മതനേതാക്കള്‍ മനുഷ്യനന്‍മയ്ക്കായി പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

gulf-this-week
SHARE

മതങ്ങൾ സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് സഹിഷ്ണുതയുടെയും സഹവർത്തിത്തതിന്‍റെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം. മതസ്വാതന്ത്ര്യവും വിദ്യാഭ്യാസവും ഉറപ്പാക്കാണ്ടേതിന്‍റെ ആവശ്യകതയും സ്ത്രീകളുടെയും കുട്ടികളുടെ അവകാശ സംരക്ഷണവുമെല്ലാം ചർച്ചയായി. സൗഹൃദയാത്രയിലെ വിലമതിക്കാനാവാത്ത തലമെന്നാണ് നാല് ദിവസം നീണ്ട സന്ദർശനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്.  

മധ്യപൂർവദേശത്ത് ഒരിക്കൽ കൂടി ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ബഹ്റൈൻ മണ്ണിൽ ആദ്യമായി ഒരു മാർപാപ്പയെത്തി.  വിവിധ നാഗരികതകൾ പിറവിയെടുത്ത നാട്ടിൽ,, സഹവർത്തിത്തന്‍റെ ഉത്തമ ഉദാഹരണമായ നാട്ടിൽ, ഇതരമതവിഭാഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം.  അറബ് ദേശത്ത് ആദ്യമായ എത്തിയ മാർപ്പായും ഫ്രാൻസിസ് മാർപാപ്പയായിരുന്നു. 2019ൽ അബുദാബി സന്ദർശിച്ച് ദിവ്യബലി അർപ്പിച്ച് മടങ്ങിയ അദ്ദേഹം മൂന്നുവർഷങ്ങൾക്കിപ്പുറം മധ്യപൂർവദേശത്ത് വീണ്ടുമെത്തുമ്പോൾ അത് ക്രിസ്തീയ മതവിശ്വാസികൾക്ക് പുണ്യമുഹൂർത്തം

വ്യാഴാഴ്ച പ്രാദേശിക സമയം നാലരയ്ക്ക് പ്രത്യേക വിമാനത്തിലെത്തിയ മാർപാപ്പയെ ബഹ്റൈൻ രാജാവ്   ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖാലിഫ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.   മാനവരാശിയുടെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിനെക്കുറിച്ചാണ് നാല് ദിവസം നീണ്ട സന്ദർശത്തിൽ എല്ലായിടത്തും മാർപാപ്പ സംസാരിച്ചത്. സാഖീർ കൊട്ടാരത്തിൽ   ബഹ്റൈൻ രാജാവ്   ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖാലിഫയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയുമാണ് അദ്ദേഹം ആദ്യം അഭിസംബോധന ചെയ്തത്.   മാനവികതയെ ഇല്ലാതാക്കുന്ന ഒന്നിനെയും  അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്ത മാർപാപ്പ ഐക്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും  പറഞ്ഞു.  ലോകമ്പെടാമുള്ള തൊഴിലാളികളുടെ ക്ഷേമത്തിനായി ശക്തമായി നടപടികൾ സ്വീകരിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം  സംസാരിച്ചു.  

മുസ്‌ലിം സമൂഹവുമായി തുടരുന്ന നിരന്തര ചർച്ചകൾക്കും സമ്പർക്കങ്ങൾക്കും കൂടുതൽ ഊന്നൽ നൽകുന്നതിന്‍റെ ഭാഗമായാണ് ഫ്രാൻസിസ് മാർപാപ്പ  ബഹ്റൈനിലെത്തിയത്. മതസൌഹാർത്വവും സഹവർത്തിതത്വം ലോകനന്മയ്ക്ക് എത്രകണ്ട് പ്രധാനമാണെന്ന് ഓർമിപ്പിച്ചായിരുന്നു കിഴക്കും പടിഞ്ഞാറും മനുഷ്യന്‍റെ നിലനിൽപ്പിന് എന്ന വിഷയത്തിൽ സംഘടിപ്പിച്ച മതസമ്മേളനത്തിൽ അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. സഹിഷ്ണുതയുണ്ടെന്ന് പറയുകയല്ല സഹവർത്തിത്വത്തോടെ കഴിയാൻ അവസരമുണ്ടാകണം.    മതനേതാക്കൾ മാനവികതയുടെ നന്മയ്ക്കായി നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്ത്   മാർപാപ്പ അവർ ജനങ്ങൾക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.  ജനങ്ങൾക്ക്  ശരിയായ വിദ്യാഭ്യാസം നൽകേണ്ടതിനെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകളെ അംഗീകരിക്കൽ,  കുട്ടികളുടെ മൌലീകാവകാശസംരക്ഷണം,  തുല്യനീതി എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രയിനിലെ യുദ്ധം അവസാനിപ്പിക്കാൻ സമാധാനചർച്ചകൾ തുടങ്ങണം. സാംസ്കാരിക ഭിന്നതയെ ഐക്യത്തിലൂടെ ഇല്ലാതാക്കി മാനവികതയിലേക്കു ശ്രദ്ധിക്കാമെന്നും മാർപാപ്പ പറഞ്ഞു.   സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പകരുന്ന മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുതെന്നു ആഹ്വാനം ചെയ്താണ് മതസമ്മേളനം അവസാനിച്ചത്.  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും അൽ അസർ അൽ ഷെരീഫ് ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഫോർ എൽഡേഴ്സ് ചെയർമാനുമായ പ്രഫ. അഹമ്മദ് അൽ തായിബും,  വിവിധമതനേതാക്കളും   സമാപന സമ്മേളനത്തിൽ സംസാരിച്ചു.

