യുഎഇയിൽ വിജ്ഞാനക്കാലം; വായനോത്സവവും പുസ്തകമേളയും

gtw
SHARE

പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറയുമായി ഷാർജയിൽ കുട്ടികളുടെ വായനോത്സവം. അബുദാബിയിൽ 46 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവുമായി രാജ്യാന്തര പുസ്തകമേള. കോവിഡ് കാലത്തെ അതിജീവനത്തിൻറെ കാഴ്ചകളായ വായനോത്സവത്തിൻറേയും  പുസ്തകമേളയുടേയും വിശേഷങ്ങളാണ് ഇനി കാണുന്നത്.

നിങ്ങളുടെ സങ്കൽപ്പങ്ങൾക്ക് എന്ന പ്രമേയത്തിലാണ് ഷാർജ അൽ താവൂനിലെ എക്സ്പോ സെൻ്ററിൽ പന്ത്രണ്ടാമത് കുട്ടികളുടെ വായനോത്സവമൊരുക്കിയത്. മഹാമാരി കാരണം ഒരുവർഷത്തിലധികമായി വീടുകളിലെ നാലു ചുവരുകളിലേക്കൊതുക്കപ്പെട്ട കുട്ടികൾക്ക് അതിൽ നിന്നുള്ള മോചനം കൂടിയായിരുന്നു ഷാർജയിലെ വായനോത്സവം.  15 രാജ്യങ്ങളിൽ നിന്ന് ഇരുന്നൂറോളം പ്രസാധകരും എഴുത്തുകാരും ഉത്സവത്തിൻറെ ഭാഗമായി. കോവിഡ് നിയന്ത്രണങ്ങളോടെ ഇത്രയും വലിയഒരു പരിപാടിയിൽ കുട്ടികളെ എങ്ങനെ പങ്കെടുപ്പിക്കുമെന്ന സന്ദേഹത്തിൻറെ ഉത്തരം കൂടിയാണ് ഈ അറബിക്, ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഇത്തവണ സജീവമായിരുന്നത്. കുട്ടികളുടെ സാംസ്കാരിക പരിപാടിയായാണ് ഷാർജ ബുക് അതോറിറ്റി  വായനോത്സവം അവതരിപ്പിച്ചത്. സാഹിത്യ,വിജ്ഞാന,കലാ,വിനോദ,സാംസ്കാരിക മേഖലകളിലായി 537 വ്യത്യസ്ഥ പരിപാടികൾ മേളയുടെ ഭാഗമായി. ശിൽപശാല, നാടകം, കുക്കറി ഷോ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാൽ സമ്പന്നമായിരുന്നു ഇത്തവണത്തെ മേള.   ഒൻപതാമത് ഷാർജ ചിൽഡ്രൻസ് ബുക് ഇലസ്ട്രേഷൻ പ്രദർശനവും വായനോത്സവത്തിൻറെ കൂടെ സംഘടിപ്പിച്ചു. 50 രാജ്യങ്ങളിൽ നിന്നുള്ള 395 പേർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രവേശനവിലക്കുള്ളതിനാൽ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വായനോത്സവത്തിൽ ഇത്തവണ കേരളത്തിൽ നിന്നടക്കമുള്ള പ്രസാധകരുടെ പങ്കാളിത്തമില്ലായിരുന്നു. മനോരമ ഓൺലൈനിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലിൻറെ കുട്ടികൾക്കായുള്ള പുസ്തകമായ ഖുഷി അടക്കം വളരെ കുറച്ച് മലയാള പുസ്തകങ്ങളാണ് മേളയിൽ ഇടം നേടിയത്. ഒരു നഗരത്തിലെ പാര്‍ക്കിലും ഒമാനിലെ ഫ്‌ളാറ്റിലും നടക്കുന്ന സംഭവവികാസങ്ങളില്‍ ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന അഞ്ചു വയസുകാരനുമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഗള്‍ഫലും കേരളത്തിലും വ്യാപകമായി വായിക്കപ്പെട്ട ഖുഷി മൂന്ന് എഡിഷന്‍ പിന്നിട്ട നോവലാണ്.

