192 രാജ്യങ്ങളുടെ മഹാമേള; ലോകം കാത്തിരുന്ന വിസ്മയക്കാഴ്ചകൾ

Gulf-This-Week
SHARE

ലോകം കാത്തിരുന്ന വിസ്മയക്കാഴ്ചകൾക്ക്, ദുബായ് രാജ്യാന്തര എക്സ്പോയ്ക്ക് മിഴി തുറന്നു. ഇനി ആറു മാസം 192 രാജ്യങ്ങളുടെ വൈവിധ്യങ്ങളെല്ലാം അണിനിരക്കുന്ന കാഴ്ചകളാകും ഈ നഗരം കാണുന്നത്. എക്സ്പോ വിശേഷങ്ങളും പ്രവാസലോകത്തെ കാഴ്ചകളുമൊക്കെയായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് കടക്കുകയാണ് സ്വാഗതം.

രാജ്യാന്തര എക്സ്പോയ്ക്ക് ഇതാദ്യമായി ദുബായ് വേദിയാവുകയാണ്. എന്താണ് ദുബായ് എക്സ്പോ, എങ്ങനെയാണ് എക്സ്പോയ്ക്ക് വേദിയാകാൻ ദുബായ്ക്ക് അവസരം ലഭിച്ചത്. എങ്ങനെയായിരുന്നു എക്സ്പോയ്ക്കായുള്ള ദുബായുടെ ഒരുക്കങ്ങൾ. മഹാമാരിയെപ്പോലും അതിജീവിച്ച ആ മനോഹരകാഴ്ചകളാണ് ആദ്യം കാണുന്നത്.

രാജ്യാന്തര എക്സ്പോകൾക്ക് നേതൃത്വമേകുന്ന ബ്യൂറോ ഓഫ് ഇൻറർനാഷണൽ എക്സ്പൊസിഷൻസിലെ 167 അംഗരാഷ്ട്രങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് 2013 നവംബർ 26 ന് എക്സ്പോ 2020യുടെ സംഘാടകരായി ദുബായിയെ തിരഞ്ഞെടുത്തത്. വ്യക്തമായ മുൻതൂക്കത്തോടെ തുർക്കി, റഷ്യ, ബ്രസീൽ എന്നിവരെ പിന്തള്ളിയാണ് അന്നു ദുബായ് ജേതാക്കളായത്. ആ നിമിഷത്തെ സ്വപ്നമാണ് സാഫല്യമാകുന്നത്. രാജ്യാന്തര എക്സ്പോയുടെ 35 ആം പതിപ്പിനാണ് ദുബായ് വേദിയാകുന്നു. 170 വർഷത്തെ എക്സ്പോ ചരിത്രത്തിലെ ഏറ്റവും മികച്ച എക്സ്പോ അനുഭവം ഒരുക്കിയാണ് ദുബായ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. 1851 ലെ ലണ്ടൻ പ്രദർശനത്തിൽ തുടങ്ങുന്ന എക്സ്പോ ചരിത്രത്തിൽ ഇത്രത്തോളം വെല്ലുവിളികൾ നേരിട്ട സന്ദർഭങ്ങളും അപൂർവമാണ്. എട്ടുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ മഹാമാരിയേയും അതിജീവിച്ച് ദുബായ് എക്സ്പോ യാഥാർഥ്യമായിരിക്കുന്നു. മനുഷ്യ പ്രയത്നങ്ങളുടെ പ്രദർശനവേദിയാണ് ഓരോ എക്സ്പോയും. മധ്യപൂർവദേശത്തേക്ക് ആദ്യമായെത്തിയ എക്സ്പോ ആവേശമാക്കാനുള്ള ഒരുക്കങ്ങളായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. 2020ൽ നടക്കേണ്ടിയിരുന്ന എക്സ്പോ മഹാമാരി കാരണം 2021 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മനസുകളെ കൂട്ടിയിണക്കുക; ഭാവി സൃഷ്ടിക്കുക എന്നതാണ് ദുബായ് എക്സ്പോ 2020യുടെ പ്രമേയം. 

മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് കഠിനപ്രയത്നത്തിലൂടെ ഇന്ന് വിസ്മയക്കാഴ്ചകൾക്ക് വേദിയായി മാറിയിരിക്കുന്നത്. 6.8 ബില്യൺ ഡോളർ ചെലവഴിച്ചാണ് ദുബായ് എക്സ്പോ വേദിയൊരുക്കിയത്. രണ്ടരക്കോടി സന്ദർശകരെയാണ് ആറുമാസങ്ങളിലായി പ്രതീക്ഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ മേൽനോട്ടത്തിലും നിർദേശത്തിലുമായിരുന്നു എക്സ്പോയുടെ ഓരോ ഘട്ടനിർമാണവും. ദുബായ് നഗരത്തിലേയും എക്സ്പോ വേദിയിലേയും പുൽനാമ്പുകളെ വളർത്തുന്നതു മുതൽ വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന അൽ വാസൽ കെട്ടിടം വരെയുള്ള ഓരോ നിർമിതിയിലും പുതുമ സൃഷ്ടിക്കാനായെന്നതാണ് എക്സ്പോയുടെ ആദ്യ വിജയം.

എക്സ്പോയുടെ ലോഗോ തിരഞ്ഞെടുക്കുന്നതു മുതൽ വലിയ കെട്ടിടങ്ങളുടെയും മെട്രോയുടേയുമൊക്കെ നിർമിതികളിൽ വരെ അറബ് സാംസ്കാരികത്തനിമ നിലനിർത്തിയാണ് എക്സ്പോയെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്. യുഎഇയിലെ സറൂഖ് അൽ ഹദീദി പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച മോതിരസമാനമായ വസ്തുവിൽ നിന്നാണ് ലോഗോയുടെ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. മൂവായിരം മുതൽ അയ്യായിരം വർഷം വരെ പഴക്കമുള്ള ഈ റിങ് പരിഷ്കരിച്ചാണ് മനസുകളെ ബന്ധിപ്പിക്കുകയെന്ന പ്രമേയത്തോടെ ലോഗോ നിർമിച്ചത്.

192 രാജ്യങ്ങൾക്കും സ്വന്തം പവലിയനുകളുള്ള ആദ്യ എക്സ്പോയാണ് ദുബായിലേത്. ഏറ്റവും വലിയ പവലിയനുകളിലൊന്നാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ ഓർമപ്പെടുത്തുന്ന ചിത്രങ്ങളും കലാസൃഷ്ടികളുമാണ് പവലിയനിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ഒപ്പം ഇന്ത്യ ലോകത്തിനു സമ്മാനിച്ച ആരോഗ്ജീവിതത്തിൻറെ സന്ദേശമായ യോഗയുടെ വിവിധ രൂപങ്ങളും കാണാം. 

നാലുനിലയിൽ 11 സോണുകളായി തിരിച്ചാണ് ഇന്ത്യൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. ബഹിരാകാശശാസ്ത്രം, റൊബോട്ടിക്സ്, വിദ്യാഭ്യാസം, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം, ക്രിപ്റ്റോ കറൻസി, ബ്ളോക് ചെയ്ൻ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റമാണ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. കേരളമടക്കം 15 സംസ്ഥാനങ്ങളുടേയും അഞ്ചു കേന്ദ്രഭരണപ്രദേശങ്ങളുടേയും പ്രത്യേക പങ്കാളിത്തമുണ്ടാകും. വ്യവസായ, വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരം, ആയുഷ്, പെട്രോളിയം, പരിസ്ഥിതി, വനം,കാലാവസ്ഥാ, പുനരുപയോഗ ഊർജം തുടങ്ങിയ മന്ത്രാലയങ്ങളുടെ പങ്കാളിത്തവും ഇന്ത്യൻ പവലിയനിലുണ്ടാകും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രത്യേക ലൈറ്റ് ആൻഡ് സൌണ്ട് ഷോയും അവതരിപ്പിക്കും. 

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനാഘോഷവും യുഎഇയുടെ അൻപതാം ദേശീയദിനവും ഒരുമിച്ചു ആഘോഷിക്കുന്നതിനൊപ്പം ദീപാവലി, നവരാത്രി തുടങ്ങിയ ഇന്ത്യൻ ഉത്സവങ്ങളും റിപ്ളബ്ളിക് ദിനവും ഇന്ത്യൻ പവലിയനിലെ വലിയ ആഘോഷങ്ങളായിരിക്കും. 

