വിസ്മയമായി അബുദാബിയിലെ പ്രതിരോധ പ്രദർശനം; പങ്കാളിയായി ഇന്ത്യയും

defence
SHARE

പ്രതിരോധരംഗത്തെ നവീന ആശയങ്ങളും ആയുധങ്ങളും പരിചയപ്പെടുത്തി അബുദബിയിൽ പ്രതിരോധ പ്രദർശനം. ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള 900 കമ്പനികൾ പ്രദർശനത്തിൻറെ ഭാഗമായി.  ഐഡെക്സ്, നവെഡെക്സ് പ്രദർശനത്തിലെ ആ കാഴ്ചകളാണ് ഇനി കാണുന്നത്. ശാസ്ത്രത്തിന്റെ സംരക്ഷണവും സംഹാരവും ഒരു വേദിയിൽ അടുത്തറിയാൻ അവസരം, അബുദാബിയിലെ രാജ്യാന്തര പ്രതിരോധ പ്രദർശനമായ ഐഡക്സ് 2021 വിസ്മയക്കാഴ്ചയാവുകയായിരുന്നു. പ്രതിരോധത്തിനും സുരക്ഷയ്ക്കുമുള്ള നവീന ആശയങ്ങളും ആയുധങ്ങളുമാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. കരയും കടലും ആകാശവും കടന്നെത്തുന്ന ആക്രമണങ്ങളെ അതിജീവിക്കുന്നതിനുള്ള സാങ്കേതികവിദ്യകളാണ് പൊതുജനങ്ങൾക്ക് കാണാനും പരിചയപ്പെടാനുമായത്.

ഡ്രോണുകളെ ചുഴറ്റിയെറിയുന്ന നവീന ഉപകരണങ്ങൾ, പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, വിമാന വാഹിനി കപ്പലുകൾ, അത്യാധുനിക സാങ്കേതികവിദ്യകൾ നിറഞ്ഞ തോക്കുകൾ, സിമുലേറ്ററുകൾ, വിദൂര ആയുധ സ്റ്റേഷനുകൾ, യുദ്ധക്കപ്പലുകൾ തുടങ്ങി കരയിലും കടലിലും ആകാശത്തും ഉപയോഗിക്കുന്ന ഏറ്റവും നൂതന ഉപകരണങ്ങളാണ് പ്രദർശനത്തിൻറെ ഭാഗമായത്.  ഇന്ത്യയും ഇസ്രയേലുമുൾപ്പെടെ 59 രാജ്യങ്ങളിലെ പ്രതിരോധ മേഖലയിലേക്കുള്ള ഉപകരണങ്ങൾ നിർമിക്കുന്ന  900 കമ്പനികൾ 35 പവലിയനുകളിലായി ഐഡെക്‌സിൻറെ ഭാഗമായി. ഇസ്രയേൽ, അസർബൈജാൻ, പോർച്ചുഗൽ തുടങ്ങി അഞ്ചു രാജ്യങ്ങൾ ആദ്യമായാണ് അബുദാബി നാഷണൽ എക്സിബിഷൻ സെൻററിൽ നടന്ന പ്രദർശനത്തിൽ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 62,445 പേരാണ് പ്രദർശനം കാണാനെത്തിയത്. പ്രതിരോധരംഗത്തെ ഇന്ത്യൻ നിർമിതികളുടെ പ്രദർശനം വിസ്മയിപ്പിക്കുന്നതായിരുന്നു.  ആത്മനിർഭർ ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുരാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനുമുള്ള അവസരം കൂടിയായിരുന്നു അബുദാബിയിലെ പ്രദർശനം. ഗോവയിൽ നിർമിച്ച ഐ.എൻ.എസ് പ്രളയ എന്ന നൂതന പടക്കപ്പലാണ് നവെഡെക്സിൽ ഇന്ത്യ അവതരിപ്പിച്ചത്. പ്രതിരോധവാഹനങ്ങളുമായി മഹിന്ദ്രയടക്കം നിരവധി ഇന്ത്യൻ കമ്പനികൾ പ്രദർശനത്തിലിടം നേടി.

പ്രതിരോധരംഗത്ത് സാങ്കേതികവിദ്യകൾകൊണ്ട് വിസ്മയിപ്പിക്കുന്ന ഇസ്രയേൽ ഇതാദ്യമായി അബുദാബിയിലെ പ്രതിരോധപ്രദർശനത്തിൻറെ ഭാഗമായി. കോവിഡ് നിയന്ത്രണങ്ങൾ കാരണം സജീവസാന്നിധ്യമാകാനായില്ലെങ്കിലും വരും നാളുകളിലേക്കുള്ള പ്രതീക്ഷ നൽകിയായിരുന്നു ഇസ്രയേലിൻറെ പങ്കാളിത്തം. പ്രതിരോധ സേവന മേഖലയിൽ 19,500 കോടി ഡോളർ മുടക്കുന്ന മധ്യപൂർവദേശ രാജ്യങ്ങളിൽ കണ്ണുനട്ടാണ് ബോയിങ് ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ മേളയിലെത്തിയത്. അഞ്ചുദിവസത്തെ പ്രദർശനത്തിനിടെ യുഎഇ സായുധസേന മാത്രം ഒപ്പുവച്ചത് രണ്ടായിരം കോടിയിലധികം ദിർഹത്തിൻറെ കരാറുകളിലാണ്. സൌദിഅറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ തദ്ദേശീയമായി നിർമിച്ച പ്രതിരോധഉപകരണങ്ങൾ അവതരിപ്പിച്ചു. പ്രതിരോധ മേഖലയിൽ വൻനിക്ഷേപത്തിലൂടെ പുതിയകാലത്തിലേക്കുള്ള ചുവടുവയ്പ്പായിരുന്നു യുഎഇയുടേയും സൌദിയുടേയും പങ്കാളിത്തം. 

യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻറെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പ്രദർശനം കാണാനെത്തി. വിവിധരാജ്യങ്ങളിലെ മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, സേനാ മേധാവിമാർ, പ്രതിരോധരംഗത്തെ കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപകർ തുടങ്ങിയവരും മേഖലയിലെ ഏറ്റവും വലിയ പ്രതിരോധപ്രദർശനം കാണാനെത്തിയിരുന്നു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...