TOPICS COVERED

കൃത്യമായ യാത്രരേഖകളില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎഇയിലേക്കുള്ള യാത്ര മുടങ്ങിയവർ അനവധിയാണ്.  യുഎഇയിൽ വിമാനമിറങ്ങിയ പലർക്കും വിമാനത്താവളത്തിൽ നിന്ന് തന്നെ മടങ്ങിപോവേണ്ടിയും വന്നു. സന്ദർശക വീസയിലെത്തുന്നവരുടെ മേലുള്ള പരിശോധന യുഎഇ കർശനമാക്കിയതിനെ തുടർന്നായിരുന്നു ഇത്. യുഎഇയിലേക്കുള്ള സന്ദർശക വീസ  സംബന്ധിച്ച ഒട്ടേറെ ആശയക്കുഴപ്പങ്ങൾക്കിട്ടെ ഇപ്പോൾ യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും കൃത്യമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനികൾ. മൂവായിരം ദിർഹമോ തതുല്യമായ മറ്റ് കറൻസിയോ ബാങ്ക് സ്റ്റേറ്റ്മെന്റോ നിർബന്ധമായും കൈവശമുണ്ടായിരിക്കണം.  വിശദമായി അറിയാം.

വീസയും വിമാന ടിക്കറ്റും മാത്രമായി വിമാനത്താവളങ്ങളിൽ എത്തിയ നൂറുകണക്കിന് യാത്രക്കാരുടെ യാത്രയാണ് വേണ്ടത്ര രേഖകളില്ലെന്ന പേരിൽ മുടങ്ങിയത്. സന്ദർശകവീസയിലെത്തുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ മുഴുവനും പാലിച്ചില്ലെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ യുഎഇയിൽ സന്ദർശകവീസ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളൊന്നും നിലവിൽ വന്നിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. കാലാകാലങ്ങളായി നിലവിലുള്ള നിയമം അടുത്തിടെയായി കർശനമാക്കുക മാത്രമാണ് ചെയ്തത്. അതിന് കാരണവുമുണ്ട്.

യുഎഇയിൽ സന്ദർശക വീസയിലെത്തുന്ന യാത്രക്കാർ കൈവശം വയ്ക്കേണ്ട രേഖകളും പാലിക്കേണ്ട മാനദണ്ഡങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. മിക്ക വിമാനക്കമ്പനികളും ഇക്കാര്യങ്ങൾ കർശനമായി നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യാ എക്സ്പ്രസുമാണ് ഇത് സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറക്കിയത്. ട്രാവൽ ഏജൻസികൾക്ക് നൽകിയ സർക്കുലറിൽ മതിയായ യാത്രാരേഖകൾ ഇല്ലാതെ എത്തുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം യുഎഇയിൽ ഓൺ അറൈൽ വീസയിലെത്തുന്ന ഇന്ത്യകാർക്ക് പുതിയ മാർഗ നിർദ്ദേശം നൽകിയിരിക്കുകയാണ് താമസ കുടിയേറ്റ വകുപ്പ്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിടങ്ങളിലെ റസീഡൻസ് വീസയുള്ളവർ ഓൺ അറൈവൽ വീസയ്ക്ക് ആദ്യം ഓൺലൈനിൽ അപേക്ഷിക്കണം. നേരത്തെ മറ്റ് നടപടിക്രമങ്ങളൊന്നും വേണ്ടിയിരുന്നില്ല. വിമാനമിറങ്ങിയാൽ ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് തന്നെ വീസ സ്റ്റാംപ് ചെയ്ത് നൽകുകയായിരുന്നു പതിവ്. പാസ്പോർട്ട്, യാത്രാരേഖകൾ, അമേരിക്കയിലേ ഗ്രീൻ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ എന്തെങ്കിലും ഒന്നിന്റെ റസിഡന്റ് വീസ, ഫോട്ടോ എന്നിവ സഹിതം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ എഫയേഴ്സിൻറെ വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.  ഇത് 253 ദിർഹം ഫീസായി നൽകണം. മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ 48 മണിക്കൂറിനകം വീസ ഇമെയിൽ വഴി ലഭിക്കും.  പാസ്പോർട്ടിന്റെ കാലാവധി ആറ് മാസത്തിൽ കുറവല്ലെന്ന് ഉറപ്പുവരുത്തണമെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി.  പതിനാല് ദിവസത്തേക്കുള്ള സന്ദർശവീസയാണ് അനുവദിക്കുക. വീസകാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടാം. ഒറ്റത്തവണത്തേക്ക് മാത്രമേ ഇത് അനുവദിക്കൂവെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എമിറേറ്റ്സ് എയർലൈനിൽ യാത്രചെയ്യുന്നവർക്ക് വിമാനക്കമ്പനി ഓൺ എറൈവൽ വീസ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ  പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിഡിആർഎഫ്എയുടെ യുടെ സമ്പൂർണ്ണ വിവേചനാധികാരത്തിലായിരിക്കും വീസ ലഭ്യമാവുകയെന്ന് എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

സന്ദർശക വീസയെടുത്ത് കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർ,,  ട്രാവൽ ഏജൻസികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വീസ ഗ്രേസ് പീരിയഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് സന്ദർശന വീസക്കാർ കൂടുതൽ സമയം താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീസാ കാലഹരണ തീയതിക്ക് ശേഷം തുടരാൻ 10 ദിവസത്തെ ഗ്രേസ് പീരിയഡ് ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം നീക്കം ചെയ്‌തു. ഇപ്പോൾ വീസ കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ പിഴകളാണ്. ദിവസകണക്കിനാണ് പിഴത്തുക നൽകേണ്ടി വരിക. കാലാവധി കഴിഞ്ഞ് ആദ്യദിവസം തന്നെ മടങ്ങുകയാണെങ്കിൽ ഔട്ട് പാസ് ഉൾപ്പെടെ 300 ദിർഹം പിഴ നൽകണം. പിന്നീടുള്ള ഓരോ ദിവസം അൻപത് ദിർഹം വീതം നൽകേണ്ടി വരും. വീസ പുതുക്കാതെ രാജ്യത്ത് തുടർന്നാൽ ജിസിസിയിലാകെ വിലക്കേർപ്പെടുത്തുന്നതിനൊപ്പം ഇവിടുത്തെ തൊഴിൽ സാധ്യത കൂടിയാണ് ഇല്ലാതാവുക. യുഎഇയിലെത്തുന്നവരുടെ  സുരക്ഷ കണക്കിലെടുത്താണ് പരിശോധനകൾ കർശനമാക്കിയിരിക്കുന്നത്. കൃത്യമായ രേഖകൾ കൈവശമുള്ളവർക്ക് സുഗമമായി യുഎഇയിലെത്തി മടങ്ങാം.

ENGLISH SUMMARY:

Gulf this week on visitor visa made mandatory in uae