പ്രവാസി മലയാളികളിൽ തുടർക്കഥയാകുന്ന ആത്മഹത്യ; കാരണവും പരിഹാരവും

22222
SHARE

ഗൾഫിലെ പ്രവാസലോകത്ത് പ്രവാസിമലയാളികളുടെ ആത്മഹത്യ തുടർക്കഥയാവുകയാണ്. ഒറ്റപ്പെടൽ, സാമ്പത്തികപ്രശ്നങ്ങൾ, രോഗം തുടങ്ങിയവയാണ് പ്രവാസികളുടെ ആത്മഹത്യാപ്രവണതയുടെ പ്രധാനകാരണങ്ങൾ. പ്രായഭേദമന്യേ ഒട്ടേറെപ്പേരാണ് ജീവിതം ഹോമിച്ചത്. എന്തുകൊണ്ട് ഇതു തുടരുന്നു?...എന്തു പരിഹാരമാണ് ആവശ്യം.? നാട്ടിലുള്ളവരട്ടം ചർച്ച ചെയ്യപ്പെടേണ്ട, ചിന്തിക്കേണ്ട വിഷയമാണിത്. 

സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാണ്ഡവുമായി മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന പ്രവാസികൾ ജീവനൊടുക്കുന്ന കാഴ്ചകൾ ഏറുകയാണ്. വിദ്യാർഥികളിൽ തുടങ്ങി ഗൾഫിൽ ജോലി ചെയ്യുന്ന മധ്യവയസ്സു പിന്നിട്ടവരിൽ വരെ ആത്മഹത്യാപ്രവണത വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ്. ജീവിതം ആഘോഷമാക്കണമെന്ന് ചിന്തിക്കുന്ന ചെറുപ്പക്കാരിൽ പോലും ഈ പ്രവണതയേറുന്നത് സമൂഹം ഏറെ ശ്രദ്ധയോടെ കാണേണ്ടതാണെന്നു സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. 

മഹാമാരിയുടെ കാലത്ത് മാനസിക സംഘർഷം കൂടിയെന്നതും ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളിലൊന്നാണ്. കോവിഡ് വരുമെന്ന ഭയത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിമരിച്ച മലയാളി മഹാമാരിക്കാലത്തെ നടുക്കുന്ന ഓർമയാണ്. താമസയിടങ്ങളിൽ ഒറ്റപ്പെട്ടുകഴിയേണ്ടിവന്നതും ജോലി നഷ്ടപ്പെട്ടതും ശമ്പളം കുറഞ്ഞതുമടക്കം വിവിധ കാരണങ്ങളും കോവിഡ് കാലത്തെ ആത്മഹത്യകൾക്ക് കാരണമായിട്ടുണ്ട്. 

ആത്മഹത്യചെയ്ത ഇന്ത്യൻ പ്രവാസികളിൽ  കൂടുതലും മലയാളികളാണെന്നത് ദുഃഖകരമായ സത്യമാണ്. വിവിധ കാരണങ്ങളാണ് പ്രവാസികളെ ആത്മഹത്യയിലേക്കു നയിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ഗൾഫിലേക്കെത്തുന്ന പ്രവാസികളിൽ എല്ലാവർക്കും മികച്ച ജോലി സാഹചര്യങ്ങൾ ലഭിക്കാറില്ല. നാടും വീടും വിട്ട് ഗൾഫ് നാടുകളിലെത്തുന്ന പ്രവാസികളിൽ പലരും സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നവരാണെന്നു മനശാസ്ത്രജ്ഞരും ഡോക്ടർമാരും ഒരേ സ്വരത്തിൽ പറയുന്നു. ഇവിടത്തെ സങ്കടങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമൊക്കെ ബന്ധുക്കളോട് പങ്കുവയ്ക്കുന്നതു കുറച്ചിലായി കരുതുന്നവരും ഏറെയുണ്ട്. ഇതറിയാതെ സ്വജനങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്നത് പലർക്കും താങ്ങാനാകുന്നതിലുമപ്പുറമാണ്. അതിനാൽ തന്നെ നാട്ടിലെ ബന്ധുക്കളുടെ പിന്തുണ എല്ലാ പ്രവാസികൾക്കും ഏറെ ആവശ്യമുള്ളതും വിലപ്പെട്ടതുമാണ്. ഏറെ പ്രത്യേകിച്ച് ഒറ്റയ്ക്കു ജീവിക്കുന്ന പ്രവാസികൾക്ക്. 

