ഇനി കമ്പനി തുടങ്ങാം..; യുഎഇയില്‍ മലയാളികള്‍ക്കും പ്രതീക്ഷ

uae-company
SHARE

യുഎഇയിൽ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്ന മലയാളികളടക്കം വിദേശികൾക്ക് ഏറെ ഗുണകരമായൊരു പ്രഖ്യാപനമാണ് പോയവാരമുണ്ടായത്. യുഎഇ കമ്പനികളിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിച്ചു. വിദേശികൾക്ക് കമ്പനി തുടങ്ങണമെങ്കിൽ സ്വദേശികൾ സ്പോൺസർമാരായിരിക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കി. ഈ നിയമഭേദഗതിയുടെ വിശദാംശങ്ങളും വിലയിരുത്തലുകളുമാണ് ആദ്യം. 

2015 ലെ യുഎഇ കമ്പനി നിയമത്തിൽ ഭേദഗതികൾ വരുത്തി പ്രസിഡൻറ് ഷെയ്ഖ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. യുഎഇയിൽ 100 ശതമാനം ഉടമസ്ഥതാവകാശത്തോടെ വിദേശികൾക്ക് സംരംഭങ്ങൾ തുടങ്ങാമെന്നതാണ് പ്രധാനപ്രഖ്യാപനം. നിലവിലുണ്ടായിരുന്ന നിയമപ്രകാരം യുഎഇയിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ തുടങ്ങുമ്പോൾ വിദേശികളുടെ ഉടമസ്ഥതാവകാശം 49% ആയി നിജപ്പെടുത്തിയിരുന്നു. യുഎഇ പൌരനോ, പൂർണമായും യുഎഇ പൌരൻറെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആയിരുന്നു ബാക്കി 51% ഉടമസ്ഥതാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്പോൺസർഷിപ്പിൽ മാത്രമായിരുന്നു വിദേശിക്ക് കമ്പനി തുടങ്ങാൻ അനുവാദമുണ്ടായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം  ഡിസംബർ ഒന്നുമുതൽ 100 ശതമാനം നിക്ഷേപവും വിദേശിക്ക് നടത്താനാകും. അതായത് സ്വദേശിസ്പോൺസർമാർ നിർബന്ധമല്ല.

യുഎഇയില്‍ ശാഖകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികള്‍ക്കും സ്വദേശി സ്പോണ്‍സറില്ലാതെ സംരംഭം തുടങ്ങാൻ പുതിയ ഉത്തരവിലൂടെ സാധ്യമാകും. കേരളത്തിലെ  ഒരു കമ്പനിയുടെ ശാഖ തുടങ്ങാനോ പുതിയ കമ്പനി തുടങ്ങുന്നതിനോ യുഎഇ പൌരൻറെ ഓഹരിപങ്കാളിത്തം ആവശ്യമുണ്ടാകില്ല. നേരത്തേ ഫ്രീ സോണിൽ മാത്രമായിരുന്നു 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതിയുണ്ടായിരുന്നത്. പുതിയ തീരുമാനം മലയാളികളടക്കം യുഎഇയിൽ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമാണ്. 

വിനോദസഞ്ചാരം, ഐടി തുടങ്ങി ഒട്ടേറെമേഖലകളിൽ പുതിയ സംരംഭങ്ങൾ ലളിതമായി തുടങ്ങാനാകും. അതിലൂടെ യുഎഇയിലെ വ്യവസായരംഗത്ത് വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്തവർഷം നടക്കുന്ന ദുബായ് രാജ്യാന്തര എക്സ്പോയോടനുബന്ധിച്ച് വിനോദസഞ്ചാര വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.കോവിഡ് കാരണമുള്ള സാമ്പത്തിക അസ്ഥിതര മറികടക്കാൻ സഹായകരമാകുന്നതുകൂടിയാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച നയങ്ങൾ പരിഷ്കരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങൾക്ക് വിൽക്കാം. നേരത്തേ 30 ശതമാനം ഷെയറുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാൽ കമ്പനികളുടെ ചെയർമാനും സീനിയർ ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്. അതേസമയം, എണ്ണഖനനം, ഊർജോൽൽപാദനം, പൊതുഗതാഗതം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ വിദേശനിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരും. ഈ മേഖലകളിൽ നിയമഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ഫലത്തിൽ, നിയമഭേദഗതിയിലൂടെ കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള വലിയ മാറ്റമാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. അതാകട്ടെ മലയാളികളടക്കമുള്ള സംരംഭകർക്കും തൊഴിൽ അന്വേഷകർക്കും ഏറ്റവും സഹായകരമാകുമെന്നുതന്നെയാണ് പ്രതീക്ഷ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...