യുഎഇയിലെ വാരാന്ത്യ അവധി മാറ്റം എന്തിന് ?; എങ്ങനെ ജനങ്ങളെ ബാധിക്കും?

Gulf-This-Week-HD
SHARE

യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവർത്തിസമയം ആയിരിക്കും. രാജ്യാന്തര ബാങ്കിങ് സമയക്രമവുമായി യുഎഇ പ്രവർത്തിസമയം ഏകോപിപ്പിക്കുന്നതിനാണ് പുതിയ മാറ്റം. ഈ പുതിയസമയക്രമം ജനുവരി ഒന്നിനു നിലവിൽവരും. 

ഒരാഴ്ചയിലെ പ്രവർത്തിദിനങ്ങൾ നാലരദിവസമായി കുറയ്ക്കുന്ന ലോകത്തെ ആദ്യരാജ്യമാണ് യുഎഇ. ജനുവരി ഒന്നുമുതൽ സർക്കാർ ജീവനക്കാരുടെ പ്രവർത്തിസമയം ആഴ്ചയിൽ നാലരദിവസമാക്കി കുറയ്ക്കുന്നു. നിലവിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും വെള്ളായാഴ്ചയാണ് വാരാന്ത്യഅവധി. യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ചയും അവധിയുണ്ട്. ഈ സമയക്രമമാണ് മാറുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും സര്‍ക്കാര്‍ മേഖലയില്‍ പ്രവർത്തിസമയം ആയിരിക്കും. ഫലത്തിൽ വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായിരിക്കും. വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് സൌകര്യപ്രദമായ സമയത്തു വീട്ടിലിരുന്നു ജോലി ചെയ്യാനും അനുമതിയുണ്ടാകുമെന്നാണ് പ്രഖ്യാപനം.

രാജ്യാന്തരബാങ്കിങ് സമയക്രമവുമായി യുഎഇ പ്രവർത്തിസമയം ഏകോപിപ്പിക്കുന്നതിനാണ് ഇത്തരമൊരു മാറ്റം. വെള്ളിയാഴ്ച യുഎഇയിലും ഞായറാഴ്ച രാജ്യാന്തരതലത്തിവും അവധിയായതിനാൽ നാലു ദിവസം മാത്രമാണ് സാമ്പത്തികഇടപാടുകൾക്ക് യുഎഇയിൽ അവസരം ലഭിച്ചിരുന്നത്. വിവിധമേഖലകളിലുള്ളവരുടെ വർഷങ്ങൾ നീണ്ട ആവശ്യമാണ് നടപ്പാക്കുന്നത്. ആഴ്ചയിൽ നാലരദിവസം മാത്രം പ്രവർത്തിദിനമാക്കി മാറ്റിയതിലൂടെ സാമ്പത്തികസാമൂഹ്യമേഖലയിൽ വിപ്ളവാത്മകമായ മാറ്റം പ്രതീക്ഷിക്കുന്നു. നിക്ഷേപകർക്കും രാജ്യാന്തര കമ്പനികൾക്കും വലിയരീതിയിൽ സഹായകരവും പ്രോത്സാഹനവുമാണ് പുതിയ തീരുമാനം. പുതിയ പരിഷ്കരണത്തിലൂടെ കൂടുതൽ വിദേശകമ്പനികളെ ആകർഷിക്കാനാകും.

പുതിയ സമയക്രമത്തിലൂടെ ഡോളർ വിനിമയവും കൂടുതൽ സുഗമമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ യുഎഇയിലെ സർക്കാർ മേഖലയ്ക്ക് മാത്രമായാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, രാജ്യം പ്രഖ്യാപിച്ച പുതിയ സമയക്രമം പ്രയോജനപ്പെടുത്താൽ രാജ്യത്തെ സ്വകാര്യകമ്പനികളോടും സംരംഭകരോടും യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാർ ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വകാര്യമേഖലയിലും ഇതേസമയക്രമം അധികം താമസമില്ലാതെ നിലവിൽവരുമെന്നാണ് കരുതുന്നത്. അതിനിടെ, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിൻറെ സമയക്രമവും യുഎഇയിൽ ഏകീകരിച്ചിട്ടുണ്ട്. ജനുവരി ഒന്നിനുശേഷം ജുമുഅ നമസ്കാരം 1.15 നായിരിക്കും. സ്വകാര്യമേഖലയിലെ കമ്പനികൾ പുതിയ സമയക്രമമാണ് സ്വീകരിക്കുന്നതെങ്കിൽ ജുമുഅ നമസ്കാരത്തിനു ജീവനക്കാർക്ക് സമയം അനുവദിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരായിരിക്കും.

