ഇറാഖിലെ മാർപാപ്പയുടെ സന്ദർശനം; ചരിത്രമായത് ഇങ്ങനെ

Gulf-This-Week_marpapa
SHARE

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖം കണ്ട രാജ്യമാണ് ഇറാഖ്. സാംസ്കാരികമതപൈതൃകം നശിപ്പിക്കപ്പെട്ട ഭീകരാക്രമണങ്ങൾ ഇറാഖിൻറെ വേദനയായിരുന്നു. ആ രാജ്യത്തേക്കായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രസന്ദർശനം.  ചരിത്രത്തിലാദ്യമായിട്ടായിരുന്നു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഇറാഖിലെത്തിയത്. ക്രൈസ്തവ, ഇസ്ലാം, യഹുദ മതങ്ങളുടെ പൂർവപിതാവായ അബ്രഹാം ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന നാട്ടിലേക്ക് അഞ്ചാം തീയതി പ്രാദേശികസമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ മാർപാപ്പയെത്തി. കോവിഡ് പശ്ചാത്തലത്തിൽ 15 മാസങ്ങൾക്ക് ശേഷമായിരുന്നു മാർപാപ്പയുടെ വിദേശസന്ദർശനം. കോവിഡിൻറേയും സുരക്ഷയുടേയും പേരിലുള്ള ആശങ്കകൾ അവസാനിപ്പിച്ച് മാർപാപ്പ ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തി. പ്രധാനമന്ത്രി  മുസ്തഫ അൽ ഖാദിമി , മതമേലധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി മാർപാപ്പയെ സ്വീകരിച്ചു. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം  പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം.  

യുദ്ധവും അഭ്യന്തര കലാപങ്ങളും ഭീകരാക്രമണവും അതിജീവിക്കുന്ന ഇറാഖിലെ പുരാതന ക്രൈസ്തവ സമൂഹത്തിന് സാന്ത്വനം പകരുകയാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ പ്രഥമലക്ഷ്യമെന്നായിരുന്നു വത്തിക്കാൻറെ പ്രസ്താവന. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ആദ്യ പൊതുപരിപാടിയിൽ ഇറാഖ് ഭരണാധികാരികൾക്കും ജനതയ്ക്കും മാർപാപ്പ ഐക്യദാർഢ്യവും നന്ദിയും അറിയിച്ചു. ഭീകരതയ്ക്കും വിഭാഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും അറുതിവരട്ടെയെന്ന് മാർപാപ്പ പറഞ്ഞു. അതിക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ യസീദികളോട് ചേർന്ന് നിൽക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.

ഇറാഖ് പ്രസിഡൻറ്  ബർഹാം സാലിഹും വിവിധമതനേതാക്കളും ഇറാഖിലെ ഉന്നതനേതാക്കളും ആദ്യപൊതുപരിപാടിയുടെ ഭാഗമായി. തുടർന്ന് ഔവർ ലേഡി ഓഫ് സാൽവേഷൻ കത്തീഡ്രലിൽ ഇറാഖിലെ കത്തോലിക്കാ മെത്രാൻമാർ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിൻറെ രണ്ടാം ദിവസമായിരുന്നു  ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അൽ സിസ്താനിയുമായുള്ള കൂടിക്കാഴ്ച.

ചരിത്രപ്രാധാന്യമേറിയ കൂടിക്കാഴ്ചയ്ക്കാണ് മധ്യഇറാക്കിലെ നജാഫ് നഗരം സാക്ഷിയായത്. ഇറാഖിലെ ക്രൈസ്തവവിശ്വാസികൾ മറ്റ് ഇറാഖികളെ പോലെ  സമാധാനത്തിലും സുരക്ഷിതത്വത്തിലും മുഴുവൻ ഭരണഘടനാ അവകാശങ്ങളോടുംകൂടെ ജീവിക്കാൻ അവകാശമുള്ളവരാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും അലി അൽ സിസ്താനി പറഞ്ഞു. ഷിയ ആത്മീയാചാര്യൻ നൽകുന്ന പിന്തുണയ്ക്ക് മാർപാപ്പ നന്ദി അറിയിച്ചു.

