വേറിട്ട ഒരു മാതൃക സമ്മാനിച്ചാണ് ഷാര്‍ജയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായത്. ഷാര്‍ജയുടെ വിവിധ ഭാഗങ്ങള്‍ വൃത്തിയാക്കി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമാണ് ഈ ദേശീയ ദിനത്തില്‍ വിദ്യാര്‍ഥികള്‍ സമ്മാനിച്ചത്.
വിദ്യാലയത്തിനു പുറത്ത് പ്രകൃതി സംരക്ഷണത്തിന്റെ നല്ല പാഠം പകരുകയാണ് ഈ വിദ്യാര്‍ഥികള്‍. ഷാര്‍ജയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് മാലിന്യനിര്‍മാര്‍ജനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഈ യജ്ഞത്തില്‍ കൈകോര്‍ത്തത്. വിദ്യാര്‍ഥികള്‍ തന്നെയാണൡ് ഈ നല്ല പാഠത്തിന്റെ അധ്യാപകരം.
അല്‍ ഇത്തിഹാദ്, അല്‍ ഖസ്ബ, അല്‍ നഹ്ദ എന്നിവടങ്ങളില്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിസര ശുചീകരണം. പാര്‍ക്കുകളിലും കോര്‍ണിഷിലും വഴിയരികിലും ഉണ്ടായിരുന്ന മാലിന്യങ്ങള്‍ ഇവര്‍ പെറുക്കി നീക്കി.
ഹര്‍ഷിത് ബെലാഗര്, ആദിത്യ റോയ്, യാസിന് മിയ എന്നിവര്‍ ചേര്‍ന്ന് രൂപംകൊടുത്ത ക്ലീന്‍ അപ് ഷാര്‍ജ ക്യാംപെയിനും മാലിന്യനിര്‍മാര്‍ജന കമ്പനിയായ ബീഹയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ മാലിന്യം ശേഖരിച്ച ശേഷം എല്ലാവരും മജാസ് പാര്‍ക്കില്‍ ഒത്തു ചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവച്ചു.