അശോക് കുമാര്‍ എങ്ങനെ കുറ്റക്കാരനായി ?

Thumb Image
SHARE

ഏഴുവയസുകാരന്‍ പ്രഥ്യുമന്‍ ഠാക്കൂറിനെ കൊലപ്പെടുത്തിയത് ആരാണ്? ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍വിദ്യാര്‍ഥിയുടെ കൊലപാതകം നീതിയും നിയമവാഴ്ചയുമൊക്കെയായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ വീണ്ടും നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നു. ആയിരം അപരാധികളെ വെറുതെ വിട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ നീതിബോധത്തിന്‍റെ അന്തസത്ത. അത് എത്രമാത്രം പാലിക്കപ്പെടുന്നു.

2017 സെപ്റ്റംബര്‍ എട്ടിനാണ് രണ്ടാം ക്ളാസ് വിദ്യാര്‍ഥി പ്രഥ്യുമന്‍ ഠാക്കൂറിനെ സ്കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് പ്രഥ്യുമന്‍റെ പിതാവ് വരുണ്‍ ഠാക്കൂര്‍ ആരോപിച്ചു. രാവിലെ 7.55 ന് കുട്ടിയെ സ്കൂളില്‍ കൊണ്ടുവിട്ടപ്പോള്‍ അവന്‍ സന്തോഷവാനായിരുന്നുവെന്ന് വരുണ്‍ ഠാക്കൂര്‍ പറയുന്നു. റയാന്‍ സ്കൂളിന്‍റെ വസന്ത്്കുഞ്ജ് ശാഖയില്‍ കഴിഞ്ഞവര്‍ഷം ആറു വയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്കൂളിനെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് പ്രഥ്യുമന്‍റെ മരണം.

രാജ്യത്തെ സ്കൂളുകളില്‍ നമ്മുടെ കുരുന്നുകള്‍ എത്രത്തോളം സുരക്ഷിതരാണ് എന്ന ആശങ്ക പ്രഥ്യുമന്‍റെ കൊലപാതകം ബാക്കിയിട്ടു. സ്കൂളില്‍ കുട്ടികള്‍ ശാരീരിക മര്‍ദനത്തിനും ലൈംഗീകപീഡനത്തിനും ഇരകളായതിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മധ്യവര്‍ഗത്തിന്‍റേയും മാതാപിതാക്കളുടേയും മനസുകളില്‍ കനല്‍കോരിയിടുന്ന സാഹചര്യം.  ഗുരുശിക്ഷ ബന്ധത്തെക്കുറിച്ചുള്ള ഗൃഹാതുരമായ കല്‍പ്പനകള്‍ക്കപ്പുറം നമ്മുടെ സ്കൂളുകളെക്കുറിച്ച്, വിദ്യാഭ്യാസ രീതികളെക്കുറിച്ച്, വിദ്യാര്‍തികളുടെ സുരക്ഷിതത്വക്കുറിച്ച് ഗൗരവമേറിയ ആശങ്കകള്‍ ഉയര്‍ന്നുവന്നു. അവയ്ക്ക് ഇനിയും കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല.

കൊലപ്പെടുന്നതിന് മുന്‍പ് പ്രഥ്യുമന്‍ ലൈംഗീകപീഡനത്തിനിരയായിരുന്നുവെന്നാണ് ഹരിയാന പൊലീസ് കണ്ടെത്തിയത്. സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 22 ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. പ്രഥ്യുമന്‍റെ മാതാപിതാക്കളുടെ നിരന്തരസമ്മര്‍ദ്ദവും ഹരിയാന പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന സംശയവുമാണ് കേസ് സിബിഐയുടെ കൈയിലെത്തിച്ചത്. ഈ മാസം എട്ടിന് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. പ്രഥ്യുമന്‍റെ സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സിബിഐ കണ്ടെത്തി. പരീക്ഷയും അധ്യാപക രക്ഷകര്‍തൃയോഗവും മാറ്റിവയ്ക്കാനായിരുന്നു കൊലപാതകം. സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ നിരപരാധിയാണെന്നും സിബിഐ വ്യക്തമാക്കി.

