ഇസ്രയേലുമായി യുഎഇ കൈകോർത്തിട്ട് ഒരാണ്ട്; എന്തുനേടി? ഭാവിയെന്ത്?

gulfthisweek
SHARE

ചരിത്രത്തിലാദ്യാമായി ഇസ്രയേലുമായി യുഎഇയും ബഹ്റൈനും കൈകോർത്തിട്ട് ഒരുവർഷം തികയുന്നു. സമാധാനകരാർ ഒരുവർഷം കൊണ്ട് എന്തുനേടി. വാണിജ്യവ്യാപാരവിനോദസഞ്ചാരമേഖലകളുൾപ്പെടെ എല്ലാരംഗങ്ങളിലും സജീവപങ്കാളിത്തമാണ് കാണുന്നത്. ഒരുവർഷത്തെ ഇസ്രയേൽ യുഎഇ ബഹ്റൈൻ ബന്ധം എങ്ങനെയായിരുന്നു. എന്താണ് ഈ ബന്ധത്തിൻറെ ഭാവി.

അറബ് രാഷ്ട്രങ്ങളുടെ പരമ്പരാഗത വൈരികളാണ്  ഇസ്രയേലെന്ന ചിത്രം മായുന്ന കാഴ്ചയായിരുന്നു 2020 സെപ്റ്റംബർ 15 ന് അമേരിക്കയിലെ വൈറ്റ് ഹൌസിൽ കണ്ടത്. യഹൂദരുടേയും ക്രൈസ്തവരുടേയും ഇസ്ളാം മതവിശ്വാസികളുടേയും പൂർവപിതാവായ അബ്രഹാമിൻറെ പേരിലുള്ള സമാധാനക്കരാറിലൂടെ ചരിത്രത്തിലെ ഏറ്റവും വിപ്ളവാത്മകമായ തീരുമാനത്തിലൂടെ പുതിയ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ല ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവർ മുൻയുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മധ്യസ്ഥതയിലായിരുന്നു സമാധാനക്കരാറിൽ ഒപ്പുവച്ചത്. 

തൊട്ടടുത്തദിവസങ്ങളിലായി ഇസ്രയേലിൻ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലെത്തി. സൌദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം യാത്ര ചെയ്തതും ചരിത്രസംഭവമായി. അതിലുപരി യുഎഇയും ഇസ്രയേലുമായുള്ള ബന്ധത്തിന് സൌദിയുടെ എതിർപ്പില്ലെന്നതിൻറെ നേർസാക്ഷ്യമായിരുന്നു ആകാശങ്ങളിലെ ആ പാത. ഒക്ടോബർ 12 ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തിയതോടെ സഹകരണം ശക്തമാക്കുന്നതിൻറെ വേഗതകൂടി. യുഎഇ പൌരന് ഇസ്രയേലിലേക്കും ഇസ്രയേൽ പൌരന് യുഎഇയിലേക്കും സഞ്ചരിക്കുന്നതിന് വീസ വേണ്ടായെന്ന വീസ ഫ്രീ സംവിധാനം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചു. കരാർ യാഥാർഥ്യമായി ഒരു മാസം പിന്നിടും മുൻപുതന്നെ ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബുദാബിയിലുമെത്തി.

