മിനായില്‍ സംഗമിക്കാന്‍ 10 ലക്ഷം തീര്‍ഥാടകര്‍; ത്യാഗം വിളിച്ചോതി ബലി പെരുന്നാളും

Gulf-This-Week
SHARE

ബലിപെരുന്നാളിന്‍റെ ആഘോഷങ്ങളിലാണ് ഇസ്ലാം മതവിശ്വാസികൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവർഷവും നിയന്ത്രണങ്ങളോടെ നടത്തിയ ഹജ് തീർഥാടനം ഇത്തവണ വിപുലമായാണ് ഒരുക്കിയത്. 10 ലക്ഷം തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി. ബലിപെരുന്നാളിന്‍റെ വിശേഷങ്ങളും ഗള്‍ഫിലെ  മറ്റ് വാർത്തകളും കാഴ്ചകളുമായി  ഗൾഫ് ദിസ് വീക്കിന്‍റെ പുതിയ എപ്പിസോഡ് കാണാം

ആത്മസമർപ്പണത്തിന്‍റെ ആഘോഷമാണ് ബലിപെരുന്നാള്‍. സൃഷ്ടാവിനായി ഏറ്റവും പ്രിയപ്പെട്ടതിനെ കാഴ്ചവയ്ക്കാനും ത്യജിക്കാനുമുള്ള സന്നദ്ധതയാണ് ഓരോ ബലിപെരുന്നാളും ഓർമപ്പെടുത്തുന്നത്. ഗൾഫിലെ ബലിപ്പെരുന്നാളിന്‍റെയും ഹജ് തീർഥാടനത്തിന്‍റെയും വിശേഷങ്ങളാണ് ആദ്യം. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലി പെരുന്നാളിന്‍റെ നിറവിലാണ് മുസ്ലിം സമൂഹം.  കഴിഞ്ഞ രണ്ടുവർഷക്കാലം കോവിഡ് ഇല്ലാതാക്കിയ സന്തോഷത്തിന്‍റെ വീണ്ടെടുക്കല്‍ കൂടിയാണ് വിശ്വാസികള്‍ക്ക് ഈ ബലി പെരുന്നാള്‍.  ആത്മ നിർവൃതിയോടെ ഹജ്ജും ഉംറയും നിർവഹിച്ച് മദീനയിലെ പ്രവാചക പള്ളിയിൽ സന്ദർശനം നടത്തി ഹാജിമാരെത്തും

പ്രവാചകനായ ഇബ്രാഹിം നബി  ദൈവകല്‍പന മാനിച്ച് സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ  ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്. ത്യാഗത്തിന്‍റെ, ആത്മസമർപ്പണത്തിന്‍റെ, സഹനത്തിന്‍റെ ആഘോഷം.  അദ്ഹയെന്നാല്‍ ബലിയെന്നാണ് അർഥം. പ്രവാചകന്‍റെ അടിയുറച്ച വിശ്വാസത്തിന്‍റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം.  മൂന്നുഘട്ടങ്ങളിലായിട്ടാണ് ആഘോഷം.  തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കൾക്കും നൽകുക, പാവപ്പെട്ടവർക്ക് ദാനം നല്‍ക്കുക. ഈ പുണ്യപ്രവർത്തികളുടെ ഭാഗമായായണ്  ബലിയർപ്പിച്ച ആടിനെ മൂന്നായി വിഭജിച്ച് ഒരു ഭാഗം ബലിയർപ്പിച്ചവർക്കും ഒരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവർക്കും നല്‍കുന്നത്.  വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വന്തം വേരുകളിലേക്കുള്ള യാത്രയാണ് ഹജ്.  ഇസ്ലാം നിർദേശിക്കുന്ന അഞ്ച് അടിസ്ഥാനങ്ങളിൽ  ഒന്ന്. സമ്പത്തും ആരോഗ്യവുമുള്ളവന്‍ ജീവിതത്തിലൊരിക്കലെങ്കിലും ചെയ്യേണ്ട പരിശുദ്ധ കര്‍മം. 

ചാന്ദ്രദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടർ അനുസരിച്ച് ദുല്‍ ഹജ്ജ് മാസത്തിലാണ് ബലിപെരുന്നാൾ.  ദുൽഹജ് എട്ടിനാണ് ഹജ് കർമങ്ങള്‍ക്ക് തുടക്കമാവുക.  മിനയിലാണ് ഹാജിമാരുടെ താമസം. അവിടേക്ക്  രാത്രി തീർഛഥാടകർ നീങ്ങും. ദുൽജ് എട്ടിന് മീനായിൽ തമ്പടിച്ച ശേഷം അർധരാത്രിയോടെ അറഫയിലേക്ക്.  മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ.    ഹജ്ജിന്‍റെ സുപ്രധാന ചടങ്ങാണ് അറഫയിലെത്തല്‍. ആ ദിവസം ഉച്ചയ്ക്ക് മുന്നേ അറഫയിലെത്താത്ത ഹാജിക്ക് ഹജ് ലഭ്യമാകില്ലെന്നാണ് ഇസ്ലാമിക പാഠം. ദുൽജ് ഒന്‍പതിനാണ് അറഫാ ദിനം.  പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രഭാഷണത്തിന്‍റെ ഓര്‍മ പുതുക്കുന്ന അറഫാ പ്രഭാഷണം.   ലോകത്ത് ഏറ്റവും കൂടുതൽ ജനം സംഗമിക്കുന്ന ഇടം. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാർഥനയാണ് അറഫയിൽ നിന്നുമുയരുന്നത്.

