മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം; അക്ഷർധാം 2024ൽ തുറക്കും; ഊഷ്മളം

gulf-new
SHARE

മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമായ അബുദാബി അക്ഷർധാം ക്ഷേത്രം 2024 ഫെബ്രുവരിയിൽ തുറക്കും. ക്ഷേത്രത്തിൻറെ രണ്ടാം നിലയിലെ ശിലാസ്ഥാപന ചടങ്ങുകൾ കഴിഞ്ഞവാരം നടന്നു. ഇന്ത്യ യുഎഇ സഹകരണത്തിൻറെയും ഊഷ്മള ബന്ധത്തിൻറേയും ഉദാഹരണമാണ് അബുദാബിയിൽ ആദ്യമായുയരുന്ന ഈ ഹൈന്ദവ ക്ഷേത്രം. യുഎഇ ഭരണാധികാരികളുടെ പിന്തുണയോടെയാണ് മധ്യപൂർവദേശത്ത് ആദ്യമായി പരമ്പരാഗതരീതിയിൽ ക്ഷേത്രം നിർമിക്കുന്നത്.

.മുപ്പതുലക്ഷത്തോളം ഇന്ത്യക്കാർ അധിവസിക്കുന്ന യുഎഇയുടെ തലസ്ഥാനഎമിറേറ്റിലാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം ഉയരുന്നത്. ഇരുരാജ്യങ്ങളുടേയും സഹിഷ്ണുതയുടേയും സൌഹൃദ,നയതന്ത്രബന്ധത്തിൻറെ വലിയ അടയാളമാണ് അബുദാബി ദുബായ് പാതയില്‍ അബൂമുറൈഖയിൽ ഉയരുന്ന ക്ഷേത്രം. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2017ൽ അബുദാബി കിരീടാവകാശിയായിരുന്നപ്പോഴാണ് ക്ഷേത്രനിർമാണത്തിനു സ്ഥലം അനുവദിച്ചത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു ക്ഷേത്രത്തിനു സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി മോദിയുടെ അഭ്യർഥന പ്രകാരമായിരുന്നു നടപടി. യുഎഇ സഹിഷ്ണുതാവർഷമായി ആചരിച്ച 2019 ൽ ഏപ്രിൽ 20 നായിരുന്നു ശിലാസ്ഥാപനം. യുഎഇ ഭരണാധികാരികളുടെ പിന്തുണയോടെ ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ. 

യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴ് കൂറ്റൻ ഗോപുരങ്ങളോടെയാണ് മധ്യപൂർവദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ക്ഷേത്രം നിർമിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ രണ്ടായിരത്തിലധികം ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും ചരിത്രവും അറേബ്യൻ സാംസ്കാരികകാഴ്ചകളുമുണ്ട്. 10,9 ഹെക്ടറിലാണ് ക്ഷേത്രം നിർമിക്കുന്നത്. 108 അടിയാണ് ക്ഷേത്രത്തിൻറെ ഉയരം. 3,000 ശില്‍പികള്‍ കൊത്തിയെടുത്ത 12,350 ടണ്‍ പിങ്ക് മാര്‍ബിളും 5,000 ടണ്‍ ഇറ്റാലിയന്‍ മാര്‍ബിളും ക്ഷേത്രനിർമാണത്തിനുപയോഗിക്കും. 55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണമായും ശിലകളിലാണ് ക്ഷേത്രം ഉയരുക. നിർമാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിച്ചിട്ടില്ല. 707 ചതുരശ്ര മീറ്റർ ശിലകളിൽ പുരാണ കഥകളുടെ ശിൽപാവിഷ്കാരമൊരുക്കും. പ്രാർഥനാ മുറികൾക്കു പുറമെ ആത്മീയവും സാംസ്‌കാരികവുമായ ആശയ വിനിമയത്തിനുള്ള രാജ്യാന്തര വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, ഉദ്യാനം, കായിക കേന്ദ്രങ്ങൾ ഭക്ഷണശാലകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയും സജ്ജമാക്കും.  ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ എന്നിവയുടെ പുനരാവിഷ്‌കാരവും ക്ഷേത്രത്തോട് ചേര്‍ന്നുണ്ടാകും.

MORE IN GULF THIS WEEK
SHOW MORE