കാഴ്ചകൾ കണ്ടു മടങ്ങുകയെന്നതിനപ്പുറം വലിയ വാണിജ്യ, വ്യവസായ സാധ്യതകൾക്കു കൂടിയാണ് എക്സ്പോ വഴി തുറക്കുന്നത്. വിദ്യർഥികൾക്കും പുതിയ സംരംഭകർക്കുമൊക്കെ വലിയ സാധ്യതകളാണുള്ളത്. ഓരോ രാജ്യത്തിൻറേയും പവലിയനുകളിൽ അതാതു രാജ്യത്തെ വമ്പൻ വ്യവസായികളുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് അനുമതിയുണ്ടാകും. കണ്ടുപിടുത്തങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നതിനും അതുവഴി വാണിജ്യ,സംരംഭ സാധ്യതകൾ കണ്ടെത്തുന്നതിനും പുതിയതലമുറയ്ക്ക് ഏറ്റവും പ്രയോജനപ്പെടുത്താവുന്ന വേദിയായിരിക്കും ദുബായ് എക്സ്പോ 2020.

ഇത്തരത്തിൽ കലാപരിപാടികളിൽ മുതൽ സാമ്പത്തിക മേഖലയിൽ വരെ വൻ കുതിച്ചുചാട്ടങ്ങൾക്ക് വേദിയൊരുക്കിയാണ് എക്സ്പോ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്. രാജ്യങ്ങളുടെ പവലിയനുകൾക്കു പുറമേ വനിതകളുടെ മുന്നേറ്റവും ആശയങ്ങളും അവതരിപ്പിക്കാൻ ഇതാദ്യമായി വനിതാ പവലിയനുമുണ്ട്. സുസ്ഥിരത, ചലനാത്മകത, അവസരങ്ങൾ എന്നീ മൂന്ന് മേഖലകളിലായാണ് എക്സ്പോ വേദിയൊരുക്കിയിരിക്കുന്നത്. ഓരോ മേഖലകളിലും പവലിയനുകളും വ്യത്യസ്തകാഴ്ചകളുമുണ്ടാകും. കോവിഡിനെ അതിജീവിക്കുന്ന ലോകത്തിന് വലിയ പ്രതീക്ഷയായാണ് എക്സ്പോ പങ്കുവയ്ക്കുന്നത്. ഇന്നുവരെ കാണാത്ത കാഴ്ചകളും വിസ്മയങ്ങളും ഒരുക്കി എക്സ്പോയുടെ വാതിൽ തുറന്നിരിക്കുന്നു. ആറു മാസത്തേക്ക് മികവിൻറെ കാഴ്ചകളാൽ സമ്പന്നമായിരിക്കും ദുബായ് എന്ന ഈ സ്വപ്നനഗരം. 

**********************************************

മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയം ഈ വർഷാവസാനത്തോടെ പൊതുജനങ്ങൾക്കായി തുറക്കും. അബുദാബി അൽഖാനായിലാണ് സമുദ്രജീവികളാൽ സമ്പന്നമായ നാഷണൽ അക്വേറിയം ഒരുക്കിയിരിക്കുന്നത്. 7,000 ചതുരശ്രമീറ്ററിലെ ആ വിസ്മയക്കാഴ്ചകളാണ് ഇനി കാണുന്നത്. 

സമുദ്രത്തിലെ ആഴമേറിയ ഭാഗത്തെ മനോഹരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ അടുത്തുകാണാൻ അവസരമൊരുക്കിയാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയം അബുദാബിയിൽ ഒരുങ്ങുന്നത്. 7,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 46,000 ജലജീവികളാണ് അൽ ഖാനാ അക്വേറിയത്തിലുള്ളത്. അവയെ അടുത്തുകാണാമെന്നു മാത്രമല്ല ചില ജീവികൾക്ക് ഭക്ഷണം നൽകുന്നതിനും സൌകര്യമൊരുക്കും. സമുദ്രാന്തർഭാഗത്തെ ജീവൻറെ കാഴ്ചകൾ അതേപടി അവതരിപ്പിച്ചിരിക്കുന്നു. വെള്ളത്തിനു മധ്യേ നടന്നു കാണാവുന്ന തരത്തിലാണ് അക്വേറിയം ഒരുക്കിയിരിക്കുന്നത്. സമുദ്രത്തിലെ അതേ ആവാസവ്യവസ്ഥയൊരുക്കിയാണ് അക്വേറിയം നിർമിച്ചിരിക്കുന്നത്.

തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന നീളവും ഭംഗിയുമേറിയ റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പായിരിക്കും ഏറ്റവും ശ്രദ്ധേയമായ ജീവി. 14 വയസുള്ള പെൺപാമ്പിൻറെ ഭാരം 115 കിലോയാണ്. താങ്ങിയെടുക്കണമെങ്കിൽ 12 പേർവേണ്ടിവരും. താറാവും മുയലുമൊക്കെയാണ് ഇഷ്ടഭക്ഷണം. വിഷമില്ലാത്ത ഇവ ഇരകളെ ചുറ്റിവരിഞ്ഞാണ് വിഴുങ്ങുന്നത്. വെള്ളം നിറഞ്ഞ വനമേഖലയിലാണ് ഈ സൂപ്പർ സ്നേക്കുകൾ വളരുന്നത്. അക്വേറിയത്തിൽ മഴക്കാടുകളായി ഒരുക്കിയിരിക്കുന്ന ഭാഗത്ത് 8,000 ലേറെ ജീവികൾക്കൊപ്പമായിരിക്കും താമസം. 

10 വ്യത്യസ്ത സോണുകളിലായി നിർമിച്ചിരിക്കുന്ന അക്വേറിയത്തിൽ 25 വ്യത്യസ്ത ഇനങ്ങളിലുള്ള ഇരുന്നൂറോളം സ്രാവുകളും വിവിധയിനം തെരണ്ടികളുമടക്കമുള്ള സമുദ്രജീവികളുണ്ട്. സാൻഡ് ടൈഗർ, ലെമൺ, ബ്ളാക് ടിപ് റീഫ് തുടങ്ങി വിവിധയിനം സ്രാവുകളെ അടുത്തുകണ്ടു ഭക്ഷണം നൽകാനും സന്ദർശകർക്ക് സൌകര്യമുണ്ടാകും. സമുദ്ര, നദീ  ജീവികൾക്കൊപ്പം പക്ഷികളും ആഫ്രിക്കൻ കാടുകളിൽ മാത്രം കാണപ്പെടുന്ന കുരങ്ങൻമാരുൾപ്പെടെ നിരവധി ജീവജാലങ്ങളേയും ഇവിടെ കാണാം. 

സമുദ്രജീവികളെക്കുറിച്ചുള്ള പഠനഗവേഷണ കേന്ദ്രം കൂടിയാണ് നാഷണൽ അക്വേറിയം. എൺപതോളം മറൈൻ സ്പെഷ്യലിസ്റ്റുകളുടേയും മറ്റുവിദഗ്ദരുടേയും സംഘമാണ് ജീവികളെ പരിപാലിക്കുന്നതും മറ്റു സൌകര്യങ്ങളൊരുക്കുന്നതും. ദുബായിലേയും ചൈനയിലേയും ന്യൂസിലാൻഡിലേയുമൊക്കെ മികച്ച അക്വേറിയങ്ങളൊരുക്കിയിട്ടുള്ള പോൾ ഹാമിൽട്ടനാണ് നാഷണൽ അക്വേറിയത്തിൻറെ നേതൃത്വം.

അബുദാബി നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെ അബുദബി  മുസഫ്ഫ റോഡിലാണ് ദ നാഷണല്‍ അക്വേറിയം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് വിസ്മയപ്പിക്കുന്ന കാഴ്ച ഉറപ്പുനൽകുന്ന ഇടമായിരിക്കും ഈ അക്വേറിയം. നിർമാണത്തിൻറെ അന്തിമഘട്ടം പൂർത്തിയാക്കി ഈ വർഷാവസാനത്തോടെ അക്വേറിയം പൊതുജനങ്ങൾക്കായി തുറക്കം.

