ദുബായ് പാര്‍ക്കിലെ ഏറ്റവും മനോഹര അനുഭവമായ മോഷന്‍ ഗേറ്റിലേക്കാണ് ഇനി... ലോകോത്തര ഹോളിവുഡ് സിനിമകള്‍ക്കൊപ്പം ഒരു സാഹസിക യാത്ര
ഹോളിവുഡിലെ അനിമേഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഉല്ലസിക്കാന്‍ അവസരം ഒരുക്കുന്ന വിസ്മയക്കാഴ്ചകളിലേക്കാണ് മോഷന്‍ഗേറ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഫിലിം റോളിന്‍റെ മാതൃകയിലൂടെയുള്ള കവാടം കടന്നെത്തുന്നത് പുരാതന ന്യൂയോര്‍ക്ക് സിറ്റിയിലേക്ക്. ലെന്‍സ് ഫ്ളെയറും ഡ്രീം ഫാക്ടറിയും ലൈറ്റിങുമെല്ലാം കാണുമ്പോള്‍ സ്റ്റുഡിയോ സെന്‍ട്രലിലൂടെ നടക്കുന്ന പ്രതീതി.
ലോകപ്രശസ്ത 13 ഹോളിവുഡ് സിനിമകളില്‍ കണ്ട് അതിശയിച്ച വിസ്മയങ്ങള്‍ നേരിട്ടറിയാനും അനുഭവിക്കാനും 27 റൈഡുകളിലൂടെ അവസരമൊരുക്കുന്നു. കൊളംബിയ പിക്ചേഴ്സ്, ഡ്രീം വര്‍ക്സ് അനിമേഷന്‍, ലയണ്‍സ് ഗേറ്റ് തുടങ്ങി ഐതിഹാസിക ഫിലിം സ്റ്റുഡിയോകളുടെ നാമത്തിലാണ് വിനോദ കേന്ദ്രങ്ങള്‍. തീം റസ്റ്ററന്‍റുകളും തല്‍സമയ കലാപരിപാടികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പുതുമ തേടിയെത്തിയവരുടെ വാക്കുകളിലുമുണ്ട് നവോന്മേഷം.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന സ്മര്‍ഫ് വേള്‍ഡിന് മഴവില്ലഴകാണ്. ഇവിടത്തെ റൈഡുകളെക്കാള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോട് സല്ലപിക്കാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും മല്‍സരിക്കുകയായിരുന്നു ആരാധകര്‍.
കുങ്ഫു പാണ്ഡ, ഡ്രാഗണ്‍, ഷ്രെക്, ഹോട്ടല്‍ ട്രാന്‍സില്‍വാനിയ തുടങ്ങി ലോകോത്തര സിനിമകളും കഥാപാത്രങ്ങളും സന്ദര്‍ശകര്‍ക്ക് മായാത്ത ഓര്‍മകള്‍ സമ്മാനിക്കുന്നു. ഡ്രീം വര്‍ക്സ്, ഹോളിവുഡ് തീയേറ്റര്‍, ലയണ്‍സ് ഗേറ്റ് തുടങ്ങി പുതിയ വിസ്മയംകൂടി 2017 ആദ്യപാദത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വര്‍ഷം മുഴുവനും വിനോദമൊരുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.