ഇനി വീസ വേണ്ട; സൗഹൃദം ഊട്ടിയുറപ്പിച്ച് യുഎഇയും ഇസ്രയേലും

gulf
SHARE

യുഎഇ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി കൈകോർക്കാൻ തീരുമാനിച്ചതിന് പിന്നാലെ മേഖലയിൽ വിവിധരംഗങ്ങളിൽ തിരക്കിട്ട സഹകരണമാണ് ഉടലെടുക്കുന്നത്. വാണിജ്യവ്യവസായ രംഗം മുതൽ വിമാനസർവീസുകളുടെ കാര്യത്തിൽ വരെ സഹകരണം ശക്തമാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പോയവാരത്തിലുണ്ടായ പ്രധാനസംഭവങ്ങളാണ് ആദ്യ വാർത്തയിലൂടെ കാണുന്നത്.

യുഎഇ പൌരന് ഇസ്രയേലിലേക്കും ഇസ്രയേൽ പൌരന് യുഎഇയിലേക്കും സഞ്ചരിക്കുന്നതിന് വീസ വേണ്ടായെന്ന വീസ ഫ്രീ സംവിധാനം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ്. അയൽരാജ്യങ്ങളോ ഏറ്റവും സൌഹൃദത്തിലുള്ള രാജ്യങ്ങളോ മാത്രം അനുവദിക്കുന്ന സംവിധാനമാണ് ഇസ്രയേലും യുഎഇയും തങ്ങളുടെ പൌരൻമാർക്കായി അനുവദിച്ചുനൽകിയിരിക്കുന്നത്. ആദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രയേൽ ഇത്തരമൊരു കരാർ ഒപ്പിടുന്നതെന്നതും ശ്രദ്ധേയമാണ്. 

നിക്ഷേപം, വ്യവസായ സഹകരണം, ശാസ്ത്ര സാങ്കേതിക വിദ്യ പരസ്പരം പങ്കുവയ്ക്കുന്നതടക്കം സഹകരണം, ഇരുരാജ്യങ്ങളിലേക്കും നേരിട്ട് വിമാനസർവീസുകൾ എന്നിവയുൾപ്പെടെ നാല് കരാറുകളിലാണ് ഇസ്രയേലും യുഎഇയുടെ പോയവാരം ഒപ്പുവച്ചത്. യുഎഇ ഉന്നതസംഘം ഇത്തിഹാദ് വിമാനത്തിൽ ആദ്യമായി ഇസ്രയേലിലെത്തിയപ്പോഴാണ് കരാറുകൾ യാഥാർഥ്യമായത്. ഒപ്പം ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബുദാബിയിലുമെത്തിയതിനും പോയവാരം സാക്ഷിയായി.

മേഖലയിലെ സാമ്പത്തിക വികസനത്തിനായി മൂന്ന് ബില്യൺ ഡോളർ ഫണ്ട് രൂപീകരിക്കാൻ ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്ന് തീരുമാനിച്ചത് പ്രതീക്ഷനൽകുന്ന പ്രഖ്യാപനമാണ്. അബ്രഹാമിൻറെ പേരിലുള്ള സമാധാനകരാറിലെ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 

അതിനിടെ യുഎഇ മന്ത്രിസഭ സമാധാനകരാറിന് പൂർണപിന്തുണ പ്രഖ്യാപിച്ച് അംഗീകാരം നൽകി.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഈ കരാർ അംഗീകരിച്ചതായി പ്രഖ്യാപിച്ചത്.  മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും കരാർ സഹായകരമാകുമെന്നും ഇസ്രയേലുമായി സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിന് ഇത് ആക്കം കൂട്ടുമെന്നും മന്ത്രിസഭ വിലയിരുത്തി. അതേസമയം, ഇസ്രയേൽ, ബഹ്റൈൻ നയതന്ത്രബന്ധത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു.  വാണിജ്യവ്യവസായം, വ്യോമയാനം, വാർത്താവിനിമയം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ ഇരുരാജ്യങ്ങളും കരാറുകളിൽ ഒപ്പുവച്ചു. 

