കൂടിച്ചേരലുകളുടെ മധുരം; പ്രവാസികളുടെ ക്രിസ്മസ് കാലം

christmas-gulfthisweek
SHARE

കോവിഡിനെ അതിജീവിക്കുന്ന ഗൾഫ് നാടുകളിൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും പരിപാടികളുമുണ്ട്. കാരൾ സംഗീതവും ക്രിസ്മസ് മൽസരങ്ങളുമൊക്കെയൊരുക്കി നാടിൻറെ ഓർമകളുമായി ഒരുമയോടെയാണ് പ്രവാസലോകത്തെ ക്രിസ്മസ് ആഘോഷം. കോവിഡ് കാരണം നിശ്ചലമായിരുന്ന വിപണി ഉണർന്നു. അതിനാൽ ആഘോഷങ്ങൾക്ക് ഇത്തവണ മാറ്റുകൂടുതലാണ്. 

ഡിസംബർ 25 നും മുൻപേ ഗൾഫ് നാടുകളിൽ ക്രിസ്മസ് ആഘോഷം തുടങ്ങി. പള്ളികളിലെ പ്രാർഥനയും കാരൾ സർവീസും ക്രിസ്മസ് മൽസരങ്ങളും പുൽക്കൂട് ഒരുക്കലുമൊക്കെയായി പ്രവാസലോകം ആഘോഷത്തിലാണ്. കഴിഞ്ഞവർഷം കോവിഡ് പശ്ചാത്തലത്തിൽ പരിമിതപ്പെടുത്തിയ ആഘോഷങ്ങൾക്ക് ഇത്തവണ നിറവ് കൂടുതലാണ്. ക്രൈസ്തവ ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങളും പുരോഗമിക്കുന്നു. ഏഴു എമിറേറ്റുകളിലും ആഘോഷമുണ്ട്. പ്രവാസലോകത്തു കാരൾ സംഗീതവും നൃത്തവുമൊക്കെയായാണ് ക്രിസ്മസ് ആഘോഷം. 

യുഎഇയിലെ പ്രവാസിമലയാളികളായ ഏഴു കുരുന്നുകൾ ഒന്നുചേർന്നു ക്രിസ്മസ് ഗാനം അവതരിപ്പിച്ച കാഴ്ചകാണാം. ഹെവൻലി ഏഞ്ചൽസ് ഡിവോഷണൽ സോങ്സ് ബാനറിൽ പ്രവാസിമലയാളി ടീബാ സാറാ ടിജോ എഴുതി സംഗീതം നൽകിയ ക്രിസ്മസ് ഗാനം പാടിയിരിക്കുന്നത് അൽവിന സൂസൻ ടിജോയാണ്. ഇതേ ബാനറിലെ എട്ടാമത്തെ ക്രിസ്തീയഭക്തിഗാനമാണിത്. അബുദാബിയിലെ ഉം അൽ എമിറേറ്റ് പാർക്കിലാണ് ഗാനം ചിത്രീകരിച്ചത്. 

നാട്ടിൻ പുറങ്ങളിലെ ക്രിസ്മസ് രാത്രികളുടെ ആരവങ്ങളും ഗൃഹാതുരത്വവും ഓർപ്പെടുത്തുന്ന മറ്റൊരാൽബം പിറവികൊണ്ടത് സൌദിഅറേബ്യയിലാണ്. നമ്മൾ എന്ന യുവജന കൂട്ടായ്മയിലെ അംഗങ്ങൾ അഭിനയിച്ച മെറി ബെൽസ് എന്ന ക്രിസ്മസ് ആൽബത്തിൻറെ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൌദിയിലെ പ്രവാസിമലയാളിയായ ജസ്റ്റിൻ തോമസ് ചെങ്ങന്നൂരാണ്. അലക്സ് ശാസ്താംകോട്ടയുടേതാണ് വരികൾ. നിർമാണം ജെയ്ഷ് തിരുവല്ല. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റാണ് ഗാാനം ആലപിച്ചിരിക്കുന്നത്. 

