ക്ഷണം സ്വീകരിച്ചു; ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാർ യുഎഇയിൽ; മധ്യസ്ഥഇടപെടൽ

gulf
SHARE

ഇന്ത്യയുടേയും പാക്കിസ്ഥാൻറേയും വിദേശകാര്യമന്ത്രിമാർ കഴിഞ്ഞആഴ്ച ഒരേ സമയം യുഎഇയിലുണ്ടായിരുന്നു. ഇന്ത്യ, പാക് ബന്ധം മെച്ചപ്പെടുത്താൻ  മധ്യസ്ഥത വഹിക്കുന്നതായി യുഎഇ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു വിദേശകാര്യമന്ത്രിമാരുടെ യുഎഇ സന്ദർശനം. പോയവാരം ഏറ്റവും ചർച്ചയായ ആ വിഷയത്തിൻറെ വിശദവിവരങ്ങളാണ് ആദ്യം. 

ഇന്ത്യ, പാക് വെടിനിർത്തൽ കരാർ പാലിക്കാൻ ഫെബ്രുവരിയിൽ ധാരണയുണ്ടാക്കിയതിലടക്കം യുഎഇയുടെ ഇടപെടലുണ്ടെന്ന് യുഎസിലെ യുഎഇ സ്ഥാനപതി യൂസുഫ് അൽ ഉത്തൈബ കഴിഞ്ഞയാഴ്ചയാണ് വെളിപ്പെടുത്തിയത്. സ്റ്റാൻഫഡ് സർവകലാശാലയിലെ പരിപാടിയിലാണ് യുഎഇ സ്ഥാനപതി മധ്യസ്ഥഇടപെടലുകളെക്കുറിച്ച് പറഞ്ഞത്. 

ഈ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടേയും പാക്കിസ്ഥാൻറേയും  സൌഹൃദരാജ്യമായ യുഎഇയിലേക്ക് ഇരുവിദേശകാര്യമന്ത്രിമാരുമെത്തിയത്. എന്നാൽ, അബുദാബിയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയില്ല. എസ്.ജയ് ശങ്കർ,  യുഎഇ വിദേശകാര്യമന്ത്രി മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തകമേഖലയിലെ സഹകരണത്തിനും കോവിഡിൻറെ പശ്ചാത്തലത്തിൽ സാമൂഹ്യക്ഷേമത്തിനും ഊന്നൽനൽകുന്ന ചർച്ചകളായിരുന്നുവെന്നാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യ, പാക് വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തുമോയെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. അതുണ്ടായില്ലെങ്കിലും യുഎഇ ഇടപെടലുകളെ ദുബായിൽ വച്ച് പാക് വിദേശകാര്യമന്ത്രി സ്ഥിരീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.  ഇന്ത്യ പാക് അതിർത്തിയിലെ വെടിനിർത്തൽ കരാർ നടപ്പാക്കാനായതും, പാക് ദേശീയദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസസന്ദേശം അറിയിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയായി കണക്കാക്കുന്നതായും പാക് വിദേശകാര്യമന്ത്രി യുഎഇ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. 

കശ്മീർ വിഷയത്തിൽ മൂന്നാമത് ഒരു കക്ഷിയുടെ ഇടപെടലുകൾ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. അമേരിക്കയുടേതടക്കം ഇടപെടാനുള്ള ശ്രമങ്ങളെ ഇന്ത്യ നേരത്തേ തള്ലുകയും ചെയ്തിരുന്നു. എന്നാൽ  യുഎഇയുടെ മധ്യസ്ഥശ്രമങ്ങളെക്കുറിച്ചുള്ള വാർത്തകളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. യുഎഇയും ഇന്ത്യയുമായുള്ള സൌഹൃദബന്ധം ഏറെ മികച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ മധ്യസ്ഥതാ ശ്രമങ്ങളെന്നത് ശ്രദ്ധേയമാണ്.

ജനുവരിയിൽ ഇന്ത്യയുടേയും പാക്കിസ്ഥാൻറേയും ഇൻറലിജൻസ് ഏജൻസികൾ യുഎഇയിൽ രഹസ്യചർച്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോട്ടിനെ ഇരുരാജ്യങ്ങളും തള്ളിയിട്ടില്ല. എന്നാൽ അതിൻറെ അനന്തരഫലമെന്നോണം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഫെബ്രുവരി 25 ന് ധാരണയിലെത്തിയിരുന്നു.