ക്രെഡിറ്റ് കാർഡ് എടുത്തു പണം ചിലവഴിച്ച ശേഷം തിരികെ അടയ്ക്കാൻ സാഹചര്യമില്ലാതിരിക്കുക, ജോലിയിലെ സമ്മർദ്ദവും അസ്ഥിരതയും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഒറ്റപ്പെടലുകൾ തുടങ്ങിയവയെല്ലാം ഈ അടുത്തകാലത്തു നടന്ന ആത്മഹത്യകളുടെ കാരണങ്ങളായിരുന്നു. 

വ്യവസായികൾ പോലും തിരിച്ചടികൾക്ക് ആത്മഹത്യയിൽ അഭയം കണ്ട കാഴ്ച കോവിഡ് കാലത്ത് പ്രവാസലോകത്തെ ഞെട്ടിച്ചിരുന്നു. യുഎഇയിൽ വ്യവസായികളായിരുന്ന ജോയ് അറയ്ക്കലും അജിത് തയ്യിലുമൊക്കെ ആത്മഹത്യ ചെയ്തവാർത്തകൾ സങ്കടപ്പെടുത്തുന്നതിനൊപ്പം ചോദ്യങ്ങൾകൂടി മുന്നോട്ടുവയ്ക്കുന്നവയായിരുന്നു.

പ്രവാസികളായ വിദ്യാർഥികളിൽ ആത്മഹത്യാപ്രവണത കൂടുന്നതും ആശങ്കാജനകമാണ്. മാതാപിതാക്കൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾക്കു വീടുകളിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതു കുട്ടികളിലെ ഒറ്റപ്പെടലിനു വഴിയൊരുക്കുമെന്നു ഈ രംഗത്ത് കൌൺസിലിങ്ങും ബോധവൽക്കരണവും നടത്തുന്ന ഡോക്ടർമാരടക്കമുള്ളവർ അഭിപ്രായപ്പെടുന്നു. ജോലി സമ്മർദ്ദം കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ, കുട്ടികളോടു ചെയ്യുന്ന വലിയ പാതകമാണതെന്നു തിരിച്ചറിയാത്തതാണ് കാരണം. കോവിഡ് കാലത്ത് സ്കൂളുകളിൽ പോകാനാകാതെ വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികളോട് കൂടുതൽ കരുതലും പരിഗണനയും കാണിക്കണമെന്നാണ് സമൂഹത്തോടുള്ള അഭ്യർഥന. 

പ്രവാസികളെ അൽപം കൂടി കരുതലോടെ പരിഗണിക്കേണ്ടകാലമാണ് കോവിഡ് കാലമെന്നാണ് ഓർമപ്പെടുത്തുന്നത്. നോർക്കയും ലോകകേരളസഭയും പോലെയുള്ള സർക്കാർ സംവിധാനങ്ങൾ വഴി ബോധവൽക്കരണവും കൌൺസിലിങ്ങുമൊക്കെ സജീവമാക്കുന്നത് ഉചിതമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമല്ല എല്ലാ പ്രശ്നങ്ങളയും അഭിമുഖീകരിക്കുന്നതിനും  അതിജീവിക്കുന്നതിനും ഇത്തരം സംവിധാനങ്ങളുടെ പിന്തുണ ഏറ്റവും ആവശ്യമുള്ള സമയമാണിത്. എംബസികളും ഇക്കാര്യങ്ങളിൽ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. ചില എംബസികളെങ്കിലും അത്തരത്തിലുള്ള പദ്ധതികളുമായി മുന്നോട്ടുവരുന്നത് പ്രതീക്ഷയേകുന്നതാണ്. അതിനാൽ ഒരു ജീവനേക്കാൾ വലുതല്ല സാമ്പത്തിക നഷ്ടവും അഭിമാനപ്രശ്നങ്ങളുമെന്ന തിരിച്ചറിവിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹവും സർക്കാരും അത് തിരിച്ചറിയണമെന്നാണ് പ്രവാസലോകം ആവശ്യപ്പെടുന്നത്.

................................

