നെഞ്ചില്‍‌ തീയുമായി കുവൈത്ത് യുദ്ധം കണ്ട മലയാളികള്‍ ഇതാ

kuwit
SHARE

ഇറാഖിൻറെ കുവൈത്ത് അധിനിവേശവും തുടർന്നുണ്ടായ ഒന്നാം ഗൾഫ് യുദ്ധവും നമ്മൾ മലയാളികൾ നെഞ്ചിടിപ്പോടെ, ആധിയോടെയാണ് ഓർക്കുന്നത്.  1990 ഓഗസ്റ്റ് രണ്ടിന് പുലർച്ചെയുണ്ടായ ആ ദുരിതം അനുഭവിച്ച ഒട്ടേറെ പ്രവാസികൾ നമുക്കിടയിലുണ്ട്. കുവൈത്തിലെ ഇറാഖ് അധിനിവേശത്തിൻറെ ഓർമകളാണ് ഈ മുപ്പത്തൊന്നും വാർഷികത്തിൽ കാണുന്നത്.

1990 ഓഗസ്റ്റ് രണ്ട്. ശനിയാഴ്ച പുലർകാലം. കുവൈത്തിൽ താമസിച്ചിരുന്ന വീടിനു മുകളിലൂടെയെന്നവണ്ണം ചീറിപ്പാഞ്ഞ വിമാനത്തിൻറെ ഇരമ്പം കേട്ടുണർന്നതാണ് ചെങ്ങന്നൂർ സ്വദേശിയായ പ്രവാസിമലയാളി ഏബ്രഹാം ഈപ്പനും ഭാര്യ സുജയും കുടുംബവും. എന്താണ് കാര്യമെന്ന് മനസിലാക്കാൻ പിന്നെയും സമയമെടുത്തു.

ആരോഗ്യമന്ത്രാലയത്തിൻറെ അമീരി ആശുപത്രിയിൽ ലാബ് ടെക്നിഷ്യയായ ഭാര്യ സുജ  പതിവ് പോലെ ജോലിക്കായി അതിരാവിലെ പുറപ്പെട്ടു. ആശുപത്രിയിലെത്തുമ്പോഴാണ് ഇറാഖ് പട്ടാളം കുവൈത്തിലേക്ക് കയറിയ വിവരമറിയുന്നത്. അൽപംകഴിഞ്ഞതോടെ അടങ്ങിപ്പിടിച്ച തേങ്ങലുകളും അതിനേക്കാളേറെ ആശങ്കകളും നിറഞ്ഞ അന്തരീക്ഷമായിരുന്നു ആശുപത്രി മുറികളിൽ. 

വാരാന്ത്യ അവധിയുടെ ആലസ്യത്തിൽ നിന്നും കുവൈത്ത് ജനത ഉണർന്നത് അധിനിവേശത്തിൻറെ, ആക്രമണത്തിൻറെ ഇരുണ്ട പുലരിയിലേക്കായിരുന്നു. പ്രസിഡൻറ് സദാം ഹുസൈൻറെ നിർദേശപ്രകാരം ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെ കുവൈത്തെന്ന കൊച്ചുരാജ്യത്തിലേക്ക് ഇരച്ചുകയറി. ആകാശങ്ങളിൽ ഇറാഖിൻറെ വായൂസേന പട്ടാളവ്യൂഹത്തിനു സമാന്തരമായി നിലകൊണ്ടു. സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയ്ക്ക് നിദ്രാവിഹീനമായ രാവുകളായിരുന്നു പിന്നീടങ്ങോട്ട്.

സാമ്പത്തികമായി മുന്നിലാണെങ്കിലും സൈനിക ശേഷിയിൽ പിന്നിലുള്ള കുവൈത്തിനെ കീഴടക്കാൻ സദാമിൻറെ പട്ടാളത്തിനു ഏറെ ക്ളേശിക്കേണ്ടി വന്നില്ല.അധിനിവേശത്തിനും പലായത്തിനും വിമോചനത്തിനും കുവൈത്തിൻറെ ഉയിർത്തെഴുന്നേൽപിനുമൊക്കെ സാക്ഷ്യം വഹിച്ച മലയാളികളടക്കം പ്രവാസികൾ ഏറെയുണ്ട്. 1980 കളിൽ തന്നെ കുവൈത്തിൽ മലയാളികൾ സജീവമായിരുന്നു. യുദ്ധം കൊടുമ്പിരി കൊള്ളവേ ഗർഭിണികളും രോഗികളുമടക്കം അത്യാവശ്യക്കാരെ ഇന്ത്യയിലേക്കെത്തിക്കാൻ കുവൈത്ത് വിമാനത്താവളം വഴി വിമാനം തയ്യാറായി.

