7000 വർഷത്തെ പഴക്കം; യുനെസ്കോ പട്ടികയിൽ സൗദിയിലെ ശിലാലിഖിതങ്ങൾ

heritage
SHARE

യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടിയിരിക്കുകയാണ് സൗദി നജ്റാനിലെ ശിലാലിഖിതങ്ങൾ നിറഞ്ഞ ഹിമാ മേഖല. ഏഴായിരം വർഷത്തോളം പഴക്കമേറിയതടക്കം സാംസ്കാരികത്തനിമ നിറഞ്ഞ ലിഖിതങ്ങളും ചിത്രങ്ങളുമാണ് ഇവിടെ നിറഞ്ഞിരിക്കുന്നത്. സൗദിയുടെ സമ്പന്നമായ ചരിത്രത്തിലേക്കുള്ള തെളിച്ചമേറിയ കാഴ്ചകളെയാണ് യുനെസ്കോ അംഗീകരിച്ചിരിക്കുന്നത്. ഹിമാ നജ്റാനിലേക്കാണ് ഇനി യാത്ര.

സൗദി അറേബ്യയുടെ വിസ്മയിപ്പിക്കുന്ന ചരിത്രക്കാഴ്ചകൾ ലോകത്തിന് മുന്നിലേക്ക് തെളിമയോടെ അവതരിപ്പിക്കപ്പെടുകയാണ്. ഏഴായിരം വർഷങ്ങൾക്ക് മുൻപ് നവീനശിലായുഗത്തിലെ മനുഷ്യർ മുതൽ കോറിയിട്ട ലിഖിതങ്ങളും ചിത്രങ്ങളും നജ്റാനിൽ നിന്നും 80 കിലോമീറ്റർ വടക്ക് ഹിമാ മേഖലയിലെ പാറകളിൽ മങ്ങാതെ തെളിഞ്ഞുകിടപ്പുണ്ട്. രാജ്യത്തിൻറെ സാംസ്കാരികത്തനിമയുടെ ആദ്യകാഴ്ചകൾ. വരണ്ടപർവത പ്രദേശമായ ഹിമാ സാംസ്കാരികമേഖലയിൽ നമുക്ക് മുൻപേ കടന്നുപോയ മനുഷ്യർ വരച്ചിട്ട ചിത്രങ്ങളും ലിഖിതങ്ങും. ജന്തുജാലങ്ങൾ, സസ്യങ്ങൾ, ജീവിതരീതികൾ, വേട്ടയാടൽ അങ്ങനെ അന്നത്തെ മനുഷ്യജീവിതത്തിൻറെ ഭാഗമായതെല്ലാം 555 ചതുരശ്രകിലോമീറ്ററുകളിലായി നീണ്ടുകിടക്കുന്ന പാറക്കെടുകളിൽ കാണാം. 10,000 ൽ അധികം ശിലാലിഖിതങ്ങളാണ് ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ആ പൈതൃകകാഴ്ചകളാണ് കഴിഞ്ഞദിവസം ചൈനയിൽ ചേർന്ന യുനെസ്കോ വേൾഡ് ഹെരിറ്റേജ് സമിതി അംഗീകരിച്ചത്.

ഈ മേഖലകളിൽ വിവിധ കാലഘട്ടങ്ങളിലായി തമ്പടിച്ചിരുന്ന സഞ്ചാരികൾ, വ്യാപാരികൾ, സൈനികർ തുടങ്ങിയവരൊക്കെ വരച്ചിട്ടതാകാം ഈ കാഴ്ചകൾ. സൗദിയുടെ തെക്കുഭാഗത്തുനിന്നും മെസപ്പെട്ടോമിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലെ  വ്യാപാരമേഖലകളിലേക്ക് പോകുന്നതിനുള്ള പാതയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. പൌരാണിക അറബിക്, താമുദിക്, മുസ്നാദ്, ഗ്രീക്ക്, നബാതിയൻ തുടങ്ങിയ ലിപികളിൽ ശിലാലിഖിതങ്ങൾ ഇവിടെ കാണാം. 

ആറുമേഖലകളായി തിരിച്ചാണ് ഹിമാ മേഖലയെ പൈതൃകപട്ടികയിലേക്ക് പരിഗണിച്ചത്. മലഞ്ചെരുവിലെ ഒരു വലിയ ലിഖിതമാണ് സൈദയുടെ പ്രധാന സവിശേഷത. ഒപ്പം 43 ചെറിയ ലിഖിതങ്ങളും സൈദ ഭാഗത്തുകാണാം. ഇപ്പോഴും വെള്ളമുള്ള മൂവായിരം വർഷത്തോളം പഴക്കമേറിയ കിണറുകളാണ് മറ്റൊരു കാഴ്ച. ഇനിയും കൃത്യമായ പര്യവേഷണം നടത്തിയിട്ടില്ലാത്ത ഈ കിണറുകൾ മനുഷ്യൻറെ മുൻകാലചരിത്രത്തിലേക്ക് വ്യക്തമായ വെളിച്ചം വീശുന്നവയാകുമെന്നാണ് പ്രതീക്ഷ. ഈ മേഖലിയിൽ ആദ്യം കണ്ടെത്തിയതും പഠനം നടത്തിയതുമായ ഭാഗമാണ് അൽ ജമാൽ. ഹിമായിൽ നിന്ന്  9.5 കിലോമീറ്റർ വടക്കുകിഴക്കൻ മേഖലയായ ജബൽ ദൈബ ചിതറിക്കിടക്കുന്ന മണൽക്കല്ലുകളാണ് നിറഞ്ഞിരിക്കുന്നത്. ഇസ്ലാമിന് മുൻൻപുള്ളഅറബ് ലിഖിതങ്ങളാൽ സമ്പന്നമാണിവിടം. മൃഗങ്ങൾ, ഈന്തപ്പനകൾ തുടങ്ങിയ ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു ഭാഗമാണ് മിൻഷാഫ്. പാറകളിൽ ആയിരക്കണക്കിന് ലിഖിതങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്ന മറ്റൊരു മേഖലയാണ് നജ്ദ് ഖൈറാൻ.

