമുഖ കവി മാലിക് മുഹമ്മദ് ജയാസി രചിച്ച പത്മാവത് എന്ന കൃതിയിലാണ് പത്്മാവതിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഖില്‍ജിയുടെ ആക്രമണം നടന്ന് 237 വര്‍ഷത്തിന് ശേഷമാണ് ജയാസി പത്മാവത് എഴുതിയത്. എന്നാല്‍ പത്മാവതി സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറയുന്നു. അലാവുദിന്‍ ഖില്‍ജി ചിത്തോര്‍ കോട്ട ആക്രമിച്ചത് പത്മാവതിക്ക് വേണ്ടിയല്ല, മറിച്ച് അളവറ്റ സന്പത്ത് കയ്യടക്കാനായിരുന്നുവെന്ന് വിലയിരുത്തുന്ന ചരിത്രകാരന്‍മാരുമുണ്ട്. പത്മാവതിയുടെ പുരാവൃത്തത്തിന് നിരവധി ഭാഷ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് പ്രചോദനവുമായിട്ടുണ്ട്. ബന്‍സാലിക്കും ചിത്രത്തിനുമെതിരെയുള്ള ആക്രമണത്തിനെതിരെ ബോളിവുഡ് പ്രതിഷേധവുമായി രംഗത്തെത്തി.  എന്നിട്ടും ഭീഷണികള്‍ തുടരുന്നു.

  വിജയ് ചിത്രം മെര്‍സലിനു ശേഷം ബിഗ് സ്ക്രീനില്‍ ബി.ജെ.പിക്ക് മറ്റൊരു വിവാദവിഷയം. രാജസ്ഥ്രന്‍റെ ചരിത്രം മാറ്റിയെഴുതാനുള്ള  നിര്‍ദേശത്തിന് വസുന്ധരാ രാജെയുടെ ബിജെപി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പച്ചക്കൊടികാണിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കണം. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങാനിരിക്കെ രജപുത്രവികാരം ഉയര്‍ത്തിയുള്ള ധ്രുവീകരണരാഷ്ട്രീയത്തിന്‍റെ സാധ്യതകള്‍ പയറ്റുകയാണ് ബി.ജെ.പി. അത് തന്നെയാണ് പത്മാവതി ചരിത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ രാഷ്ട്രീയമാനങ്ങള്‍.

MORE IN INDIA BLACK AND WHITE
SHOW MORE