ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇക്കുറി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് പാവകളിയാണ്.. ഇന്ത്യക്കാരുടെ പാവകളി. ബോളിവുഡ് സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന ഈ പാവകള്‍ വിദേശികള്‍ക്ക് ഏറെ കൗതുകവും സമ്മാനിക്കുന്നു.
ബോളിവുഡ് സിനിമാ ഗാനങ്ങള്‍ക്കൊത്ത് ചുവടുവയ്ക്കുന്ന പാവനൃത്തം വിദേശികള്‍ക്ക് കൌതുകമാകുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാ പവിലിയന്റെ പ്രധാന കവാടത്തിലാണ് ഈ പാവക്കൂത്ത്. ചരടുകളിലെ ചടുല താളങ്ങളില്‍ ചാടിമറിയുന്ന പാവകള്‍. ബോളിവുഡ് നായികമാരെ വെല്ലുവിളിക്കുംവിധമാണ് ഇവയുടെ നൃത്തച്ചുവടുകള്‍. വിരലുകള്‍കൊണ്ടുള്ള ഈ ഇന്ദ്രജാലം ആഗോളഗ്രാമത്തിലെത്തുന്ന മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
വേദിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ഡല്‍ഹി സ്വദേശി മഹേഷ് ഭട്ടിന്റെ വിരലുകളുടെ ചലനമാണ് നൂലില്‍ തൂങ്ങിക്കടക്കുന്ന പാവകള്‍ക്ക് ഊര്‍ജവും താളവും പകരുന്നത്. ഓരോ ഭാഗവും ബന്ധിപ്പിച്ച ചരടുകളിലൂടെയാണ് പാവകളെ ചലിപ്പിക്കുന്നത്. പാട്ടിനൊപ്പം മഹേഷിന്റെ പത്തു വിരലുകളും താളാത്മകമായി ചലിക്കുന്നതോടെ പാവകള്‍ നൃത്തം തുടങ്ങുന്നു.
ജാദുഗര്‍, ജോഗി, ചംപ, അനാര്‍ക്കലി എന്നിങ്ങനെ രാജസ്ഥാനി നാടോടിക്കഥകളിലെ താരങ്ങള്‍ക്ക് നാടോടി നൃത്തം മാത്രമല്ല, കിടിലന്‍ ബോളിവുഡ് ഐറ്റം ഡാന്‍സും മഹേഷ് പഠിപ്പിച്ചിട്ടുണ്ട്. സല്‍മാന്‍ഖാനും ഐശ്വര്യ റായിയും തകര്ത്തഭനിയിച്ച ഹം ദില്‍ കെ ചുകേ സനം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊത്തുള്ള നൃത്തച്ചവടുകളാണ് കാണികളെ ഏറെ ഹരംകൊള്ളിച്ചത്.
കൈവിരലുകളുടെ വേഗവും വഴക്കവുമാണ് പാവക്കൂത്തിന്റെ രഹസ്യം. തടി സ്വന്തമായി ചെത്തിയുണ്ടാക്കുന്ന കലാരൂപങ്ങളെ കളര്‍ഫുള്‍ വേഷമണിയിച്ചാണ് വേദിയിലെത്തിക്കുന്നത്. ആറു വര്‍ഷത്തെ പരിശീലനത്തിലൂടെ നേടിയെടുത്ത കഴിവുകള്‍ ദുബായില്‍ പ്രകടിപ്പിക്കാനായ സന്തോഷത്തിലാണ് മഹേഷ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമായ പാവക്കൂത്തിനെ തനിമയോടെ സംരക്ഷിക്കുന്ന ഒരു ജനവിഭാഗമുണ്ടെന്നത് ജനത്തെ വിസ്മയിപ്പിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ലോകത്തിന് സമ്മാനിക്കാനായ സന്തോഷത്തിലാണ് മറ്റു ചിലര്‍. ഗ്ലോബല്‍വില്ലേജിലെ ഇന്ത്യാ പവിലിയനു വെളിയില്‍ ഇതാദ്യമായാണ് പാവക്കൂത്തിനായി പ്രത്യേക വേദിയൊരുക്കിയത്. ദിവസേന 15 ഷോകളാണ് ഇവിടെ അരങ്ങേറുന്നത്.