ട്രംപിന് പകരം ബൈഡനെത്തുമ്പോൾ; മിഡിൽ ഈസ്റ്റിന്റെ പ്രതീക്ഷകൾ

gulf-this-week
SHARE

ഡോണൾഡ് ട്രംപിന് പകരം ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. മിഡിൽഈസ്റ്റ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന ട്രംപിന് പകരം ബൈഡനെത്തുമ്പോൾ മേഖലയുടെ പ്രതീക്ഷകൾ എങ്ങനെയാണ്. ഇറാനും ഇസ്രയേലും ജിസിസിയുമൊക്കെ ചർച്ചാവിഷയമാകുന്ന മിഡിൽഈസ്റ്റ് രാഷ്ട്രീയത്തിൽ ബൈഡൻറെ ഇടപെടൽ എപ്രകാരമായിരിക്കും.

ഗൾഫ് രാജ്യങ്ങളുടെ പരമ്പരാഗത വൈരികളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ഇസ്രയേലുമായി അതേ ഗൾഫ് രാജ്യങ്ങൾ നയതന്ത്രകരാറിലൂടെ കൈകോർത്തുവെന്ന ചരിത്രത്തിലെ നിർണായകമായ സംഭവത്തിന് നേതൃത്വം നൽകിയാണ് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നത്. യുഎഇക്കും ബഹ്റൈനും പിന്നാലെ സൌദിഅറേബ്യയടക്കം ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി ഭിന്നതമറന്ന് കൈകോർക്കുമെന്ന പ്രതീക്ഷയാണ് ട്രംപ് പങ്കുവച്ചിരുന്നത്. അതിനായുള്ള ചർച്ചകൾ ട്രംപിൻറെ മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കുഷ്ണറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ടായിരുന്നു.

ഈ പ്രഖ്യാപനവും പ്രതീക്ഷയും നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് ട്രംപിന് പകരം ബൈഡനെത്തുമ്പോൾ ഇസ്രയേൽ ഗൾഫ് ബന്ധം മുന്നോട്ട് എങ്ങനെയായിരിക്കുമെന്ന ചോദ്യം ഉയരുന്നത്. ട്രംപിൻറെ നേതൃത്വത്തിൽ നടപ്പാക്കിയ സമാധാനകരാറിനെ ഡമോക്രാറ്റുകളും പിന്തുണച്ച സാഹചര്യത്തിൽ ബൈഡനും അതേ നയം തുടരുമെന്നാണ് പ്രതീക്ഷ. മധ്യപൂർവദേശത്ത് കൂടുതൽ രാഷ്ട്രങ്ങൾ ഇസ്രയേലുമായി കൈകോർക്കാൻ ബൈഡൻറെ ഇടപെടലുണ്ടായേക്കും. റിപ്പബ്ളിക്കൻ, ഡമോക്രാറ്റിക് വ്യത്യാസമില്ലാതെ അമേരിക്കയുടെ വിദേശകാര്യനയത്തിൻറെ വിജയമായി സമാധാനകരാർ വിലയിരുത്തപ്പെടുന്ന പശ്ചാത്തലത്തിൽ ഗൾഫ് ഇസ്രയേൽ ബന്ധം ബൈഡൻറെ കാലത്തും കൂടുതൽ സജീവമാകുമെന്നുതന്നെയാണ് പ്രതീക്ഷ. 

ഇസ്രയേലും ഗൾഫ് രാജ്യങ്ങളുമായി ബന്ധം കൂടുതൽ സജീവമായ ട്രംപിൻറെ കാലത്ത് ഇറാനുമായുള്ള ബന്ധം കൂടുതൽ സങ്കീർണമായിരുന്നു. യുഎസും ഇറാനും പരസ്പരം പോർവിളിച്ച നാളുകൾ. ജോ ബൈഡൻ വൈസ് പ്രസിഡൻറായിരുന്ന ഒബാമയുടെ കാലത്ത് 2015 ലാണ് ഇറാനുമായി അമേരിക്കയടക്കം ആറു രാജ്യങ്ങൾ ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കുന്നത്. എന്നാൽ, 2018ൽ ഈ കരാറിൽ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറുകയും, വീണ്ടും ഇറാനുമേൽ കടുത്തവ്യാപാര ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കർണമായി. ഇറാനുമായുള്ള യുഎസ് ബന്ധം ബൈഡൻറെ കാലത്ത് എങ്ങനെയായിരിക്കുമെന്നാണ് മേഖല ഉറ്റുനോക്കുന്നത്. ആണവനിർവ്യാപന കരാറിലേക്ക് ബൈഡൻ തിരികെപ്പോകുമെന്ന് കരുതുന്നവരേറെ. എന്നാൽ ജിസിസും ഇറാനുമായുള്ള അകൽച്ചകൂടി പരിഗണിച്ചായിരിക്കും ബൈഡൻറെ ഇടപെടലുകളെന്നാണ് കരുതുന്നത്. ആണവനിർവ്യാപന കരാറിലേക്ക് തിരികെയെത്തുമ്പോഴും ഇറാനെതിരെ ഏർപ്പെടുത്തിയ വ്യാപാരഉപരോധത്തിൻറെ കാര്യത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ബൈഡൻ ശ്രമിക്കില്ലെന്ന് തന്നെയാണ് സൂചന.