ഫുജൈറ നിത്യസഹായ മാതാ കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാർ സമൂഹത്തിലെ മതബോധനവിദ്യാർഥികളും മാതാപിതാക്കളുമായ മുന്നൂറ്റൻപതോളം പേർചേർന്നു ക്രിസ്മസ് ഓൺലൈൻ ആഘോഷം സംഘടിപ്പിക്കുന്നു. കാരൾ ഗാനങ്ങൾ,  പ്രച്ഛന്നവേഷം,  സ്കിറ്റുകൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാ.രാജൻ, ഫാ ജോർജ് വെള്ളക്കടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി.

വിവിധ ദേവാലയങ്ങളിൽ ക്രിസ്മസ് ദിവസങ്ങളിൽ പ്രത്യേക പ്രാർഥനകളും സംഗീതശുശ്രൂഷകളും പുരോഗമിക്കുകയാണ്. കൂട്ടായ്മകളുടെ നേതൃത്വത്തിൽ വൈദികരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളും പ്രാർഥനകളും.ദുബായ് സി.എസ്.ഐ ഇടവകയുടെ നേതൃത്വത്തിൽ നാൽപ്പത്തേഴാമത് ക്രിസ്മസ് കാരൾ ശുശ്രൂഷ ഹോളി ട്രിനിറ്റി ചർച്ചിൽ സംഘടിപ്പിച്ചു. ക്വയർ  മാസറ്റർ ജൂബി എബ്രഹാമിൻറെ നേതൃത്വത്തിൽ നൂറ്റിഇരുപത്തഞ്ചിലധികം അംഗങ്ങൾ കാരൾ ഗാനങ്ങൾ ആലപിച്ചു.ചടങ്ങുകൾക്ക് ഇടവകവികാരി ഫാ.ഷാജി ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.

ക്രിസ്മസ് കാലം ആഘോഷങ്ങളുടേയും ആരവങ്ങളുടേയും കാലംകൂടിയാണ്. യുഎഇയുടെ തെരുവുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നിറയുന്ന കാഴ്ചകാണാം. വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവടങ്ങളെല്ലാം ക്രിസ്മസ് നിറങ്ങളണിഞ്ഞിരിക്കുകയാണ്. ദുബായ് മാൾ, അബുദാബി എമിറേറ്റ് പാലസ്, മുശ് രിഫ് മാൾ എന്നിവിടങ്ങളിൽ ക്രിസ്മസ് കാഴ്ചകൾ കാണാം. മഞ്ഞു പുതഞ്ഞ ബേത്ലഹേം താഴ്വരയും സമ്മാനപ്പൊതികൾ നിറച്ച ഭാണ്ഡവുമായി സാൻറാക്ളോസുമെല്ലാം സന്ദർശകരെ വരവേൽക്കുന്നു. വമ്പൻ ക്രിസ്മസ് ട്രീകളും കുട്ടികൾക്കായി പ്രത്യേക കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.

നക്ഷത്രം, ട്രീ, കേക്ക്, അലങ്കാരവസ്തുക്കൾ തുടങ്ങിയവയെല്ലാം വിപണിയിൽ സജീവമാണ്.  ജീവിതം നിശ്ചലമാക്കിയ മഹാമാരിയിൽ നിന്ന് അതിജീവനത്തിലേക്കെത്തുന്നതിനാലാകണം ഇത്തവണത്തെ  ക്രിസ്മസ് വിപണി വ്യാപാരികൾക്കും സന്തോഷമേകുന്നതാണ്. വീടുകളിലും ബേക്കറികളിലുമൊക്കെയായി കാണുന്ന, വിവിധരൂപങ്ങളിലും രുചികളിലുമുള്ള കേക്കുകളും ക്രിസ്മസ് വിപണി സജീവമാണെന്നതിൻറെ സാക്ഷ്യമാണ്. ചെറുതും വലുതുമായ ക്രിസ്മസ് ട്രീകളും സാൻറാക്ളോസുകളുമെല്ലാം വിപണിയിൽ സജീവമാണ്. 

ഹോൾഡ്...

