ഞങ്ങള്‍ ആർക്ക് വോട്ട് ചെയ്യണം?; വേദന പങ്കിട്ട് പ്രവാസികൾ

nri-vote
SHARE

കേരളമടക്കം അഞ്ചിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിനിർണയവും കണക്കുകൂട്ടലുമൊക്കെ തുടങ്ങി. പക്ഷേ, ഇത്തവണയും ഇന്ത്യൻ പൌരനെന്ന നിലയിലുള്ള ഏറ്റവും പരമപ്രധാനമായ അവകാശത്തിന്, വോട്ടവകാശത്തിന് പ്രവാസി അർഹനല്ലെന്ന അവസ്ഥ തുടരുകയാണ്. ഏറ്റവും ദുരിതപൂർണമായൊരവസ്ഥയിലൂടെ കടന്നുപോയ പ്രവാസിയുടെ കുടുംബം ആർക്ക് വോട്ട് ചെയ്യണം. ആ വിലയിരുത്തലാണ് ആദ്യം കാണുന്നത്.

മലയാളികളുടെ പ്രവാസചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ കാലഘട്ടമാണ് കടന്നുപോകുന്നത്. എന്നും കേരളത്തിന് തണലായി നിൽക്കുന്ന പ്രവാസികളെ മഹാമാരിയുടെ കാലത്ത് ആരാണ് സഹായിച്ചതെന്ന ചോദ്യത്തോടെയാണ് തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. പക്ഷേ, ഇത്തവണയും പ്രവാസിക്ക് വോട്ടില്ലെന്ന ദുരവസ്ഥ തുടരുകയാണ്. പ്രവാസികളുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റ് വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ  പൂർണ്ണ പിന്തുണ അറിയിച്ചെങ്കിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്തരമൊരു അവസരമുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരുതരത്തിൽ രാഷ്ട്രീയ പാർട്ടികളാരും പ്രവാസിയുടെ വോട്ടവകാശമെന്ന ആവശ്യത്തിനായി വലിയരീതിയിൽ മുന്നോട്ടുവന്നില്ലെന്നതാണ് സത്യം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാത്ത സാഹചര്യത്തിൽ പ്രവാസിവ്യവസായി ഷംഷീർ വയലിൽ ആണ് സുപ്രീം കോടതിയേയും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെയുമൊക്കെ പ്രവാസിവോട്ടവകാശത്തിനായി സമീപിച്ചത്. അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസിക്ക് വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

പ്രവാസികൾക്ക് നാട്ടിലെത്തണമെങ്കിൽ ഇരട്ട കോവിഡ് പരിശോധന വേണമെന്നതും പരിശോധനയിൽ നെഗറ്റീവായാലും ക്വാറൻറീൻ നിർബന്ധമാണെന്നതും നാട്ടിലെത്തി വോട്ടുചെയ്യണമെന്ന പ്രവാസിയുടെ ആഗ്രഹത്തിന് തിരിച്ചടിയാണ്. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പിൻറെ ഭാഗമാകാൻ ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിലും അല്ലാതെയും ആയിരക്കണക്കിന് പ്രവാസികൾ നാട്ടിലെത്തിയിരുന്നു. വോട്ട് ചെയ്യാൻ വേണ്ടി മാത്രമായതിനാൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പോയി തിരിച്ചുവരാനും കഴിഞ്ഞിരുന്നു. എന്നാൽ, നിലവിൽ ഏഴ് ദിവസം ക്വാറൻറീൻ നിർബന്ധമായതിനാൽ പ്രവാസികൾക്ക് പെട്ടെന്ന് നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങാനാകാത്ത അവസ്ഥയാണ്. വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും വോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും വോട്ട് ചെയ്യാനാകാത്ത സാഹചര്യം. കോവിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവായവർക്ക് ക്വാറൻറീൻ ഒഴിവാക്കണമെന്ന ആവശ്യത്തോട് കേന്ദ്രസംസ്ഥാനസർക്കാരുകൾ ഇതുവരെ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായ ആദ്യമാസങ്ങളിൽ ഗൾഫിലെ പ്രവാസികൾ ഏറെ വലഞ്ഞിരുന്നു. എത്രയും വേഗം വിമാനസർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയർത്തിയെങ്കിലും ഒന്നരമാസത്തിന് ശേഷമാണ് വന്ദേഭാരത് വിമാനസർവീസ് തുടങ്ങിയത്. ആ കാലയളവിൽ പ്രിയപ്പെട്ടവർ നാട്ടിൽ മരിച്ചിട്ട് അവസാനമായി ഒരുനോക്ക് കാണാനാകാതെ ഒട്ടേറെപ്പേരാണ് ഹൃദയവേദനയോടെ ഗൾഫ് നാടുകളിൽ കഴിഞ്ഞത്. വിമാനസർവീസ് തുടങ്ങാൻ കാലതാമസമെടുത്തതിൽ കേന്ദ്രസംസ്ഥാനസർക്കാരുകളോട് കടുത്ത പ്രതിഷേധമാണ് പ്രവാസികൾ ഉയർത്തിയത്. വിമാനസർവീസ് തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനസർക്കാർ സ്വീകരിച്ച നിലപാടുകൾ പ്രവാസികളുടെ പ്രതിഷേധത്തിന് കാരണമായി. നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്നും ക്വാറൻറീൻ സൌകര്യത്തിന് പണം നൽകണമെന്നുമൊക്കെയുള്ള സംസ്ഥാനസർക്കാർ തീരുമാനങ്ങൾ പ്രതിഷേധത്തെതുടർന്ന് പിൻവലിക്കുകയും ചെയ്തു. 

