മഹാമാരിക്കാലത്ത് മറ്റൊരു റംസാൻ: മോചനത്തിനായി പ്രാർഥനാവിളികൾ

Gulf-This-Week_17
SHARE

റമസാൻ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പ്രവാസികളടക്കമുള്ള വിശ്വാസികൾ. കോവിഡ് മഹാമാരി പിടിമുറുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ റമസാൻ കാലമാണിത്. കോവിഡ് നിയന്ത്രണങ്ങളോടെയാണ് മക്കയും മദീനയുമടക്കം പള്ളികളിൽ വ്രതാനുഷ്ടാനവും പ്രാർഥനകളും. മഹാമാരിയിൽ നിന്നുള്ള മോചനമാണ് പ്രാർഥനയായി ഉയരുന്നത്.

''അല്ലയോ സത്യവിശ്വാസികളേ, നിങ്ങൾക്കു നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കു മുൻപുള്ളവർക്കു നിർബന്ധമാക്കപ്പെട്ടതുപോലെ, നിങ്ങൾ ഭയഭക്തിയുള്ളവരാകാൻ വേണ്ടി...'' ഖുർആൻ സത്യവിശ്വാസികളോടു നിർദേശിച്ച വ്രതാനുഷ്ടാനത്തിൻറെ പുണ്യദിനങ്ങളിലാണ് ഇസ്്ലാം മത വിശ്വാസികൾ. പങ്കുവയ്ക്കലിൻറെ ഇഫ്താർ വിരുന്നുകളില്ല. സൌഹാർദ്ദത്തിൻറെ ആലിംഗനങ്ങളില്ല, നിസ്കാരപ്പായക്കിടയിലെ അകലം മനസിൽ സൂക്ഷിക്കാതെ വിശ്വാസികൾ പ്രാർഥനാനിരതരാണ്. 

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ പള്ളികളിൽ നേരിട്ടെത്തി പ്രാർഥനകളുടെ ഭാഗമാകാമെന്നതാണ് വിശ്വാസികളുടെ ആശ്വാസം. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണങ്ങളോടെയാണ് വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരം പകുതിയാക്കി കുറച്ചു. ഹറമിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കില്ല. ഇഫ്‌താർ സുപ്രകളും ബുഫെകളും ഒഴിവാക്കിയിട്ടുണ്ട്. ഭജനമിരിക്കുന്നതിനും അനുമതിയില്ല. മക്കയിലെ ഹറം പള്ളി, പ്രവാചക പള്ളി, ഇരു പള്ളികളുടെയും മുറ്റം എന്നിവിടങ്ങളിൽ ഭക്ഷണ വിതരണം അനുവദിക്കില്ല.  കഅബക്ക് ചുറ്റുമുള്ള മതാഫ്, ഉംറ തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തി. മറ്റു ആരാധനയ്ക്കും നമസ്കാരത്തിനും പള്ളിയുടെ കിഴക്ക് ഭാഗത്ത്  പ്രത്യേകം സജ്ജീകരിച്ച അഞ്ച് ഇടങ്ങളാണ് അനുവദിച്ചിരിക്കുന്നത്.  റമസാനിൽ പ്രതിദിനം അരലക്ഷം പേർക്ക് ഉംറ ചെയ്യാനും ഒരു ലക്ഷം പേർക്ക് നമസ്കാരം നിർവ്വഹിക്കാനാകും വിധമാണ് മക്കയിലെ മസ്ജിദുൽ ഹറമിലെ ക്രമീകരണങ്ങൾ. 

ആറ് ഗൾഫ് രാജ്യങ്ങളും റമസാൻ കാലത്തെ കോവിഡ് ചട്ടങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവർ ആരും സമൂഹനമസ്കാരങ്ങളിൽ പങ്കെടുക്കാനെത്തരുതെന്നാണ് യുഎഇ ഫത്‌വ കൗൺസിൽ മതവിധി പുറപ്പെടുവിച്ചിരിക്കുന്നത്. രോഗമുണ്ടെന്നു സംശയിക്കുന്നവരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സമൂഹ പ്രാ‍ർഥനകളിൽ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. ഇവർ പൊതുസ്ഥലങ്ങളിൽ വരരുതെന്നും ഫത്വ വ്യക്തമാക്കുന്നു. അതേസമയം, കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് വ്രതാനുഷ്ഠാനം തടസപ്പെടുത്തില്ലെന്ന്  യുഎഇ ഫത്‌വ കൗൺസിൽ അടക്കം ഗൾഫ് രാജ്യങ്ങളിലെ മതകാര്യമന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് മതമൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഫത്വ കൌൺസിൽ പറയുന്നു.

യുഎഇയിൽ റമസാനിൽ ഇശാ ബാങ്ക് വിളിച്ച ഉടൻ നമസ്കാരം ആരംഭിക്കണമെന്ന് മതകാര്യവകുപ്പിന്റെ നിർദേശം. തുടർന്ന് തറാവീഹ് നമസ്കാരം. കോവിഡ് പശ്ചാത്തലത്തിൽ രണ്ടു നമസ്കാരവും അര മണിക്കൂറിനകം അവസാനിപ്പിക്കുന്നുണ്ട്. തറാവീഹിനുശേഷമാണ് പള്ളി അടച്ച് അണുവിമുക്തമാക്കുന്നത്. പ്രാർഥനയ്ക്കെത്തുന്നവർ നമസ്കാര പായ (മുസല്ല) കൊണ്ടുവരണമെന്നാണ് നിർദേശം. ഖുർആൻ പാരായണം ഫോണിലൂടെയായിരിക്കണം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി വരണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യണം എന്നീ നിർദേശങ്ങളാണ് യുഎഇ മതകാര്യ വകുപ്പ് വിശ്വാസികളെ അറിയിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റിന്റെ അതിഥികളായ പ്രമുഖ പണ്ഡിതർ നയിക്കുന്ന റമസാൻ പ്രഭാഷണം ഇത്തവണ വെർച്വലായി നടക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി വനിതകൾക്ക് പള്ളികളിൽ പ്രവേശനമുണ്ടാകില്ല. 

