പ്രവാസികളെ നാടിന്റെ സ്പന്ദനം അറിയിച്ചു; ഇനിയില്ല കൽപക ബുക്ക്സ്റ്റാൾ

ashokan
SHARE

ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസിമലയാളികൾക്ക് ആദ്യമായി ദിനപത്രങ്ങളും വാരികകളും എത്തിച്ച റോളയിലെ കൽപക ബുക് സ്റ്റോളിന് തിരശീല വീണു. ടെലിഫോൺ പോലും സജീലമല്ലാതിരുന്ന കാലത്ത് തുടങ്ങി നാൽപ്പത് വർഷത്തോളമായി പ്രവാസിമലയാളികളെ നാടിൻറെ സ്പന്ദനം അറിയിച്ച അശോകൻ നാട്ടിലേക്ക് മടങ്ങുകയാണ്. ഷാർജയിലെ പ്രവാസികളുടെ ജീവിതത്തിൻറെ ഭാഗമായിരുന്ന കൽപക എന്ന ആ പുസ്തകശാലയുടെ, അതിൻറെ ഉടമ അശോകൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്. 

ഷാർജ റോള...ഗൾഫിൽ പ്രവാസജീവിതം തുടങ്ങിയ നാൾ മുതൽ മലയാളികൾ വാരാന്ത്യങ്ങളിൽ ഒത്തുചേരുന്ന ഇടം. ഒരാഴ്ചത്തെ ജീവിതത്തിരക്കുകളെല്ലാം മാറ്റിവച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ കാണാൻ വന്നിരുന്ന സ്ഥലം. മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളുമൊക്കെ അരങ്ങിലെത്തും മുൻപ് മലയാളികളുടേയും മറ്റുരാജ്യക്കാരുടേയുമൊക്കെ വാരാന്ത്യസായ്ഹാന്നങ്ങൾ റോളയിലെ വലിയ ആൽമരത്തിൻറെ തണലിലായിരുന്നു. അവിടെ കൂടിനിന്ന് പ്രവാസജീവിതത്തിൻറെ സന്തോഷവും സന്താപങ്ങളുമൊക്കെ പങ്കിട്ടകാലം. അങ്ങനൊരു കാലത്ത് 47 വർഷങ്ങൾക്ക് മുൻപ് 1974 ഓഗസ്റ്റ് 30 നാണ്  കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അശോകൻ യുഎഇയിലെത്തുന്നത്. ബോംബേയിൽ നിന്നും കടൽ കടന്നായിരുന്നു ദുബായിലേക്കുള്ള യാത്ര.

ഹോട്ടൽ, സൂപ്പർമാർക്കറ്റ്, ടെക്സ്റ്റൈൽസ് എന്നിവിടങ്ങളിലെ ജോലിക്ക് ശേഷമാണ് ജേഷ്ടൻ ഗംഗാധരനൊപ്പം ചേർന്ന് അശോകൻ 1980ൽ ഷാർജയുടെ ഹൃദയഭാഗമെന്നറിയപ്പെടുന്ന റോള സിഗ്നലിനടുത്ത് കൽപക റെഡിമെയ്ഡ്സ് എന്ന കൊച്ചുകട തുടങ്ങുന്നത്. 

ടിവി പോലും സജീവമല്ലാതിരുന്ന ആ കാലത്ത് നാട്ടിൽ ലഭിച്ചിരുന്ന പത്രമാസികകളൊക്കെ ഷാർജയിലെ മലയാളികൾക്ക് കിട്ടാക്കനിയായിരുന്നു. ഷാർജ, അജ്മാൻ തുടങ്ങി യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ താമസിച്ചിരുന്ന പ്രവാസിമലയാളികൾക്ക് അങ്ങനെ ആദ്യമായി മലയാളം പത്രങ്ങളും വാരികകളുമൊക്കെ എത്തിച്ച വ്യക്തിയാണ് അശോകൻ. കൽപകയിൽ തന്നെയാണ് പത്രങ്ങളും വാരികകളുമൊക്കെയെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.

കാലക്രമേണ വസ്ത്രങ്ങൾ മാറി കൽപക ഒരു സ്റ്റേഷനറി,ബുക്ക് സ്റ്റാളായി രൂപപരിണാമം ചെയ്തു. ഇന്നത്തെപ്പോലെ അന്നും പ്രവാസികൾക്ക് നാട്ടിലെ വാർത്തയറിയാനുള്ള ആവേശമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം മുന്നിൽ കണ്ട് പലരും പത്രം നേരത്തേ ബുക്ക് ചെയ്തു വയ്ക്കും.

