പ്രവാസ ലോകത്തെ പെരുന്നാള്‍ സന്തോഷങ്ങള്‍

gulf-this-week
SHARE

കോവിഡ് മഹാമാരിയുടെ വരവിന് ശേഷമുള്ള രണ്ടാമത്തെ ചെറിയപെരുന്നാൾ കാലമാണിത്. പോയവർഷത്തെ ദുരിതാവസ്ഥയ്ക്ക് വലിയൊരളവിലെങ്കിലും അറുതിവന്നിരിക്കുന്നുവെന്നതാണ് ഗൾഫിൽ ഈ പെരുന്നാൾ കാലത്തെ ആശ്വാസം. പ്രവാസിമലയാളികളിൽ പലരും നാട്ടിലേക്ക് പോകാതെ ഇവിടെത്തന്നെ പെരുന്നാൾ ആഘോഷിക്കുകയാണ്. നിയന്ത്രണങ്ങളോടെയാണ് ഗൾഫിലെ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.

കഴിഞ്ഞവർഷത്തെ ചെറിയപെരുന്നാൾ ദിനത്തിലെ കാഴ്ച ഇങ്ങനെയായിരുന്നു. പള്ളികൾ അടച്ചിട്ട് കടുത്ത നിയന്ത്രണങ്ങളോടെ വിശ്വാസികൾ പെരുന്നാളിൻറെ ഭാഗമായി. സങ്കടപ്പെടുത്തിയ ആ അവസ്ഥയിൽ നിന്ന് ഒരുപരിധിവരെയെങ്കിലും മാറ്റമുണ്ടായെന്ന ആശ്വാസത്തോടെയാണ് പ്രവാസിമലയാളികളടക്കമുള്ളവർ ഗൾഫ് നാടുകളിൽ ഇത്തവണ പെരുന്നാൾ ആഘോഷിക്കുന്നത്. പ്രാർഥനയ്ക്കായി നിയന്ത്രണങ്ങളോടെയെങ്കിലും പള്ളികൾ തുറന്നു. വിശ്വാസികൾ പ്രാർഥനാ നിരതരായി പള്ളികളിലെത്തുന്ന കാഴ്ച അതിജീവനത്തിൻറെ കാഴ്ചകൂടിയാണ്. 

വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിലാണ് വിശ്വാസികൾ പെരുന്നാളാഘോഷിക്കുന്നത്. നിരാശയുടെ കാലത്ത് നിന്നും പ്രതീക്ഷയിലേക്കുള്ള യാത്ര. മാസപ്പിറവി കാണാതിരുന്നതിനാൽ റമസാൻ 30 പൂർത്തീകരിച്ചാണ് ഗൾഫിൽ പെരുന്നാൾ ആഘോഷം. ഗൾഫിലെ പ്രവാസിമലയാളികളായ വിശ്വാസികൾ താമസയിടങ്ങളിൽ ചെറിയ കൂട്ടങ്ങളായി പെരുന്നാൾ ആഘോഷിക്കുകയാണ്. വിവിധതരം പലഹാരങ്ങളും ഭക്ഷണങ്ങളുമൊക്കെയായി കുടുംബത്തോടൊന്നുചേർന്ന് പെരുന്നാൾ മനോഹരമാക്കുന്ന കാഴ്ചകൾ. 

