പച്ചപ്പൊരുക്കി ദുബായ്; മരുഭൂമിയിൽ തണൽ വരുന്ന വഴി

Gulf-This-Week
SHARE

മരുഭൂമിയിൽ തണൽ വരുന്ന വഴി. വിവിധകാരണങ്ങൾ പറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്ന കാഴ്ചകളേറിയ കാലത്ത് ഭൂമിശാസ്ത്രപരമായ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് പച്ചപ്പൊരുക്കുന്ന നഗരമാവുകയാണ് ദുബായ്. വെല്ലുവിളി നിറഞ്ഞ വരണ്ട കാലാവസ്ഥയിലും ഈ പച്ചപ്പൊരുക്കുന്നതെങ്ങനെയെന്ന് അറിയണം. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള വർസാനിലെ നഴ്സറിയിലാണ് ആ ശ്രമകരമായ ദൌത്യം ഒരുക്കുന്നത്. ഭൂമി അനുഗ്രഹിച്ച സൌകര്യങ്ങളുണ്ടായിട്ടും പ്രകൃതിയെ നശിപ്പിക്കുന്ന സംവിധാനങ്ങൾ തുടരുന്ന നാടുകൾക്ക് ഈ കാഴ്ചകൾ ഒരു മാതൃക കൂടിയാണ്.

അൻപതു ഡിഗ്രിയോളം ചൂടുള്ള കാലാവസ്ഥയാണ് അഞ്ചുമാസമെങ്കിലും. അരുവികളും നദികളും വയലുകളും തണ്ണീർത്തടങ്ങളുമൊന്നുമില്ല. വനം പേരിനുമാത്രം. ഇങ്ങനെ ഭൂമിശാസ്ത്രപരമായ എല്ലാ വെല്ലുവിളികളേയും മറികടന്ന് ദുബായ് പച്ചപ്പണിയുകയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹരിതാഭയല്ല, പകരം പ്രകൃതിക്കായൊരുക്കി നൽകുന്ന പച്ചക്കാഴ്ചകൾ. ദുബായ് നഗരത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരാളുടേയും കാഴ്ചകൾ മനോഹരമാക്കുന്നത് റോഡരുകിലെ പൂക്കളും വൃക്ഷങ്ങളുമൊക്കെയാണ്. അത് ആ പാതയോരങ്ങളിൽ എങ്ങനെയെത്തുന്നുവെന്ന ചോദ്യത്തിനുത്തരമാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള വർസാൻ നഴ്സറിയിലെ 38 ഹെക്ടറിലെ കാഴ്ചകൾ. 

കോവിഡ് വെല്ലുവിളിക്കിടയിലും 2020 ൽ മാത്രം 4,07,00,000 പൂച്ചെടികളും വൃക്ഷങ്ങളുമാണ് ഈ  നഴ്സറിയിൽ വളർത്തിവലുതാക്കിയത്. 

ഈ വർഷം ഇതുവരെ 1,05,00000 പൂച്ചെടികളും വൃക്ഷങ്ങളും വളർത്തിക്കഴിഞ്ഞു. 2020 ൽ 72,000 വൃക്ഷങ്ങളാണ് ദുബായിൽ 236 ഹെക്ടർ സ്ഥലത്ത് വച്ചുപിടിപ്പിച്ചത്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ഗ്രീൻ സ്പേസ് സൂചികയ്ക്കും മുകളിലേക്ക് വളരുകയാണ് ദുബായ് നഗരം. നഗരം മനോഹരമായി സൂക്ഷിക്കുന്നതിനൊപ്പം പാർക്കുകളിലും പാതയോരങ്ങളിലും തണൽ മരങ്ങളൊരുക്കി സുസ്ഥിരവികസനമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഓരോ മേഖലയിലും വ്യത്യസ്തങ്ങളായ പദ്ധതികളൊരുക്കിയാണ് നഗരത്തെ പച്ചപ്പണിയിക്കുന്നത്. എല്ലാത്തിനും തുടക്കും വർസാൻ നഴ്സറിയിൽ നിന്നാണ്. ഇറക്കുമതി ചെയ്തതടക്കം വിത്തുകൾക്ക് കൃത്യമായ ചൂടും തണുപ്പും നൽകി പരിപാലിച്ചാണ് ഈ നഴ്സറിയിൽ സംരക്ഷിക്കുന്നത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് വിത്തുകൾ മുളപൊട്ടി തൈകളായി മാറുന്നത്. 