സന്ധ്യയോടെ അറഫയില്‍ നിന്ന് മടങ്ങി എട്ടു കിലോമീറ്റര്‍ അകലെ ഇടത്താവളമായ മുസ്തലിഫയിൽ രാപ്പാർക്കും. അവിടെ നിന്ന് സാത്താന്‍റെ പ്രതീകങ്ങളായ സ്തൂഭങ്ങളെ എറിയാന്‍ ചെറുകല്ലുകള്‍ ശേഖരിക്കും. ദുൽഹജ് പത്തിനാണ് ബലിപെരുന്നാൾ. അന്ന്  ജംറയിലെത്തി ജീവിതത്തിലെ പൈശാചികതകളെ,,  പ്രതീകാത്മകമായി  കല്ലെറിയും.  ഇബ്രാഹിം നബി മകന്‍ ഇസ്മാഈലിനെ ബലിയറുക്കാന്‍ കൊണ്ടുപോകവെ, പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സാത്താനെ കല്ലെറിഞ്ഞ് ഓടിച്ചതിന്‍റെ പ്രതീകാത്മകതയാണ് ജംറയിലെ കല്ലേറു കര്‍മം.  

ഇതിന് ശേഷം ഹറമിലേക്ക്. കഅ്ബ പ്രദക്ഷിണവും   സഫാ മർവാ കുന്നുകള്‍ക്കിടയിലെ പ്രയാണവും പൂർത്തിയാക്കും.  പിന്നെയാണ് ബലി കർമം. തലമുണ്ഡനം ചെയ്ത് ഇഹ്റാം  അഥവാ ശുഭ്ര വസ്ത്രത്തിൽ നിന്ന് ഹാജിമാർ ഒഴിവാകും. ഇതോടെ പ്രധാന കർമങ്ങള്‍ പൂർത്തിയാകും. ഇതിനുശേഷം  മൂന്ന് ദിവസംകൂടി മീനായിലെ തമ്പുകളിൽ രാപ്പാർത്ത് മൂന്ന് ജമ്രകളിൽ കല്ലേറ് നടത്തണം. ദുല്‍ഹജ് പതിമൂന്നിന് കഅബയുടെ അടുത്തെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെ ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാകും.  .

രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഹജ് തീർഥാടനം പൂർവസ്ഥിതിയിലേക്കെത്തുന്നത്. കോവിഡ് പിടിമുറുക്കിയതിനെ തുടർന്ന് 2019ൽ 1000 പേർക്ക് മാത്രമാണ് ഹജ് നിർവഹിക്കാനായത്. കഴിഞ്ഞവർഷം 60,000 പേർ ഹജ് കർമം നിർവഹിച്ചു. ഇത്തവണ  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇന്ത്യയിൽ നിന്നു ഇത്തവണ 79237 പേരുണ്ട്.   56637 ഹാജിമാർ ഹജ്ജ് കമ്മിറ്റി മുഖേനയും 22600 പേർ സ്വകാര്യ ഹജ്ജ് സംഘങ്ങൾ വഴിയുമാണ് സൌദിയിലെത്തിയത്.

മനുഷ്യകർക്കിടയിലെ സമഭാവനയാണ് ഹജ്ജിന്‍റെ പ്രധാന ഊന്നലുകളിലൊന്ന്. സൃഷ്ടാവിന് മുന്നില്‍ എല്ലാവരും തുല്യാരാണെന്ന ഓർമപ്പെടുത്തുകയാണ് ഹജ്. ഒരേ വേഷത്തിൽ ഒരേ മന്ത്രം ഉരുവിട്ട് മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം തേടുകയാണ് ഓരോ ഹാജിയും. മാനവികതയും സഹജീവികളോട് കരുണയുമാണ് ഹജ് നൽകുന്ന സന്ദേശം.  വൈരാക്യം മനസിൽവച്ച് ഹജ്ജിന് പോയാൽ വിശുദ്ധി ലഭിക്കില്ല. തെറ്റുകുറ്റങ്ങൾ പൊറുത്ത് അതിക്രമങ്ങളില്‍ നിന്നെല്ലാം ഭൗതികമായി മുക്തിനേടുന്നവരുടെ ഹജ്  മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. അതുകൊണ്ടാണ്  ഹാജി മടങ്ങുന്നത് ഇളംപൈതലിന്‍റെ  പരിശുദ്ധിയുമായിട്ടായിരിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞതും.

MORE IN GULF THIS WEEK
SHOW MORE