കുട്ടികൾ മൈലാഞ്ചിയിട്ടും പുതുവസ്ത്രങ്ങളണിഞ്ഞുമൊക്കെയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. സുഹൃത്തുക്കളെയൊക്കെ വീട്ടിലേക്ക് വിളിച്ച് ഒത്തുചേരണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അത് സാധ്യമാകുന്നില്ലെന്ന സങ്കടമുണ്ട്. കഠിനമായ വ്രതാനുഷ്ടാനം പ്രാർഥനയോടെ പൂർത്തിയാക്കിയ കുരുന്നുകൾക്കും ഇത് സന്തോഷത്തിൻറെയും സംതൃപ്തിയുടേയും പെരുന്നാൾ ദിനങ്ങളാണ്.കോവിഡ് മാനദണ്ഡങ്ങളോടു പൊരുത്തപ്പെട്ട് താമസയിടങ്ങളിലേക്ക് മാത്രമായി ഒതുങ്ങിയ മൂന്നാമത്തെ പെരുന്നാൾ ആഘോഷമാണിത്. ഈ ആഘോഷം അവിസ്മരണീയമാക്കുന്നതിനൊപ്പം പോയവർഷത്തെ ദുഖപൂർണമായ പെരുന്നാൾ കാലം മറികടക്കാനായതിൻറെ ആശ്വാസമാണ് മട്ടന്നൂർ സ്വദേശിയും ദുബായിലെ പ്രവാസിമലയാളിയുമായ പി.കെ.റഫീഖിൻറെ കുടുംബാംഗങ്ങളുടേതുൾപ്പെടെ എല്ലാവരുടേയും വാക്കുകളിൽ നിറയുന്നത്. 

മഹാമാരിയിൽ നിന്നുള്ള മോചനം എത്രയും വേഗം സാധ്യമാക്കണമേയെന്ന പ്രാർഥനയാണ് പെരുന്നാൾ ദിനങ്ങളിൽ ഉയരുന്നുകേൾക്കുന്നത്. നാട്ടിൽ കോവിഡ് രൂക്ഷമായതിനാൽ പ്രിയപ്പെട്ടവരെയോർത്ത് പ്രാർഥിക്കുകയാണ് പ്രവാസികൾ. ആഘോഷങ്ങൾ പൂർണമാകണമെങ്കിൽ നാട്ടിലുള്ളവരും സുരക്ഷിതരാണെന്ന ഉറപ്പുണ്ടാകണം. അതിനാൽ ആ കരുതലും പ്രാർഥനയും മനസിൽ സൂക്ഷിച്ചാണ് ആഘോഷങ്ങൾ.

യുഎഇയിലും സൌദിയിലുമൊക്കെ പള്ളികൾ പ്രാർഥനയ്ക്കായി തുറന്നിട്ടുണ്ടെങ്കിലും സാമൂഹ്യഅകലം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. പള്ളികളും ഈദ് ഗാഹുകളും നമസ്കാരത്തിന് 15 മിനിറ്റ് മുൻപ് മാത്രം തുറക്കുകയും നമസ്കാരം കഴിഞ്ഞ് 15 മിനിറ്റിനകം അടയ്ക്കുകയും ചെയ്യുന്നുണ്ട്. മക്കയിലും മദീനയിലും തിരക്കുകളില്ലാതെയുളള പെരുന്നാൾ കാലമാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിശ്വാസികളെ ഹറമുകളിലേക്ക് പ്രവേശിപ്പിച്ചത്.

ഇന്ത്യയിൽ നിന്ന് ഗൾഫിലെ നാല് രാജ്യങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലും ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായതിനാലും ഒട്ടേറെ മലയാളികൾ ഇത്തവണത്തെ പെരുന്നാളാഘോഷം പ്രവാസഭൂമിയിലാക്കി. സാധാരണ എല്ലാ പെരുന്നാളുകൾക്കും നാട്ടിലേക്ക് പോകുന്നവർ അവധി റദ്ദാക്കിയാണ് ഇവിടെ തുടരുന്നത്. അതേസമയം, കോവിഡ് കാരണമുള്ള സാമ്പത്തിക അസ്ഥിരത മറികടക്കാൻ വിപണി കൂടുതൽ സജീവമായിട്ടുണ്ട്. വസ്ത്രഭക്ഷണവിപണികൾ സജീവമാകുന്നത് ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവർക്ക് ആശ്വാസകരമാണ്. എല്ലാ മേഖലയിലും ആ ഉണർവ് പ്രകടമാകട്ടെയെന്നാണ് വ്യാപാരികളുടേയും ഈ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് മലയാളികളുടേയും പ്രതീക്ഷ. ആ പ്രതീക്ഷയോടെ, നാട്ടിൽ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവരോട് മാനസികമായി ഒന്നുചേർന്നാണ് നല്ലനാളുകൾ മടങ്ങിവരണമേയെന്ന പ്രാർഥനയോടെ പ്രവാസിമലയാളികളടക്കമുള്ള വിശ്വാസികൾ ഗൾഫിൽ ചെറിയ പെരുന്നൾ ആഘോഷിക്കുന്നത്.

