ഗൾഫിൽ പി.എസ്.സി പരീക്ഷാകേന്ദ്രം വേണം; ആവശ്യമുയർത്തി പ്രവാസിമലയാളികൾ

qatarwwww
SHARE

കോവിഡ് പശ്ചാത്തലത്തിൽ ഗൾഫിൽ പി.എസ്.സി പരീക്ഷാകേന്ദ്രം വേണമെന്ന ആവശ്യവുമായി പ്രവാസിമലയാളികൾ. നാട്ടിൽ വന്ന് പരീക്ഷ എഴുതുന്നതിനുള്ള തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരമൊരു ആവശ്യം അവഗണിക്കരുതെന്നാണ് അഭ്യർഥന. നയതന്ത്ര കാര്യാലയങ്ങളുടെ സഹകരണത്തോടെ പരീക്ഷാകേന്ദ്രം ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും പ്രവാസികൾ വ്യക്തമാക്കുന്നു.

അതിപ്രധാനമായൊരു ആവശ്യമാണ് പ്രവാസലോകത്തു നിന്നും മുന്നോട്ടുവയ്ക്കാനുള്ളത്. കോവിഡ് കാലത്ത് അത്യാവശ്യങ്ങൾക്കായി നാട്ടിൽ പോയി മടങ്ങിവരാനാകാത്ത സാഹചര്യം നിലനിൽക്കുന്നു. പരീക്ഷ, അടുത്ത ബന്ധുക്കളുടെ വിവാഹമടക്കം ചടങ്ങുകൾ, ആശുപത്രി ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി മുൻപ് വാരാന്ത്യങ്ങളിലടക്കം ചെറിയ  അവധികളെടുത്ത് നാട്ടിൽ പോയിവരാനാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ന് മഹാമാരിയുടെ പശ്ചാത്തലത്തിൽ അതെല്ലാം മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരള പബ്ളിക് സർവീസ് കമ്മീഷൻറെ പരീക്ഷാ കേന്ദ്രം ഗൾഫിൽ വേണമെന്ന് ആവശ്യമുയരുന്നത്. യാത്രാവിലക്കും ക്വാറൻറീനുമൊക്കെയുള്ളതിനാൽ കഴിഞ്ഞ ഒന്നരവർഷത്തോളമായി ഗൾഫിൽ നിന്നും മലയാളികൾക്ക് നാട്ടിലെത്തി വിവിധ പി.എസ്.സി പരീക്ഷകളെഴുതാനാകാത്ത സാഹചര്യമാണ്. കേരളത്തിൽ സർക്കാർ ജോലി ചെയ്യണമെന്ന് താൽപര്യപ്പെടുന്ന പ്രവാസിമലയാളികൾ ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ ഇടപെടൽ ആവശ്യപ്പെടുകയാണ്. ഗൾഫിലും വേണം ഒരു പി.എസ്.സി പരീക്ഷാ കേന്ദ്രം. ആ ഇടപെടലില്ലാത്തിടത്തോളംകാലം പലരുടേയും സ്വപ്നങ്ങളാണ് പൊലിയുന്നത്.

ഗൾഫിൽ, കിട്ടിയ ജോലിയിൽ കയറി ജീവിതം തള്ളിനീക്കുന്നവർ സർക്കാർ ജോലി കിട്ടിയാൽ നാടുപിടിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി ഗൾഫിലെ ജോലിക്കിടയിലും പി.എസ്.സി പരിശീലനകേന്ദ്രങ്ങളിലും സ്വന്തമായും പഠിക്കുന്നവരേറെയുണ്ട്. ചിലർ നാട്ടിലെ ഓൺലൈൻ ക്ലാസുകളിൽ ചേർന്ന് പരിശീലനം തുടരുന്നു. യുഎഇയിൽ അബുദാബി മലയാളി സമാജത്തിൽ നടത്തിയിരുന്ന പിഎസ് സി പരിശീലനത്തിനു രണ്ടു ബാച്ചുകളിലായി 27 പേരുണ്ടായിരുന്നു. കോവിഡ് നിയന്ത്രണം മൂലം സമാജം അടച്ചതോടെ ശേഷിച്ച ക്ലാസുകൾ ഓൺലൈനിൽ പൂർത്തിയാക്കി. 

കോവിഡ് സാഹചര്യത്തിൽ ജോലി പോയവരും ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടവരും ഏതുസമയവും ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരും വീട്ടമ്മമാരും പിഎസ്സി പരീക്ഷയ്ക്കായി ഗൾഫിൽ തയാറെടുക്കുന്നുണ്ട്. പക്ഷേ, നാട്ടിലെത്തി പരീക്ഷയെഴുതാനാകുമോയെന്ന കാര്യത്തിലാണ് ആശങ്ക. 

പ്രായപരിധി കഴിയുമ്പോഴേക്കും റാങ്ക് ലിസ്റ്റിലും ജോലിയിലും ഇടംപിടിക്കാൻ നെട്ടോട്ടമോടുന്ന ഇവരുടെ സാധ്യതകളാണ് മങ്ങുന്നത്. യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്തുന്ന മാതൃകയിൽ സംസ്ഥാന സർക്കാരിന് പിഎസ്സി പരീക്ഷ കൂടി നടത്താവുന്നതാണെന്ന് പ്രവാസികൾ വ്യക്തമാക്കുന്നു. കീം, നീറ്റ്, ജെ.ഇ.ഇ ഉൾപ്പെടെ വിവിധ പ്രവേശന പരീക്ഷകൾക്കും എസ്എസ്എൽസി, ഹയർസെക്കൻഡറി, സിബിഎസ്ഇ പരീക്ഷകൾക്കും യുഎഇയിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇതേ മാതൃകയിൽ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും സഹകരണത്തോടെ പരീക്ഷ നടത്താൻ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

എൽഡിസി അടക്കം നിരവധി പിഎസ് സി പരീക്ഷകൾ എഴുതാൻ സാധിക്കാത്തതിൽ പ്രവാസികളായ ഒട്ടേറെ യുവതീയുവാക്കൾ നിരാശരാണ്. കോവിഡ് കാരണം നാട്ടിലേക്ക് പോകാനാകാത്തതിനാൽ, നാട്ടിൽ ജോലിനേടണമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നവരും ഒട്ടേറെയുണ്ട് ഈ പ്രവാസലോകത്ത്. അക്ഷയ സെൻറർ മാതൃകയിൽ നോർക്കയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രവാസിമലയാളികൾക്ക് ഏറെ സഹായകരമാകും. ഏറെ പ്രത്യേകിച്ച് ജോലിയുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ മഹമാരിക്കാലത്ത് സർക്കാർ സംവിധാനങ്ങൾ കൂടുതൽ സജീവമായി പ്രവാസികൾക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...