ഓരോ ചെടികൾക്കും മരങ്ങൾക്കും വ്യത്യസ്തങ്ങളായ പരിചരണമാണൊരുക്കുന്നത്. കൃത്യമായ ജലസേചനമാണ് ഏറ്റവും പ്രധാനം. അതിനായി ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് നഴ്സറിയിലും നഗരത്തിലുമായി ഒരുക്കിയിരിക്കുന്നത്. നഴ്സറിയിലേതിനു സമാനമായി മികച്ച ജലസേചനത്തിലൂടെയാണ് നഗരത്തിലെ ഹരിതാഭകാഴ്ചകൾ മങ്ങാതെനിലനിർത്തുന്നത്. ദുബായിൽ വളർന്നുവരുന്ന ഓരോ ചെടികളുടേയും വൃക്ഷങ്ങളുടേയും താഴെ കാണുന്ന പൈപ്പ് ലൈനുകളിലൂടെയാണ് ജലസേചനം. ഓരോ ചെടികൾക്കും ഓരോ കാലഘട്ടത്തിലും വേണ്ട വെള്ളം കൃത്യമായി ശാസ്ത്രീയമായി  എത്തിക്കുന്നതിനുള്ള സംവിധാനമാണ് മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്.

ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെയാണ് ജലസേചനം. മലിനജലം പോലും പുനരുപയോഗപ്പെടുത്തിയാണ് നഴ്സറിയിലും നഗരത്തിലും വൃക്ഷങ്ങൾക്കും ചെടികൾക്കും ജലസേചനം നടത്തുന്നത്

പ്രൊഡക്ഷൻ ഏരിയ, ഗ്രീൻ ഹൌസ്, സ്റ്റെം കട്ടിങ്ങിനായി ടണൽ ഹൌസ്, ബൂം ഏരിയ തുടങ്ങി വിവിധ മേഖലകളായി തിരിച്ചാണ് വർസാനിലെ നഴ്സറി പ്രവർത്തിക്കുന്നത്. പ്രതിവർഷം ആറുകോടി പൂക്കൾ വളർത്തിയെടുക്കുന്നതിനുള്ള സംവിധാനമുണ്ട് ഇവിടെ.  ഗുൽമോഹർ, വേപ്പ്, ചരക്കൊന്ന,  ഫൈക്കസ് വിഭാഗത്തിലെ വിവിധയിനം മരങ്ങൾ തുടങ്ങിയവയാണ്  നടപ്പാതകൾക്കിരുവശവും, പാർക്കിങ് മേഖലകളിലും പാർക്കുകളിലുമൊക്കെ വച്ചുപിടിപ്പിക്കുന്നതിനായി വളർത്തുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ഇൻഡോർ ചെടികളും ഈ നഴ്സറിയിൽ വളരുന്നുണ്ട്. 

