വിവിധ തരം കപ്പുകള്‍ ശേഖരിച്ച് യുഎഇയില്‍ ശ്രദ്ധേയമാവുകയാണ് മലയാളി വിദ്യാര്‍ഥിനി. തിരുവനന്തപുരം സ്വദേശികളായ ഡോക്ടര്‍ ദമ്പതികളുടെ മകള്‍ നേഹ നിസാറാണ് ഈ കൊച്ചുമിടുക്കി.
വിവിധ രൂപത്തിലും ഭാവത്തിലും വലുപ്പത്തിലുമുള്ള കപ്പുകള്‍ ശേഖരിച്ച് വിനോദത്തിലും വ്യത്യസ്തയാവുകയാണ് അബുദാബി ഇന്ത്യൻ സ്ക്കൂളിൽ ഈ ആറാം ക്ലാസ് വിദ്യാര്‍ഥിനി. വ്യത്യസ്ത രാജ്യങ്ങളുടെ കപ്പുകൾ, മൃഗങ്ങളുടെ രൂപത്തിൽ ഉള്ളവ, നിറം മാറുന്ന മാജിക് കപ്പുകൾ തുടങ്ങി മുന്നോറോളം കപ്പുകളുണ്ട് നേഹയുടെ ശേഖരത്തിൽ.
അനിയത്തിമാരായ നൈലയുടെയും നൈമയുടെയും പിന്തുണ കപ്പ് ശേഖരത്തെ സമ്പന്നമാക്കുന്നു. ഈ വിനോദത്തെക്കുറിച്ച് അറിയുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഒരു കപ്പ് ചോക്കലേറ്റുമായാണ് നേഹയുടെ വീട്ടിലെത്തുന്നത്.