രാത്രി വൈകിയും നീളുന്ന ആഘോഷപരിപാടികൾ, കാരളുകൾ എന്നിവയെല്ലാം ഈ ദിവസങ്ങളിലെ ക്രിസ്മസ് കാഴ്ചയാണ്. ദുബായ് എക്സ്പോ, ഗ്ളോബഷ വില്ലേജ് തുടങ്ങിയഇടങ്ങളിലെല്ലാം പ്രത്യേകആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. യുഎഇയിലെ ക്രിസ്മസ് ആഘോഷം ഇങ്ങനെയാണ്. അതിജീവനത്തിൻറെ കാഴ്ചകളുണ്ട്. വിപണിയിലെ ഉണർവു കാണാം. കൂട്ടായ്മകളിലെ ഒത്തൊരുമ ആഘോഷിക്കാം.  മഹാമാരിയിൽ നിന്നുള്ള അതിജീവനം വേഗത്തിലാക്കണമേയെന്ന പ്രാർഥനയാണ് ദേവാലയങ്ങളിൽ നിന്നുമുയരുന്നത്. 

ഗൾഫ് നാടുകളിൽ ക്രിസ്മസ് കൂട്ടായ്മയുടെ ആഘോഷമാണ്. വീടുകളിൽ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന പതിവ് കോവിഡ് ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയിരിക്കുന്നു. താമസയിടങ്ങളിലെ ഒരുമയോടെയുള്ള ആ ആഘോഷക്കാഴ്ചയാണ് ഇനി കാണുന്നത്.

യുഎഇ കോവിഡിനെ അതിജീവിച്ചത് ഒരുമിച്ചുനിന്നായിരുന്നു. അതേ ഒരുമയോടെയാണ് ക്രിസ്മസ് ആഘോഷവും. ആഘോഷങ്ങൾ മടങ്ങിയെത്തിയിരിക്കുന്നു, അതിജീവനത്തിൻറെ സാക്ഷ്യമായി. താമസയിടങ്ങളിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമുള്ള ആഘോഷങ്ങൾ പ്രവാസലോകത്ത് പതിവുകാഴ്ചയായിരുന്നു, കോവിഡിനു മുൻപുവരെ. അതേ കാഴ്ചകളാണ് ഒരിടവേളയ്ക്കുശേഷം വീണ്ടും കാണുന്നത്. 

ഷാർജ അൽ നഹ്ദയിലെ പ്രവാസിമലയാളി ഷിജോയുടെ വീട്ടിലെ ക്രിസ്മസ് സംഗമം ഇങ്ങനെയായിരുന്നു. ജീവിതത്തിരക്കുകൾ മാറ്റിവച്ചു പ്രിയപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയെത്തി. നാട്ടിലെ ഓർമകളുമായി, അതിനൊപ്പം മനോഹരമായ ഓർമകൾ സൃഷ്ടിച്ചു അവർ ക്രിസ്മസ് ആഘോഷിച്ചു. കുട്ടികളെല്ലാം ചേർന്നു ക്രിസ്മസ് ട്രീയൊരുക്കി. നക്ഷത്രങ്ങളും വർണക്കടലാസുകളും നിറച്ച് മനോഹരമായ ക്രിസ്മസ് ട്രീ ഒരുങ്ങി. നാളെയൊരുകാലത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഓർമപങ്കുവയ്ക്കുമ്പോൾ ഈ കുരുന്നുകൾക്ക് ഏറെപ്പറയാനുണ്ടാകും. ഒരുമിച്ചു ഒരുവീട്ടിലൊത്തുചേർന്നു ക്രിസ്മസ് ആഘോഷിച്ച കൂട്ടായ്മയുടെ ഓർമകൾ.

ക്രിസ്മസ് ട്രീയും നക്ഷത്രവും ഒരുങ്ങി. കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്മസ് അപ്പൂപ്പനും വന്നെത്തി. സമ്മാനപ്പൊതികളും കേക്കുമായെത്തിയ സാന്താക്ളോസ് കുട്ടികൾക്കൊപ്പം ആടിപ്പാടി. ചുവപ്പുവസ്ത്രവും സാന്താ തൊപ്പിയും ധരിച്ചെത്തിയ ക്രിസ്മസ് അപ്പൂപ്പൻ കേക്ക് മുറിച്ചു എല്ലാവർക്കുമായി വിതരണം ചെയ്തു.