അതേസമയം, യുഎഇ യിലെ സ്കൂൾ പ്രവൃത്തി സമയവും പുതിയ സമയക്രമത്തിൻറെ പരിധിയിലായിരിക്കും. സ്കൂളുകൾ വെള്ളിയാഴ്ച ഉച്ചവരെ പ്രവർത്തിക്കുമെന്നും ശനി,ഞായർ ദിവസങ്ങളിൽ അവധിനൽകുമെന്നും അബുദാബി, ദുബായ് അധികൃതർ അറിയിക്കുന്നു. ഇത്തരത്തിൽ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനും സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള ഭാഗമായാണ് വാരാന്ത്യഅവധി നീട്ടിയതെന്നാണ് യുഎഇ മീഡിയ ഓഫീസ് വ്യക്തമാക്കുന്നത്. യുഎഇയിൽ ആദ്യമായല്ല അവധി ദിനങ്ങൾ പുനക്രമീകരിക്കുന്നത്. രാജ്യം രൂപീകൃതമായ 1971 മുതൽ 1999 വരെ വെളളിയാഴ്ച മാത്രമായിരുന്നു വാരാന്ത്യ അവധി. 1999 മുതൽ 2006 വരെ വ്യാഴാഴ്ച കൂടി അവധിനൽകി വാരാന്ത്യഅവധി രണ്ടു ദിവസമാക്കിയിരുന്നു. 2006 ലാണ് വെള്ളിയും ശനിയും വാരാന്ത്യ അവധിയെന്ന സമയക്രമത്തിലേക്കുവന്നത്. ഒടുവിൽ 2022 ഓടെ അതിനും മാറ്റമുണ്ടാകുന്നു. 

************

മകളെ കരാട്ടെ ക്ളാസിനു ചേർക്കാൻ ചെന്ന വീട്ടമ്മ ഒടുവിൽ കരാട്ടെയും പഠിച്ചു ച്യാംപ്യൻപട്ടവും നേടി. ദുബായിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അംബിക സുനീഷാണ് ആരോഗ്യസംരക്ഷണരംഗത്തും കരാട്ടെയിലും നേട്ടങ്ങൾ സ്വന്തമാക്കുന്നത്. ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്വന്തമാക്കാൻ കുറുക്കുവഴികളില്ലെന്ന ഓർമപ്പെടുത്തലോടെയാണ് ഈ 36കാരി ജീവിതം ആഘോഷമാക്കുന്നത്.

വിവാഹശേഷം മക്കൾക്കും കുടുംബത്തിനുമൊക്കെയായി മാത്രം ജീവിക്കുമ്പോൾ സ്വന്തമായി ജീവിക്കാനും സ്വന്തം സ്വപ്നങ്ങൾക്കായി ജീവിക്കാനുമൊക്കെ മറക്കുന്നവർ കണ്ണൂർ പള്ളിക്കുന്നം സ്വദേശിയായ പ്രവാസിമലയാളി അംബിക സുനീഷിൻറെ ജീവിതം കാണണം. 2004 ലാണ് വിവാഹശേഷം ഭർത്താവ് സുനീഷിനൊപ്പം അംബിക ദുബായിലെത്തിയത്. രണ്ടു മക്കളും കുടുംബവുമായി മുന്നോട്ടുപോകുമ്പോഴാണ് സ്വന്തം സന്തോഷത്തിനുവേണ്ടിക്കൂടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്ന് 2014 ൽ ജിംനേഷ്യത്തിൽ ചേർന്നത്.

