ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസം; പുനരധിവാസ പാക്കേജ് ഇല്ലാത്തതിൽ ആശങ്ക

gulfbudget-06
SHARE

കോവിഡ് മഹാമാരിയിൽ ഏറ്റവുമധികം ദുരിതമനുഭവിച്ചവരാണ് ഗൾഫിലെ പ്രവാസികൾ. പലരുടേയും ജോലി നഷ്ടപ്പെട്ടു. ശമ്പളം വെട്ടിക്കുറച്ചു. മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെയെന്ന ചോദ്യചിഹ്നവുമായി ആയിരങ്ങളാണ്  നാട്ടിലേക്ക് മടങ്ങിയത്. അതിനാൽ തന്നെ പ്രവാസിഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെയായിരുന്നു  കേന്ദ്രബജറ്റിനെ നോക്കിക്കണ്ടത്. പ്രധാനമായും മൂന്നുകാര്യങ്ങളാണ് കേന്ദ്രബജറ്റിൽ പ്രവാസികൾക്കായി കരുതിയിരുന്നത്. പ്രവാസികൾക്ക് ഇരട്ടനികുതി ഒഴിവാക്കൽ, ഒറ്റയാൾ കമ്പനിക്ക് അനുമതി, സ്വർണത്തിന് ഇറക്കുമതി തീരുവ കുറച്ചു എന്നിവയാണ്  പ്രവാസികളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങൾ.  പ്രവാസി നാട്ടിലേക്കു മടങ്ങുമ്പോൾ വിരമിക്കലുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പണത്തിന് ഇനി നികുതി അടയ്ക്കേണ്ട എന്നതാണ് സുപ്രധാനതീരുമാനമായി ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയത്. 

ഒറ്റയാൾ കമ്പനിക്ക് അനുമതി നൽകുമെന്ന പ്രഖ്യാപനം പ്രവാസികൾക്ക് പ്രതീക്ഷയേകുന്നതാണ്. പ്രവാസികൾക്ക് ഒറ്റയ്ക്കു കമ്പനി തുടങ്ങി ആവശ്യത്തിന് മൂലധന സമാഹരണവും വരുമാനവും നേടാമെന്നത് സ്വാഗതം ചെയ്യപ്പെടേണ്ട തീരുമാനമാണ്. സ്വർണത്തിന് ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം ഗൾഫ് നാടുകളിൽ നിന്നടക്കമുള്ള സ്വർണക്കള്ളക്കടത്ത് കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്നു. അംഗീകൃത സ്വർണവ്യാപാരികൾ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണിത്. ഹവാല ഇടപാടുകൾ കുറയാനും ഈ തീരുമാനം സഹായിക്കും.  ഈ മൂന്നു പ്രഖ്യാപനങ്ങൾക്കൊപ്പം കോവിഡിൻറെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്കുളള വിഹിതം വർധിപ്പിക്കാനുള്ള തീരുമാനത്തേയും പ്രവാസികൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയിലെ  ഡിജിറ്റൽ മേഖലയിൽ കൂടുതൽ നിക്ഷേപസാധ്യതകൾ തുറക്കുന്നത് പ്രവാസിഇന്ത്യക്കാർക്കടക്കം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, സാധാരണ പ്രവാസികളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതാണ് കേന്ദ്രബജറ്റെന്നാണ് വിവിധ പ്രവാസി സംഘടനകളുടെ പ്രതികരണം. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാർക്ക് പുനരധിവാസ പാക്കേജ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കോവിഡ് കാരണം പ്രവാസലോകത്ത് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സഹായമെത്തിക്കുന്നതടക്കം ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളോടും ബജറ്റ് മുഖം തിരിച്ചുവെന്ന ആരോപണം ശക്തമാണ്. 

പ്രവാസികൾക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന പ്രഖ്യാപനം ഗൾഫിലെ പ്രവാസികൾക്ക് വലിയ നേട്ടമുള്ള കാര്യമല്ലെന്നാണ് വിലയിരുത്തൽ. യൂറോപ്പ്, യുഎസ്, സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മടങ്ങുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. അതിനാൽ തന്നെ ഏറ്റവുമധികം പ്രവാസിഇന്ത്യക്കാർ അധിവസിക്കുന്ന ഗൾഫിൽ ഈ തീരുമാനം വലിയ ചലനങ്ങളൊന്നുമുണ്ടാക്കില്ല.

സാധാരണ പ്രവാസികളെ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാക്കാനുള്ള അവസരവും ബജറ്റിൽ ഒരുക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. കോവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികളുടെ നൈപുണ്യവികസനം ഉറപ്പാക്കാനുള്ള പദ്ധതികൾ കേന്ദ്രബജറ്റിൽ ആവശ്യമായിരുന്നുവെന്നാണ് വിവിധപ്രവാസിസംഘടകൾ വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ, കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രവാസി വ്യവസായികൾ ഒന്നടങ്കം സ്വാഗതം ചെയ്യുമ്പോൾ, സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരും സാധാരണക്കാരും സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നതെന്നാണ് ഗൾഫിൽ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...