പത്തുവർഷം പിന്നിടുന്ന ഒരു ഇന്ത്യ പാക് പ്രണയകഥ. നായകൻ പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശി തൈമൂർ താരിഖ്. നായിക കോട്ടയം സ്വദേശി ശ്രീജ. രണ്ടു സംസ്കാരങ്ങളും വിശ്വാസങ്ങളുമെല്ലാം ഒത്തുചേർന്ന, സമൂഹമാധ്യമങ്ങളിൽ വൈറലായ ആ രണ്ടുപേരുടെ ജീവിത കഥയാണ് ഇനി കാണുന്നത്.

ഇന്ത്യയുടെ തെക്കേഅറ്റത്ത് കേരളത്തിൽ നിന്ന് ഒരു യുവതിയും പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശി യുവാവും ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചത് 200ൽ അധികം രാജ്യങ്ങൾ അധിവസിക്കുന്ന യുഎഇയിൽ വച്ചായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശി തൈമൂർ താരിഖും കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീജയും പ്രണയജീവിതത്തിൽ ഒരു ദശകവും വിവാഹജീവിതത്തിൽ രണ്ടു വർഷവും പിന്നിടുകയാണ്. രണ്ടു സംസ്കാരങ്ങളുടേയും വിശ്വാസങ്ങളുടേയും സംഗമം. എല്ലാ വ്യത്യാസങ്ങൾക്കും ഉപരിയായിരുന്നു ഒരുമിച്ചു ജീവിക്കാനുള്ള ഇരുവരുടേയും മനസ്. ആ മനസിൻറെ ഒരുമയോടെയാണ് സമൂഹമാധ്യമങ്ങളിലടക്കം ആടിപ്പാടി ഇരുവരും ജീവിതം ആഘോഷമാക്കുന്നത്.

അങ്ങനെ കുടുംബാംഗങ്ങളുടെയടക്കം പിന്തുണയോടെ യുഎഇയിൽ വച്ചായിരുന്നു വിവാഹം. യുഎഇയിലെ ജോലിക്കിടെ പരിചയപ്പെട്ട ഒട്ടേറെ മലയാളി സുഹൃത്തുക്കളുണ്ട് തൈമൂറിന്. കേരളത്തിൽ വരണമെന്ന് അതിയായ ആഗ്രഹവുമുണ്ട്. കേരളത്തെക്കുറിച്ച് പറയാൻ പെരിത്തിഷ്ടവും.

ടിക് ടോക് അടക്കം സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ ദമ്പതികൾ പ്രവാസിമലയാളികൾക്കിടയിൽ സെലബ്രറ്റികളായത്. മലയാളത്തിൽ ഓണാശംസകൾ നേർന്നും മലയാളം പാട്ടിന് ചുവടുവച്ചുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഇരുവരും സജീവമാണ്.

വിവാഹം കഴിച്ച ആദ്യനാളുകളിൽ സമൂഹമാധ്യമങ്ങളിൽ ചിലരുടെയെങ്കിലും മോശം കമൻറുകളും കേൾക്കേണ്ടിവന്നു. പാക് സ്വദേശിയെ വിവാഹം കഴിച്ചതായിരുന്നു ചിലർ കണ്ട കുറ്റം. 

ശത്രുപക്ഷത്തെന്ന് വേർതിരിക്കുന്ന രണ്ടു രാജ്യങ്ങളിലെ ജനങ്ങൾ ഒന്നിക്കണമെന്നാണ് തൈമൂറിൻറെ പക്ഷം. ഇന്ത്യയെ സ്നേഹിക്കുന്ന ഒട്ടേറെപ്പേരുണ്ട് പാക്കിസ്ഥാനിൽ. സംഗീതവും ഭക്ഷണവും അടക്കം സംസ്കാരത്തിൻറെ ഭാഗമായ ഒട്ടേറെക്കാര്യങ്ങളിൽ ഇരുരാജ്യക്കാർക്കും സമാനതകളേറെയുണ്ട്.