എന്നാൽ, വിമാനസർവീസ് പുനരാരംഭിക്കാൻ വൈകിയതിന് കാരണം കേന്ദ്രസർക്കാർ നിലപാടാണെന്നാണ് കേരളസർക്കാർ അന്നും ഇന്നും വ്യക്തമാക്കുന്നത്. പ്രവാസികളെ പരിഗണിച്ച സർക്കാരാണ് വീണ്ടും ജനവിധിതേടുന്നതെന്നാണ് പ്രവാസലോകത്തെ ഇടതുപക്ഷ സഹയാത്രികർ പറയുന്നത്. 2020 ജനുവരി ഒന്നിനുശേഷം മടങ്ങിപ്പോകാനാകിതിരുന്ന പ്രവാസികൾക്ക് 5,000 രൂപാ ധനസഹായം നൽകിയ തീരുമാനവും 

പ്രവാസി പുനരധിവാസ പദ്ധതിയിലൂടെ വായ്പ നൽകുമെന്ന പ്രഖ്യാപനവുമെല്ലാം കേരളസർക്കാരിന് പ്രവാസികളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്നാണ് അഭിപ്രായം. കേരളത്തിലെ വികസനത്തിനൊപ്പം പ്രവാസികളെക്കൂടി പരിഗണിച്ച സാഹചര്യത്തിൽ പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നവർ ഏറെയുണ്ട്.

ദുരിതത്തിലായ പ്രവാസിഇന്ത്യക്കാർക്ക് ഗൾഫ് രാജ്യങ്ങളിലെ ഇന്തയൻ എംബസികൾ വഴി സഹായമെത്തിക്കുന്നതിന് കേന്ദ്രസർക്കാരാണ് കൃത്യമായ ഇടപെടൽ നടത്തിയതെന്നാണ് ബിജെപി സഹയാത്രികരുടെ അഭിപ്രായം. മരുന്ന്, ഭക്ഷണം, നാട്ടിലേക്ക് മടങ്ങാൻ വിമാനടിക്കറ്റ് അടക്കമുള്ളവ നൽകാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ വരുന്ന തിരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്നാണ് ഇവർ പറയുന്നത്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കാനായത് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിൻറെ വിജയമാണെന്നും ബിജെപി സഹയാത്രികർ അഭിപ്രായപ്പെടുന്നു. സൌദി,യുഎഇ തുടങ്ങിയ രാജ്യങ്ങൾ നരേന്ദ്രമോദിയെ പരമോന്നത പുരസ്കാരം നൽകി ആദരിച്ചത് ഇതിനുള്ള തെളിവാണെന്നും ഇന്ത്യയുമായുള്ള മികച്ച ബന്ധം സാധാരണക്കാരായ തൊഴിലാളികൾക്കടക്കം ഗുണകരമായെന്നുമാണ് അഭിപ്രായം. 

ഗൾഫിലെ പ്രവാസലോകത്ത് മൂന്ന് മുന്നണികളുടേയും സഹയാത്രികർ ഏറെയുണ്ട്. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും വോട്ട് ചെയ്യാനും സജീവമായിരുന്ന പ്രവാസികളിൽ പലരും ഇത്തവണ അതിനായി കേരളത്തിലെത്താൻ സാധ്യതയില്ല. ക്വാറൻീൻ നിർബന്ധമാണെന്ന തീരുമാനം  വോട്ടെടുപ്പ് തീയതിയായ ഏപ്രിൽ ആറിന് മുൻപ് ഒഴിവാക്കില്ലെന്നാണ് കേരളസർക്കാർ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണത്തിൻറെ ഭാഗമായും കുടുംബാംഗങ്ങളേയും പ്രിയപ്പെട്ടവരേയുമൊക്കെ അഭിപ്രായമറിയിച്ചുമായിരിക്കും പ്രവാസികൾ നിയമസഭാ തിരഞ്ഞെടുപ്പിൻറെ ഭാഗമാകുന്നത്. പ്രവാസികളുടെ കുടുംബാംഗങ്ങൾ കോവിഡ് മഹാമാരിക്കാലത്തെ പ്രവാസജീവിതങ്ങളെ ഓർത്തുവേണം വോട്ടിങ് ബൂത്തിലേക്ക് കടക്കാനെന്ന ഓർമപ്പെടുത്തലാണ് ഓരോ പ്രവാസിയും പങ്കുവയ്ക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...