കത്തിലെ ഏറ്റവും വലിയ റോക്ക് ആർട്ട് കോംപ്ലക്സുകളിൽ ഒന്നാണ് ഹിമാ മേഖല. മാനുഷിക മൂല്യങ്ങളുടേയും സംസ്കാരത്തിൻറേയും കൈമാറ്റമാണ് ഈ മേഖലയുടെ വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുനെസ്കോയിലെ സൗദി സ്ഥിരം പ്രതിനിധി ഹൈഫ ബിന്ദ് അബ്ദുൽ അസീസ് അൽ മുഖ്റിൻ പറയുന്നു. വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെ അതുല്യവും അസാധാരണവുമായ സാക്ഷ്യമാണ് ഹിമാ മേഖലയിലെ ഈ കാഴ്ചകൾ. അത് ഏറ്റവും മികവാർന്ന തരത്തിൽ ലോകത്തിന് മുന്നിൽ പങ്കുവയ്ക്കുകയാണ് ലക്ഷ്യം.

ചരിത്രം ഇഷ്ടപ്പെടുകയും അറിയാനാഗ്രഹിക്കുന്നവർക്കും വിശാലമായൊരു ഭൂപ്രദേശമാണ് പൈതൃകപട്ടികയിലിടം നേടിയ ഹിമാ മേഖല. വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച സൌകര്യമൊരുക്കുന്നതിനുള്ള പദ്ധതികളാണ് യുനെസ്കോയുടെ സഹകരണത്തോടെ സൌദി ഒരുക്കാൻതീരുമാനിച്ചിട്ടുള്ളത്. നജ്റാനിൽ നിന്ന് തുടങ്ങുന്ന അടിസ്ഥാനസൌകര്യവികസനമാണ് ലക്ഷ്യമിടുന്നത്. സഞ്ചാരികൾക്ക് താമസിക്കുന്നതിനും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും സൌദി സാംസ്കാരിക മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ വൻ പദ്ധതികളാണൊരുങ്ങുന്നത്. ഭരണാധികാരി സൽമാൻ രാജാവിൻറേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറേയും മേൽനോട്ടത്തിലും നിർദേശത്തിലുമാണ് പദ്ധതികരടുരേഖ യുനെസ്കോയ്ക്ക് കൈമാറിയത്.

യുനെസ്കോയുടെ പൈതൃകപട്ടികയിലിടം നേടുന്ന സൌദിയിലെ ആറാമത്തെ സ്ഥലമാണ് ഹിമാ മേഖല. 2008 ൽ അൽഹിജ്ർ പുരാവസ്തുകേന്ദ്രം, 2010 ൽ റിയാദ് തുറൈഫ് ഡിസ്ട്രിക്ട്, 2014ൽ ജിദ്ദ ചരിത്ര മേഖല, 2015 ൽ ഹാഇൽ മേഖലയിലെ റോക് ആർട്ട്, 2018ൽ അൽഅഹ്സ ഒയാസിസ് എന്നിവയാണ് മുമ്പ് പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലങ്ങൾ. സൌദിയിൽ താമസിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികളുടേയും സഞ്ചാരികളുടേയും സന്ദർശകരുടേയുമൊക്കെ പ്രിയപ്പെട്ട ഇടങ്ങളാണിവ.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ നേതൃത്വത്തിലുള്ള വിഷൻ 2030 ൻറെ ഭാഗമായി സൌദിയുടെ ചരിത്രമേഖലകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്. ഒരുവശത്ത് നിയോം അടക്കം പുതിയ നഗരപദ്ധതികൾ ഒരുങ്ങുമ്പോഴും ഇതുവരെ പുറംലോകമറിയാത്ത സൌദിയുടെ ചരിത്രസാംസ്കാരിക ഇടങ്ങൾ ലോകത്തിന് പരിചയപ്പെടുത്താനും വമ്പൻ പദ്ധതികളാണൊരുങ്ങുന്നുണ്ട്. അതുവഴി വിനോദസഞ്ചാരികളേയും ചരിത്രാന്വേഷകരേയും സൌദിയിലേക്ക് സ്വാഗതം ചെയ്യുകയും വിനോദസഞ്ചാരമേഖലയെ കൂടുതൽ സജീവമാക്കുകയുമാണ് ലക്ഷ്യമിടുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...