ഖത്തർ ഉപരോധം അടക്കം ജിസിസിയിലെ പ്രശ്നങ്ങൾ വലിയ താമസമില്ലാതെ പരിഹരിക്കുമെന്ന സൂചനയായിരുന്നു 2019 ഡിസംബറിലെ ജിസിസി യോഗം നൽകിയ പ്രതീക്ഷ. കോവിഡ് കാലത്ത് ജിസിസിയിലെ ബന്ധം കൂടുതൽ സങ്കീർണമാക്കുന്ന ഇടപെടലുകൾ അധികമുണ്ടായില്ല എന്നത് പ്രതീക്ഷ നൽകുന്നതാണ്. കുവൈത്തിൻറെയും ഒമാൻറേയും മധ്യസ്ഥതയിൽ യുഎസ് നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്കയുടെ ഭരണതലപ്പത്ത് പാർട്ടിയും വ്യക്തിയും മാറിയെങ്കിലും മധ്യപൂർവദേശനയത്തിൽ കാതലായ മാറ്റങ്ങളുണ്ടാകാതെ മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തൽ. മധ്യപൂർവദേശത്ത് വികസനത്തിനായി വാക്കുകളിൽ പക്വതയും പ്രവർത്തിയിൽ ക്രീയാത്മകമായ അവധാനവും ജോ ബൈഡനുണ്ടാകുമെന്നാണ് മേഖലയുടെ പ്രതീക്ഷ. 

***************************************************************

യുഎഇയിൽ വ്യക്തിഗത, കുടുംബ, പിൻതുടർച്ചാവകാശ നിയമങ്ങളിൽ സമഗ്രഭേദഗതിക്ക് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. വ്യക്തിസ്വാതന്ത്ര്യവും വ്യവസായസൌഹൃദ അന്തരീക്ഷവും കൂടുതൽ ഉറപ്പുവരുത്തുന്ന നിയമഭേദഗതികളാണ് നിലവിൽ വരുന്നത്. 

ഇസ്ളാമിക ശരീഅത്ത് നിയമങ്ങൾ അടിസ്ഥാനമാക്കി നിലവിലുണ്ടായിരുന്ന വ്യക്തിനിയമങ്ങളിൽ ശിക്ഷായിളവ് അടക്കം സമഗ്രമാറ്റമാണ് യുഎഇ പ്രഖ്യാപിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടുത്തനിയമങ്ങൾ ഒഴിവാക്കി തുറന്ന മനസോടെ മുന്നോട്ടുപോകുമെന്നാണ് നിയമഭേദഗതികളുടെ അന്തസത്ത. പ്രവാസികൾക്ക് സഹായകരമാകും വിധമാണ് സ്വത്തു നിയമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. വിവാഹമോചനം, സ്വത്തുവിഭജനം, പിൻതുടർച്ചാവകാശം എന്നിവയിൽ ഇനി പ്രവാസികൾക്ക് അവരവരുടെ രാജ്യത്തെ നിയമങ്ങളായിരിക്കും ബാധകം. മുൻപ് ശരീഅത്ത് നിയമങ്ങളായിരുന്നു ബാധകമായിരുന്നത്. 

യുഎഇയിൽ സ്ഥാപനങ്ങളിലും കമ്പനികളിലും പങ്കാളികളായവർക്ക് ഓഹരിപങ്കാളിത്തം അവസാനിപ്പിക്കുന്നതിനോ പിരിഞ്ഞുപോകുന്നതിനോ മറ്റു പാർട്ണർമാരുടെ പിന്തുണ ആവശ്യമായിരുന്നു. അത് പലപ്പോഴും അനിശ്ചിതത്വത്തിനും കാരണമായിരുന്നു. ഇനി അത്തരമൊരു ബുദ്ധിമുട്ടുണ്ടാകില്ലെന്നും പുതിയ നിയമഭേദഗതി ഉറപ്പുനൽകുന്നു. 

