ബില്‍ഡിങ് ബ്ലോക്കുകളിലൂടെ കുട്ടികളുടെ ലോകം കീഴടക്കിയ ലെഗോ ലാന്ഡിലേക്കാണ് ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. തീം പാര്‍ക്കുകളുടെ പതിവു രീതികള്‍ പൊളിച്ചെഴുതിയ ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ടിലെ മറ്റൊരു വിസ്മയമായ ലെഗൊ ലാന്‍ഡ് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ലെഗോ തീം പാര്‍ക്കാണിത്.
കാഴ്ചയുടെയും അദ്ഭുതത്തിന്റെയും ലോകമാണ് ലെഗോ ലാന്‍ഡ്. കുട്ടികളുടെ പ്രിയ വിനോദോപാധിയായ ലോഗോ ബ്രിക്സുകള്‍ ഉപയോഗിച്ച് തീര്‍ത്തിരിക്കുന്ന ഒരു അദ്ഭുത ലോകം.
മിനി ലാന്‍ഡ്, ലെഗോ സിറ്റി, ഇമാജിനേഷന്, ലെഗോ കാസില്‍, ലെഗോ കിങ്ഡം, ഫാക്ടറി എന്നിങ്ങനെ ആറു പ്രമേയങ്ങളിലാണ് ഈ തീം പാര്‍ക്ക് രൂപകല്പന ചെയ്തിരിക്കുന്നത്.ആറു കോടിയിലേറെ ലെഗോ ബ്രിക്സുകള്‍ ഉപയോഗിച്ചാണ് ഈ തീം പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇവിടെയുള്ള ലെഗോ നിര്‍മിതകളുടെ എണ്ണം മാത്രം വരും പതിനയ്യായിരത്തിലധികം.
ദുബായ് അങ്ങനെ തന്നെ ലെഗോ ബ്രിക്സുകളില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് മിനി ലാന്‍ഡില്‍. അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്കിന്റെ ലെഗോ മാതൃകയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. മുന്നോട്ട് നടന്നാല്‍ ഇരുവശത്തും അംബരചുംബികളാല്‍ നിറഞ്ഞ ഷെയ്ഖ് സായിദ് റോഡിലേക്ക്. ഷെയ്ഖ് സായിദ് റോഡും ചേര്‍ന്നുള്ള മെട്രോ ലൈനും ഇരുവശത്തുമുള്ള കെട്ടിടങ്ങളുമെല്ലാം തനിമയോടെ ലെഗോ ബ്രിക്സില്‍ പുനര്‍ സൃഷ്ടിച്ചിരിക്കുന്നു.
നാലരലക്ഷത്തോളം ലെഗോ ബ്രിക്സുകള്‍ ഉപയോഗിച്ചാണ് പതിനേഴ് മീറ്റര്‍ ഉയരമുള്ള ഈ ബുര്‍ജ് ഖലീഫ ഒരുക്കിയിരിക്കുന്നത്. ദുബായുടെ അഭിമാനമായ ബുര്‍ജ് അല്‍ അറബും പ്രൗഡി ഒട്ടും ചോരാതെ ഇവിടെയുണ്ട്. യഥാര്‍ഥ കെട്ടിടങ്ങളെ വെല്ലുവിധമാണ് ലെഗോയിലുള്ള അവയുടെ മാതൃകകളും ദീപാലങ്കാരങ്ങളും ഒരുക്കിയിരിക്കുന്നത്.
ഈ കണ്ടതെല്ലാം ആധുനിക ദുബായുടെ മുഖങ്ങളും കാഴ്ചകളുമാണ്. ഇനി പഴയ ദുബായിലേക്ക് പോവുകയാണെങ്കില്‍ ക്ലോക്ക് ടവറും ക്രീക്കും ബോട്ടുകളും കാണാം. ഇതിനു പുറമേ ലോകാല്ഭുതങ്ങളുടെ മാതൃകകളും ഇവിടെ കാണാം.
മിനിലാന്ഡിലെ കാഴ്ചകള്‍ കഴിഞ്ഞാല്‍ സാഹസിക വിനോദങ്ങളുടെ അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് കയറാം. അല്ലെങ്കില്‍ ലെഗോ ഇമാജിനേഷനില്‍ കയറി സ്വന്തം ശൈലിയില്‍ ലെഗോയില്‍ രൂപങ്ങളും കെട്ടിടങ്ങളും സൃഷ്ടിക്കാം. പേരുപോലെ തന്നെ കുട്ടികളുടെ ഭാവന വളര്‍ത്താനുള്ള ഒരു ലോകമാണ് ഇമാജിനേഷന്.
ലെഗോ കിങ്ഡമില്‍ കയറിയാല്‍ ഡ്രാഗണ്‍ കോസ്റ്ററില്‍ ആടിയുലയാം. അല്ലെങ്കില്‍ കിങ്ഡമിലെ രാജകീയ കാഴ്ചകള്‍ കാണാം. നല്ല ഡ്രൈവിങ് രീതികളും നിയമങ്ങളും കുട്ടികളെ പഠിപ്പിക്കുന്ന ഡ്രൈവിങ് സ്കൂളുമുണ്ട് ഇവിടെ. നന്നായി വണ്ടിയോടിച്ചാല്‍ ലെഗോ ലൈസന്‍സ് കിട്ടും.