ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നു; ഖത്തറിനുമേലുള്ള ഉപരോധം നീങ്ങും; വീണ്ടും പ്രതീക്ഷ

gulfthisweek
SHARE

ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നുവെന്ന സൂചനയാണ് പോയവാരം ഏറെ പ്രതീക്ഷയോടെ കേട്ട വാർത്ത. ഖത്തറിനെതിരെ മൂന്നരവർഷം മുൻപ് സൌദി അടക്കം നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനൊരുങ്ങുകയാണ്. ഗൾഫ് മേഖലയ്ക്ക് വലിയപ്രതീക്ഷ നൽകുന്ന വാർത്തയുടെ വിശദാംശങ്ങളും വിലയിരുത്തലുകളുമാണ് ആദ്യം. 

ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു 2017 ജൂൺ അഞ്ചിന് സൌദിഅറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം. ഗൾഫ് നാടുകൾ ഒന്നിച്ചുനീങ്ങുമെന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷകളും പാതിവഴിയിലുപേക്ഷിച്ചായിരുന്നു നയതന്ത്ര,ഗതാഗത,വ്യാപാര ഉപരോധം പ്രഖ്യാപിച്ചത്. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, 

അൾ ജസീറയുടെ പ്രക്ഷേപണം നിർത്തലാക്കുക, തുർക്കിയുമായി സൈനികസഹകരണം കുറയ്ക്കുക എന്നതടക്കം പതിമൂന്ന് ആവശ്യങ്ങൾ സൌദി സഖ്യം മുന്നോട്ടുവെച്ചെങ്കിലും അതെല്ലാം തള്ളിയ ഖത്തർ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. തുടർന്ന് മേഖലയിൽ വിഭാഗീയത സൃഷ്ടിച്ച് ഉപരോധം ശക്തമായി. ഖത്തറുമായി സൌദി സഖ്യരാഷ്ട്രങ്ങൾ സകലബന്ധങ്ങളും അവസാനിപ്പിച്ചതോടെ വ്യാപാരവ്യവസായ വ്യോമയാന വിനോദസഞ്ചാര മേഖലകളിലെല്ലാം പുതിയനിലപാടുകളും നയങ്ങളും ഗൾഫിൽ ഉയർന്നുവന്നു. 

എന്നാൽ ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാൻ വഴിയൊരുങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോൾ ഈ മഹാമാരിക്കാലത്ത് വലിയ പ്രതീക്ഷയേകുന്നത്. അമേരിക്കയുടേയും കുവൈത്തിൻറേയും നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങൾ ഫലം കാണുന്നുവെന്ന സൂചന. സൌദിഅറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെല്ലാം ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്തു. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നിർദേശപ്രകാരം മരുമകനും മുഖ്യസുരക്ഷാഉപദേഷ്ടാവുമായ ജാറെദ് കുഷ്ണർ സൌദി, ഖത്തർ ഭരണാധികാരികളുമായി ചർച്ച നടത്തിയതിനു പിന്നാലെ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൌദിവിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൌദ് പറഞ്ഞു. 

ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനി വ്യക്തമാക്കി.