**********************************************

അറേബ്യൻ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തി അബുദാബിയിൽ അഡിഹെക്സ് പ്രദർശനം. സാഹസികസംസ്കാര പൈതൃകത്തിൻറെ നേർക്കാഴ്ചകളൊരുക്കിയ പ്രദർശനത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

അറേബ്യൻ ജനതയ്ക്കുമാത്രം അവകാശപ്പെട്ട സാഹസിക സംസ്കാര പൈതൃകത്തിന്റെ വിസ്മയക്കാഴ്ചകളാണ് അബുദാബി നാഷണൽ എക്സിബിഷൻ സെൻററിൽ ഒരുക്കിയിരിക്കുന്ന ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനത്തിൽ കാണുന്നത്. പഴയതും പുതിയതുമായ വേട്ട ഉപകരണങ്ങൾ, സഫാരി കാഴ്ചകൾ, ആയുധ പ്രദർശനം തുടങ്ങിയവ കൌതുകകാഴ്ചകളാണ്. 

44 രാജ്യങ്ങളിൽ നിന്നുള്ള 680 കമ്പനികൾ അവതരിപ്പിച്ച നൂതന വേട്ട ഉപകരണങ്ങൾ  കാണികളെ വിസ്മയിപ്പിക്കുന്നു. കോടികൾ വിലമതിക്കുന്ന തോക്കുകൾ മുതൽ നാടൻ അമ്പും വില്ലും വരെ നിരത്തിയ പ്രദർശനത്തിൽ വേട്ട ഉപകരണങ്ങൾ കാണാനും വാങ്ങാനും അവസരമുണ്ട്. തോക്കുകൾ, റിവോൾവറുകൾ, കഠാര, ബൈനോക്കുലർ, വാൾ തുടങ്ങിയ വേട്ട ഉപകരണങ്ങളുടെ വിപുലമായ ശേഖരമാണിവിടെയുള്ളത്.

വേട്ടയ്ക്കായി ഏതു ദുർഘട പാതകളെയും കീറിമുറിച്ച് മുന്നോട്ടുനീങ്ങാവുന്ന ഏറ്റവും പുതിയ ട്രെയ്്ലർ, ഓഫ് റോഡ് വാഹനങ്ങൾ, ബൈക്ക് എന്നിവയും സാഹസിക വിനോദ സഞ്ചാരിൾക്ക് ആവേശ കാഴ്ചയാണ് സമ്മാനിക്കുന്നത് .

കുതിര സവാരിക്കും മരുഭൂ വാസത്തിനും മീൻ പിടിക്കാനും അനുബന്ധ കായിക വിനോദങ്ങൾക്കും പറ്റിയ ഉപകരണങ്ങളും മേളയിൽ കാണാം. വിവിധ രാജ്യങ്ങളിൽനിന്നുള്ള വേട്ട നായകളുടെ പ്രദർശനം പ്രാപ്പിടിയൻ ലേലം തുടങ്ങിയവ കാണികളെ ആകർഷിക്കുന്നു. ആധുനികതയും പാരമ്പര്യവും സമ്മേളിക്കുന്ന കാഴ്ചയാണ് മേള സമ്മാനിക്കുന്നത്.

വിവിധരാജ്യങ്ങളിൽ നിന്നുള്ള നായ്ക്കളുടെ പ്രത്യേക പ്രദർശനവും അലൈൻ മൃഗശാലയിലെ തത്തകളുടെ പ്രത്യേക ഷോയും അരങ്ങേറുന്നുണ്ട് .  ഫാല്‍ക്കൺ, വേട്ടയാടല്‍, കുതിരസവാരി പ്രേമികള്‍, , വ്യാപാരികള്‍, വിവിധ രാഷ്ട്ര പ്രതിനിധികൾ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍, തുടങ്ങിയവർ പ്രദർശനം കാണാനെത്തുന്നുണ്ട്. വലിയ സാമ്പത്തിവ്യാപാരഇടപാടുകൾക്കുള്ള വേദികൂടിയാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ വേട്ടയാടൽ, കുതിരസവാരി പ്രദർശനമായ അഡിഹെക്സ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...