ഇസ്രയേലിലെ  തെൽ അവീവിൽ നിന്നുള്ള ആദ്യവിമാനം ബഹ്റൈൻറെ തലസ്ഥാനമായ മനാമയിലെത്തി. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂചിൻ, ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയ്ർ ബെൻ ഷബത്ത് തുടങ്ങിയവരായിരുന്നു ആദ്യവിമാനത്തിലെ യാത്രക്കാർ.  കഴിഞ്ഞമാസം 15നാണ് യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സമാധാനകരാറിൽ ഒപ്പുവച്ചത്. സമാധാനകരാറിൻറെ ചുവടുപിടിച്ച് ഇസ്രയേലുമായി കൂടുതൽ ശക്തമായ സഹകരണത്തിന് യുഎഇയും ബഹ്റൈനും ഒരുങ്ങുമ്പോൾ മേഖല പ്രതീക്ഷയിലാണ്. സമാധാനത്തിൻറെ സഹകരണത്തിൻറെ അതിലൂടെ വികസനത്തിൻറെ കൂടുതൽ നല്ലനാളുകളുണ്ടാകുമെന്ന പ്രതീക്ഷ.

********************************************

പ്രവാസലോകത്ത് ഒട്ടേറെ കലാകാരുടേയും സംഘാടകരുടേയുമൊക്കെ ജീവിതത്തിൽ കോവിഡ് വലിയ നിരാശയാണ് പടർത്തിയത്. ഏഴെട്ടുമാസങ്ങൾ പിന്നിടുമ്പോൾ അതിജീവനത്തിനായി വിവിധ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ചിലർ. സാങ്കേതികവിദ്യയുടെ സഹായത്തോടെ അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി അതിജീവനത്തിൻറെ വഴി കണ്ടെത്തുന്ന പ്രവാസികലാകാരൻമാരെക്കുറിച്ചാണ് ഇനി കാണുന്നത്.

പാട്ടും ആഘോഷങ്ങളുമൊക്കെയായി വലുതും ചെറുതുമായ വേദികൾ നിറഞ്ഞു നിന്ന കാലമുണ്ടായിരുന്നു. പക്ഷേ, മഹാമാരി അതിനെല്ലാം തടയിട്ടു. അതിലുപരി മുന്നോട്ടുള്ള ജിവിതത്തിൻറെ താളം തെറ്റിച്ചു. കോവിഡ് ഉടൻ അവസാനിക്കുമെന്ന് കരുതി മാസങങൾ കാത്തിരുന്നു. പക്ഷ, പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ യുഎഇയിലെ പ്രവാസിമലയാളികളായ ചില കലാകാരൻമാർ മറ്റുസാധ്യതകൾ പ്രയോജനപ്പെടുത്തിത്തുടങ്ങി.

ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെയും സൂം ആപ്പ് വഴിയുമാണ് ഇവർ സംഗീതപരിപാടികൾ അവതരിപ്പിക്കുന്നത്. സംഘടകളുടെ വിവിധ പരിപാടികൾക്കുവേണ്ടി വെർച്വൽ ഗാനമേളയ്ക്കായി ഡെസേർട് വോയ്സ് എന്ന പേരിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. അജ്മാനിലെ വീട്ടിലാണ് ഗാനമേളയ്ക്കുള്ള ക്രമീകരണം. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ മുപ്പതോളം കലാകാരൻമാർ ഇതുവരെ ഡെസേർട് വോയ്സ് എന്ന ഈ സംരംഭത്തിൻറെ ഭാഗമായി. 

ഗായകർ, സംഗീത ഉപകരണം വായിക്കുന്നവർ, സൌണ്ട് ലൈറ്റ് കൈകാര്യം ചെയ്യുന്നവർ, സാങ്കേതിക വിദഗ്ദർ തുടങ്ങി ഒട്ടേറെ മേഖലകളിലുള്ളവരുടെ അതിജീവനത്തിനാണ് ഡെസേർട് വോയ്സ് സഹായമാകുന്നത്.