ചർച്ചകളിൽ മികച്ചപ്രതീക്ഷയുണ്ടെന്നും അന്തിമകരാർ രൂപീകരണത്തിലേക്ക് അടുക്കുന്നതായും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് പറഞ്ഞു. അറബ് മേഖലയിലെ പ്രശ്നപരിഹാരത്തിന് കുവൈത്തും യുഎസും നടത്തുന്ന ശ്രമങ്ങൾ വിലമതിക്കുന്നതായി യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ട്വീറ്റ് ചെയ്തു.  നാലു രാജ്യങ്ങളെ പ്രതിനിധീകരിച്ച് സൌദി നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും മേഖലയുടെ സുരക്ഷയ്ക്കായി സഹകരണം ആവശ്യമാണെന്നും യുഎഇ വ്യക്തമാക്കി. അസ്ഥരമായ സാമ്പത്തികമേഖലയ്ക്ക് പുതുജീവൻ പകരുന്നതാണ് ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നുവെന്ന വാർത്തകൾ. ഗൾഫ് മേഖല ഒരുമിച്ചു നീങ്ങുന്നതിലൂടെ കൂടുതൽ സ്ഥിരതയും സുരക്ഷിതത്വവുമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ നടത്തുന്ന രാജ്യങ്ങളാണ് കുവൈത്തും അമേരിക്കയും ഒമാനും. കുവൈത്ത് അമീറായിരുന്ന അന്തരിച്ച ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻറെയും ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിൻറേയും മധ്യസ്ഥശ്രമങ്ങളാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കിയത്. കുവൈത്തിൻറെ തുടർച്ചയായുള്ള മധ്യസ്ഥ ഇടപെടലുകളും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മധ്യപൂർവദേശ നയവും പ്രതിസന്ധി അവസാനിക്കുന്നതിനുള്ള കാരണമായി വ ിലയിരുത്തപ്പെടുന്നു. കുവൈത്ത് വിദേേശകാര്യമന്ത്രി ഷെയ്ഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് യുഎസ്, സൌദി, ഖത്തർ ഭരണാധികാരികളുമായി നടത്തിയ മധ്യസ്ഥചർച്ചകളാണ് മേഖലയിൽ സമാധാനത്തിൻറെ കൊടിഉയരുന്നതിന് കാരണമാകുന്നത്. ഈ മാസം ചേരുന്ന ജിസിസി ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നകാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന. 41 മത് ജിസിസി ഉച്ചകോടിക്ക് മനാമ വേദിയാകുമെന്നായിരുന്നു നേരത്തേ അറിയിച്ചതെങ്കിലും നിലവിലെ സാഹചര്യത്തിൽ കുവൈത്തിലേക്ക് മാറ്റിയേക്കുമെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അംഗരാഷ്ട്രങ്ങളുടെ ഭരണത്തലവൻമാരെ ഭിന്നത അവസാനിപ്പിച്ച് നേരിട്ട് ഉച്ചകോടിയിലെത്തിക്കാനുളള ശ്രമത്തിലാണ് കുവൈത്ത്.

ആറ് ഗൾഫ് രാജ്യങ്ങളിലുമായി 90ലക്ഷത്തോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്. ഖത്തറിൽ മാത്രം ഏഴരലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. 

ഗൾഫ് മേഖലയിലെ സാമ്പത്തികസാമൂഹിക സാഹചര്യങ്ങളിലുണ്ടാകുന്ന ചെറുചലനങ്ങൾ പോലും പ്രവാസിമലയാളികളെ സ്വാധീനിക്കും. അതിനാൽ മേഖല ഒരുമിച്ചു മുന്നോട്ടു നീങ്ങുമെന്ന വാർത്ത പ്രവാസികൾക്കും പ്രതീക്ഷയാണ്. ഉപരോധം അവസാനിപ്പിക്കുന്നത് തൊഴിൽ മേഖലയെ സ്വാധീനിക്കും. വിനോദസഞ്ചാര, വ്യവസായമേഖലയിൽ പുതിയ സഹകരണവും മുന്നേറ്റവും പ്രതീക്ഷിക്കുന്നു.

ആദ്യഘട്ടമായി വ്യോമയാനമേഖലയിൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്നാണ് സൂചന. തുടർന്ന് മറ്റുമേഖലകളിലേയും ഉപരോധം ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ പുതുവർഷത്തോടെ ഖത്തറിൽ നിന്ന് നേരിട്ട് ദുബായിലേക്കും റിയാദിലേക്കുമെല്ലാം വിമാനത്തിലെത്താൻ വീണ്ടും അവസരമൊരുങ്ങിയേക്കും. അതിലുപരി മഹാമാരിക്കുശേഷമുള്ള സാമ്പത്തിക അസ്ഥിരതമറികടക്കാനാകുന്ന മുന്നേറ്റമായിരിക്കും ഗൾഫ് റീയൂണിയൻ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...