കത്തയച്ച് വിശേഷങ്ങൾക്കായി കാത്തിരുന്ന കാലത്ത് അശോകൻറെ കൽപക സാധാരണതൊഴിലാളികളടക്കമുള്ളവർക്ക് ആശ്വാസകേന്ദ്രമായിരുന്നു. ഈ കടയുടെ മേൽവിലാസത്തിലെത്തിയ കത്തുകൾ അതാത് വ്യക്തികൾക്ക് കൃത്യമായി കൈമാറിനൽകി. ഒപ്പം ഭാഷയുടെ ബുദ്ധിമുട്ടുണ്ടായിരുന്നവരെ അശോകൻ എഴുതിയും സഹായിച്ചു. 

മലയാളത്തിലെ പ്രധാന നോവലുകളും ചെറുകഥാ,ലേഖനസമാഹാരങ്ങളുമെല്ലാം കൽപകയെന്ന സ്റ്റേഷനറി ബുക് സ്റ്റാളിൽ ലഭ്യമാക്കിയിരുന്നു. നാട്ടിലെ പ്രിയപ്പെട്ടവർക്ക് ഉത്സവങ്ങളിലും വിശേഷനാളുകളിലും അയക്കാൻ ആശംസാകാർഡുകൾ വാങ്ങാനും പ്രവാസികൾ കൽപകയിലെത്തി.

ഷാർജയിൽ ജോലി ചെയ്തിരുന്ന അന്തരിച്ച സാഹിത്യകാരൻ ടി.വി.കൊച്ചുബാവ കൽപകയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പത്ത് വർഷം മുൻപ് വരെ പത്രമാധ്യമങ്ങളുടെയും പുസ്തകങ്ങളുടെയും വസന്തകാലമായിരുന്നു കൽപകയിലേതെന്ന് അശോകൻ പറയുന്നു. പിന്നീട് കാലം മാറി. വിരൽതൊടുമ്പോൾ വാർത്തകളുടെ ലോകം മുന്നിലെത്തുന്നത് കണ്ടുവളരുന്ന ഇന്നത്തെ തലമുറയ്ക്കറിയാത്ത, വാർത്തയറിയാൻ ദിവസങ്ങൾകാത്തിരുന്നൊരു തലമുറയുടെ ജീവിതം. അങ്ങനെ 47 വർഷങ്ങൾക്ക് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണ് അശോകൻ. പ്രവാസ ജീവിതം മടുത്തിട്ടൊന്നുമല്ല മടങ്ങാൻ തീരുമാനിച്ചത്. വയസ്സ് 67 ആയി. ഇനിയുള്ള കാലം സ്വന്തം മണ്ണിൽ നിൽക്കണമെന്ന ആഗ്രഹം.

33 വർഷമായി ഭാര്യ റീജയും ഷാർജയിലുണ്ട്. രണ്ട് മക്കൾ അശ്വിനിയും അങ്കിും ജനിച്ചതും പഠിച്ചതും ഷാർജയിൽ തന്നെയാണ്. ഭർത്താവിൻറെ തിരക്കേറിയ ജീവിതത്തിനും മക്കളുടെ വളർച്ചയ്ക്കുമൊക്കെ സാക്ഷിയായിരുന്ന ഈ നാട്ടിൽ നിന്ന് മടങ്ങുമ്പോൾ റീജയ്ക്ക് സമ്മിശ്രവികാരമാണ്. 

കൽപകയിൽ ഇനി പുസ്തകങ്ങളുടേയും പത്രങ്ങളുടേയും അക്ഷരക്കൂട്ടുണ്ടാകില്ല. വരും ദിവസങ്ങളിൽ അതൊരു കഫ്റ്റീരിയയായി മാറും. കൽപകയിലൂടെ പ്രവാസലോകത്തിൻറെ ഭാഗമായിരുന്ന അശോകൻ  47 വർഷത്തിനിടെ ഈ നഗരത്തിൻറെ വളർച്ച കൺമുന്നിൽ കണ്ടു. മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ അനേകർക്ക് വഴികാട്ടിയായി. അന്ന് സജീവമായിരുന്നവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. നാട്ടിലേക്ക് മടങ്ങിയവർ പ്രവാസലോകത്തിൻറെ ഓർമകൾ അയവിറക്കുമ്പോൾ കൽപകയെയും അശോകനേയും ഓർക്കും. കാരണം റോളയിലെ ആ വലിയ ആൽമരവും അതിൻറെ സമീപത്തെ ഈ പുസ്തകശാലയും ഒരുകാലത്ത് ഷാർജയിലെ പ്രവാസജീവിതത്തിൻറെ ഹൃദയഭാഗമായിരുന്നു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...