പ്രവാസിമലയാളികളായ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇത്തവണയും മേളയിലെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം പരിപാടികളിൽ സജീവമാകാതിരുന്ന വിരസമായ കാലത്തിന് വിടനൽകിയാണ് പുസ്തകം വാങ്ങാനും സാംസ്കാരിക,വിനോദ,കലാ പരിപാടികളിൽ പങ്കെടുക്കാനുമായി വിദ്യാർഥികളെത്തിയത്.

ഇന്ത്യൻ വംശജയായ അമേരിക്കൻ എഴുത്തുകാരി അംബികാ ആനന്ദ് പ്രകോപ്,  മാറ്റ് ലമോതെ, കെവിൻ ഷെറി, അബ്ബി കൂപ്പർ, കർടിസ് ജോബ് ലിങ് തുടങ്ങിയവർ കുട്ടികളുമായി സംവദിക്കുകയും  വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഈ മാസം 19 ന ് തുടങ്ങിയ മേളയിലേക്ക് സ്കൂളുകളിൽ നിന്നടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കാളികളായത്. സൌജന്യപ്രദർശനം നേരിട്ടുകാണുന്നതിനൊപ്പം പല പരിപാടികളും വെർച്വലായി കാണാനും അവസരമൊരുക്കിയാണ് മേള സംഘടിപ്പിച്ചത്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു.

മേളയിൽ പങ്കെടുത്ത പ്രസാദകരിൽ നിന്ന് പുസ്തകം വാങ്ങി  ഷാർജയിലെ പൊതുവായനാശാലകളെ സമ്പന്നമാക്കാൻ 25 ലക്ഷംദിർഹമാണ് ഷാർജ ഭരണാധികാരി അനുവദിച്ചത്. പുസ്തകത്തിന്റെയും വിജ്ഞാനത്തിന്റെയും തുടർച്ചയായ വളർച്ചയെ പിന്തുണയ്ക്കുന്നതിൻറെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി വ്യക്തമാക്കി. 

കോവിഡ് പരിമിതിക്കിടയിലും വിജ്ഞാനത്തിന്റെ വാതായനം തുറന്നിട്ടാണ് അബുദാബിയിൽ രാജ്യന്തര പുസ്തകമേള ഒരുക്കിയത്. ഹൈബ്രിഡ് മാതൃകയിൽ ആരംഭിച്ച അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിൻറെ പകുതിയിലേറെയും പരിപാടികൾ വെർച്വലാണ്. 46 രാജ്യങ്ങളിലെ 800 പ്രസാദകരാണ് മേളയുടെ ഭാഗമാകുന്നത്. ജർമനിയാണ്  മേളയിൽ ഇത്തവണത്തെ വിശിഷ്ടാതിഥി രാഷ്ട്രം. യാത്രാ വിലക്കുള്ളതിനാൽ ഇന്ത്യയിൽനിന്നുള്ള പ്രസാധകർക്ക് ഇത്തവണ പങ്കെടുക്കാനായില്ല.

പുസ്തകോൽസവത്തിൻറെ ആദ്യദിനം തന്നെ, സർക്കാർ സ്കൂൾ ലൈബ്രറികൾക്കായി  60 ലക്ഷം ദിർഹത്തിൻറെ പുസ്തകങ്ങൾ വാങ്ങാൻ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടത് പുസ്തകോത്സവത്തിനു പ്രതീക്ഷയുടെ തുടക്കമാണ് സമ്മാനിച്ചത്. അമേരിക്കൻ എഴുത്തുകാരി തയാരി ജോൺസ്, ബ്രിട്ടീഷ് ചരിത്രകാരൻ ബെറ്റനി ഹ്യൂഗ്സ്, യുഎഇ പ്രസിഡൻറിൻറെ സാംസ്കാരിക ഉപദേഷ്ടാവ് സാക്കി അൻവർ നുസൈബ തുടങ്ങിയവർ മേളയുടെ ഭാഗമായി. 

ശിൽപശാല, പുസ്തകപ്രകാശനം അടക്കം നൂറിലധികം പരിപാടികളാണ് നേരിട്ടും വെർച്വലായും സംഘടിപ്പിക്കുന്നത്. പ്രാദേശിക, രാജ്യന്തര തലത്തിലെ ഇരുപതിലധികം സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുസ്തകമേളയിലെ പരിപാടികൾ. www.adbookfair.com വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത്  8 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റുമായി വരുന്നവർക്ക് മാത്രമാണ് അബുദാബി പുസ്തകമേളയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...