മകള്‍ ദേവ്നയെ കരാട്ടെ പഠിപ്പിക്കാൻ വീടിനടുത്തുള്ള കരാട്ടെ കിഡ് എന്ന സ്ഥാപനത്തിൽ ചേർത്തിരുന്നു. മകൾ പരിശീലിക്കുന്ന ഒരു മണിക്കൂറിലധികം സമയം കാത്തുനിന്നു ബോറടിക്കുമെന്നു തോന്നിയപ്പോഴാണ് കരാട്ടെ കൂടി പഠിക്കാമെന്ന ചിന്ത വന്നത്. അങ്ങനെ അതേ പരിശീലന കേന്ദ്രത്തിൽ തന്നെ കഴിഞ്ഞ ഫെബ്രുവരിയിൽ കരാട്ടെയും പഠിക്കാൻ ചേർന്നു. 

അങ്ങനെ കരാട്ടെ പഠിക്കാൻ തുടങ്ങി പത്തുമാസമെത്തിയപ്പോൾ മൽസരത്തിൽ പങ്കെടുക്കാൻ പരിശീലകരുടെ അനുമതി ലഭിച്ചു. കഴിഞ്ഞമാസം അവസാനം ദുബായിൽ നടന്ന രാജ്യാന്തര കരാട്ടെ മൽസരത്തിൽ ഒന്നാം സമ്മാനം നേടിയാണ് അംബിക മികവുകാട്ടിയത്. വിവിധരാജ്യക്കാരായവരോടു ഏറ്റുമുട്ടിയാണ് ഈ അംബിക ഒന്നാമതെത്തിയത്.  ഇൻറർനാഷണൽ പേഴ്സണൽ ട്രെയിനറാകുന്നതിൻറെ ചുവടുവയ്പ്പിലാണ് അംബികയിപ്പോൾ. കറാമയിലെ ലീഡേഴ്സ് ഫിറ്റ്നസ് അക്കാദമിയിൽ നിന്നും ഫിറ്റ്നസിലെ ലെവൽ ത്രീ അഡ്വാൻസ് കോഴ്സ്  പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമത്തിലാണ്. അതിനുശേഷം ഔദ്യോഗികമായി രാജ്യാന്തരതലത്തിൽ വ്യക്തിഗത പരിശീലനം നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് താൽപര്യം. 

നിലവിൽ എയ്റോബികിസിൽ കുട്ടികൾക്കും സ്ത്രീകൾക്കും ഓൺലൈനായി പരിശീലനം നൽകുന്നുണ്ട്. യുഎഇയിലെ സ്വദേശിവനിതകളടക്കം ഒട്ടേറെപ്പേരാണ് പരിശീലനം നേടാൻ അംബികയെ സമീപിക്കുന്നത്. ഇതിനൊപ്പം മറ്റൊരു സ്വപ്നംകൂടിയുണ്ട്. ആരോഗ്യസംരക്ഷണത്തിനുള്ള ശ്രമങ്ങൾക്ക് പലരും മടികാട്ടുമ്പോഴും ആഗ്രഹമനുസരിച്ച് മുന്നോട്ടു നീങ്ങുന്ന അംബികയുടെ ഇച്ഛാശക്തിക്കാണ് പരിശീലകർ നൂറുമാർക്കും നൽകുന്നത്. മാതാപിതാക്കളായ രവീന്ദ്രൻറേയും ഉഷയുടേയും അനുഗ്രഹത്തോടെ, ഭർത്താവ് സുനീഷിൻറേയും മക്കളായ യും പിന്തുണയോടെയുമാണ് അംബികയുടെ മുന്നോട്ടുള്ള ചുവടുവയ്പ്പുകൾ. കോവിഡ് കാലത്ത് ആരോഗ്യസംരക്ഷണത്തിൻറെ ആവശ്യകത ചർച്ച ചെയ്യപ്പെടുന്ന ലോകത്തിനു മുന്നിൽ ഒരു വീട്ടമ്മയുടെ ഈ ശ്രമങ്ങളും വിജയവുമെല്ലാം വിവിധസാഹചര്യങ്ങൾകാരണം വ്യായാമം മുടക്കി ആരോഗ്യം നോക്കാതെ ജീവിക്കുന്നവർക്കു സ്വീകരിക്കാവുന്ന വലിയ മാതൃകകൂടിയാണ്.

