ഗൾഫിൽ ഓണാഘോഷകാലം; ഗൃഹാതുരത്വം പേറുന്ന പ്രവാസികാഴ്ചകൾ

GULFONAM
SHARE

ഗൾഫിൽ ഓണാഘോഷങ്ങൾ തുടരുകയാണ്. അടുത്ത രണ്ടു മൂന്നു മാസങ്ങളിൽ വാരാന്ത്യങ്ങളിലെല്ലാം ഓണാഘോഷപരിപാടികൾ പതിവ് കാഴ്ചയാകും. നാടിൻറെ ഓർമകളുമായി ഗൃഹാതുരത്വം പേറിയുള്ള ഓണാഘോഷത്തിൻറെ ചില വ്യത്യസ്ത കാഴ്ചകളാണ് ആദ്യം കാണുന്നത്. 

മലയാളികളുടെ ദേശീയഉത്സവമാണ് ഓണം. പക്ഷേ,  ഗൾഫിൽ മലയാളികൾ മാത്രമല്ല ഓണം ആഘോഷിക്കുന്നത്. രാജകുടുംബാംഗങ്ങൾ മുതൽ മറ്റുരാജ്യക്കാർ വരെ മലയാളിക്കൊപ്പം ചേർന്ന് ഓണം ആഘോഷിക്കുന്ന കാഴ്ച ഗൾഫ് നാടുകളിൽ സജീവമാണ്. അങ്ങനെ ഒരു രാജകൊട്ടാരത്തിലെ ഓണക്കാഴ്ചയാണ് ഇത്. ബഹ്റൈൻ ഭരണാധികാരിയുടെ മകനും റോയൽ ഗാർഡ് പ്രത്യേക സേനാ കമാൻഡറുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് മനാമയിലെ കൊട്ടാരത്തിൽ ഓഫീസിലെ ജീവനക്കാർക്കൊപ്പം ഓണമാഘോഷിച്ചത്.  മലയാളത്തനിമയുള്ള കാഴ്ചകളൊരുക്കിയാണ് ബഹ്റൈൻ രാജകുമാരൻ ഷെയ്ഖ് നാസറിനെ ഓണാഘോഷത്തിൻറെ മുഖ്യാതിഥിയായി ഓഫീസിലെ ജീവനക്കാർ സ്വീകരിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി രാജകീയ ഓണോഘോഷം. നിലവിളക്ക് തെളിച്ചായിരുന്നു കൊട്ടാരത്തിലെ ഓണാഘോഷത്തിൻറെ തുടക്കം. തുടർന്ന് തിരുവാതിര,മോഹിനിയാട്ടം, മാർഗംകളി, ഒപ്പന തുടങ്ങിയ കലാപരിപാടികൾ.

ഓഫീസിലെ ജീവനക്കാർക്കൊപ്പം ഓണസദ്യ കഴിച്ച ഷെയ്ഖ് നാസർ, ഓണത്തിൻറെ ഐതിഹ്യപ്പെരുമയും ദൃശ്യാവിഷ്കാരങ്ങളുടെ കഥകളുമൊക്കെ ചോദിച്ചറിഞ്ഞു. തുടർന്ന് ജീവനക്കാർക്കൊപ്പം ഫോട്ടോയെടുത്ത് വിശേഷങ്ങൾ പങ്കുവച്ചശേഷമായിരുന്നു മടക്കം. കഴിഞ്ഞവർഷവും ഷെയ്ഖ് നാസർ ജീവനക്കാർക്കൊപ്പം ഓണമാഘോഷിച്ചിരുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ ഓണക്കാഴ്ചകളാണ് ഗൾഫിൽ കാണുന്നത്. അബുദാബിയിൽ ഒരൂകൂട്ടം പ്രവാസിമലയാളികൾ രക്തദാനം നടത്തിയാണ് ഈ വർഷത്തെ ഓണമാഘോഷിച്ചത്. യുഎഇയിലെ യുണൈറ്റഡ് ഫ്രണ്ട്സ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ഇരുന്നൂറ്റമ്പതോളം യുവജനങ്ങൾ രക്തം ദാനം ചെയ്തത്. അബുദാബി രക്തബാങ്കുമായി സഹകരിച്ച് രക്തദാനത്തിൻറെ മാഹാത്മ്യം വിളിച്ചോതിയായിരുന്നു ഓണാഘോഷം. 

ഭീമൻ പൂക്കളമൊരുക്കിയാണ് അബുദാബിയിൽ കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരും കോവിഡിനെ അതിജീവിച്ചവരുമൊക്കെച്ചേർന്ന് ഓണമാഘോഷിച്ചത്. 300 കിലോ പൂക്കൾകൊണ്ടാണ് 300 ചതുരശ്രമീറ്ററിൽ ഭീമൻ പൂക്കളമൊരുക്കിയത്. കോവിഡ് രോഗികൾക്ക് ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിച്ച ബുർജീൽ മെഡിക്കൽ സിറ്റിയായിരുന്നു വേദി.  

