കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന നെല്‍കൃഷിയും നാട്ടറിവുകളും പ്രവാസ ലോകത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി ഒരു മലയാളി യുവാവ്. നെല്‍കൃഷിയുടെ പ്രായോഗിക രീതികള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുത്ത് അവരെക്കൊണ്ട് ഞാറ് നടീപ്പിച്ചാണ് ഗുരുവായൂര്‍ സ്വദേശി സുധീഷ് വിഷമുക്ത കൃഷിയിലേക്ക് പുതുതലമുറയുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഉഴുതുമറിച്ച് വെള്ളം കെട്ടിനിര്‍ത്തിയ പാടം. ഞാറ്റുകണ്ടത്തില്‍ നടാനായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന ഞാറുകള്‍. പാടത്തിന്റെ കരയില്‍ നിറയെ കോഴികളും താറാവുകളും... കേരളത്തിന് അന്യമായി കൊണ്ടിരിക്കുന്ന ഒരു നാട്ടുകാഴ്ചയാണ്.. ഈ നാട്ടുകാഴ്ചയും കേരളത്തിലല്ല... ഷാര്‍ജയില്‍ മരുഭൂമിക്ക് നടുവിലാണ് ഈ വയലും കൃഷിയും... ഗുരുവായൂര്‍ സ്വദേശി സുധീഷിന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണിത്.
മരുഭൂമിയില്‍ കൃഷിയൊരുക്കുക മാത്രമല്ല, ആ കൃഷിപാഠം പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക കൂടിയാണ് ഈ പ്രവാസി മലയാളി. ഷാര്‍ജയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ഥികളാണ് ഇവിടെ കൃഷി പഠിക്കാനെത്തിയത്. വിത്തുമുതല്‍ വിളവെടുപ്പ് വരെ എല്ലാം ഈ കൃഷിപാഠശാലയിലുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും പായ്ക്കറ്റില്‍ വീട്ടിലെത്തുന്ന ഓരോ അരി മണികള്‍ക്കും പറയാനുണ്ട് പത്തായം നിറയെ കഥകള്‍. ഇതിന്റെ പിന്നിലുള്ള അധ്വാനവും അതിലേക്കുള്ള വഴികളും വിവരിച്ചാണ് വിദ്യാര്‍ഥികളെ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. അരി, നെല്ല്, വിത്തിടാനായുള്ള കുതിര്‍ത്ത നെല്ല്, ഞാറ്, വിളവെടുപ്പിന് പാകമായ നെല്കതിര് എന്നിവയും പരിചയപ്പെടുത്തി.
വിഷമുക്ത ആഹാരം കഴിക്കാന്‍ പുതുതലമുറ കൃഷിയിലേക്ക് തിരിയണമെന്ന മഹത്തായ പാഠം കൂടിയാണ് ഈ കൃഷിയിടത്തില്‍ നിന്ന് കുട്ടികള്‍ പഠിച്ചത്. നാട്ടിലെ തൊടിയില്‍ കൃഷിയിറക്കണമെന്ന സ്വപ്നവുമായാണ് പലരും വരന്പത്തേക്ക് തിരിച്ച് കയറിയത്. കൃഷിയെ കുറിച്ചുള്ള ഈ പ്രായോഗിക പാഠം വിദ്യാര്‍ഥികള്‍ക്ക് പുതിയൊരു അധ്യായമായതായി അധ്യാപകരും പറയുന്നു.