മഹാമാരി പൂർണമായും കടന്നുപോകും വരെ കലയിലൂടെ ഉപജീവനം തേടുന്നവർക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഒരുകാലത്ത് സംഗീതത്തിലൂടെ നമ്മെ സന്തോഷിപ്പിച്ചവർക്ക് ആ സന്തോഷം നഷ്ടപ്പെട്ട കാലത്ത് സഹായമേകേണ്ടത് നമ്മുടെ കൂടെ കടമയാണ്. അതിനാൽ തന്നെ വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വലിയസഹായമാകുമെന്നാണ് വിവിധ സംഘടനകളോടും പ്രവാസസമൂഹത്തോടും ഇവർക്ക് പറയാനുള്ളത്.

പ്രവാസിമലയാളികളുടെ ആഘോഷങ്ങൾക്കു മാറ്റുകൂട്ടിയിരുന്ന ഇവർ വീണ്ടും അതേ ആഘോഷങ്ങളിലേക്ക് സമൂഹം മടങ്ങുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മഹാമാരി നിർത്തിവച്ച ആഘോഷങ്ങളിലേക്ക് കൂട്ടായ്മകളിലേക്ക് സംഗീതവുമായി വീണ്ടുമെത്താൻ....

********************************************

മുഖചിത്രങ്ങളിലൂടെ ചിത്രകലയിൽ കഴിവ് തെളിയിക്കുന്ന പ്രവാസിമലയാളിയായ ഒരു കൊച്ചുചിത്രകാരനെയാണ് ഇനി പരിചയപ്പെടുന്നത്. കോവിഡ് കാലത്ത് വരച്ചത് പ്രശസ്തരുടേതുൾപ്പെടെ 75 ൽ അധികം ചിത്രങ്ങൾ. മനോഹരങ്ങളായ ആ ചിത്രങ്ങളുടെ നിർമിതിയുടെ വിശേഷങ്ങളുമായി കൊച്ചുചിത്രകാരൻ ശരണാണ് ഇനി ചേരുന്നത്.

മുഖം മനസിൻറെ കണ്ണാടിയെന്നാണ് പഴമൊഴി. അതേ മുഖം കണ്ണാടിയിൽ കാണുന്നതിനേക്കാൾ മനോഹരമായാണ് ഒൻപതാം ക്ളാസുകാരനായ ശരൺ ശശികുമാർ വരച്ചു നൽകുന്നത്. നിറങ്ങളും അളവുകളുമെല്ലാം കൃത്യമായി കണക്കുകൂട്ടിയാണ് ക്യാൻവാസിലേക്ക് പകർത്തുന്നത്. . എട്ടാം വയസിൽ അച്ഛൻ സമ്മാനിച്ച കളർ പെൻസിലിലൂടെയാണ് ചിത്രലോകത്തേക്ക് അരങ്ങേറ്റം.  മാതാപിതാക്കളുടെ വിവാഹവാർഷികത്തിന് അവരുടെ മുഖചിത്രം സമ്മാനമായി നൽകി പോട്രേയ്റ്റ് ചിത്രരചന തുടങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അബുദാബി, ദുബായ് ഭരണാധികാരികൾ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ,  സിനിമ നടൻമാർ, അങ്ങനെ ഒട്ടേറെപ്പേരുടെ മുഖങ്ങൾ ശരൺ തൻറെ ക്യാൻവാസിൽ പകർത്തിയിട്ടുണ്ട്. ചിത്രം ലഭിച്ചതിലെ സന്തോഷം പങ്കിവച്ച് നടനും എംപിയുമായ സുരേഷ് ഗോപി സ്നേഹത്തോടെ അയച്ച കത്ത് ഏറെ അമൂല്യമായി സൂക്ഷിക്കുന്നു. യുഎഇ ഭരണാധികാരികളുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചിത്രങ്ങൾ അവർക്ക് നേരിട്ട് കൈമാറാനുള്ള അവസരം കാത്തിരിക്കുകയാണ് ഈ കുട്ടിചിത്രകാരൻ.