ഹരിയാന പൊലീസ് വലിയ വീഴ്ചവരുത്തിയെന്ന് സിബിഐ കണ്ടെത്തി. പ്രഥ്യുമന്‍റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണത്തില്‍ തൃപ്തരാണ്. ഹരിയാന പൊലീസ് കാണിച്ച ഉത്തരവാദിത്വമില്ലായ്മ തകര്‍ത്തത് അശോക് കുമാറെന്ന പാവപ്പെട്ടൊരു മനുഷ്യന്‍റെ ജീവിതമാണ്. അശോക് കുമാറിനെ മര്‍ദിച്ചാണ് കുറ്റസമ്മതം നടത്തിയെന്ന ബന്ധുക്കളുടെ ആരോപണമാണ് സിബിഐ അന്വേഷണത്തില്‍ ശരിവച്ചത്. കൊലപാതകം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് അശോക് കുമാറിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. അശോകിന്‍റെ നിരപരാധിത്വം ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നെഞ്ചുപൊട്ടി എല്ലാവരോടും ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ദരിദ്രകുടുംബത്തില്‍ നിന്നുള്ള ഒരു മനുഷ്യനെ കുടുക്കി മുഖം രക്ഷിക്കാനായിരുന്നു ഹരിയാന പൊലീസിന്‍റെ ശ്രമം.  അതിനെ ശരിവച്ച് മാധ്യമവിചാരണകളും നടന്നു. മധ്യവര്‍ഗത്തിന്‍റെ ആശങ്കകള്‍ക്കൊപ്പം ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു  ദരിദ്രനായ മനുഷ്യനില്‍ കുറ്റവാളിയുടെ ലക്ഷണശാസ്ത്രങ്ങളും കൃത്യമായി ചേര്‍ത്തുവച്ചു. കടുത്തമനുഷ്യാവകാശ ലംഘനം നടത്തി, മൂന്നു മാസം ജയിലിലടച്ചിട്ടും അതൊന്നും വലിയ കാര്യമല്ലെന്നാണ് ഹരിയാന പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും നിലപാട് വീഴ്ച അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല.

അശോക് കുമാര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ആര് മറുപടി പറയും? കൊലപാതകിയുടെ മക്കളെന്ന് വിളികേള്‍ക്കേണ്ടി വന്ന അശോക് കുമാറിന്‍റെ മക്കളോട് ഭരണകൂടത്തിന് പറയാനുള്ള സമാധാനം എന്താണ്? ജയിലിലെ ഇരുട്ടിനുള്ളില്‍ നരകിച്ച് തീരേണ്ടതായിരുന്നു അശോകിന്‍റെ ജീവിതം. അശോക് ഒരു പ്രതീകം മാത്രമാണ്.  ജീവിതത്തിന്‍റെ നല്ലകാലം ജയിലറയ്ക്കുള്ളില്‍ നീതിയുടെ വെളിച്ചം തേടി കഴിയേണ്ടിവരുകയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിരപരാധിയായി പുറത്തിറങ്ങാന്‍ കഴിയുന്ന ചെറുതല്ലാത്ത ഒരു വിഭാഗത്തിന്‍റെ പ്രതീകം. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന അന്വേഷണ സംവിധാനം രാജ്യത്ത് ഇനിയും അശോക് കുമാറുമാരെ സൃഷ്ടിക്കും. അശോക് കുമാറിന്‍റെ നിരപരാധിത്വം പുറത്തുവരാന്‍ ഇടയാക്കിയത് കൃത്യമായ അന്വേഷണത്തിനു വേണ്ടി പ്രഥ്യുമന്‍റെ മാതാപിതാക്കള്‍ നടത്തിയ സമ്മര്‍ദങ്ങളും സിബിഐയുടെ അന്വേഷണവുമായിരുന്നു. ഇത്തരം ഇടപെടലുകളുടെ ഭാഗ്യമില്ലാത്ത നിരവധി നിരപരാധികള്‍ നമ്മുടെ ജയിലിലുമുണ്ട്. നീണ്ടുപോകുന്ന വിചാരണകളില്‍ നീതി കാത്തു കഴിയുന്നവര്‍. നീതി നിഷേധിക്കപ്പെട്ടവര്‍. വൈകിയെത്തുന്ന നീതി, നീതി നിഷേധം തന്നെയാണ്. കടുത്ത മനുഷ്യാവകാശ ലംഘനം.