അവിവാഹിതരായ സ്തീപുരുഷൻമാർ ഒന്നിച്ചുതാമസിക്കുന്നതും പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും ഇനി കുറ്റകരമല്ല എന്നും നിയമഭേദഗതിയിലൂടെ വ്യക്തമാക്കുന്നു. മുൻപ് ഇതിനു പിഴയും നാടുകടത്തലുമായിരുന്നു ശിക്ഷ. എന്നാൽ മാനസികവൈകല്യമുള്ളവർ, രക്തബന്ധത്തിൽപെട്ടവർ, 14 വയസിനു താഴെയുള്ളവർ എന്നിവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. പൊതുസ്ഥലങ്ങളിൽവച്ചു ചുംബിച്ചാൽ തടവിനു പകരം പിഴയായിരിക്കും ശിക്ഷ. 

21 വയസിന് മുകളിലുള്ളവർ ലൈസൻസ് ഇല്ലാതെ മദ്യം കൈവശം വയ്ക്കുന്നതും മദ്യപിക്കുന്നതും ഇനി കുറ്റകരമായിരിക്കില്ല. 21 വയസിന് താഴെയുള്ളവർ മദ്യപിക്കുന്നതും അവർക്ക് മദ്യം വിൽക്കുന്നതും ശിക്ഷാർഹമായ കുറ്റമായിരിക്കും.  അതേസമയം, ആത്മഹത്യാശ്രമം ക്രിമിനൽ കുറ്റമെന്ന നിയമവും ഭേദഗതി ചെയ്തു. ആത്മഹത്യക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യചികിൽസയിലൂടെ ചേർത്തുനിർത്താൻ കൃത്യമായ ചികിൽസ ഉറപ്പാക്കണമെന്നതാണ് നിയമം അനുശാസിക്കുന്നത്. ദുരഭിമാനക്കൊല കൊലപാതകകുറ്റമാക്കിയതാണ് മറ്റൊരു സുപ്രധാനനിയമഭേദഗതി. കുറ്റം ചെയ്യുന്നവർ ചെറിയ ശിക്ഷകളോടെ രക്ഷപെട്ടിരുന്ന സാഹചര്യം ഒഴിവാക്കിയാണ് ദുരഭിമാനക്കൊലയ്ക്ക് കടുത്തശിക്ഷ ഉറപ്പുവരുത്തുന്നത്. ഒപ്പം ആപത്തിൽപെട്ടവരെ സഹായിക്കുമ്പോൾ ഉണ്ടാകുന്ന അപായങ്ങൾക്കും ശിക്ഷ ഒഴിവാക്കും. അറബിക് അറിയാത്തവർക്കായി ഇനി കോടതിനടപടികളിൽ അംഗീകൃത ദ്വിഭാഷികളെ അനുവദിക്കുന്നതും പ്രവാസികൾക്ക് സഹായകരമാണ്. യുഎഇ ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെ സന്ദേശമാണ് ഇതിലൂടെ പ്രാവത്തികമാക്കുന്നത്. ബിസിനസ് സൌഹൃദാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനൊപ്പം വിവിധസംസ്കാരങ്ങളിൽ നിന്ന് വരുന്നവർക്ക് നിയമപരമായി അതേതനിമ നിലനിർത്തുന്നതിന് കൂടിയാണ് യുഎഇ കർശനനിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന സാഹചര്യം ഒരുക്കുന്നതിലൂടെ എല്ലാവരേയും സ്വീകരിക്കുകയെന്ന നയംകൂടിയാണ് യുഎഇ ഭരണാധികാരികൾ മുന്നോട്ടുവയ്ക്കുന്നത്. 

***************************************************************

ഷാർജ രാജ്യാന്തരപുസ്തകമേള കോവിഡ് കാലത്തെ അതിജീവനത്തിൻറെ കാഴ്ചയായി. പ്രവാസിമലയാളികളായ കുട്ടികളുടേതടക്കം നൂറുകണക്കിന് പുസ്തകങ്ങളാണ് ഈ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടത്. പ്രസാധകർക്ക് എന്നും ഓർത്തുവയ്ക്കനാകുന്ന അതിജീവനത്തിൻറെ സാക്ഷ്യമേകിയാണ് മേളയ്ക്ക് തിരശീല വീഴുന്നത്.