സാധാരണ ഒന്നും രണ്ടും ലെയറിൽ വരയ്ക്കുന്ന രീതിമാറ്റി ചിത്രത്തിൻറെ സൂക്ഷ്മാംശങ്ങൾ വരെ പ്രതിഫലിക്കാൻ ആറും ഏഴും ലെയറിലാണ് ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഈ ഒൻപതാം ക്ലാസ് വിദ്യാർഥിയും മാവേലിക്കര സ്വദേശിയുമായ ശരൺ ചിത്രം വരയ്ക്കുന്നത്. അതിനാൽതന്നെ ചിത്രങ്ങളുടെ മനോഹാരിതയും മികച്ചുനിൽക്കുന്നു.

കോവിഡ് കാലത്ത് മാത്രം 75ൽ അധികം ചിത്രങ്ങളാണ് വരച്ചത്. സുഹൃത്തുക്കളുടെ പോട്രേയ്റ്റുകൾ വരച്ചായിരുന്നു തുടക്കം. വീട്ടിൽ നിന്നും സ്കൂളിലെ ഗുരു കൃഷ്ണാനന്ദിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് ശരണിനെ മുന്നോട്ട് നയിക്കുന്നത്. രാജാ രവിവർമ ആരാധകനാണ്. പഠിച്ച് ചിത്ര കലയുടെ  വഴിയിലോ വാസ്തുശിൽപ കലയിലോ മുന്നേറണമെന്നാണ് ആഗ്രഹം.

ഏറ്റവും കൂടുതൽ പോട്രെയ്റ്റ് വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശനം കാത്തിരിക്കുകയാണ് ശരൺ. മറ്റുചിത്രങ്ങളേക്കാൾ മുഖചിത്രം വരയ്ക്കുന്നതിലും അത് അവർക്ക് തന്നെ സമ്മാനിക്കുന്നതിലുമണ് സന്തോഷം. ചിത്രകലയുടെ കൂടുതൽ സാധ്യതകൾ മനസിലാക്കി ഇതേ മേഖലയിൽ മുന്നോട്ട് നീങ്ങാനാണ് ഈ കൊച്ചുകലാകാരൻറെ ആഗ്രഹം.

********************************************

ദുബായുടെ ചരിത്രം പരിചയപ്പെടാനും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടു ഇരുപത്തിയേഴു മ്യൂസിയങ്ങൾ ഒരുങ്ങുന്നു. ദുബായിലെ ചരിത്രപ്രാധാന്യമേറിയ ക്രീക്കിനു സമീപമുള്ള ഈ മ്യൂസിയങ്ങളുടെ വിശേഷങ്ങളാണ് ഇനി പരിചയപ്പെടുന്നത്. 

തേംസ് നദി ലണ്ടനിനും നൈൽ നദി കെയ്റോയ്ക്കും സെയിൻ നദി പാരിസിനും നൽകിയ ചരിത്രസംഭാവനകളോളം പ്രിയപ്പെട്ടതാണ് ദുബായ് നഗരത്തിനു ക്രീക്ക് ജലപാത. ദുബായ് നഗരത്തിൻറെ വാണിജ്യ പാര സാംസ്കാരിക വളർച്ചയുടെ മുഖ്യസാക്ഷി. ദുബായ് നഗരത്തെ രണ്ടായി വിഭജിക്കുന്ന പതിനാലു കിലോമീറ്ററോളം കരയിലേക്കു കയറി നിൽക്കുന്ന ജലപാതയാണ് ദുബായ് ക്രീക്ക്. ദുബായുടെ ചരിത്രവും സംസ്കാരവുമുറങ്ങുന്ന തീരം. 

ബി.സി മൂവായിരം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള ചരിത്രം ദൃശ്യസാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയാണ് ദുബായ് ക്രീക്ക് ഹൌസ് മ്യൂസിയം. മരുഭൂമിയിൽ അപരിഷ്കൃതരായി കഴിഞ്ഞ ജനത എങ്ങനെ വികസനത്തിൻറെ നെറുകയിലെത്തിയെന്നു പരിചയപ്പെടുത്തുന്ന കാഴ്ചകൾ. 