*****************

എന്തു ഭക്ഷിക്കണമെന്ന ചിന്ത മഹാമാരിക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യജീവിതത്തിനു നല്ല ഭക്ഷണമാണ് വേണ്ടതെന്ന ചിന്തയിൽ ചിലരെങ്കിലും ജൈവ പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലേക്ക് മാറിയിട്ടുണ്ട്. അത്തരം ഉൽപ്പന്നങ്ങളെക്കുറിച്ചറിയാനും കാണാനും വ്യാപാരസാധ്യതകൾക്കുമൊക്കെ അവസരമൊരുക്കിയാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ജൈവ പ്രകൃതിദത്ത ഉൽപ്പന്നങ്ങളുെ പ്രദർശനവ്യാപാരമേള ദുബായിൽ സംഘടിപ്പിച്ചത്. ആ കാഴ്ചയാണ് ഇനി കാണുന്നത്. 

മണ്ണില്ലാതെയും ചെടിവളർത്താം. അതിനുള്ള ജൈവ ഉൽപ്പന്നമാണ് റഷ്യൻ സ്വകാര്യ കമ്പനി ദുബായ് വേൾഡ് ട്രേഡ് സെൻററിലെ ജൈവ,പ്രകൃതിദത്ത പ്രദർശനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ഫാഗ്നം എന്ന ജനുസിലുള്ള പായലുകൾകൊണ്ടു നിർമിച്ചതാണ് ഈ കൃതൃമജൈവഉൽപ്പന്നം. മണ്ണുപയോഗിക്കാനാകാത്ത ഇടങ്ങളിൽ കൃത്യമായി വെള്ളം നൽകി സ്ഫാഗ്നത്തിലൂടെ പൂച്ചെടികളേയും ചെറിയഫലവൃക്ഷങ്ങളേയുമൊക്കെ വളർത്താനാകും. 

ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളാൽ സമ്പന്നമാണ് പ്രദർശനം. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൻറെ രക്ഷകർതൃത്വത്തിൽ ഗ്ളോബൽ ലിങ്ക്സ് എക്സിബിഷൻസാണ് വ്യാപാരമേളസംഘടിപ്പിച്ചത്. ഇന്ത്യ, യുഎഇ, റഷ്യ, അർമേനിയ, സ്പെയിൻ, ഇറാൻ തുടങ്ങി 10 രാജ്യങ്ങളുടെ പവിലിയനുകളടക്കം 45 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം പ്രദർശകരാണ് ഓർഗാനിക് ആൻ നാച്വുറൽ പ്രൊഡക്റ്റ്സ് എക്സ്പോ ദുബായിൽ അണിനിരന്നത്. യാതൊരുവിധ രാസവസ്തുക്കളും കലരാത്ത ശുദ്ധവു ആരോഗ്യപ്രദവുമായ ഉൽപ്പന്നങ്ങൾ മേളയിൽ അവതരിപ്പിച്ചു. 

വിവിധരാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് വ്യാപാരകരാറുകളിൽ ഏർപ്പെടുന്നതിനുള്ള വലിയ വേദികൂടിയായിരുന്നു പ്രദർശനം. മുപ്പതിലധികം വിതരണക്കാർ അവരുടെ പുതിയ ഉൽപ്പന്നങ്ങൾ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു.  ഭക്ഷണം, പാനീയം, സൗന്ദര്യം, ആരോഗ്യം,  പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ നിന്നുള്ള പങ്കാളിത്തമാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. യുഎഇയിലും മറ്റ് മേഖലകളിലും പ്രകൃതിദത്തവും വൃത്തിയുള്ളതുമായ ഉൽപ്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ആനുകൂല്യങ്ങൾ, നല്ല വരുമാനം, ഭക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം ഇത്തരം ജൈവ പ്രകൃതിദത്ത പ്രദർശനങ്ങളുടെ പ്രധാന്യം വർധിപ്പിക്കുന്നു.

യുഎഇയിലെ പത്തോളം പ്രാദേശിക ഫാമുകളും അവരുടെ ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. കാലാവസ്ഥാവ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൻറെ പിന്തുണയോടെ ഫാർമേഴ്സ് സൂക്കും ഒരുക്കിയിരുന്നു. രാജ്യത്തെ ജൈവഫാമുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായുള്ള പിന്തുണയും നടപടിയും നേരിട്ടറിയാനും മേളയിൽ അവസരമൊരുക്കി.  സമഗ്രവും സംയോജിതവുമായ ആരോഗ്യ സേവന സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക യോഗങ്ങളും മേളയോടനുബന്ധിച്ചു സംഘടിപ്പിച്ചു. പ്രശസ്ത ഷെഫുകളുടെ തത്സമയ പാചക സെഷനുകളിൽ ജൈവവും ആരോഗ്യകരവുമായ ചേരുവകൾ നിറയുന്ന ഓർഗാനിക് സൂപ്പർ അടുക്കളകളാണ് അവതരിപ്പിച്ചത്. 