മേഖലയിലെ സാമ്പത്തിക വികസനത്തിനായി മൂന്ന് ബില്യൺ ഡോളർ ഫണ്ട് രൂപീകരിക്കാൻ ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്ന് തീരുമാനിച്ചതും പ്രതീക്ഷനൽകുന്ന പ്രഖ്യാപനമായിരുന്നു. സെപ്റ്റംബർ 15 ന് കരാർ യാഥാർഥ്യമായതിനു പിന്നാലെ സഹകരണനീക്കങ്ങൾ ചടുലമായി. ഇതുവരെയുണ്ടായിരുന്ന വിയോജിപ്പുകളെല്ലാം മാറ്റിവച്ച് വികസനത്തിനും സഹകരണത്തിനും മാത്രമുള്ള കാരണങ്ങൾ കണ്ടെത്തുകയായിരുന്നു യുഎഇയും ഇസ്രയേലും. ഇരുരാജ്യങ്ങളുടേയും നയതന്ത്ര കാര്യാലയങ്ങൾകൂടി സ്ഥാപിക്കപ്പെട്ടതോടെ നയതന്ത്ര ബന്ധം പൂർണസ്ഥിതിയിലേക്ക് മാറി. ഇസ്രയേൽ എംബസി അബുദാബിയിലും കോൺസുലേറ്റ് ദുബായിലുമായി സ്ഥാപിച്ചു. ടെൽ അവീവിൽ ചരിത്രത്തിലാദ്യമായി യുഎഇ നയതന്ത്ര കാര്യാലയത്തിനു മുകളിൽ യുഎഇയുടെ ചതുർവർണ പതാകപാറി.

നിർമിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യ, വിനോദസഞ്ചാരം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ യുഎഇ സംഘടിപ്പിച്ച വിവിധ പ്രദർശനങ്ങളിൽ ഇസ്രയേലിലെ സർക്കാർ വകുപ്പുകളും സ്വകാര്യ സംരംഭകരും വ്യവസായികളുമൊക്കെ പങ്കെടുത്തു. വിവലിയ നിക്ഷേപങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും നിക്ഷേപപങ്കാളിത്തത്തിനും ഇടമൊരുക്കി ഈ പരിപാടികൾ. 

അബ്രഹാം കരാർ യാഥാർഥ്യമായതിൻറെ ഒന്നാം വാർഷികത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യവ്യാപരഇടപാടുകൾ പത്തുവർഷത്തിനകം  ഒരുലക്ഷം കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തൌക് അൽമാറ പ്രഖ്യാപിച്ചു. നിലവിൽ 700 മില്യൺ ഡോളർ സാമ്പത്തിക ഇടപാടുകളാണ് യുഎഇയും ഇസ്രയേലും തമ്മിലുള്ളത്. റിയൽ എസ്റ്റേറ്റ്, ഊർജം,ആരോഗ്യം, ഊർജം,വ്യവസായം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച സഹകരണമാണ് പുരോഗമിക്കുന്നത്. അതിനാൽതന്നെ ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം അകലെയാവില്ലെന്നാണ് വിലയിരുത്തൽ.

ഇസ്രയേലിലിൽ ബെന്യാമിൻ നെതന്യാഹുവിനു പകരമെത്തിയ നഫ്താലി ബെന്നറ്റ് ഇസ്രയേലും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഊർജം പകരുന്ന നിലപാടുകളാണ് സ്വീകരിച്ചുപോരുന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ എന്നിവരും ഇസ്രയേലുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്ന നിലപാടുകൾ തുടരുകയാണ്. 

ഹീബ്രു പഠനസാംസ്കാരിക കേന്ദ്രം, കോവിഡ് ഗവേഷണരംഗത്ത് ഒരുമിച്ചു നീങ്ങുമെന്ന പ്രഖ്യാപനം, ദുബായ് വേദിയാകുന്ന രാജ്യാന്തര എക്സ്പോയിലെ ഇസ്രയേൽ പങ്കാളിത്തം, ഇസ്രയേൽ-എമറാത്തി മ്യൂസിയം, ആരോഗ്യ, ഊർജ മേഖലകളിലെ വിവിധസ്ഥാപനങ്ങളുടെ സഹകരണം തുടങ്ങിയവയും കഴിഞ്ഞഒരുവർഷത്തിനിടെയുണ്ടായ സഹകരണനീക്കങ്ങളായിരുന്നു. ഇസ്രയേലുമായുള്ള ബന്ധത്തിലൂടെ വിനോദസഞ്ചാരമേഖലയിൽ വലിയ ഉണർവുണ്ടാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടെ രണ്ടുലക്ഷത്തിൽ അധികം സന്ദർശകരാണ് ഇസ്രയേലിൽ നിന്നും യുഎഇയിലെത്തിയത്. അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലെ യഹൂദരും യുഎഇയുടെ വിനോദസഞ്ചാര, റിയൽ എസ്റ്റേറ്റ് മേഖലകളിലെ സ്ഥിരം സന്ദർശകരും നിക്ഷേപകരുമൊക്കെയായി മാറിയെന്നതും കരാർകൊണ്ടുണ്ടായ നേട്ടമാണ്.

കൂടുതൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്നായിരുന്നു യുഎസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞത്. എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ ജിസിസിയിൽ നിന്നും യുഎഇക്കും ബഹ്റൈനും പിന്നാലെ മറ്റൊരു രാജ്യവും ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിനൊരുങ്ങിയിട്ടില്ല. എങ്കിലും സൌദിഅറേബ്യ അടക്കം ഗൾഫ് രാജ്യങ്ങൾക്ക് നേരിട്ടും അല്ലാതെയും ഗുണകരമാകുന്നതാണ് ഇസ്രയേൽ ബന്ധമെന്നാണ് വിലയിരുത്തൽ, ഏറെ പ്രത്യേകിച്ച് യുഎഇക്കും ഇസ്രയേലിനും മാത്രമല്ല സൌദിക്കും ഇറാൻ  ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ പ്രതിരോധം ശക്തമാക്കുന്നതിന് ഗൾഫും ഇസ്രയേലുമായുള്ള ബന്ധം സഹായകരമാകുന്നതായാണ് കരുതുന്നത്. 

ഇസ്രയേൽ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനമായിരിക്കും ഇരുരാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തിൽ അടുത്തഅധ്യായം. പ്രധാനമന്ത്രി പദത്തിൽ നിന്നിറങ്ങും മുൻപ് ബെന്യാമിൻ നെതന്യാഹുവിന് യുഎഇ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം അത് യാഥാർഥ്യമായില്ല. പുതിയ സർക്കാരിലെ വിദേശകാര്യമന്ത്രി യയിർ ലാപിഡാണ്, യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ആദ്യമായെത്തിയ ഇസ്രയേൽ മന്ത്രി. വരും നാളുകളിൽ ഇസ്രയേലുമായുള്ള ബന്ധം എല്ലാതലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് യുഎഇനയത്തിൽ നിന്നും വ്യക്തമാകുന്നത്. അതാകട്ടെ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും എല്ലാത്തിനും ഉപരിയായി വികസനത്തിനുമുള്ള പാതതുറക്കുമെന്നാണ് പ്രതീക്ഷ.

*************************************************

അച്ഛൻറെ എൺപതാം പിറന്നാളിന് മകൻ കൈമാറുന്ന സംഗീതസമ്മാനം. കൊല്ലം ശാസ്താംകോട്ട സ്വദേശി ജി.ശങ്കരപിള്ളയെഴുതിയ ഒരുപിടി കവിതകളാണ് ദുബായിൽ പ്രവാസിമലയാളിയായ മകൻ വിനയമോഹൻ മികവോടെ ആൽബമാക്കി പുറത്തിറക്കിയത്. ശരത് സംഗീതം നിർവഹിച്ച് പി.ജയചന്ദ്രൻ പാടിയ ഹിമബിന്ദു എന്ന കവിതയാണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഒരു അച്ഛൻ മകൻ ബന്ധത്തിൻറെ മനോഹരമായ ആ സംഗീതമാണ് ഇനി നാം കാണുന്നത്, കേൾക്കുന്നത്.

