ബ്രാന്‍ഡ് ന്യൂ രാഹുലും കോണ്‍ഗ്രസിന്‍റെ ഭാവിയും

rahul-gandhi-t
SHARE

 രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്നതിനെച്ചൊല്ലിയാണ് കാവിസഖ്യത്തിലെ ബിജെപിയും ശിവസേന തമ്മില്‍ ഇപ്പോഴത്തെ തര്‍ക്കം. മോദിതരംഗം അവസാനിച്ചു വെന്നും രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനാണെന്നും ശിവസേന പറഞ്ഞു വയ്ക്കുന്നു. ഒന്നുറപ്പാണ് രാഹുലിന്‍റെ ശബ്ദം രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പറയുന്ന വാക്കുകളോട് യോജിച്ചാലും ഇല്ലെങ്കിലും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനാകാനുള്ള അളന്നു മുറിച്ച നീക്കം.

രാഹുല്‍ ഗാന്ധി ഏറെ മാറിയിട്ടുണ്ട്. ഒാരോ ദിവസവും കൂടുതല്‍മെച്ചപ്പെട്ട ഒരു രാഷ്ട്രീയക്കാരനാകാനുള്ള ശ്രമങ്ങളുണ്ട്. നാല്‍പ്പത്തിയേഴുകാരനായ രാഹുലിന്‍റെ രാഷ്ട്രീയ വഴികളെ നിരീക്ഷിക്കുന്നവര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണിത്. രാഹുല്‍ കോണ്‍ഗ്രസിന്‍റെ പൂര്‍ണ നിയന്ത്രണമേല്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എപ്പോള്‍? എന്ന ചോദ്യത്തിനുമാത്രമാണ് ഇനി ഉത്തരം കിട്ടാനുള്ളത്. അമുല്‍ ബേബി, പപ്പു,  യുവരാജാവ് രാഷ്ട്രീയ ഗോദയില്‍ രാഹുലിനെ പരിഹസിച്ച് നിസാരവല്‍ക്കരിക്കാന്‍ നിരന്തരം ഉപയോഗിക്കുന്ന വിശേഷണങ്ങള്‍ നീളുന്നു. പക്ഷെ അവഗണിച്ച് ഇല്ലാതാക്കാന്‍ പൂര്‍ണമായും സാധിക്കാത്ത പരിണാമങ്ങളിലൂടെ കടന്നുപോവുകയാണ് രാഹുല്‍ എന്ന രാഷ്ട്രീയ നേതാവ്. പരിഹാസങ്ങളോട് പരിഭവം പറയാതെ.

Thumb Image

നിലപാടുകളിലും നടപടികളും നേരത്തെ പുലര്‍ത്തിയിട്ടുള്ള സ്ഥിരതയില്ലായ്മ ഇത്തവണയുമുണ്ടാകുമോയെന്നത് വ്യക്തമല്ല. എന്ത്? എവിടെ? എങ്ങനെ പറയണമെന്ന പഴയ ശങ്കയില്ല.   രാഷ്ട്രീയ എതിരാളികള്‍ക്കുള്ള അടി കിറുകൃത്യമാണ് പലപ്പോഴും .

നോട്ട് അസാധുവാക്കലും, ജിഎസ്ടിയും, ജയ് ഷായ്ക്കെതിരായ അഴിമതി ആരോപണവും മുതല്‍ മെര്‍സല്‍ വിവാദംവരെ മികച്ചൊരു പ്രതിപക്ഷസ്വരമാകാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ സര്‍വ ശക്തിയും ഉപയോഗിച്ച് കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ തനിക്കാവുന്നത്ര ശ്രമിക്കുന്നുണ്ട്. വെന്‍റിലേറ്ററില്‍ കിടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാനുള്ള പെടാപ്പാടുകള്‍. ഈ ടൈമിങാണ് പ്രധാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് പതിനെട്ട് മാസം മാത്രം. ഇപ്പോള്‍ ഒരുകാര്യം തീര്‍ത്തുപറയാം 2019 ലോക്സഭാ തിരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. പ്രവചനങ്ങള്‍ക്ക് പിടിതരാത്തതാണ് ഇന്ത്യന്‍ രാഷ്ട്രീയമെങ്കിലും. 2013 ല്‍ ജയ്പൂരില്‍ ചേര്‍ന്ന എ.െഎ.സി.സി യോഗത്തിലാണ് രാഹുലിനെ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്. അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള വരവ് അന്നേ നിശ്ചയിക്കപ്പെട്ടിരുന്നത് തന്നെയാണ്. 

വിജയത്തിന് സാധ്യമായ എല്ല വഴികളും തേടുന്ന മോദി അമിത് ഷാ കൂട്ടുകെട്ട് തന്നെയാണ് രാഹുലിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. യുവാക്കള്‍ക്കിടയില്‍ മോദിയുണ്ടാക്കിയ സ്വാധീനം ഇനിയും മാഞ്ഞിട്ടില്ല. ബിജെപിക്ക് സമൂഹമാധ്യമങ്ങളിലുള്ള കരുത്ത് കൂടിയാകുമ്പോള്‍ ആ സ്വാധീനത്തിന് ജനവിധികളെ നിര്‍ണയിക്കാനാകും. സമൂഹമാധ്യമങ്ങളിലെ ബിജെപി, മോദി മേധാവിത്വത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ രാഹുല്‍ ക്യാംപ് ഉൗര്‍ജിതമാക്കിക്കഴിഞ്ഞു. പലസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ സംഘടനാസംവിധാനം ഒന്നില്‍ നിന്ന് തുടങ്ങണം. പ്രബലരായ പല നേതാക്കളും നിലനില്‍പ്പിനായി കൂടാരംവിട്ടുപോയി. തലമുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും കൃത്യമായ ഇടം നല്‍കി ഒരു ടീം രാഹുല്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരിനും രാഹുലിന്‍റെ നേതൃപദവിയിലേക്കുള്ള ഉയര്‍ച്ചയ്ക്കും ഇതിലും മികച്ചൊരു അവസരമില്ല. 

എങ്കിലും, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രവചനങ്ങള്‍ക്ക് നിലവില്‍ സാധ്യതയില്ല. എന്നാല്‍ പ്രതിക്ഷത്തിന്‍റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്‍റെ കരുത്ത് കൂട്ടുന്നതാണ് രാഹുലിന്‍റെ ഒരോ ഇടപെടലുകളും. മറിച്ചാണെങ്കില്‍ രാഹുലിന് സാധിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന ചോദ്യവും ഭാവിയില്‍ ഉയരാം

MORE IN INDIA BLACK AND WHITE
SHOW MORE