------------------------

ദുബായ് എന്ന സ്വപ്നനഗരത്തിൻറെ ശിൽപികൾ ഈ മരുഭൂമിയിലെ ചൂടേറ്റ് തൊഴിലെടുക്കുന്ന സാധാരണ തൊഴിലാളികളാണ്. നാട്ടിലെ കുടുംബാംഗങ്ങൾക്ക് മെച്ചപ്പെട്ട ജീവിതമേകാൻ ഇവിടെ വിയർപ്പ് ചിന്തുന്നവർ. അത്തരം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകി ചേർത്തുപിടിക്കുകയാണ് യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസാലാത്ത്. 

സൂര്യനുദിക്കും മുൻപ് തൊഴിലാളി ക്യാംപുകളിൽ നിന്ന് ബസുകളിൽ കൂട്ടം ചേർന്ന് തൊഴിലിടങ്ങളിലേക്കുള്ള യാത്ര. അവിടെ പൊരിവെയിലത്ത് നാട്ടിലെ പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ മെച്ചപ്പെട്ട ജീവിതം മനസിൽ കണ്ട് അധ്വാനിക്കുന്നവർ. വലിയ കെട്ടിടങ്ങളുടെ മുകളിൽ അതിനേക്കാൾ വലിയ സ്വപ്നങ്ങളുമായാണ് ഈ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ആഘോഷങ്ങളും ആർഭാടങ്ങളുമെല്ലാം മാറ്റിവച്ച് മാസാദ്യം നാട്ടിലേക്ക് പണമയക്കുന്നതിൻറെ സന്തോഷത്തിലും സംതൃപ്തിയിലും ജീവിക്കുന്ന സാധാരണ തൊഴിലാളികൾ. 

ദുബായിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള അർഹരായ തൊഴിലാളികളെ കണ്ടെത്തിയാണ്  യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസാലാത്ത് സമ്മാനവും ആദരവും കൈമാറിയത്. തിരഞ്ഞെടുത്ത 15 തൊഴിലാളികൾക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 25,000 ദിർഹം, ഏകദേശം  5 ലക്ഷം രൂപ വീതമാണ് എത്തിസാലാത്ത് അധികൃതർ നൽകിയത്. 

തൊഴിലിടങ്ങളിൽ നിന്നും പ്രത്യേകിച്ച് കാരണം പറയാതെയാണ് 15 പേരേയും ബസുകളിലായി പരിപാടി നടക്കുന്ന സ്ഥലത്തേക്കെത്തിച്ചത്. തറയിൽ ടൈൽസ് പാകണമെന്ന അധികൃതരുടെ ആവശ്യം തൊഴിലാളികൾ പൂർത്തിയാക്കിയതോടെ അവിടെ ഇങ്ങനെ തെളിഞ്ഞു. നിങ്ങൾ ഇന്നിനെ നിർമിച്ചു; ഞങ്ങൾ നിങ്ങളുടെ മക്കളുടെ നാളെകളെ സൃഷ്ടിക്കുന്നു. ജീവിതത്തിൻറെ ഏറിയ പങ്കും മറ്റൊരു നാട്ടിൽ ജീവിച്ചുതീർക്കുന്ന സാധാരണക്കാരായ പ്രവാസിതൊഴിലാളികൾക്കുള്ള ആദരവായിരുന്നു എത്തിസാലത്ത് ഒരുക്കിയത്. 25,000 ദിർഹത്തിൻറെ ചെക്കും ആദരവും ഏറ്റുവാങ്ങിയ തൊഴിലാളികളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു...

വർഷങ്ങളായി ദുബായിൽ നിർമാണ തൊഴിലാളിയായ ഉത്തരേന്ത്യക്കാരനായ ദുർഗേഷ് മദേസിയക്ക് ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ആദരവ് ലഭിക്കുന്നത്. നന്നായി പഠിക്കുന്ന മകൾക്ക് ഡോക്ടറാകാനാണ് ആഗ്രഹം. കഷ്ടപ്പാടിനിടയിൽ ആ ലക്ഷ്യത്തിലേയ്ക്ക് ഈ വലിയ തുക ഏറെ ഗുണം ചെയ്യുമെന്ന് ദുർഗേഷ് പറയുന്നു. 