ഷാർജ രാജ്യാന്തര പുസ്തകമേളയുടെ മുപ്പത്തൊൻപതാം പതിപ്പ് ചരിത്രത്തിലിടം നേടിയാണ് കടന്നുപോകുന്നത്. മഹാമാരിയുടെ ആശങ്കയൊഴിഞ്ഞിട്ടില്ലെങ്കിലും അതിനെ അതിജീവിച്ചാണ് മേള വിജയകരമായി സംഘടിപ്പിച്ചത്. പുസ്തകപ്രകാശനങ്ങളും പുസ്തകവിൽപനയും പരിചയപ്പെടുത്തലും തുടങ്ങി സാംസ്കാരികരംഗത്തെ പ്രമുഖരുമായുള്ള സംവാദത്തിനുമാണ് മേള വേദിയായി. കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ അരങ്ങുവാഴുമ്പോഴും കുട്ടികളടക്കമുള്ളവർ പുസ്തകരംഗത്തേക്ക് പിച്ചവച്ചുതുടങ്ങുന്നുവെന്നത് പുസ്തകമേളയുടെ വിജയമാണ്. മുൻവർഷങ്ങളിലേത്പോലെ കുട്ടികളടക്കമുള്ളവരുടെ പുസ്തകങ്ങൾ വെളിച്ചം കാണുന്നതിന് ഷാർജ പുസ്തകമേള വേദിയായി. പ്രവാസിമലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്റീന്‍ സലിമിന്റെ ഇംഗ്ലീഷ് പുസ്തകം, പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ദി വേള്‍ഡ് ഈസ് നോട്ട് ഓള്‍ സണ്‍ഷൈന്‍ ആന്‍ഡ് ഹാപ്പിനസ് എന്ന പുസ്തകം, യുഎഇ നടനും അബുദാബി ടെലിവിഷന്‍ അവതാരകനുമായ അലി അല്‍ കാജയാണ് പ്രകാശനം ചെയ്തത്. ഷാര്‍ജ പുസ്തക മേളയുടെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് കെ.മോഹന്‍കുമാര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ.സലിമിൻറെ മകളായ മെഹ്റീന്‍ സലിം, ദുബായ് വെല്ലിങ്ടണ്‍ സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.  

മെഹ്റീൻ സലീമിൻറേതടക്കം ഒട്ടേറെവിദ്യാർഥികളും പുസ്തകങ്ങളുമായി മേളയിലെത്തിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സഭയിലെ പോരാട്ടം എന്ന പുസ്തകത്തിൻറെ  ഗൾഫ് പ്രകാശനവും തൃശൂർ ലോക്സഭാംഗം ടി.എൻ.പ്രതാപൻറെ ഓർമകളുടെ സ്നേഹതീരം എന്ന പുസ്തകത്തിൻറെ പ്രകാശനവും പുസ്തകമേളയിൽ നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസനാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.

പുസ്തകപ്രകാശനങ്ങൾക്കൊപ്പം പ്രവാസികളുടെ കുറിപ്പുകളുമായി ബുക്കിഷ് സാഹിത്യബുള്ളറ്റിൻ തുടർച്ചയായ ആറാം വർഷവും പ്രകാശനം ചെയ്തു. പ്രശസ്തരും തുടക്കക്കാരുമായ 195 പേരാണ് ഇത്തവണ മിനിക്കഥകളും കവിതകളും ഓർമകളും കുറിപ്പുകളുമായി ബുക്കിഷിൽ അണിനിരന്നത്.

പുസ്തകങ്ങളുടെ വിൽപ്പനയും പ്രകാശനവുമൊക്കെ സജീവമായതിനൊപ്പം പുസ്തകമേളയേയും പ്രസാധകരേയും പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകളും ഷാർജ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം പുസ്തക സ്റ്റാളുകളുടെ ഫീസ് ഒഴിവാക്കി. 60 ലക്ഷം ദിർഹമാണ് സംഘാടകരായ ബുക് അതോറിറ്റി ഒഴിവാക്കിയത്. വെല്ലുവിളികൾ നിറഞ്ഞ കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്നടക്കമുള്ള പ്രസാധകർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്.  

