യുഎഇയുടെ ദേശീയ പക്ഷിയാണ് പ്രാപ്പിടയന്‍ അഥവാ ഫാല്‍ക്കണ്‍. ഗള്‍ഫ് നാടുകളുടെ പാരന്പര്യത്തോടും സംസ്കാരത്തോടും ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് പ്രാപ്പിടയന്മാര്. പ്രാപ്പിടയന്മാരുടെ മികവും പോരാട്ടവീര്യവും അളക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഫാല്‍ക്കണറി ചാംപ്യന്‍ഷിപ്പ്.
ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ് പ്രാപ്പിടയന്മാര്... ലക്ഷ്യം പിഴയ്ക്കാതെ ഇരയെ റാഞ്ചിയെടുക്കുന്ന അറേബ്യന്‍ പ്രാപ്പിടയന്മാരാണ് ഗള്‍ഫിന്റെ അഭിമാനം. ഈ പ്രാപ്പിടയന്മാരുടെ മികവ് അളക്കലായിരുന്നു കഴിഞ്ഞ ദിവസം ദുബായ് അല്‍ റുവയ്യ മരുഭൂമിയില്‍ നടന്ന ഫാല്‍ക്കണറി ചാംപ്യന്‍ഷിപ്പ്.
നാനൂറു മീറ്റര്‍ അകലെയെുള്ള ഇരയെ ലക്ഷ്യം പിഴയ്ക്കാതെ നിമിഷങ്ങള്‍ക്കകം റാഞ്ചിയെടുക്കുന്നവനാണ് ഫാല്‍ക്കണറി ചാംപ്യന്‍ഷിപ്പിലെ രാജാവ്. കൃത്യമായ പരിശീലനം കഴിഞ്ഞ് അങ്കത്തിന് തയാറെടുത്തിരിക്കുകയാണ് ഈ പ്രാപ്പിടയന്മാര്. ഡോക്ടര്‍ പരിശോധിച്ച് ആരോഗ്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് നല്കിയാല് മല്‍സരവേദിയിലേക്ക്.
ഉടമയ്ക്കൊപ്പം വേദിയിലെത്തുന്ന പ്രാപ്പിടയന്‍ ഇര തേടാനുള്ള സൂചനയായി അല്പം ആഹാരം. പിന്നെ നാനൂറു മീറ്റര്‍ അകലെയുള്ള ഇരയെ ലക്ഷ്യം പിഴയ്ക്കാതെ എത്രയും വേഗം കീഴടക്കണം. എത്ര കുറഞ്ഞ സമയത്തിനുള്ളില്‍, ആശയക്കുഴപ്പങ്ങളൊന്നുമില്ലാതെ ഇരയെ കീഴടക്കുന്ന പ്രാപ്പിടയനായിരിക്കും വിജയി.
ഒന്‍പത് ദിവസം നീണ്ട ചാംപ്യന്‍ഷിപ്പില്‍ 23 വിഭാഗങ്ങളിലായി മൂവായിരത്തോളം പ്രാപ്പിടയന്മാരാണ് മല്‍സരിച്ചത്. രാജകുടുംബാംഗങ്ങള്ക്കായുള്ള മല്‍സരത്തില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഗെയ്ത് എന്ന പ്രാപ്പിടയനായിരുന്നു കിരീടം. 19 സെക്കന്‍ഡില്‍ ഇരയെ കീഴടക്കിയാണ് ഗെയ്ത് വിജയിയായത്.
അഞ്ചു ലക്ഷം ദിര്‍ഹം വരെയാണ് ഈ മല്‍സരത്തില്‍ വിജയിക്കുന്ന പ്രാപ്പിടയന്മാരുടെ ഉടമകള്‍ക്ക് ലഭിക്കുക. കാറുകളും മറ്റു പാരിതോഷികങ്ങളും വേറെ. ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്ററാണ് പാരമ്പര്യത്തനിമയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഈ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.