 ഇന്ത്യയുടേയും പാക്കിസ്ഥാൻറേയും സൌഹൃദ രാഷ്ട്രമാണ് യുഎഇ. പാക്കിസ്ഥാനൊപ്പം ഇസ്ളാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ യുഎഇ അംഗമാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ്. കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച ആദ്യ രാജ്യമായിരുന്നു യുഎഇ. ഇന്ത്യയുമായി വ്യാപാരവ്യവസായ ബന്ധം ശക്തിയാർജിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണകർത്താക്കളുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നതും ഇന്ത്യയോടുള്ള യുഎഇയുടെ അനുഭാവം വർധിക്കാൻ കാരണമായിട്ടുണ്ട്. 

മേഖലയിൽ നേതൃസ്ഥാനത്തുള്ള സൌദിയുമായും ഇന്ത്യ, പാക്കിസ്ഥാനേക്കാൾ മികച്ച ബന്ധം സൂക്ഷിക്കുന്നുവെന്നതും ചേർത്തുവായിക്കണം. ഈ സാഹചര്യത്തിൽ പ്രത്യക്ഷത്തിൽ വെളിപ്പെടുത്തിയില്ലെങ്കിലും യുഎഇ ഇടപെടലുകൾ മേഖലയിൽ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തുന്നത്. നിലവിലെ സാഹചചര്യത്തിൽ ഇന്ത്യയ്ക്ക് പ്രതികൂലമായ നിലപാടുകളോ ഇടപെടലുകളോ യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പാണ്. ആ ഉറപ്പ് കശ്മീർ വിഷയത്തിലുമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

--------------------------

റമസാൻ വ്രതം ആരംഭിച്ചതോടെ ഗൾഫിലെ ഈന്തപ്പഴ വിപണിയും സജീവമായി. കോവിഡിനെ അതിജീവിക്കുന്ന വിപണിക്ക് ആശ്വാസംകൂടിയാണ് റമസാൻ കാലം. യുഎഇയിലെ ഏറ്റവും വലിയ ഈന്തപ്പഴ മാർക്കറ്റാ. അബുദാബി മീന മാർക്കറ്റിൽ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി കാണുന്നത്,

മരുഭൂമിയുടെ പ്രിയപ്പെട്ട വിളയാണ് ഈന്തപ്പഴം. ഗൾഫിൻറെ സമ്പൽസമൃദ്ധിയുടെ പ്രതീകം. ഈന്തപ്പഴത്തിൻറെ മധുരം പോലും മഹാമാരി കവർന്നെടുത്ത നാളുകൾ മറികടക്കുകയാണ്. ആ ദുരിതനാളുകൾ മറികടന്ന് യുഎഇ മഹാമാരിയെ അതിജീവിക്കുന്നതിൻറെ കാഴ്ചകളാണ് അബുദാബിയിലെ മിനാ മാർക്കറ്റിൽ നിന്ന് നാം കാണുന്നത്.  നോമ്പുകാലം ഈന്തപ്പഴങ്ങളുടെ കാലംകൂടിയാണ്. റംസാന്‌  മുമ്പേ ഈന്തപ്പനകൾ കായ്ക്കുമെങ്കിലും റമസാനിലെയും ശവ്വാലിലെയും ചൂടുകാറ്റാണ് ഈന്തപ്പഴങ്ങളെ പാകമാക്കുന്നത്. ചൂടുകൂടും തോറും ഈന്തപ്പഴങ്ങളുടെ രുചിയും ഗുണവും ഏറും. വ്യത്യസ്തരുചികളേകുന്ന മുന്നൂറോളം ഇനം ഈന്തപ്പഴങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്.

സൗദി അറേബ്യയിലെ മദീന തോട്ടങ്ങളിൽ വിളയുന്ന അജ്‌വയാണ്  ഈന്തപ്പഴങ്ങളിലെ കേമൻ. ഖലാസ്, ലുലു, സാമിലി തുടങ്ങി ഗൾഫ് മേഖലയിലെ ഈന്തപ്പഴങ്ങൾക്കു പുറമെ ആഫ്രിക്കയിലേതടക്കം ഈന്തപ്പഴങ്ങളും മീന മാർക്കറ്റിൽ ലഭ്യമാണ്. നാല് ദിർഹം മുതലാണ് വില. ഈന്തപ്പഴങ്ങൾക്കൊപ്പം ഇവകൊണ്ടുള്ള വിഭവങ്ങളും ഇവിടെ കാണാം. ഈന്തപ്പഴം സിറപ്പ്, ഹൽവ, പേസ്റ്റ് തുടങ്ങി ചോക്കലേറ്റ്സ് വരെ നിരത്തിയാണ് മീന മാർക്കറ്റ് സന്ദർശകരെ വരവേൽക്കുന്നത്. 