രാജ്യാന്തര പുസ്തകപ്രസാധകവ്യവസായരംഗത്തെ സഹായിക്കാൻ ഒരു കോടി ദിർഹത്തിൻറെ പുസ്തകങ്ങൾ വാങ്ങാൻ ഷാർജ ഭരണാധികാരി നിർദേശിച്ചതും ശ്രദ്ധേയമായി. പുസ്തകമേളയിൽ പങ്കെടുത്ത പ്രസാധകരിൽ നിന്നാണ് ഈ പുസ്തകങ്ങൾ വാങ്ങുന്നത്. വിവിധഭാഷകളിലെ പുസ്തകങ്ങൾ ഷാർജയിലെ പബ്ളിക് ലൈബ്രറിയിലെത്തിക്കും. പ്രസാധകരെ സംബന്ധിച്ച് ഊർജം പകരുന്ന ഇടപെടലാണിത്.

പുസ്തകവായനപ്രോത്സാഹിപ്പിക്കുകയെന്നത് മാത്രമല്ല പുസ്തകമേളയുടെ ലക്ഷ്യമെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രവർത്തനം. അടുത്തവർഷം നാൽപ്പതാം സീസണിൽ മഹാമാരിയകന്ന് കൂടുതൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് ഇത്തവണത്തെ പുസ്തകമേളയ്ക്ക് തിരശീലവീഴുന്നത്.

***************************************************************

മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിലോടുന്ന ഭാവിയുടെ യാത്രാസംവിധാനമാണ് ഹൈപ്പർലൂപ്പ്. അബുദാബി ദുബായ് ഹൈപ്പർലൂപ്പ് പാതയ്ക്ക് പ്രതീക്ഷയേകി ഇതാദ്യമായി മനുഷ്യൻ ഹൈപ്പർലൂപ്പിലൂടെ സഞ്ചരിച്ചു. ലാസ് വേഗസിൽ നടന്ന പരീക്ഷണയോട്ടത്തിൻറെ വിശേഷമാണ് ഇനി കാണുന്നത്.

ഭാവിയുടെ യാത്രാസംവിധാനമെന്ന് വിശേഷിപ്പിക്കുന്ന ഹൈപ്പർലൂപ്പിൽ മനുഷ്യൻറെ ആദ്യ പരീക്ഷണ യാത്ര. യുഎസിലെ ലാസ് വേഗസിൽ നടന്ന 500 മീറ്റർ പരീക്ഷണ ഓട്ടത്തിൽ വിർജിൻ ഹൈപ്പർലൂപ് ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. യാത്രക്കാരില്ലാതെ 400 തവണ പരീക്ഷണയോട്ടം നടത്തിയതിന് ശേഷം മനുഷ്യനേയും വഹിച്ചുള്ള ആദ്യ യാത്ര ഹൈപ്പർലൂപ്പ് സുരക്ഷതമാണോ എന്നതിൻറെ ഉത്തരമായിരുന്നു.

ദുബൈയിലെ ഡിപി വേൾഡിന്റെ നേതൃത്വത്തിലാണ് വെർജിൻ ഹൈപ്പർലൂപ്പ് പദ്ധതി പുരോഗമിക്കുന്നത്. രണ്ടു പേർക്ക് യാത്രചെയ്യാവുന്ന പോഡിലായിരുന്നു യാത്ര. 28പേർക്ക് വരെ ഒരേസമയം യാത്രചെയ്യാവുന്ന പോഡ് വികസിപ്പിച്ചുവരികയാണ്. ഹൈപ്പർലൂപ്പ് പരീക്ഷണം അന്തിമഘട്ടത്തിലെത്തിയതോടെ അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള 150 കിലോമീറ്റർ ഹൈപ്പർ ലൂപ് പാതയുടെ ആദ്യഘട്ടം വൈകാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാർഥ്യമാകുന്നതോടെ 12 മിനിറ്റ് കൊണ്ടു 126 കിലോമീറ്റർ താണ്ടി അബുദാബിയിൽ നിന്നു ദുബായിലെത്താം. 

നിർമിതബുദ്ധി ഗവേഷണത്തിലൂടെ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയുടേയും സുസ്ഥിര ഗതാഗതത്തിൻറേയും വികസനത്തിന് പിന്തുണ നൽകുന്നതിനായി അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാലയുമായി വിർജിൻ ഹൈപ്പർ‌ലൂപ്പ് പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകം രൂപകൽപ്പന ചെയ്ത വായൂരഹിത ടണലിലൂടെ കാന്തികശക്തിയുടെ സഹായത്തോടെയുള്ള ഹൈപ്പർലൂപ്പ് സംവിധാനത്തിൻറെ ചരിത്രപരമായ നാഴികക്കല്ലായിരുന്നു മനുഷ്യനേയും വഹിച്ചുള്ള ആദ്യയാത്ര. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...