തുടർന്ന് ബഹ്റൈൻ  നാഷണൽ സ്റ്റേഡിയത്തിലെ കുർബാനയിലും എല്ലാവരെയും സ്നേഹിച്ചുകൊണ്ട് അക്രമത്തെയും തിന്മയേയും ചെറുക്കാനായിരുന്നു ആഹ്വാനം. മാർപാപ്പയെ ഒരു നോക്കുകാണാനും കുർബാനയിൽ പങ്കെടുക്കാനുമായി പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്. തലേന്ന് ദിവസം രാത്രി മുതൽ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുവരെ ആളുകളെത്തിയിരുന്നു

24000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലേറെ പേരാണ് എത്തിയത്. 111 രാജ്യക്കാർ കുർബാനയിൽ പങ്കെടുത്തെന്ന് ബഹ്റൈൻ സർക്കാർ അറിയിച്ചു. വിശ്വാസികൾക്കിടയിലൂടെ യാത്രചെയ്ത് എല്ലാവരെയും അഭിവാദ്യം ചെയ്തു. പതിനായിരങ്ങളെ സാക്ഷിയാക്കി  മാർപാപ്പ കുർബാന ചൊല്ലി. സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞുനിന്ന ജനങ്ങളോട്,, എല്ലാവരെയും എപ്പോഴും സനേഹിക്കാനായിരുന്നു മാർപാപ്പയുടെ ആഹ്വാനം. അക്രമത്തെ അക്രമംകൊണ്ട് നേരിട്ടാൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. എതിരാളികളെ സ്നേഹികുകയെന്നാൽ ഭൂമിയെ സ്വർഗതുല്യമാക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു.

കുർബാന മധ്യ വിവിധ ഭാഷകളിൽ പ്രാർഥന മുഴങ്ങി. ടെഗലോഗ്, സ്വാഹിലി, മലയാളം, കൊങ്കിണി, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിൽ  പ്രാർഥന ചൊല്ലി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ എന്നിവർ കുർബാനയിൽ പങ്കെടുത്തു. ഗൾഫ് സന്ദർശിച്ചതിൽ സഭയുടെ നന്ദി വടക്കൻ അറേബ്യയുടെ അപ്പോസ്തോലിക്ക് വികാരിയറ്റിന്റെ അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചു. കുർബാന അർപ്പിക്കുന്നതിനുള്ള കാസ ബിഷപ് പോൾ ഹിൻഡർ മാർപാപ്പയ്ക്കു സമ്മാനിച്ചു. . സ്റ്റേഡിയിത്തിൽ ഒത്തുചേർന്നവരോട് നന്ദി പറഞ്ഞ മാർപാപ്പ ആഗോള കത്തോലിക സഭയുടെ സ്നേഹവും കരുതലും അവരുമായി പങ്കുവച്ചു മടങ്ങിയത്. ഏറ്റവും വലിയ കത്തോലിക്ക ദേവാലയങ്ങളിൽ ഒന്നായ അവാലിയിലെ അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിലും മാർപ്പാപ്പ സന്ദർശനം നടത്തി.  സമാധാന പ്രാർഥനയിലും മതമൈത്രി സമ്മേളനത്തിലും പങ്കെടുത്തു.  സേക്രട്ട് ഹാർട്ട് സ്കൂളിലെ കുട്ടികളുമായി സംവദിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. 

മനാമയിലെ  തിരുഹൃദയ ദേവാലയത്തിൽ ഗൾഫ് മേഖലയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പമുള്ള പ്രാര്‍ഥനാ ശുശ്രൂഷയായിരുന്നു രാജ്യത്തെ മാര്‍പാപ്പയുടെ അവസാന ഔദ്യോഗിക പരിപാടി. മതപരവും സാംസ്കാരികവും വര്‍ഗപരവുമായ വേര്‍തിരിവുകൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രാര്‍ഥനാ ശുശ്രൂഷയിൽ ഒരിക്കൽ കൂടി അദ്ദേഹം ഓർമിപ്പിച്ചു.  നാലു ദിവസം നീണ്ട സന്ദര്‍ശനത്തിൽ ആതിഥ്യമൊരുക്കിയ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും മാര്‍പാപ്പ നന്ദി രേഖപ്പെടുത്തി. ബഹ്റൈൻ വിമാനത്താവളത്തിൽ മാര്‍പാപ്പയെ യാത്രയാക്കാൻ ഹമദ് രാജാവ് നേരിട്ടെത്തുകയും ചെയ്തു. ഈജിപ്തിലെ അൽ അസര്‍ മോസ്ക് ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയബും മാര്‍പാപ്പയെ യാത്രയാക്കാനെത്തിയിരുന്നു.

MORE IN GULF THIS WEEK
SHOW MORE