കേരളത്തില്‍ ഇപ്പോള്‍ ഫുട്ബോള്‍ ജ്വരമാണ്... ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ആര്‍പ്പുവിളിക്കാന്‍ മലയാളികള്‍ തയാറായിക്കഴിഞ്ഞു. ഇത്തവണ ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റ് ചെയ്യുമോ? കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തിദൗര്‍ബല്യങ്ങളെ കുറിച്ചും ഇന്ത്യന്‍ ഫുട്ബോളിന്റെ സാധ്യതകളെ കുറിച്ചും വിലയിരുത്തകയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് ടെറി ഫീലാന്
ടെറി ഫീലാന്.. ഈ പേരു കേള്ക്കുന്പോള് ഫുട്ബോള്‍ പ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ഈ ഗോളാണ്. 93ലെ എഫ്.എ കപ്പില്‍ ടോട്ടനമെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി നേടിയ സൂപ്പര്‍ ഗോള്‍. സിറ്റി പ്രതിരോധനിരയില്‍ നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച് ടോട്ടനമിന്റെ താരങ്ങളെയെല്ലാം മറികടന്ന് നേടിയ വണ്ടര്‍ ഗോള്‍..
ഇന്ന് അതുപോലൊരു ഒറ്റയാന് പോരാട്ടത്തിലാണ് ഫീലാന്. കേരളത്തില്‍ നിന്ന് കുരുന്നു പ്രതിഭകളെ കണ്ടെത്താനുള്ള ഒറ്റയാള്‍ പോരാട്ടത്തില്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് കോച്ചായും ടെക്നിക്കല്‍ ഡയറക്ടറായും ഗ്രാസ് റൂട്ട് പ്രോഗ്രാം ഹെഡ് ആയുമെല്ലാം മലയാളിക്ക് ഇന്ന് ഫീലാന് സുപരിചിതനാണ്. കുരുന്നു പ്രതിഭകളെ തേടി ഫീലാന് കടല്‍ കടന്നു ദുബായിലേക്ക് എത്തുകയാണ് ടെറി ഫീലാന്.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ ഇന്ത്യയില്‍ നിന്ന് മികച്ച താരങ്ങളുണ്ടാകുമെന്നാണ് ഫീലാന്റെ പക്ഷം. ഗ്രാസ് റൂട്ട് തലത്തില്‍ മികച്ച താരങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ അവര്‍ക്ക് മികച്ച പരിശീലനവും മല്‍സര പരിചയവും നല്‍കേണ്ടതുണ്ട്. ശരിയായ പരിശീലനും മല്‍സര പരിചയവും ലഭിച്ചാല്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള താരങ്ങളെ കേരളത്തില്‍ നിന്ന് വാര്‍ത്തെടുക്കാനാകുമെന്ന് ഫീലാന് മനോരമ ന്യൂസിനോട് പറഞ്ഞു.
ISL ഇന്ത്യന്‍ ഫുട്ബോളിന് ഗുണകരമാണ്. പക്ഷേ മൂന്നു മാസത്തേക്കാള്‍ നല്ലത് ആറുമാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റാണെന്നാണ് ഫീലാന്റെ അഭിപ്രായം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഐ ലീഗുമായി സംയോജിപ്പിക്കുന്നത് അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നാണ് ഫീലാന്റെ അഭിപ്രായം
ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലില്‍ എത്തുമെന്നാണ് അദ്ദേഹത്തിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സൂപ്പര്‍ ലീഗ് കടുപ്പമേറിയതായിരിക്കും. കല്പന്തിനോട് മലയാളിക്ക് ഉള്ളു തുറന്ന സ്നേഹമുണ്ട്. ടെറി ഫീലാനും.. ഈ സ്നേഹമാണ് മലയാളിയെയും ടെറി ഫീലാനെയും ഒരുമിച്ച് ചേര്‍ക്കുന്നത്. കേരളത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങളിലേക്ക്.