പുസ്തകമേളയും പവർ ബോട്ടും; മുന്നോട്ട് നീങ്ങുന്ന ഗള്‍ഫ് നാടുകള്‍

lf
SHARE

കോവിഡ് ആശങ്കകൾ പൂർണമായും അകന്നില്ലെങ്കിലും മുന്നോട്ടു തന്നെ നീങ്ങുകയാണ് ഗൾഫ് നാടുകൾ. സാംസ്കാരിക വിനോദപരിപാടികളെല്ലാം പുനരാരംഭിച്ചു. ഗൾഫ് ലോകത്ത് നിന്നും പ്രതീക്ഷ നൽകുന്ന നല്ലവാർത്തകളും വിശേഷങ്ങളുമൊക്കെയായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം.

മുപ്പത്തൊൻപതാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം മലയാളികൾ പങ്കെടുക്ക പുസ്തകമേളയായിരിക്കും ഷാർജ രാജ്യാന്തര പുസ്തകമേള. കോവിഡ് നിയന്ത്രണങ്ങളോടെ നടത്തപ്പെടുന്ന മേളയുടെ വിശേഷങ്ങളാണ് ആദ്യം കാണുന്നത്.

ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു. ഈ പ്രമേയത്തിലാണ് രാജ്യാന്തരപുസ്തകമേള ഷാർജ എക്സ്പോ സെൻ്ററിൽ അരങ്ങേറുന്നത്. കോവിഡിനെ അതിജീവിക്കുന്ന ആവേശത്തോടെയാണ് പ്രവാസിമലയാളികളടക്കമുള്ളവർ പുസ്കലോകത്തേക്ക് കടന്നുവരുന്നത്. കോവിഡ് കാരണം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെയായിരുന്നു തുടക്കം. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മേളയുടെ രക്ഷാധികാരി. ആദ്യദിവസമായ നാലാം തീയതി രാവിലെ മുതൽതന്നെ പുസ്തകപ്രേമികളുടെ ഒഴുക്കു തുടങ്ങി.  

http://registration.sibf.com./എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മൂന്നു മണിക്കൂറാണ് പുസ്തകമേള സന്ദർശിക്കാൻ അനുമതി. ദിവസം നാല് ഘട്ടങ്ങളിലായി പ്രവേശനാനുമതി നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നടക്കം 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ മേളയിൽ പുസ്തകങ്ങളുമായി അണിനിരന്നിട്ടുണ്ട്.

80,000 പുതിയ തലക്കെട്ടുകളാണ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിക്കുന്നത്. പുസ്തകങ്ങൾ വാങ്ങാനും കാണാനും അവസരമൊരുക്കുന്നതിനൊപ്പം സാസ്കാരിക സംവാദങ്ങൾക്കും മേള വേദിയാകുന്നുണ്ട്.  sharjahreads.com എന്ന വെബ്സൈറ്റിലൂടെ പരിപാടികൾ കാണാം. സാംസ്കാരിക രംഗത്തെ പ്രശസ്തരായ അറുപത് പേരാണ് ഓൺലൈനിലൂടെ വായനക്കാരോട് സംവദിക്കുന്നത്. ഇന്ത്യയിൽ നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപിയും ഇന്ത്യൻ–ഇംഗ്ലീഷ് എഴുത്തുകാരനായ അരവിന്ദർസിങ്ങുമാണ് പങ്കെടുക്കുന്നത്. മാൻ ബുക്കർ ജേതാവും ലൈഫ് ഓഫ് പൈ എന്ന വ്യഖ്യാത നോവലിൻ്റെ രചയിതാവും കനേഡിയൻ എഴുത്തുകാരനുമായ യാൻ മാർടൽ, എഴുത്തുകാരിയും സോഷ്യൽ മീഡിയാ സെൻസേഷനുമായ ലാൻഗ് ലീവ്, ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഇയാൻ മാക് ഇവൻ, അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ റോബർട് കിയോസകി, കോമഡി നടൻ നീൽ പാട്രിക് തുടങ്ങിയവരും മേളയുടെ ഭാഗമാകുന്നുണ്ട്.

വായന മറന്നവരിൽ ഒട്ടേറെപ്പേർ കോവിഡ് കാലത്ത് വീണ്ടും വായനയുടെ ലോകത്തേക്ക് മടങ്ങിവന്നുവെന്നാണ് പ്രസാധകരുടെ സാക്ഷ്യം. അതിൻറെ പ്രതിഫലനം പുസ്തകമേളയിലുമുണ്ട്. കോവിഡ് കാലത്തെ വിരസതകൾ അകലുന്ന കാഴ്ചയാണ് പുസ്തകനഗരിയിലുള്ളത്. അതിജീവനവും കോവിഡിനെ മറികടന്നുള്ള സാമൂഹികാവസ്ഥയുടെ മടങ്ങിവരവുമാണ് പുസ്തകമേള നൽകുന്ന നല്ല കാഴ്ചകൾ.

മേള അവസാനിക്കുന്ന 14 ആം തീയതി വരെ എല്ലാ ദിവസവും അഞ്ചു മണിക്കൂറോളം അണുവിമുക്തമാക്കുന്ന വേദിയിലാണ് പുസ്തകമേള അരങ്ങേറുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന് ഓർമപ്പെടുത്തി മലയാളത്തിലടക്കം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നതടക്കം കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ഷാർജ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാല് മുതൽ രാത്രി 11 വരെയും മറ്റുദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ രാത്രി 10 വരെയുമാണ് പുസ്തകമേള പ്രവർത്തിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...