ദുബായുടെ കഥ പറയുന്ന പഴയ ചിത്രങ്ങൾ ഉൾപ്പെടെ നൂറ്റൻപതോളം പൗരാണിക വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന പൌരാണിക വസ്തുക്കളും പഴയ വസ്ത്രങ്ങളുമെല്ലാം നേരിട്ടു കാണാം. ഒരുമിച്ചു കൂടാൻ മജ്ലിസുകളും, വസ്ത്രങ്ങളും നിത്യോപോഗ സാധനങ്ങളും വാങ്ങാനുള്ള സൂക്കുകളും പഴമകളോടെ വിഡിയോ ദൃശ്യങ്ങളായി കൺമുന്നിലെത്തുന്ന കാഴ്ച. 

ക്രീക്കിനു സമീപത്തു നിന്നും ദുബായ് വളർന്ന കാഴ്ചകൾ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 1960കളിൽ സ്ഥാപിതമായ റാഷിദ് തുറമുഖം, 1797ൽ നിർമിച്ച അൽ ഫഹ്ദി തുറമുഖം, 1962ലെ അൽ മക്തും പാലം, 1950കളിൽ തുടങ്ങിയ വൈദ്യുതിവൽക്കരണം, 1954ൽ സ്ഥാപിതമായ ദുബായ് മുനിസിപ്പാലിറ്റി, 1963ൽ തുടങ്ങിയ ദുബായ് നാഷണൽ ബാങ്ക് ഉൾപ്പെടെ ദുബായുടെ സാംസ്കാരിക വിദ്യാഭ്യാസ സാമ്പത്തിക ഭൂമിശാസ്ത്രപരമായ വളർച്ചകളുടെ ദൃശ്യാവിഷ്കാരമാണ് ക്രിക്ക് ഹൌസിൽ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. 

ക്രീക്ക് ഹൌസിനു തൊട്ടടുത്തു ജലപാതയ്ക്കു സമീപമായാണ് ദുബായ് പെർഫ്യൂം ഹൌസ്. അറേബ്യൻ സംസാകാരത്തിൻറെ ഭാഗമായ സുഗന്ധദ്രവ്യങ്ങൾ നേരിട്ടുകാണാനും സ്വന്തമാക്കാനുമുള്ള അവസരം. അയ്യായിരം കൊല്ലത്തിലധികമുള്ള സുഗന്ധ വ്യാപാര ചരിത്രവും വിവിധ ദേശങ്ങളിലേക്ക് അതു പടർന്ന വഴികളും ഇവിടെ പരിചയപ്പെടാം. സ്പേം വെയ്ൽ എന്ന തിമിംഗലത്തിന്റെ വയറ്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആംബർഗ്രീസിൽ നിന്നുള്ള ആംബർ, കസ്തൂരി മാൻ, വെരുക് എന്നിവയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന കസ്തൂരി, ഊദ് മരത്തിൻറെ തടി വാറ്റിയുണ്ടാക്കുന്ന ഊദ് തുടങ്ങിയവ ഇവിടെ അനുഭവിച്ചറിയാനാകും. 

ഏറ്റവും മികച്ച സാങ്കേതിക വിദ്യകളോടെയാണ് മ്യൂസിയം കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ഒപ്പം സുഗന്ധ ദ്രവ്യങ്ങൾ അറബ് നാട്ടിലേക്കും ഇവിടെ നിന്നു മറ്റുരാജ്യങ്ങളിലേക്കും സഞ്ചരിച്ച കഥകളും പരിചയപ്പെടാം. ഹോൾഡ്... ദുബായ് മുനിസിപ്പാലിറ്റി, ദുബായ് കലാ സാംസ്കാരിക അതോറിറ്റി, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്രീക്ക് ഷിന്ദഗയിൽ 155 ഹെക്ടറിൽ 25 മ്യൂസിയങ്ങൾ നിർമിക്കുന്നത്. ലൈഫ് ഓഫ് സീ, ലൈഫ് ഓൺ ലാൻഡ്, ചിൽഡ്രൻസ് പവിലിയൻ, അൽ മക്തൂം ഹൗസ്, കമ്യൂണിറ്റി ഹാൾ തുടങ്ങി ഒട്ടേറെ പ്രമേയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരിക്കും മ്യൂസിയങ്ങൾ. പതിനഞ്ചു ദിർഹമാണ് രണ്ടു മ്യൂസിയങ്ങളിലേക്കുള്ള പ്രവേശന നിരക്കു. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൌജന്യമാണ്

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...