കുവൈത്തിൽ റമസാനിലെ തറാവീഹ് നമസ്കാരം 15 മിനിറ്റിൽ കൂടരുതെന്ന് മന്ത്രിസഭാ നിർദേശം. കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർ നമസ്കാരങ്ങൾക്കായി പള്ളികളിൽ എത്തരുതെന്നും അവർ വീടുകളിൽ നമസ്കാരം നിർവഹിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പള്ളികളിലും പൊതുസ്ഥലങ്ങളിലും ഇഫ്താർ ഭക്ഷവിതരണം ഒഴിവാക്കി. ഖത്തറിൽ നിയന്ത്രണങ്ങളോടെയാണ് പള്ളികളിൽ പ്രവേശനം. പ്രവേശന കവാടത്തിൽ വിശ്വാസികളുടെ മൊബൈലിലെ ഇഹ്‌തെറാസ് ഹെൽത്ത് സ്റ്റേറ്റസ് പരിശോധിക്കുന്നുണ്ട്. പ്രൊഫൈൽ നിറം പച്ചയാണെങ്കിൽ മാത്രമാണ് പ്രവേശനാനുമതി. തറാവീഹ്, തഹജ്ജുദ്, ഇഅ്തികാഫ് എന്നിവ വീടുകളിൽ തന്നെ നിർവഹിക്കണമെന്നാണ് ഔഖാഫ്-ഇസ്‌ലാമിക മന്ത്രാലയത്തിൻറെ നിർദേശം. ബുധനാഴ്ച റമസാൻ വ്രതാനുഷ്ടാനം തുടങ്ങിയ ഒമാനിൽ പള്ളികളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് നമസ്കാരം അനുവദിച്ചിട്ടില്ല. കായിക, സാമൂഹിക, സാംസ്കാരിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

ചൂടിൻറെ ആധിക്യത്തിലും വിശ്വാസികൾ പ്രാർഥനാനിരതരായി പള്ളികളിലെത്തുന്നുണ്ട്. കഴിഞ്ഞ റമസാൻ കാലത്തെ ദുരിതത്തിൻറെ ഓർമകളിൽ നിന്ന് കരകയറിത്തുടങ്ങിയ വിശ്വാസിസമൂഹം മഹാമാരിയിൽ നിന്നുള്ള മോചനമാണ് പ്രാർഥിക്കുന്നത്. വിശ്വാസികളുടെ ആഗ്രഹമറിഞ്ഞാണ് ഭരണാധികാരികൾ നിയന്ത്രണങ്ങളോടെ പള്ളികൾ തുറന്നുകൊടുത്തത്. കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കിയും ബോധവൽക്കരണ നിർദേശങ്ങൾ നൽകിയും സർക്കാർ സംവിധാനങ്ങൾ റമസാൻ കാലത്ത് കൂടുതൽ സജീവമാണ്

20 രാജ്യങ്ങളിലെ നിരാലംബരായ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി 10 കോടി ഭക്ഷണപ്പൊതികൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 100 മില്യൺ മീൽസ് പദ്ധതി ദുബായ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജാതി,മത,വർണവിവേചനങ്ങളില്ലാതെയായിരിക്കും ഭക്ഷണവിതരണം.  സുഡാൻ, ലബനൻ, ജോർദാൻ, പാക്കിസ്ഥാൻ, അങ്കോള, ഉഗാണ്ട, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഭക്ഷണമെത്തിക്കാനുള്ള പദ്ധതിയാണ് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. ആർക്കും ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്.

വ്യാപാരസ്ഥാപനങ്ങളും റമസാൻ കാലത്ത് ഉണർന്നുകഴിഞ്ഞു. കോവിഡ് കാരണമുള്ള സാമ്പത്തിക അസ്ഥിരത കാരണം മങ്ങിയ വിപണിക്ക് റമസാൻ കരുത്താകുമെന്നാണ് പ്രതീക്ഷ. മലയാളികളടക്കമുള്ളവരുടെ ചെറുതും വലുതമായ സ്ഥാപനങ്ങൾ റമസാനെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്. ഈന്തപ്പഴങ്ങലും ഇഫ്താർ കിറ്റുകളുമടക്കമുള്ളവ വിപണിയിൽ ലഭ്യമാണ്. നിയന്ത്രണങ്ങളോടെയെങ്കിലും വിപണിയിലേക്ക് പൊതുജനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ റമസാൻ കാലത്തെ അപേക്ഷിച്ച് നിയന്ത്രണങ്ങളും കോവിഡ് ഭീതിയും കുറഞ്ഞത് വിശ്വാസികൾക്ക് ആശ്വാസമേകുന്നുണ്ട്. എന്നാൽ, നാട്ടിൽ കോവിഡ് വ്യാപനം കൂടിയതിനാൽ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകണമോയെന്ന കാര്യത്തിൽ പ്രവാസികൾക്കിടയിൽ ആശങ്കയുമുണ്ട്. എല്ലാ ആശങ്കകളും അകലുമെന്ന പ്രതീക്ഷയോടെ, മഹാമാരിയിൽ നിന്നുള്ള മോചനം സ്വപ്നം കണ്ട് പ്രാർഥനയോടെ ഓരോ ദിനരാത്രങ്ങളും കടന്ന് പെരുന്നാളിലേക്കുള്ള തീർഥയാത്രയിലാണ് വിശ്വാസികൾ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...