ഗൾഫിലെ വിവിധയിടങ്ങളിൽ നിന്നും യുഎഇയുടെ എല്ലാ എമിറേറ്റുകളിൽ നിന്നും വ്യത്യസ്തമാർന്ന ഈന്തപ്പഴങ്ങൾ വിപണിയിലേക്ക് എത്തുന്നുണ്ട്. പാതിപഴുത്തതും ,പച്ച ഈന്തപ്പഴങ്ങളും കാണാം. നഗാല്‍ എന്ന പകുതി പഴുത്ത ഈന്തപ്പഴത്തിന് അറബ് വംശജര്‍ക്കിടയില്‍ പ്രിയമേറെയാണ്. അധികം പഴുക്കാത്ത ബർഹിയും ഫര്‍ദുമൊക്കൊണ് മലയാളികളുടെ പ്രിയ ഇനം. ഇന്ത്യയിലേക്ക് ഏറ്റവും അധികം എത്തുന്നതും ഈ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളാണ്. നാട്ടിലെ ചന്തകളെ ഓർമിപ്പിക്കും വിധം പ്രത്യേകം തയ്യാറാക്കിയ കൂടാരങ്ങളിലാണ് മീന മാർക്കറ്റിലെ കച്ചവടം. മലയാളികളുടെ ഈന്തപ്പഴം കടകൾ ഇവിടെ സജീവമാണ്. കോവിഡ് കാലം മറികടന്ന് വിപണി സജീവമാകുന്നതിൻറെ സന്തോഷം ഇവർ പങ്കുവയ്ക്കുമ്പോൾ അത് ലക്ഷക്കണക്കിനു പ്രവാസിമലയാളികൾക്കും പ്രതീക്ഷയുടെ ശബ്ദമാണ്.

റമസാൻ മാസത്തിൽ പ്രിയപ്പെട്ടവർക്ക് ഈന്തപ്പഴം സമ്മാനിക്കുന്നത് പതിവ്  കാഴ്ചയാണ്. ഒപ്പം ഇഫ്താർ വിരുന്നുകളിലെ സ്ഥിരസാന്നിധ്യവും. അതിനാൽ തന്നെ സ്വദേശികളും വിദേശികളുമടക്കം ഒട്ടേറെപ്പേരാണ് മീനമാർക്കറ്റിലേക്ക് റമസാൻ മാസം ഒഴുകിയെത്തുന്നത്. ഈന്തപ്പഴം കൊണ്ട് നോമ്പു തുറക്കുന്നത് അനുഗ്രഹമാണെന്ന് വിശ്വാസമുണ്ട്. ഓരോ ഇഫ്താർ വിരുന്നുകളിലും ഈന്തപ്പഴം ആദ്യ വിഭവമായി നിറയുന്നതും അതിനാലാകണം. റമസാൻ മാസത്തിൽ വിപണി സജീവമാകുന്നതിൻറെ നല്ല കാഴ്ചകളാണ് അബുദാബി മീന മാർക്കറ്റിൽ കാണുന്നത്. ആ കാഴ്ചകളോടെ റമസാൻ വ്രതാനുഷ്ടാനത്തിൻറെ പുണ്യങ്ങളോടെ കോവിഡിനെ അതിജീവിക്കുന്ന നല്ലനാളുകൾ സ്വപ്നം കാണുകയാണ് പ്രവാസിമലയാളികളടക്കമുള്ളവർ. 