അച്ഛൻറെ എൺപതാം പിറന്നാളിന് മനോഹരമായൊരു സമ്മാനം നൽകണമെന്ന ചിന്തയാണ് ഹിമബിന്ദു എന്ന ഈ സംഗീത ആൽബത്തിൻറെ പിറവിക്കു കാരണം. കൊല്ലം ശാസ്താംകോട്ട സ്വദേശി ജി.ശിവശങ്കരപിള്ള എഴുതിയ കവിതകളാണ് ദുബായിൽ താമസിക്കുന്ന മകൻ വിനയമോഹൻ നിർമിച്ച് ദൃശ്യാവിഷ്കാരമുൾപ്പെടെ ചെയ്ത് അച്ഛൻറെ ജന്മദിനത്തിൽ സമ്മാനമായി കൈമാറിയത്. ശരത്ത് സംഗീതസംവിധാനം നിർവഹിച്ച് മലയാളത്തിൻറെ ഭാവഗായകൻ പി.ജയചന്ദ്രൻറെ ശബ്ദത്തിലൂടെ ആദ്യ ഗാനം ഗാനം ഹിമബിന്ദു പുറത്തിറക്കി. 

മധുരൈയിലും തിരുവനന്തുരത്തുമൊക്കെ റയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര പിള്ള. ജീവിതത്തിരക്കിനിടയിലും കവിതകളോടും കഥകളോടുമുള്ള ഇഷ്ടം എന്നും കാത്തുസൂക്ഷിച്ചിരുന്നു. കാവ്യാത്കമായൊരു ജീവിതം എൺപതു വർഷത്തിലെത്തുമ്പോൾ മകൻ സമർപ്പിക്കുന്ന പിറന്നാൾ സമ്മാനമാണ് ഈ ആൽബം. അച്ഛൻറെ കവിതയെ മനോഹരമായൊരു സംഗീതത്തിൻറെ അകമ്പടിയോടെ ദൃശ്യാവിഷ്കാരം നടത്തിയാണ് അവതരിപ്പിച്ചത്. 

ശരത്ത്, പി.ജയചന്ദ്രൻ തുടങ്ങിയവർ ഈ ആൽബത്തിൻറെ ഭാഗമായെന്നത് വലിയ ഭാഗ്യമായി കരുതുകയാണ് വിനയമോഹൻ. എൺപതാം പിറന്നാളിൽ അച്ഛൻറെ മുഖത്തുവിരിയുന്ന സന്തോഷം ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു നിമിഷമായിരിക്കുമെന്നാണ് വിശ്വാസം. ആ സന്തോഷത്തിൻറെ ഭാഗമാകാൻ, അച്ഛന് സമ്മാനിക്കുന്ന സംഗീതസമർപ്പണത്തിന് പ്രോത്സാഹനവുമായി സംഗീതരംഗത്തെ ഏറ്റവുംമികച്ചവർതന്നെ കൂടെയുണ്ടായിരുന്നു. വിവിധ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ള സന്തോഷ് വാര്യറാണ് കവിതയുടെ ദൃശ്യാവിഷ്കാരം നടത്തിയത്. സന്തോഷ് കീഴാറ്റൂർ, ഇവാൻ അനിൽ, മീനാക്ഷി വാരിയർ തുടങ്ങിയവരാണ് അഭിനേതാക്കൾ. കണ്ണൂരിൽ രണ്ടുദിവസംകൊണ്ടു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം.  വിനയമോഹൻ പ്രസൻറ്സ് എന്ന സ്വന്തം യു ട്യൂബ് ചാനലിലൂടെയാണ് ഹിമബിന്ദു അവതരിപ്പിച്ചത്.

നാലു ഗാനങ്ങളുടെ സംഗീതസംവിധാനം പൂർത്തിയാക്കി.  ശ്രീനിവാസ്, ശ്വേതാ മോഹൻ, സുധീപ് കുമാർ തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. അതിൽ സുധീപ് കൂമാർ പാടിയ ഗാനം പുതുവൽസരത്തോടെ ദൃശ്യാവിഷ്കാരം നടത്തി അവതരിപ്പിക്കാനാണ് ശ്രമം. 