അങ്ങനെയൊരു വിമാനത്തിൽ ഗർഭിണിയായ സഹോദരിയെ വിമാനത്താവളത്തിൽ എത്തിക്കാനായി എബ്രഹാം പുറപ്പെട്ടു. തൊട്ടടുത്ത് താമസിച്ചിരുന്ന വടക്കേഇന്ത്യക്കാരനായ എൻജിനീയറും അതേ വിമാനത്തിലാണ് പോകാനിരുന്നത്. തലയിൽ രക്തം കട്ടപിടിച്ച് രോഗബാധിതനായിരുന്നു അദ്ദേഹം. എൻജിനീയർ സഞ്ചരിച്ചിരുന്ന വാഹനം പട്ടാളക്കാർ റോഡിൽ തടഞ്ഞു. എബ്രഹാം ഓടിയെത്തി ആ ഇറാഖി പട്ടാളക്കാരൻറെ കാൽക്കൽവീണ് എൻജിനീയറുടെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞു.

അലിവ് തോന്നിയ പട്ടാളക്കാരൻ വാഹനം കടത്തിവിട്ടു. ദുരിതകാലത്ത് സഹജീവിക്കുവേണ്ടി മണ്ണോളം താഴ്ന്ന ഓർമയാണ് എബ്രഹാം ഈപ്പൻ ചെങ്ങന്നൂരിലിരുന്ന് പങ്കുവയ്ക്കുന്നത്.തകർന്ന കെട്ടിടങ്ങൾ, അതിലേറെ തകർന്ന മനസുകൾ. രണ്ടുവയസുള്ള  മുന്നു മക്കളുമായി നാളെയിലേക്ക് പ്രതീക്ഷയോടെ നോക്കി എബ്രഹാമും ഭാര്യ സുജയും രണ്ടുമാസത്തോളം യുദ്ധത്തിനും പലായനങ്ങൾക്കുമൊക്കെ സാക്ഷിയായി.

1990 ഓഗസ്റ്റ് രണ്ടിലെ ആ ഞെട്ടിക്കുന്ന പ്രഭാതം, ഇവിടെയുണ്ടായിരുന്നവർ ലോകത്തിൻറെ ഏതുഭാഗത്താണെങ്കിലും ഇന്നും ഓർക്കുന്നു. ഓർമിക്കാനൊട്ടും ഇഷ്ടമല്ലാത്ത ഓർമകൾ.

അന്ന് നാട്ടിലേക്ക് പോയശേഷം അഞ്ചുവർഷം കഴിഞ്ഞ് വീണ്ടും കുവൈത്തിലെത്തിയ എബ്രഹാം 2010 ലാണ് കുവൈത്തിനോട് വിടപറഞ്ഞത്. അന്നത്തെ ഇന്ത്യാ ഗവൺമെൻറിൻറെ ഇടപെടലുകളായിരുന്നു വലിയ ആശ്വാസമായതെന്നും ഈ മുൻപ്രവാസി പറയുന്നു. 

രണ്ടു ദിവസം കൊണ്ടു കുവൈത്തിനെ പൂർണമായും കീഴടക്കിയ ഇറാഖ്, ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള എല്ലാ സമാധാനനിർദേശങ്ങളും അവഗണിച്ചു. ഇറാഖുമായി നല്ല ബന്ധമുണ്ടായിരുന്ന ഇന്ത്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കുവൈത്തിൽ നിന്നും ഇറാഖ് പിൻമാറണമെന്നാവശ്യപ്പെട്ടു. സോവിയറ്റ് യൂണിയൻറേയും അമേരിക്കയുടേതുമടക്കമുള്ള എല്ലാ നിർദേശങ്ങളും സദ്ദാം തള്ളി. തുടർന്ന് 1991 ജനുവരിയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനികനടപടി തുടങ്ങി. പുറത്താക്കപ്പെട്ട കുവൈത്ത് ഭരണാധികാരി മാർച്ച് പതിനഞ്ചിനു സ്വന്തം രാജ്യത്തു തിരികെയെത്തി.

സൈനിക നടപടികളിൽ പതറിയ സദ്ദാമിൻറെ സൈന്യം കുവൈത്തിനു സ്വാതന്ത്ര്യമനുവദിച്ചു പിൻവാങങേണ്ടി വന്നു. പക്ഷേ, ഓഗസ്റ്റ് രണ്ടിലെ പുലർകാലത്തു  കുവൈത്തിനെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ശ്രമത്തിനു സദ്ദാം എന്ന ഭരണാധികാരിക്കു വലിയ വില കൊടുക്കേണ്ടി വന്നു. രണ്ടായിരത്തി ആറ് ഡിസംബർ മുപ്പതിനു കഴുമരത്തിലവസാനിച്ച ജീവൻറെ വില.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...