-------------------------

അബുദാബി കൾചർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മ്യൂറൽസ് ഓഫ് ഹിസ്റ്ററി ചിത്രപ്രദർശനത്തിൽ വരയിൽ വിസ്മയം തീർത്ത് മലയാളി യുവാവ്. പാലക്കാട് കൊല്ലംകോട് സ്വദേശി ഷാഹുൽ ഹമീദാണു മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി. ഷാഹുലിൻറെ ചിത്രങ്ങളുടെ ജീവിതത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

പുരാതന അറബ് , ഇസ് ലാമിക ചരിത്രം ചുമർചിത്രരചനയിൽ സന്നിവേശിപ്പിച്ച ജീവൻതുടിക്കുന്ന ചിത്രങ്ങളാണ് അബുദാബി ഖസ്ർ അൽ ഹൊസൻ ഫൌണ്ടേഷനിൽ അവതരിപ്പിച്ചിരിക്കുന്നത്. യുഎഇയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ 15 കലാകാരന്മാർ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.  മ്യൂറൽസ് ഓഫ് ഹിസ്റ്ററി ചിത്രപ്രദർശനത്തിലെ ഏക മലയാളിസാന്നിധ്യമാണ് പാലക്കാട് സ്വദേശി ഷാഹുൽ ഹമീദ്.  പുരാതന കാലത്ത് വ്യാപാരത്തിനു പോയ പിതാവിനെ കാത്തിരിക്കുന്ന പെൺകുട്ടിയും ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലവുമാണ് ഷാഹുൽ ചിത്രീകരിച്ചത്. തെരുവ് ചിത്രകാരന്മാരുടെ  ശൈലി ഇഷ്ടര്രപെടുന്ന ഷാഹുലിൻറെ ചിത്രത്തിൽ ബഹുവർണങ്ങൾ നിറഞ്ഞിരിക്കുന്നു.

10 വർഷത്തോളം യുഎഇയിൽ ആർട് ‍ഡയറക്ടറായി ജോലി ചെയ്തിരുന്ന ഷാഹുൽ ഹമീദ് ചിത്രരചനയോടുള്ള അഭിനിവേശം കൂടിയതോടെ  ജോലി രാജിവച്ച് സ്വന്തം ആർട്ട് ഗാലറി തുടങ്ങി. ചുവർ ചിത്രത്തിനുള്ള സ്വീകാര്യത കണക്കിലെടുത്ത് ആ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ ദുബായുടെ പ്രമുഖ  കെട്ടിടങ്ങൾക്കും തെരുവുകൾക്കും ദൃശ്യചാരുത ഒരുക്കാനുള്ള ദൗത്യവും ഈ 37കാരനെ തേടിയെത്തി. ദുബായ് ഫെസ്റ്റിവൽ സിറ്റി, ഇബ്ൻ ബത്തൂത്ത മാൾ,  പാം ജുമൈറ, അൽവർഖ സിറ്റി മാളിൽ മാൾ  എന്നിവിടങ്ങളിൽ യുഎഇയുടെ ചരിത്രം വരച്ചുചേർത്തതും ഈ പ്രവാസിമലയാളിയാണ്. 

കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളെ ബോധവൽക്കരിക്കുന്ന ചിത്രങ്ങൾ വരച്ചും കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും ഷാഹുൽ സജീവമായിരുന്നു.  അബുദാബി   നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന കൾച്ചറൽ ഫൗണ്ടേഷനിൽ സ്വസ്ഥമായി രചനകൾ ആസ്വദിക്കാനുള്ള സൗകര്യമാണൊരുക്കിയിട്ടുള്ളത്. പൗരാണിക അറബ് ജീവിതം, ആശയങ്ങൾ, പള്ളികൾ, ജാമ്യതീയ രൂപങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളിലൂടെ സംവദിക്കുന്നുണ്ടിവിടെ. അറബ് ലോകത്തെ കലയുടെ ചരിത്രം എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന മേള കാണുവാൻ പ്രവാസിമലയാളികളടക്കം ഒട്ടേറെപ്പേരാണെത്തുന്നത്. 

എണ്ണച്ചായ ചിത്രങ്ങക്ക്   പുറമെ സ്പ്രേ പെയിന്റിങ്, ഡൂഡിൽ ആർട്ട്, കാലിഗ്രാഫി എന്നിവയെല്ലാം പ്രദർശന നഗരിയിൽ കാണാം. ഓരോ ചിത്രങ്ങളും തയ്യാറാക്കാൻ എടുത്ത സമയം, പെയ്ൻറിങ് രീതികൾ അങ്ങനെ എല്ലാവിവരങ്ങളും ചിത്രങ്ങൾക്കൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്.  ഈ മാസം നാലിന് തുടങ്ങിയ പ്രദർശനം സെപ്റ്റംബർ 20 വരെ തുടരും.

MORE IN GULF
SHOW MORE
Loading...
Loading...