പിതൃബലി, പുറപ്പാട്, പെയ്തൊഴിയാത്ത മേഘങ്ങൾ, പാത ഒന്ന് പാളം രണ്ട്, പാരിജാതം, പാസഞ്ചർ വൈകിയോടുന്നു, പ്ളാറ്റ് ഫോ നമ്പർ 2, ബ്രഹ്മശ്രീ പരമ ഭട്ടാരക ചട്ടമ്പി സ്വാമികൾ തുടങ്ങിയ കൃതികൾ ജി.ശിവശങ്കര പിള്ളയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മനോഹരമായൊരു സംഗീതത്തിൻറെ ഇമ്പംപോലെയാണ് എല്ലാ ബന്ധങ്ങളും എന്നൊരോർമപ്പെടുത്തൽകൂടിയാണ് അച്ഛൻറെ പിറന്നാളിനു മകൻ സമർപ്പിക്കുന്ന ഈ കാവ്യാഞ്ജലി.

*************************************************

യുഎഇയുടെ വിനോദസഞ്ചാരഭൂപടത്തിലെ പുതിയ ആകർഷണമാണ് ഹുദൈരിയാത് ദ്വീപ്. വിനോദത്തോടൊപ്പം സാഹസികതയും ശാന്തതയുമെവ്വാം ഒരുമിച്ച് ആസ്വദിക്കാൻ അവസരമൊരുക്കുന്ന വിനോദസഞ്ചാരകേന്ദ്രത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

അബുദാബി നഗരഹൃദയത്തിൻറെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ജുബൈൽ മാംഗ്രൂവ് പാർക്കിന് സമീപമാണ് ഹുദൈരിയാത് ദ്വീപ്. ശാന്തമായി പ്രകൃതിയോടൊപ്പം ചേർന്നിരിക്കാൻ ഒരിടം തേടുന്നവർക്ക് ഇവിടേക്ക് വരാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആഘോഷിക്കാവുന്ന കായികവിനോദങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റേസ് പാർക്ക്, ഹൈ റോപ് പാർക്ക്, വാട്ടർ പാർക്ക്, ടെന്നിസ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ, നടപ്പാത, സൈക്കിൾപാത, ജലകായിക വിനോദങ്ങൾ, കുട്ടികൾക്കുള്ള കളിക്കളങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 

3000 ഹെക്ടർ വിസ്തൃതിയുള്ള ഹുദൈരിയാത് ദ്വീപിനേയും നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രദേശമാണ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. പൊതുജനങ്ങൾക്കായി തുറന്ന പാർക്കിലേക്ക് മലയാളികളുൾപ്പെടെ ഒട്ടേറെപ്പേരാണ് ഒഴുകിയെത്തുന്നത്. കോവിഡ് കാലത്തെ മാനസികപിരിമുറുക്കുങ്ങളകറ്റാൻ പറ്റിയ ഇടമാണ് ഹുദൈരിയാത് ദ്വീപ്.  ദ്വീപിന് മധ്യത്തിലുള്ള ഉദ്യാന കേന്ദ്രത്തിൽ വിവിധരാജ്യങ്ങളുടെ പത്തോളം  ഭക്ഷണകേന്ദ്രങ്ങളുണ്ട്.സാഹസിക വിനോദം ഇഷ്ടപ്പെടുന്നവർക്കായി ബാറ്റിൽ റോപ്സ്, ക്ലൈംപിങ് നെറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ  നീണ്ടുകിടക്കുന്ന കടൽത്തീരമാണ് മറ്റൊരു പ്രധാനആകർഷണം. 

ദ്വീപിൻറെ സൌന്ദര്യംആസ്വദിച്ച് രാത്രി താമസിക്കാനുമാകും. രണ്ടുപേർക്കുെള്ള സാധാരണ കൂടാരങ്ങളും ആറു പേർക്കുള്ള ആഡംബര ടെൻറുകളിലുമായി രാത്രിയാസ്വദിക്കാം. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ്  ഹുദൈരിയാത് വിനോദസഞ്ചാരകേന്ദ്രത്തിൻറെ സൌകര്യങ്ങൾ വിലയിരുത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിനോദസഞ്ചാരികളെ ദ്വീപിലേക്ക്‌ പ്രവേശിപ്പിക്കുന്നത് 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...