ഇത്തരത്തിൽ മാറുന്ന ലോകക്രമത്തിൽ ആരോഗ്യത്തിനും ആരോഗ്യകരമായ ഭക്ഷണത്തിനുമുള്ള പ്രാധാന്യം ജനങ്ങളെ മനസിലാക്കുന്നതിനുള്ള വേദികൂടിയായിരുന്നു ജൈവ,പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ പ്രദർശനമേള. മലയാളികളടക്കം ആയിരങ്ങളാണ് മേളകാണാനും വ്യാപാരഇടപാടുകൾക്കുമൊക്കെയായി വേൾഡ് ട്രേഡ് സെൻററിലെ പ്രദർശനത്തിൻറെ ഭാഗമായത്.

****************

ഭക്ഷണനിർമാണ രംഗങ്ങളിലെ നൂതനവിദ്യകൾ പരിചയപ്പെടുത്തി സിയാൽ പ്രദർശന വിപണന മേള. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകർ പങ്കെടുത്ത അബുദാബിയിലെ സിയാൽ മേളയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

നമുക്കു മുന്നിലെത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ സാങ്കേതിക വിദ്യകളിലൂടെയാണ് ഒരുക്കുന്നതെന്നു മനസിലാക്കാൻ അവസരമൊരുക്കി അബുദാബിയിൽ സിയാൽ മേള. ഭക്ഷണപാനീയ നിർമാണ മേഖലയിലെ  നൂതനസാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഭക്ഷ്യ പാനീയങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ ഒരുക്കിയിരുന്നു. അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിൽ നടന്ന മേളയിൽ 24 രാജ്യങ്ങളിൽ നിന്നുള്ള 450 പ്രദർശകരാണ് പങ്കെടുത്തത്.

വിവിധ രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ പാചകരീതികളുടെ തത്സമയ അവതരണവും ശ്രദ്ധേയമായി. ഈന്തപ്പഴഉത്സവവും മേളയുടെ നല്ലകാഴ്ചയായി. വാണിജ്യ സൗഹൃദക്കൂട്ടായ്മയില്‍ ഗുണനിലവാരമുള്ള സാധനങ്ങൾ ഒരു കുടകീഴിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിയാൽ മിഡിൽ ഈസ്റ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. രാജ്യാന്തര ബ്രാൻഡുകളുമായി സഹകരിച്ച് ഏറ്റവും പുതിയ ഉൽപന്നങ്ങളുമായി ലുലു ഗ്രൂപ്പും സാന്നിധ്യമറിയിച്ചു. ലുലു ബ്രാൻഡിൽ പാൽ ഉൾപ്പെടെ ഒട്ടേറെ ഇനങ്ങളും പുതുതായി വിപണിയിലിറക്കി. 

ഭക്ഷണമേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ, സാങ്കേതികവിദ്യകൾ, നൂതന യന്ത്രങ്ങൾ തുടങ്ങി ലൈവ് കുക്കിങ് ഷോകളും മേളയിൽ ആകർഷകമായി.   ഇന്ത്യ, ശ്രീലങ്ക , റഷ്യ ,ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളുടേയും അബുദാബി ചേംബര്‍, അബുദാബി ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വിഭാഗം, അബുദാബി പച്ചക്കറി-ഓയില്‍ വിഭാഗം തുടങ്ങിയവയും പ്രത്യേക സ്റ്റോളുകളും ഒരുക്കിയിരുന്നു. 

മൂന്നു ദിവസം നീണ്ട പ്രദർശനം യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ഉദ്ഘാടനം ചെയ്തത്. മലയാളികളടക്കം വിദേശികളും സ്വദേശികളും മേളയുടെ ഭാഗമായി.

MORE IN GULF THIS WEEK
SHOW MORE