നാൽപ്പതോളം ആരോഗ്യപ്രവർത്തകർ പൂക്കളമൊരുക്കാൻ ഒത്തുചേർന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചാണ് പൂക്കളമിട്ടത്. ഫൊറൻസിക് എന്ന സിനിമയിൽ ഇരട്ടവേഷത്തിലെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ തമന്ന പ്രമോദും സംഘവുമൊരുക്കിയ ഓണനൃത്തവും ഓണക്കാലത്തെ ശ്രദ്ധേയകാഴ്ചയായി. അബുദാബിയിലെ വിവിധ സ്കൂളുകളിലെ ഒൻപതാം ക്ളാസ് വിദ്യാർഥികളായ ആറുപേരാണ് ഓണപ്പുലരി 2021 പേരിൽ ഓണനൃത്തം ഒരുക്കിയത്. രുദ്ര ഡാൻസ് അക്കാദമിയിലെ റ്റിജി രതീഷാണ് ഓൺലൈൻ വഴി നൃത്തം പഠിപ്പിച്ചത്. യുട്യൂബിലൂടെയാണ് നൃത്തം അവതരിപ്പിച്ചത്. 

കോവിഡ് പശ്ചാത്തലത്തിൽ മഹാബലിയെത്തി എല്ലാവർക്കും മാസ്ക് നൽകുന്ന കാഴ്ചയും നൃത്തമായി അവതരിപ്പിച്ചു. അബുദാബിയിലെ പാർക്കിൽ വച്ചായിരുന്നു ചിത്രീകരണം. കോവിഡിന് മുൻപ് ആയിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രകളൊക്കെയായിട്ടായിരുന്നു പ്രവാസിമലയാളികളുടെ ഓണാഘോഷങ്ങൾ. മഹാമാരി പിടിമുറുക്കിയതോടെ ആഘോഷങ്ങൾ ചുരുങ്ങി. എങ്കിലും പ്രവാസലോകത്ത് പരിമിതികൾക്കുള്ളിൽ നിന്ന് ഓണാഘോഷം തുടരുകയാണ് . പ്രിയപ്പെട്ടവർക്കൊപ്പം ആടിയും പാടിയുമൊക്കെയാണ് ആഘോഷപരിപാടികൾ. മഹാബലിയുടെ സന്ദർശനം ആവിഷ്കരിച്ചും ഒരുമിച്ചു സദ്യയൊരുക്കിയുമൊക്കെ ഗൃഹാതുരത്വങ്ങളോടെയാണ് ആഘോഷങ്ങൾ.

ബാച്ചിലേഴ്സ് മുറികളിൽ ഒരുമിച്ചുകൂടിയും ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും ഒപ്പവുമൊക്കെയാണ് പ്രവാസികളുടെ ഓണാഘോഷം. കഴിഞ്ഞവർഷത്തേതിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിയന്ത്രണങ്ങളില്ലാത്തത് ആശ്വാസകരമാണ്. ഒപ്പം കോവിഡ് കാരണം അസ്ഥിരമായ വിപണിക്കും ഓണക്കാലം ഉണർവേകിയിട്ടുണ്ട്. ഗ്രോസറികളും ഹൈപ്പർമാർക്കറ്റുകളുമൊക്കെ നാട്ടിൽ നിന്നും പച്ചക്കറികളെത്തിച്ചാണ് പ്രവാസികളെ ഓണമൂട്ടിയത്. പല റസ്റ്ററൻറുകളിലും പാർസൽ സദ്യക്ക് ആവശ്യക്കാരേറെയു്ടായിരുന്നു. ഒപ്പം റസ്റ്ററൻറുകളിൽ ഇലയിട്ട് ഇരുന്നോണസദ്യയുണ്ണുന്നതിനും സൌകര്യമൊരുക്കി.

സാധാരണ ഓണക്കാലത്ത് നാട്ടിലേക്ക് പോകുന്നതിരക്കിലായിരിക്കും പ്രവാസിമലയാളികൾ. പക്ഷേ ഇത്തവണ കാഴ്ച വ്യത്യസ്തമാണ്. പല ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് പ്രവേശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ജോലി നഷ്ടപ്പെടാതെ എത്രയും വേഗം ഗൾഫ് നാടുകളിലേക്ക് തിരികെപ്പോകാനുള്ള നെട്ടോട്ടമാണ് ഓണനാളുകളിലും കാണുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...