നിത്യഹരിതവൃക്ഷമായ വന്നിമരം, കരിവേലം, ഇലന്ത തുടങ്ങി ഭൂമിശാസ്ത്രപരമായി മേഖലയ്ക്ക് അനുയോജ്യമായ വൃക്ഷങ്ങളുടെ തൈകളും ഇവിടെ കാണാം. യുഎഇയുടെ ദേശീയവൃക്ഷവും സഹിഷ്ണുതാ മുദ്രയുമായ ഗാഫ് മരത്തിൻറെ തൈകളും ഈന്തപ്പനകളുമൊക്കെ വളർത്തിയെടുക്കുന്നുണ്ട്.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നേതൃത്വത്തിലും നിർദേശാനുസൃതവുമായാണ് നഗരത്തെ മോടി പിടിപ്പിക്കുന്നതിനും പച്ചപ്പൊരുക്കുന്നതിനുമുള്ള പദ്ധതികൾ തയ്യാറാക്കുന്നത്. 200 മില്യൺ ദിർഹമാണ് ഓരോ വർഷവും ഇതിനായി നീക്കിവയ്ക്കുന്നത്. അതേസമയം, ദുബായ് വേദിയാകുന്ന രാജ്യാന്തര എക്സ്പോ, വിവിധ കായികസാംസ്കാരിക പരിപാടികൾ തുടങ്ങിയവയ്ക്കെല്ലാം പച്ചപ്പൊരുക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള വർസാൻ നഴ്സറിക്ക് വലിയ പങ്കുണ്ട്. സുസ്ഥിരവികസനത്തിൽ ജിസിസിയിൽ ഒന്നാം സ്ഥാനത്തുള്ള ഇക്കാര്യത്തിലും ദുബായ് ലോകത്തിൻറെ മേൽനിരയിലേക്കെത്താനുള്ള ശ്രമത്തിലാണ്.

മണലെടുപ്പും, കായൽ നികത്തലും, തണ്ണീർത്തടം നശിപ്പിക്കലും, വനം നശീകരണവും, വയൽ നികത്തലുമൊക്കെയായി പ്രകൃതി നൽകിയ വിഭവങ്ങൾ നശിപ്പിക്കുന്ന സമൂഹങ്ങൾക്ക് മാതൃകയാണ് ഈ കാഴ്ചകൾ. അതിനാൽ തന്നെ സ്കൂളുകളിൽ നിന്നടക്കം വിദ്യാർഥികൾക്കും ഗവേഷകർക്കുമൊക്കെയായി പ്രകൃതിയെ പരിപോഷിപ്പിക്കുന്ന ഈ കാഴ്ചകൾ കാണാൻ അവസരമൊരുക്കിയിട്ടുണ്ട് ദുബായ് മുനിസിപ്പാലിറ്റി. കോവിഡിൻറെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും വിദ്യാർഥികളെ സ്വീകരിച്ചുതുടങ്ങും. ഭരണാധികാരികളുടെ പിന്തുണയോടെ കൃത്യമായ പദ്ധതികളൊരുക്കി പരിപോഷിപ്പിക്കുന്ന പച്ചപ്പിൻറെ കാഴ്ചകളാൽ സമ്പന്നമായിരിക്കും ദുബായുടെ ഭാവിയെന്ന് ഉറപ്പാക്കുകയാണ് ഈ നഴ്സറിയും ഇവിടത്തെ കാഴ്ചകളും.

*************************************************

ബലിപെരുന്നാൾ അവധിയിലാണ് ഗൾഫിലെ മലയാളികളടക്കം പ്രവാസികൾ. മുൻവർഷത്തെ അപേക്ഷിച്ച് പെരുന്നാൾ ദിവസം ഈദ് ഗാഹുകളും പള്ളികളും സജീവമായിരുന്നു. കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും നാട്ടിലേക്ക് പോകാതെ ഭൂരിപക്ഷം പ്രവാസികളും ഗൾഫിൽ പെരുന്നാൾ ആഘോഷിച്ചു.

മഹാമാരി ലോകത്ത് പിടിമുറുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയപെരുന്നാളാണ് കടന്നുപോകുന്നത്. കഴിഞ്ഞവർഷത്തെ പെരുന്നാളുകളിൽ ഏറെ സങ്കടത്തോടെയാണ് പ്രവാസികൾ ഭാഗമായതെങ്കിൽ ഇന്ന് അതിജീവനത്തിൻറെ പ്രതീക്ഷകളോടെയാണ് പെരുന്നാളിൽ പങ്കെടുത്തത്. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഈദ് ഗാഹുകൾ വീണ്ടും തുറന്നുവെന്നതാണ് വിശ്വാസികൾക്ക് സന്തോഷമേകുന്നത്. സൌദിഅറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ ഈദ് ഗാഹുകളും പള്ളികളും വിശ്വാസികൾക്കായി നിയന്ത്രണങ്ങളോടെ തുറന്നു. വിശ്വാസികൾ സാമൂഹിക അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങളോടെ പ്രാർഥനകളുടെ ഭാഗമായി. 

മഹാമാരിയിൽ നിന്നും എത്രയും വേഗം മോചനം നൽകണമേയെന്ന പ്രാർഥനയാണ് ഉയർന്നുകേട്ടത്. പലരുടേയും ജോലിയും ജീവിതവുമൊക്കെ ദുരിതത്തിലായ കാലം മാറി മുൻപത്തെപ്പോലെ ഒരുമിച്ച് ആഘോഷിക്കാനും പ്രാർഥിക്കാനുമുള്ള അവസരം നൽകണമേയെന്ന പ്രാർഥനയായിരുന്നു വിശ്വാസികൾ പങ്കുവച്ചത്.

പെരുന്നാൾ നമസ്കാരവും പ്രഭാഷണവുമടക്കം നിർവഹിക്കുന്നതിന് 15 മിനിട്ട് സമയമാണ് യുഎഇയിൽ അനുവദിച്ചിരുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലുമൊക്കെയായി ആയിരക്കണക്കിന് വിശ്വാസികൾ പ്രാർഥനാ നിരതരായി. ഒമാനിൽ സമ്പൂർണ ലോക്ഡൌൺ ഏർപ്പെടുത്തിയിരുന്നതിനാൽ താമസയിടങ്ങളിലാണ് വിശ്വാസികൾ പ്രാർഥനനിർവഹിച്ചത്. 

ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ സ്വദേശികൾക്കും പ്രവാസികൾക്കും പെരുന്നാൾ ആശംസകൾ നേർന്നു. വിശ്വാസികൾക്കൊപ്പവും അല്ലാതെയും ഭരണാധികാരികൾ പ്രാർഥകളുടെ ഭാഗമായി. കോവിഡ് പ്രതിരോധം ഓർമപ്പെടുത്തിയായിരുന്നു സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ പെരുന്നാൾ ആശംസാ സന്ദേശം. പെരുന്നാളിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ ഭരണാധിപൻമാർ തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. മലയാളികളടക്കം വിദേശികൾ ഉൾപ്പെടെയുള്ള തടവുകാരെയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്. അതേസമയം, അവധിക്ക് നാട്ടിൽ പോയാൽ മടങ്ങിയെത്താനാകുമോയെന്ന ആശങ്കയുള്ളതിനാൽ പലരും അവധിക്ക് പോകാതെ ഗൾഫ് നാടുകളിൽ തന്നെയാണ് പെരുന്നാൾ ആഘോഷിച്ചത്. അങ്ങനെ കഴിഞ്ഞമാർച്ച് മുതൽ നാലാം പെരുന്നാളിലാണ് പ്രിയപ്പെട്ടവർക്കൊപ്പമല്ലാതെ പ്രവാസികളിൽ പലരും ഇവിടെ പ്രവാസലോകത്ത് തന്നെ പെരുന്നാളിൻറെ ഭാഗമായത്.

അതിജീവനത്തിൻറെ സന്ദേശം പങ്കുവച്ചാണ് ഇത്തവണത്തെ ഹജ് തീർഥാടനം പൂർത്തിയാക്കിയത്. സാധാരണ 20 ലക്ഷത്തോളം തീർഥാടകർ സമ്മേളിക്കുന്ന വിശുദ്ധ നഗരിയിൽ ഇത്തവണ 60000 പേർക്കുമാത്രമായിരുന്നു പ്രവേശനാനുമതി. സൌദിയിൽ താമസിക്കുന്ന, വാക്സീൻ സ്വീകരിച്ചവർക്കും മുൻപ് ഹജ് കർമം അനുഷ്ഠിച്ചിട്ടില്ലാത്തവരുമായ മുൻഗണന നൽകിയാണ് ഹജ് ഉംറ മന്ത്രാലയം 60,000 തീർഥാടകരുടെ പട്ടിക തയാറാക്കിയത്. നാല് ഇടങ്ങളിൽ നിന്നായി സാമൂഹിക അകലം ഉറപ്പുവരുത്തി 3000 ബസ്സുകളിലാണ് തീർത്ഥാടകരെ മക്കയിലേക്ക് വരവേറ്റത്. തമ്പുകളുടെ നഗരമായ മിനായിൽ രാത്രി തങ്ങിയ ശേഷം തിങ്കഴാഴ്ച പുലർച്ചെ അറഫാ സംഗമത്തിനായി അറഫയിലേക്ക് നീങ്ങി. അറഫയിലെ മസ്ജിദ് നമിറയില്‍ നടന്ന ഖുതുബക്കും നിസ്കാരത്തിനും  സൌദി ഉന്നത പണ്ഡിതസഭാ അംഗവും മസ്ജിദുൽ ഹറമിലെ ഇമാമുമായ ോ. ബന്ദർ ബിൻ അബ്ദുൽ ബലീല നേതൃത്വം നൽകി. തുടർന്ന് രാത്രിയോടെ മുസ്ദലിഫയിലെത്തിയ തീർഥാടകർ ജംറയിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചു. ചൊവ്വാഴ്ച രാവിലെ മിനായിലെത്തി ജംറയിൽ സാത്താൻറെ പ്രതിരൂപത്തിൽ കല്ലേറുകർമം നിർവഹിച്ചു. തുടർന്ന് മക്കയിലെത്തി കഅബ പ്രദക്ഷിണം, തലമുണ്ഡനം എന്നീ കർമങ്ങൾ പൂർത്തിയാക്കി. തീർഥാടന വസ്ത്രങ്ങൾ മാറ്റി പുതുവേഷമണിഞ്ഞ് പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്നു. മലയാളികളടക്കം തീർഥാടകർക്ക് പുതിയ അനുഭവമായിരുന്നു ഈ വർഷത്തെ ഹജ് തീർഥാടനം. 

കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും ഹജ് തീർഥാടകരിലാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നത് ആരോഗ്യസുരക്ഷാസൌകര്യങ്ങളുടെ വിജയമായി. പ്രാർഥനയോടെ സുരക്ഷയോടെയാണ് വിശ്വാസികൾ മക്കയോട് വിടവാങ്ങിയത്.  അടുത്ത പെരുന്നാളിനെങ്കിലും മുൻവർഷങ്ങളിലേതുപോലെ ഏല്ലാവരോടുമൊന്നിച്ച് പ്രാർഥനയോടെ ആഘോഷങ്ങളോടെ പെരുന്നാളിൻറെ ഭാഗമാകാമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് വിശ്വാസികൾ ഹജ് തീർഥാടനത്തിൻറേയും പെരുന്നാളിൻറേയും ഭാഗമായത്.

----------------------------

മരുഭൂമിയുടെ പ്രിയപ്പെട്ട വിളയാണ് ഇന്തപ്പഴം. എമിറേറ്റ്സിൻറെ സമ്പൽ സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പഴത്തിൻറെ മഹോത്സവമാണ് അബുദാബിയിൽ ആഘോഷിക്കുന്നത്. ലിവ ഈന്തപ്പഴോത്സവത്തിന്റെ കാഴ്ചകളാണ് ഇനി കാണുന്നത്.

കേരളത്തിന് തെങ്ങെന്ന പോലെയാണ് അറബ് രാജ്യങ്ങൾക്ക് ഈന്തപ്പന. അറബ് ജനതയുടെ പ്രിയപ്പെട്ട വിള. അറേബ്യൻ രാജ്യങ്ങളിലും ചില വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും മാത്രം കൃഷി ചെയ്യപ്പെടുന്ന ഈന്തപ്പനകൾ ഈ നാടിന്റെ സമൃദ്ധിയുടെ പ്രതീകങ്ങളാണ്. അതിനാൽ തന്നെ ഈന്തപ്പഴ മഹോൽസവം നാടിന്റെ ആഘോഷവുമാണ്.  സ്വദേശി കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ വേദി കൂടിയാണ് അബുദാബിയിൽ നടക്കുന്ന ലിവ ഈന്തപ്പഴ മഹോത്സവം .

യു.എ.ഇയിലെ ഏറ്റവും മുന്തിയ ഇനം ഈന്തപ്പഴങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പച്ചയും  പഴുത്തതും പാതി പഴുത്തതുമായ ഈന്തപ്പഴത്തിന്‍റെ വമ്പന്‍ കുലകള്‍ വിസ്മയമാണ്. ഈന്തപ്പനയോലകൊണ്ടുണ്ടാക്കിയ പായ, വിശറി, പാത്രങ്ങൾ, ഈന്തപ്പനയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, മേശകൾ, പണപ്പെട്ടികൾ, കരകൗശല വസ്തുക്കൾ എന്നിവയും ഇവിടെ കാണാം. ഈന്തപ്പഴം അച്ചാർ, ഉപ്പിലിട്ടത്, ജ്യൂസ്, വിനാഗിരി, ഹൽവ, ജാം തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ രുചിയേറിയതുമാണ്. 

കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ പുറത്തുനിന്നുള്ള സന്ദർശകർക്ക് അനുമതിയില്ല. എങ്കിലും 80 ലക്ഷം ദിർഹം സമ്മാനത്തുകയുള്ളതിനാൽ കർഷകരുടെ മത്സരാവേശത്തിനു ഒട്ടും കുറവില്ല. മികച്ച ഈന്തപ്പഴക്കുല, ഭംഗിയുള്ള ഈന്തപ്പഴം, മികച്ച ഫാം, മികച്ച കർഷകൻ, അലങ്കരിച്ച പഴക്കൊട്ട തുടങ്ങി 22 മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് വൻതുകയാണ് സമ്മാനം .

ഈന്തപ്പന കൃഷി സംബന്ധിച്ച സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, കാർഷിക ഉപകരണ പ്രദർശനം, ഈന്തപ്പന മരത്തിൽനിന്നുള്ള കരകൗശല ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും ഫെസ്റ്റിവൽ നഗരിയിൽ ഒരുക്കിട്ടുണ്ട്. കർഷകർക്ക് ആധുനിക കാർഷിക രീതികൾ പരിചയപ്പെടുത്തുകയും ഉയർന്ന നിലവാരമുള്ള ഈന്തപ്പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള മാർഗങ്ങളും പരിശീലിപ്പിക്കുന്നുണ്ട്. 

അബുദാബി  നഗരത്തിൽ നിന്ന് 200   കിലോമീറ്റർ അകലെയാണ് ഫെസ്റ്റിവൽ നടക്കുന്ന ലിവ നഗരം. ഈന്തപ്പഴ വിപണി സജീവമാക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സർക്കാർ ഇത്തരമൊരു ആഘോഷം സംഘടിപ്പിക്കുന്നത്. ഒപ്പം രാജ്യത്തിൻറെ പരമ്പരാഗത കർഷകരോടുള്ള ആദരവിൻറെ സൂചന കൂടിയാണ് ഈ മഹോത്സവം. യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ്  മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാെൻറ രക്ഷകർതൃത്വത്തിലുള്ള ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...