കൂടിച്ചേരലുകളിൽ കാരൾ സംഗീതം കേൾക്കാം. നാട്ടിൻ പുറങ്ങളിലെ വീടുകളിൽ കയറിയിറങ്ങിയ അതേ ആവേശത്തോടെ ക്രിസ്മസ് പാട്ടുകൾ പാടി പ്രവാസികൾ ഗൃഹാതുരത്വം മനസിൽസൂക്ഷിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു.

പതിവു പോലെ അടുക്കള തന്നെയാണ് എല്ലാ ആഘോഷങ്ങളുടെയും പ്രധാനകേന്ദ്രം. കേരളത്തിലങ്ങോളമിങ്ങോളമുള്ള രുചിക്കൂട്ടുകളെല്ലാം പ്രവാസലോകത്തെ ഈ അടുക്കളയിലുണ്ട്. ഭക്ഷണം പങ്കുവച്ചു പ്രിയപ്പെട്ടവർക്കൊപ്പം കഴിക്കുന്നതോടെ ഒരു വർഷത്തെ എല്ലാ സങ്കടങ്ങളും മാറി ക്രിസ്മസ് സന്തോഷവും സൌഹൃദങ്ങളും മാത്രമാകുന്നു മനസുകളിൽ.

ഹോൾഡ്..

നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിക്കാനാകാത്തതിന്‍റെ സങ്കടം ഈ കൂടിച്ചേരലുകളില്‍ ഇവര്‍ മറക്കുന്നു. ഇങ്ങനെയൊക്കെയാണ് പ്രവാസലോകത്ത് താമസയിടങ്ങളിലെ ക്രിസ്മസ് ആഘോഷം. ഓണം പോലെ ക്രിസ്മസ് പുതുവൽസര ആഘോഷവും ഒരു മാസത്തിലധികം തുടരും. നാട്ടിൽ നിന്നു മാറിനിൽകുന്നതിൻറെ ചെറുസങ്കടങ്ങളെല്ലാം മറന്നുള്ള ഇത്തരം കൂട്ടായ്മകളിലൂടെയാണ് ഓരോ പ്രവാസിയുടേയും ജീവിതം കൂടുതൽ ആഘോഷമാകുന്നത്, സന്തോഷകരമാകുന്നത്. 

ക്രിസ്മസ് കാലത്ത് ഗൾഫിലെ വത്തിക്കാൻ കാഴ്ചകളാണ് ഇനി കാണുന്നത്. ദുബായ് എക്സ്പോയിലെ വത്തിക്കാൻ പവിലിയൻ കാഴ്ചകളാലും സന്ദേശങ്ങളാലും സമ്പന്നമാണ്. എല്ലാ അതിർവരമ്പുകൾക്കുമപ്പുറത്തുനിന്നുള്ള സാഹോദര്യത്തിൻറേയും സഹവർത്തിത്വത്തിൻറേയും സന്ദേശമാണ് പവിലിയൻ പങ്കുവയ്ക്കുന്നത്. ആ കാഴ്ചകൾ കാണാം. 

വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്കു കയറുന്ന പ്രതീതിയോടെ സ്വിസ് ഗാർഡെന്ന വത്തിക്കാൻ അംഗരക്ഷകരുടെ പ്രതിമയാണ് സന്ദർശകരെ പവിലിയനിലേക്ക്a സ്വാഗതം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറുതും പഴക്കമേറിയതുമായ സേനയുടെ അതേ വേഷവിധാനങ്ങളണിയിച്ചിരിക്കുന്ന പ്രതിമയിൽ നിന്നും തുടങ്ങുന്നു വത്തിക്കാൻ പവിലിയനിലെ കാഴ്ചകൾ. ലോകത്തിലെ ഏറ്റവും കൂടുതൽഅംഗസംഖ്യയുള്ള രണ്ടു മതങ്ങൾക്ക് ഏതെല്ലാം രീതിയിൽ ഒരുമിച്ചു നിൽക്കാനാകുമെന്നതിൻറെ കാഴ്ചകൾകൂടിയാണ് പവിലിയനിലുള്ളത്. എ.ഡി.1219 ഓഗസ്റ്റിൽ വി.ഫ്രാൻസിസ് അസീസിയും ഈജിപ്ത് സുൽത്താൻ അൽ മാലിക് അൽ കാമിലുമായുള്ള കൂടിക്കാഴ്ചയുടെ രേഖാചിത്രം കാണാം. ക്രൈസ്തവ, ഇസ്ളാം മതങ്ങൾ തമ്മിലുള്ള സ്നേഹസംഭാഷണത്തിൻറെ ആദ്യകാഴ്ചയായാണ് ഈ സംഭവത്തെ പവിലിയൻ അവതരിപ്പിക്കുന്നത്.