കഴിഞ്ഞ ഓണത്തിനായിരുന്നു തൈമൂർ ആദ്യമായി ഓണസദ്യ കഴിച്ചത്. പാക് ഭക്ഷണവിഭവങ്ങൾ ശ്രീജയ്ക്കും ഇഷ്ടം. മലയാള സിനിമകളും പാട്ടുകളുമൊക്കെ ഏറെക്കേൾക്കാനിഷ്ടപ്പെടുന്ന തൈമൂർ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ്. ഏറെ കേട്ടും വിഡിയോയിലൂടെ കണ്ടും ഇഷ്ടപ്പെട്ട കേരളത്തിൽ ശ്രീജയോടൊപ്പം താമസമാക്കണമെന്നത് തൈമൂറിൻറെ വലിയ ആഗ്രഹമാണ്,

കുടുബജീവിതം ആഘോഷത്തോടെ മുന്നോട്ടുപോകുന്നതിന് രണ്ടുപേരുടേയും കുടുംബങ്ങളുടെ പൂർണപിന്തുണയുമുണ്ട്. ആ പിന്തുണയോടെ അതിലുപരി ഐക്യത്തോടെ എല്ലാ വ്യത്യാസങ്ങളേയും അതിജീവിച്ച് മറികടന്ന് ഇരുവരും മുന്നോട്ടുനീങ്ങുകയാണ്. 

*****************************************

ഇത്തവണത്തെ കേരളബജറ്റ് രേഖയുടെ പുറംചട്ടയ്ക്ക് സൂര്യകാന്തിയുടെ ശോഭയേകിയത് പ്രവാസിമലയാളിയായ ഒരു കുഞ്ഞുചിത്രകാരിയാണ്. ഷാർജയിൽ താമസിക്കുന്ന രണ്ടാം ക്ളാസുകാരി നിയ മുനീർ. സമൂഹത്തിന് സന്ദേശം പകരുന്ന ചിത്രങ്ങളും ഈ മിടുക്കി ക്യാൻവാസിൽ ഒരുക്കിയിട്ടുണ്ട്. നിയയുടെ ചിത്രവിശേഷങ്ങളാണ് ഇനി കാണുന്നത്.

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാനബജറ്റ് രേഖയുടെ പുറം ചട്ടയിലും അകത്തും കുട്ടികളുടെ കലാവാസനകൾ നിറഞ്ഞുനിന്നിരുന്നു. കേരളത്തിൽ പഠിക്കുന്ന കുട്ടികളുടെ കവിതകൾക്കും ചിത്രങ്ങൾക്കുമൊപ്പമാണ് ഇങ്ങകലെ യുഎഇയിൽ താമസമാക്കിയ പ്രവാസിമലയാളിയായ ഒരു കൊച്ചുമിടുക്കിയുടെ ചിത്രങ്ങളും ഇടം നേടിയത്. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥിനി നിയ മുനീറിൻറെ 'സൂര്യകാന്തിത്താട്ടത്തിൽ  നിൽക്കുന്ന പെൺകുട്ടി' എന്ന ചിത്രമാണ് ബജറ്റ് പുറംചട്ടയിലൂടെ നിയമസഭയിലെത്തിയത്. 

ചിത്രം ബജറ്റ് രേഖയിൽ ഇടം നേടിയതിന് പിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു. ധനമന്ത്രി തോമസ് ഐസക്കുമായി ഫോണിൽ സംസാരിച്ചു. സ്കൂളിലെ അധ്യാപകരും നാട്ടിലെ പ്രിയപ്പെട്ടവരുമടക്കമുള്ളവർ ഫോൺ വിളിച്ച് അഭിനന്ദനം അറിയിച്ചു.

പ്രിയപ്പെട്ടവരുടെ നിച്ചുവും വീട്ടുകാരുടെ ഇച്ചപ്പനുമായ നിയ ഏഴു വയസിനിടെ അക്രിലിക്, കാർട്ടൂൺ ചിത്രങ്ങൾ ഒട്ടേറെ വരച്ചുകഴിഞ്ഞു. കാർട്ടൂൺ കഥാപാത്രങ്ങൾക്കും പ്രകൃതിഭംഗിക്കുമൊക്കെ ഒപ്പം കുഞ്ഞുവിരലുകളിൽ സമൂഹത്തിനുള്ള സന്ദേശം പങ്കുവയ്ക്കുന്ന ചിത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ വെള്ളക്കാരനായ പൊലീസുദ്യോഗസ്ഥൻ കാല്‍മുട്ടുകളില്‍ കഴുത്തു ഞെരിച്ചമർത്തി കൊലപ്പെടുത്തിയ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയിഡിനോട് ഐക്യദാർഡ്യപ്പെട്ട്  നിയ വരച്ച ചിത്രം ഏറെ ശ്രദ്ധേയമാണ്. നിറത്തിൻറെ പേരിൽ മനുഷ്യൻ കാട്ടിക്കൂട്ടുന്ന ദുഷ്പ്രവർത്തികൾക്ക് മുന്നിൽ കൊറോണയെന്ന വൈറസ് ഒന്നുമല്ലെന്ന സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്. യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബെർട്ടിയുടെ പശ്ചാത്തലത്തിൽ പൊലീസിൻറെ മുട്ടിനിടയിൽ അമർന്നു മരിക്കുന്ന മനുഷ്യൻ. അതുകണ്ടു കരയുന്ന കൊറോണ വൈറസും സ്വാതന്ത്ര്യത്തിൻറെ പ്രതിരൂപമായ ലിബർത്താസ് ദേവതയും. ലോകത്തെ കീഴടക്കിയ വൈറസിനേക്കാൾ വലുതാണ് കറുപ്പിനോടുള്ള മനുഷ്യൻറെ വിവേചന മനോഭാവമെന്ന് ഉറക്കെപറയുകയാണ് ഈ കൊച്ചു മിടുക്കി. 