ദത്തുപുത്രിയുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ ഈ പണം സഹായകരമാകുമെന്ന് മറ്റൊരിന്ത്യക്കാരനായ ഷെയ്ഖ് റിയാസുദീൻ. റമസാൻ മാസത്തിൽ ലഭിച്ച വലിയ സന്തോഷത്തിന് യുഎഇ ഭരണാധികാരികൾക്കും എത്തിസാലാത്ത് അധികൃതർക്കുമുള്ള നന്ദിയായിരുന്നു ഓരോ തൊഴിലാളിയുടേയും വാക്കുകളിൽ നിറഞ്ഞത്. വർഷങ്ങളുടെ അധ്വാനത്തിലൂടെ മാത്രം ലഭിക്കാവുന്ന സമ്പത്ത് ഒരു രാജ്യത്തിൻറെ ആദരവായി കൈപ്പറ്റിയതിൻറെ സന്തോഷവും സംതൃപ്തിയും. സമ്മാനം സ്വീകരിച്ചശേഷം ആദ്യം ചെയ്തത് നാട്ടിലെ കുടുംബാംഗങ്ങളെ വിളിച്ച് ആ സന്തോഷം നിറകണ്ണുകളോടെ പങ്കുവയ്ക്കുകയായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട 15 പേരിൽ നാല് ഇന്ത്യക്കാരും, പാക്കിസ്ഥാൻ, ബംഗ്ളാദേശ് സ്വദേശികളുമുണ്ടായിരുന്നു. സ്വന്തം രാജ്യം വിട്ടുവന്ന് യുഎഇക്ക് വേണ്ടി പ്രവർത്തിക്കുന്ന തൊഴിലാളികൾ ഈ രാജ്യത്തിന്റെ വിജയകഥയിലെ പ്രധാന ഘടകമാണെന്ന് എത്തിസാലാത്ത് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡൻറ് ഡോ.അഹ് മദ് ബിൻ അലി പറഞ്ഞു. ലോകപ്രശസ്തമായ ആകാശഗോപുരങ്ങളുയരുമ്പോൾ നാം അവരുടെ കഠിനപ്രയത്നം വിസ്മരിക്കാൻ പാടില്ലെന്നും  ഡോ.അഹ് മദ് ഓർമിപ്പിക്കുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചങ്ങൾക്കുമപ്പുറം ഈ രാജ്യത്തിൻറെ സ്വപ്നസഞ്ചാരത്തിനായി അധ്വാനിക്കുന്നവർക്കുള്ള ആദരവായിരുന്നു എത്തിസാലത്തിൻറെ നേതൃത്വത്തിൽ ദുബായിൽ ഒരുക്കിയിരുന്നത്. ആ ആദരവ് തൊഴിലാളികളുടെ സ്വപ്നങ്ങളിലേക്കുള്ള ഉറച്ച ചവിട്ടുപടിയായി മാറി.

**************

മരുഭൂമിയിലെ ഇത്തിരിപ്പോന്ന താമസയിടത്ത് പച്ചപ്പൊരുക്കി നൂറുമേനി വിളവെടുക്കുന്ന ഡോക്ടർ ദമ്പതികൾ. സ്വയം പര്യാപ്തതയ്ക്കൊപ്പം സംതൃപ്തികൂടി പകരുന്ന ആ പച്ചപ്പിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്.

വിശാലമായ പറമ്പും നല്ല മണ്ണും വെള്ളവുമെല്ലാമുണ്ടായിട്ടും സ്വന്തം വീട്ടിലേക്ക് വേണ്ട പച്ചക്കറികളും ഫലങ്ങളുമൊക്കെ കാശ് കൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന ഭൂരിപക്ഷം കേരളീയരും മരുഭൂമിയിലെ ഈ കാഴ്ചകൾ കാണണം. അബുദാബി കരാമയിലെ ഡോക്ടർ ദമ്പതികളായ ഷാജു ജമാലുദീൻറേയും അയിഷ ഉമ്മയുടേയും വീടാണ് ഈ പച്ചപിടിച്ച് കാണുന്നത്. നെല്ല്, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ ഒപ്പം കൂട്ടിന് കുറച്ചു പക്ഷികളും മത്സ്യങ്ങളും. 