ഫ്രാൻസിസ് അസീസിയും സുൽത്താനുമായുള്ള കൂടിക്കാഴ്ചയുടെ എണ്ണൂറാം വാർഷികത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇയിലേക്കുള്ള ചരിത്രസന്ദർശനമെന്നും പവിലിയൻ ഓർമപ്പെടുത്തുന്നു. ആ സന്ദർശനത്തിനിടെ അബുദാബിയിൽ വച്ചു മാർപാപ്പയും ഈജിപ്തിലെ അൽ അസ്ർ ഗ്രാൻഡ് മോസ്ക് ഇമാം അഹ്മദ് അൽ തയിബും ഒപ്പുവച്ച മാനവസാഹോദര്യ രേഖയിലെ വാക്കുകളാണ് പവിലിയനിലെ മതിലുകളിൽ മലയാളമടക്കം  വിവിധഭാഷകളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിൻറെ ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ പവിലിയനിൽ ഇടംനേടിയിട്ടുണ്ട്.  

വത്തിക്കാനിൽ സൂക്ഷിച്ചിരിക്കുന്ന അപൂർവമായ ചരിത്രരേഖകളും ദുബായ് എക്സ്പോയിലെത്തിച്ചിട്ടുണ്ട്. ഇറാഖിലെ ബഗ്ദാദിൽ വിജ്ഞാനത്തിൻറെ വീടെന്ന പേരിൽ അറിയപ്പെടുന്ന ബൈത്ത് അൽ ഹിക്മയിൽ നിന്നുള്ള ചരിത്രരേഖകൾ കാണാം. പതിനാറാം നൂറ്റാണ്ടിലെ ഗ്രിഗോറിയൻ കലണ്ടറിൻറെ പുരാതനരേഖകൾ, ആയിരത്തിഇരുന്നൂറുകളിൽ അറബിക് സംഖ്യകൾ പാശ്ചാത്യലോകത്തിനു അവതരിപ്പിച്ച രേഖകൾ തുടങ്ങിയയെല്ലാം സന്ദർശകർക്കായി അവതരിപ്പിച്ചിരിക്കുന്നു. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ആദത്തിൻറെ സൃഷ്ടി എന്ന ചിത്രം പുനരവതരിപ്പിച്ചിരിക്കുന്നത് സന്ദർശകരെ വിസ്മയിപ്പിക്കും.

മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിലൂടെ സാഹോദര്യമാണ് മാനവികതയുടെ ലക്ഷ്യമെന്നു ഓർമപ്പെടുത്തുന്ന മറ്റൊരു കാഴ്ചകൂടിയുണ്ട് ഈ പവിലിയനിൽ. യൂറോപ്യൻ ഗോഥിക് വാസ്തുവിദ്യയുടേയും അറബിക് വാസ്തുവിദ്യയുടേയും പ്രതിരൂപങ്ങളാണ് ഈ കാണുന്നത്. അതിനു മുകളിൽ സഹിഷ്ണുതയുടെ പ്രതീകമായി ദുബായ് ഫ്രെയിം. ഒരു പാലം കൂടിയുണ്ട്. മതിലുകളല്ല മനുഷ്യമനസുകൾ തമ്മിൽ വേണ്ടത് പാലങ്ങളാണ് എന്ന ഓർമപ്പെടുത്തലോടെ.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ അടക്കമുള്ളവർ മൊബിലിറ്റി ഡിസ്ട്രിക്ടിലെ വത്തിക്കാൻ പവിലിയൻ സന്ദർശിച്ചിരുന്നു. സഹിഷ്ണുതയുടെ ദേശമായ യുഎഇയിൽ സഹവർത്തിത്വത്തിൻറെ സന്ദശമാണ് ക്രിസ്മസ് നാളുകളിൽ വത്തിക്കാൻ പവിലിയനിലെത്തുന്ന സന്ദർശകർക്കായി അവതരിപ്പിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE