അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം; തുണച്ച് രാജ്യം : പ്രതീക്ഷയിൽ പ്രവാസികൾ

Gulf-This-Week_1106
SHARE

ഇന്ത്യയുടേയും യുഎഇയുടേയും പരസ്പരസഹകരണത്തിൻറെയും ഊഷ്മള ബന്ധത്തിൻറേയും ഉദാഹരണമായി അബുദാബായിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിൻറെ നിർമാണം പുരോഗമിക്കുകയാണ്. അബുദാബി ഭരണാധികാരികളുടെ പൂർണപിന്തുണയോടെയാണ്  ഇന്ത്യൻ വാസ്തുവിദ്യയിൽ നിർമിക്കുന്ന ക്ഷേത്രം ഉയരുന്നത്. ക്ഷേത്രത്തിലേക്കുള്ള ശിലകൾ ഇന്ത്യയിൽ നിന്നും കടൽമാർഗം കഴിഞ്ഞദിവസങ്ങളിലായി എത്തിച്ചുതുടങ്ങി. ആ ക്ഷേത്രനിർമാണത്തിലെ കാഴ്ചകളാണ് ആദ്യം കാണുന്നത്.

മുപ്പതുലക്ഷത്തോളം ഇന്ത്യക്കാർ അധിവസിക്കുന്ന യുഎഇയുടെ തലസ്ഥാനഎമിറേറ്റിലാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം ഉയരുന്നത്. ഇരുരാജ്യങ്ങളുടേയും സാംസ്കാരികത്തനിമയുടെ വലിയ അടയാളമായി മാറുകയാണ് അബുദാബി ദുബായ് പാതയില്‍ അബൂമുറൈഖയിൽ ഉയരുന്ന ക്ഷേത്രം. വിവിധ മതവിഭാഗങ്ങളെ വിശാലതയോടെ, സഹിഷ്ണുതയോടെ സ്വീകരിക്കുന്ന യുഎഇ സർക്കാരിൻറെ നയപ്രകാരമാണ് അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശനത്തിനു പിന്നാലെ 2017 ലാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ച് തീരുമാനംപ്രഖ്യാപിച്ചത്. യുഎഇ സഹിഷ്ണുതാവർഷമായി ആചരിച്ച 2019 ഏപ്രിൽ 20 ന് ശിലാസ്ഥാപനത്തോടെ തുടങ്ങിയ നിർമാണം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പുരോഗമിക്കുകയാണ്. യുഎഇ ഭരണാധികാരികളുടെ പൂർണസഹകരണത്തോടെയാണ് ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ നേതൃത്വത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ. 

യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 മിനാരങ്ങൾ ക്ഷേത്രത്തിൻറെ പ്രത്യേകതയായിരിക്കും. ഇന്ത്യയിലെ വിദഗ്ദരായ  കരകൗശല കലാകാരന്മരാണ് ശിലഫലകത്തിലെ കൊത്തുപണിചെയ്തിരിക്കുന്നത്.  ക്ഷേത്രത്തിനുള്ള ശിലകൾ കഴിഞ്ഞ ദിവസം കടൽമാർഗം അബുദാബിയിലെത്തിച്ചു. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 2,000 ശിൽപികൾ മാസങ്ങളെടുത്ത് കൊത്തുപണി പൂർത്തിയാക്കിയ ശിലകളാണ് ക്ഷേത്രത്തെ മനോഹരമാക്കുന്നത്. 40 കണ്ടെയ്നറുകളിലായി 750 ടൺ ശിലകൾ ഇതിനകം ക്ഷേത്രപരിസരത്തെത്തിച്ചിട്ടുണ്ട്. 3,000 ശില്‍പികള്‍ കൊത്തിയെടുത്ത 12,350 ടണ്‍ പിങ്ക് മാര്‍ബിളും 5,000 ടണ്‍ ഇറ്റാലിയന്‍ മാര്‍ബിളും ക്ഷേത്രനിർമാണത്തിനുപയോഗിക്കും. 55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണമായും ശിലകളിലാണ് ക്ഷേത്രം ഉയരുക. നിർമാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. 707 ചതുരശ്ര മീറ്റർ ശിലകളിൽ പുരാണ കഥകളുടെ ശിൽപാവിഷ്കാരമൊരുക്കും. പ്രാർഥനാ മുറികൾക്കു പുറമെ ആത്മീയവും സാംസ്‌കാരികവുമായ ആശയ വിനിമയത്തിനുള്ള രാജ്യാന്തര വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, ഉദ്യാനം, കായിക കേന്ദ്രങ്ങൾ ഭക്ഷണശാലകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയും സജ്ജമാക്കും.  ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ എന്നിവയുടെ പുനരാവിഷ്‌കാരവും ക്ഷേത്രത്തോട് ചേര്‍ന്നുണ്ടാകും.

 ഇന്ത്യ, യുഎഇ ബന്ധത്തിൻറെ ചരിത്രത്തിലെ നാഴികക്കല്ലായാണ് ക്ഷേത്രനിർമാണത്തെ വിലയിരുത്തുന്നത്. ഈ രാജ്യത്തിൻറെ വളർച്ചയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനനൽകിയ പ്രവാസിഇന്ത്യക്കാരും യുഎഇയും തമ്മിലുള്ള ഹൃദയബന്ധത്തിൻറെ സാക്ഷ്യമാണ് ക്ഷേത്രം.

ക്ഷേത്ര നിർമാണത്തിൻറെ പുരോഗതിവിലയിരുത്താൻ യുഎഇ മന്ത്രിമാർ  നിർമാണമേഖലയിലെത്താറുണ്ട്. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ കാര്യമന്ത്രി നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ തുടങ്ങിയവർ വിവിധഘട്ടങ്ങളിലായി ഇവിടം സന്ദർശിക്കുകയും ക്ഷേത്രം നിര്‍മിക്കുന്ന ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ പ്രതിനിധികളുമാിയ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

അബുദാബിയിലെ പ്രവാസിഇന്ത്യക്കാരായ വിശ്വാസികൾ ക്ഷേത്രനടതുറക്കുന്നതിനായി കാത്തിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിതമൊരുക്കിനൽകുന്ന രാജ്യം പ്രാർഥനയ്ക്കും സൌകര്യമൊരുക്കി നൽകുന്നതിൻറെ നന്ദിയാണ് പ്രവാസികളുടെ വാക്കുകളിൽ. 

പതിമൂന്നര ഏക്കർ സ്ഥലത്ത് നിർമാണം പുരോഗമിക്കുന്ന ക്ഷേത്രം മധ്യപൂർവദേശത്തെ സാംസ്കാരികഇടമായി മാറുമെന്നാണ് പ്രതീക്ഷ.  രണ്ടായിരത്തിഇരുപത്തിമൂന്നോടെ നിർമാണം പൂർത്തിയാകുമ്പോൾ മതജാതി വ്യത്യാസങ്ങളില്ലാതെ ആർക്കും കടന്നുചെല്ലാവുന്ന ആത്മീയഇടമായിരിക്കും ക്ഷേത്രമെന്ന്  ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ വ്യക്തമാക്കിയിട്ടുണ്ട്. അറബ് മേഖലയിൽ ഉയരുന്ന ഏറ്റവും വലിയ ക്ഷേത്രം ഇന്ത്യയുടെ സാംസ്കാരികത്തനിമയുടെ പ്രതിബിംബമായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസിഇന്ത്യക്കാരും. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...