മകന്‍റെ കൊലപാതകം നടന്ന് 67 ദിവസം പ്രഥ്യുമന്‍റെ പിതാവ് സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിയാന്‍ ഹരിയാനയിലെ ഒരു മന്ത്രിയും പൊലീസും സമ്മര്‍ദം ചെലുത്തിയിരുന്നുവത്രേ. അശോക് കുമാറെന്ന ദരിദ്രനായ മനുഷ്യനെ ബലികൊടുത്ത് ഹരിയാന സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.? രാജ്യത്തെ നിയമവ്യവസ്ഥയെ നിയന്ത്രിക്കുന്നത് പണമാണെങ്കില്‍ പൗരന്‍മാരോട് നീതി പുലര്‍ത്താന്‍ ഭരണകൂടത്തിനാകില്ല.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവരെ നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യം നിര്‍ഭയ കേസിലൂടെയാണ് ചര്‍ച്ചയായത്. മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്ന കുട്ടിക്കുറ്റവാളികളെ മുതിര്‍ന്നവരെ പ്പോലെ കാണണമെന്ന തീര്‍പ്പിലാണ് പിന്നീട് എത്തിച്ചേര്‍ന്നത്. പ്രഥ്യുമന്‍റെ കൊലപാതകത്തില്‍ പിടിയിലായ പതിനാറു വയസുകാരന്‍റെ കാര്യത്തിലും ഈ സാധ്യതകള്‍ ചര്‍ച്ചയാകുന്നു. പരീക്ഷ മാറ്റിവയ്ക്കാന്‍ ഒരു സ്കൂളിലെ വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ കൊലചെയ്യുന്നുവെങ്കില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രീതികളും സാമൂഹിക സാഹചര്യങ്ങളും കൂടിയാണ്.

ആരുഷി തല്‍വാര്‍ കേസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പ്രഥ്യുമന്‍ ഠാക്കൂറിന്‍റെ കൊലപാതകവും രാജ്യമനസാക്ഷിക്ക് മുന്നിലെത്തുന്നത്. ആരുഷി ഹേംരാജ്   ഇരട്ടക്കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ രാജേഷ് തല്‍വാറിനേയും നൂപുറിനേയും വെറുതേ വിട്ടിരുന്നു. ഇരുകേസുകള്‍ക്കും സാമ്യങ്ങളേറെ. പൊലീസ് സിബിഐ അന്വേഷണങ്ങളിലെ വൈരുധ്യവും  അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളും തന്നെയാണ് ഇതില്‍ പ്രധാനം. കോടതി വിധിക്കുന്പോഴാണ് ഒരാള്‍ കുറ്റക്കാരനാകുന്നത്. അനാവശ്യമായ മാധ്യമവിചാരണകളും മാധ്യമസമ്മര്‍ദ്ദങ്ങളും ആരുഷികേസിലേതുപോലെ പ്രഥ്യുമന്‍ കേസിലുമുണ്ടായി. അന്വേഷണ ഏജന്‍സികളെ മാത്രം വിശ്വസിച്ച് വിധികല്‍പ്പിക്കുന്നത് ഉത്തരവാദിത്വപൂര്‍ണമായ മാധ്യമപ്രവര്‍ത്തനമല്ല.

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.