വീടിൻറെ ടെറസിലാണ് ഇവർ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളുടെ പേരിലാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. മസാഫി തോട്ടത്തിൽ വിവിധതരം പച്ചക്കറികളും, കാറ്റാടിയന്ത്രവും കാണാം. ചിത്തിരപ്പാടമെന്ന പേരിലറിയപ്പെടുത്ത ചെറിയ പാടത്ത് വിളഞ്ഞുനിൽക്കുന്ന നെല്ലുകൾ നാടിൻറെ ഓർമപ്പെടുത്തൽകൂടിയാണ്.

അൽ ഫല എന്നുപേരിട്ടിരിക്കുന്ന കൃഷിയിടത്തിൽ ചെറിഇനം പച്ചക്കറികൾക്ക് പുറമെ പഴവർഗങ്ങളും കാണാം. അത്തിപ്പഴം ,ഒലിവ് ,പാഷൻഫ്രൂട്ട്, മുന്തിരി തുടങ്ങി ഒട്ടനവധി പഴങ്ങൾ ആണിവിടെ വിളയുന്നത്. തടികൊണ്ട് നിർമ്മിച്ചിരിക്കുന്ന വാട്ടർ വീലും ശ്രദ്ധേയമാണ്. അൽ കരാമ്മ എന്ന് പേരിട്ടിരിക്കുന്ന കൃഷിയിടത്തിൽ ആയുർവേദ ചെടികളാണ് വളരുന്നത്. കുരുവികളും തേനീച്ചക്കൂടുമൊക്കെ ഇവിടെ കാണാം. ഒപ്പം ചെറിയ മീൻകുളവും ഒരുക്കിയിട്ടുണ്ട്.  എൺപതോളം വ്യത്യസ്തങ്ങളാണ് ചെടികളാൽ സമ്പന്നമാണിവിടം. 

കൃഷിയുടെ പരിപാലനത്തിനും, വളപ്രയോഗ കാര്യത്തിലും കൃത്യമായ ഒരു ചാർട്ട് ഈ ദമ്പതികൾക്കുണ്ട്. മണ്ണിനും പരിസ്ഥിതിക്കും ഹാനീകരമാകുന്ന രാസവളപ്രയോഗങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. 15 വർഷത്തോളമായി കൃഷിയിൽ സജീവമായ ഇരുവരും വീട്ടിലേക്ക് ആവശ്യമുള്ളവയെടുത്ത് ബാക്കിയുള്ളത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ നൽകുന്നതാണ് പതിവ്. 

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ്‌ സയീദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ ആഹ്വാനമായിരുന്നു ഇവരർക്ക് പച്ചപ്പിനോടുള്ള പ്രതിബദ്ധയ്ക്ക് കാരണം.  ആലപ്പുഴചാരുംമൂട് സ്വദേശികളായ ഇരുവർക്കും ജോലിത്തിരക്കുകൾക്കിടയിൽ മാനസികോല്ലാസത്തിന് ഏറ്റവും സഹായകരമാണ് കൃഷിയിടത്തിൻറെ ഭാഗമായുള്ള പ്രവർത്തനങ്ങളെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. ഒപ്പം ഒരു അഭ്യർഥന കൂടിയുണ്ട്, ചെറുതായാലും വലുതായാലും താമസയിടങ്ങളിലെ പരിമിതികൾക്കുള്ളിൽ പച്ചപ്പ് വളർത്തണം. സ്വയം പര്യാപ്തതയ്ക്കൊപ്പം സന്തോഷം കണ്ടെത്താനുള്ള വഴികൂടിയാണതെന്ന് ഇരുവരും ഓർമപ്പെടുത്തുകയാണ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...