ലോക്ഡൌൺ കാലത്ത്  ഉത്തരേന്ത്യയിൽ കാൽനടയായി പലായനം ചെയ്യപ്പെടേണ്ടിവന്ന കുരുന്നുകളടക്കമുള്ളവരുടെ വേദനയും നിയ ക്യാൻവാസിൽ പകർത്തി. 

ജീവകാരുണ്യ മേഖലയിലടക്കം സജീവമായ ബ്രിട്ടിഷ് ചിത്രകാരൻ സാഷ ജഫ്രി,കുട്ടികളുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തതിൽ ഒരെണ്ണം നിയയുടേതായിരുന്നു. അതാകട്ടെ ഡൽഹി പലായനത്തിൻറെ വികാരം പങ്കുവച്ച ചിത്രം. ചിത്രം കണ്ട് ഇഷ്ടപ്പെട്ട് ജഫ്രി, നിയയെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

കോവിഡ് കാലത്ത് ഗൾഫിലെ പ്രവാസികൾ മാസങ്ങൾ കാത്തിരുന്ന് ഒടുവിൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കാഴ്ചയും മുഖ്യമന്ത്രി സ്വീകരിക്കാൻ നിൽകുന്നതുമെല്ലാം വർണങ്ങളിൽ നിയ അവതരിപ്പിച്ചു. 

ടിവിയിൽ കണ്ട കാർട്ടൂണിലെ കൂട്ടുകാരെ വരച്ചാണ് നിയ മൂന്നാം വയസിൽ വർണങ്ങളുടെ ലോകത്തേക്ക് പിച്ചവച്ചത്. കൂട്ടിന് റെക്സ് എന്ന നായ്ക്കുട്ടിയുമുണ്ടായിരുന്നു. റെക്സിനെ ഇടയ്ക്കുവച്ച് നഷ്ടമായെങ്കിലും വരകളിൽ കടന്നുവരും. ഇച്ചപ്പനും റെക്സും എന്ന പേരിൽ കാർട്ടൂൺ സീരിസും നിയ പുറത്തിറക്കിയിട്ടുണ്ട്. 

യുട്യൂബിലൂടെയാണ് പാഠങ്ങൾ പഠിക്കുന്നത്. ഇതുവരെ നൂറോളം അക്രിലിക് ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. അതിലുമിരട്ടി കാർട്ടൂൺ ചിത്രങ്ങളും. എല്ലാ പിന്തുണയും പ്രോത്സാഹനവുമായി ഷാർജയിലെ വീട്ടിൽ മാതാവ് അൻഷയും പിതാവ് മുനീറും കൂടെയുണ്ട്. 

കോവിഡ് സാഹചര്യത്തിൽ പഠനം വീട്ടിലിരുന്നായതോടെ ചിത്രരചനയ്ക്ക് കൂടുതൽ സമയം കണ്ടെത്താൻ കഴിഞ്ഞു. ഹാബിറ്റാറ്റ് സ്കൂളിൻറെ പിന്തുണയോടെ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് നിയ. പ്രവാസമണ്ണിൽ പ്രദർശനം സംഘടിപ്പിക്കണമെന്ന ആഗ്രഹം കൂടിയുണ്ട് ഈ കൊച്ചുചിത്രകാരിക്ക്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...