തുടർന്ന് ഊർ നഗരത്തിലെത്തിയ ഫ്രാൻസിസ് മാർപാപ്പ വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മൗലികാവകാശങ്ങളായ മതസ്വാതന്ത്ര്യവും മനസാക്ഷി സ്വാതന്ത്രവും എല്ലായിടത്തും അംഗീകരിക്കപ്പെടണമെന്ന് മാർപാപ്പ പറഞ്ഞു. അന്നു വൈകിട്ട്  ബഗ്ദാദിലെ കാൽദിയൻ കത്തീഡ്രലിൽ മാർപാപ്പ കുർബാനയർപ്പിച്ചു. ഇറാഖ് പ്രസിഡൻറ്  ബർഹാം സാലിഹ് അടക്കമുള്ളവർ കോവിഡ് നിയന്ത്രണങ്ങളോടെ പങ്കെടുത്തു. ഏഴാം തീയതി ഞായറാഴ്ചയാണ് മാർപാപ്പ മൊസൂളിലെത്തിയത്. ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത നഗരത്തിലെത്തിയ മാർപാപ്പ  ഹോസ അൽ ബിയയിൽ  ഐഎസ് ഭീകരർ തകർത്ത പള്ളിക്ക് മുന്നിൽ പ്രത്യേക പ്രാർഥന നടത്തി. ഭീകരർ തകർത്ത പള്ളിയും തെരുവുകളും മാർപാപ്പ നോക്കിക്കണ്ടു. ഭീകരർ തകർത്ത പള്ളിയിൽ ബാക്കിയായ തടിയിൽ നിർമിച്ച കുരിശ് മൊസൂളിൽ അനാവരണം ചെയ്തു. 

ഭീകരതയോടും മതത്തെ ദുരുപയോഗപ്പെടുത്തുന്നതിനോടും അരുതെന്ന് പറയണമെന്ന ആഹ്വാനമാണ് മാർപാപ്പ മൊസൂളിൽ പങ്കുവച്ചത്. യസീദികൾക്കെതിരായ ക്രൂരതകൾ പ്രത്യേകം പരാമർശിച്ചു. ഭീകരർ ചെയ്ത എല്ലാ അനീതികളും ക്ഷമിച്ച് നഷ്ടമായതെല്ലാം പുനർനിർമിക്കാൻ യത്നിക്കണമെന്ന് ഇറാഖ് ജനതയോട് മാർപാപ്പ അഭ്യർഥിച്ചു. ഇർബിലിൽ കുർദിസ്ഥാൻ സ്വതന്ത്ര പ്രവിശ്യയുടെ പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.  2014 ൽ ഐഎസ് ഭീകരർ തകർത്തതും, പിന്നീട് പുതുക്കിപണിതതുമായ ഖറഖോഷ് ദേവാലയത്തിലായിരിരുന്നു വിശ്വാസികളുമായുളള കൂടിക്കാഴ്ച.  ഐഎസ് ഭീകരരർ കൊലവിളികളുയർന്ന നഗരമാണ് ഇറാഖിലെ 90ശതമാനം കൈസ്തവരും താമസിക്കുന്ന നഗരമായ ഖറഖോഷ്. ഭീകരർ യസീദികളെ കൂട്ടക്കൊല ചെയ്ത നിനവേ താഴ്‍വരയിലും മാർപാപ്പ സന്ദർശനം നടത്തി. ഞായറാഴ്ച വൈകിട്ട് ഫ്രൻസോ ഹരീരി സ്റ്റേഡിയത്തിൽ മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന കുർബാനയിൽ പതിനായത്തിലധികം പേർ പങ്കെടുത്തു.

മൂന്ന് ദിവസത്തെ സന്ദർശനത്തിലെ അവസാന പൊതുപരിപാടിയായിരുന്നു മാർപാപ്പയുടെ കുർബാന. ഭീകരതയും വിഭാഗീയതും അവസാനിപ്പിക്കണമെന്ന ആഹ്വാനമായിരുന്നു ഇറാഖിൽ ഉയർന്നുകേട്ടത്. 1450 കിലോമീറ്ററാണ് ഇറാഖിൽ മാർപാപ്പ സഞ്ചരിച്ചത്. 2019 ൽ യുഎഇ സന്ദർശനത്തിന് പിന്നാലെ വീണ്ടും മേഖലയിലെ ഒരു മുസ്ലിം രാഷ്ട്രം സന്ദർശിച്ചതിലൂടെ ലോകസമാധാനത്തിനായി ഒരുമിച്ചു നീങ്ങണമെന്ന സന്ദേശമാണ് മാർപാപ്പ പങ്കുവച്ചത്. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...