മഹാമാരിയുടെ ദുരിതത്തിൽ വഴിമുട്ടി; പരിഗണന കാത്ത് പ്രവാസികൾ

gulfnew
SHARE

നാടിൻറേയും സ്വന്തക്കാരുടേയും നല്ല നാളേക്കു ഇന്നും ഇന്നലെകളുമൊക്കെ കടം കൊടുത്തു ജീവിക്കുന്നവരാണ് പ്രവാസികൾ. ആ പ്രവാസലോകത്ത് നാളെയുടെ പ്രതീക്ഷകൾക്കു മങ്ങലേറ്റുതുടങ്ങിയിരിക്കുന്നു. ദുരിതകാലത്ത് വഴിമുട്ടിയ കാഴ്ചകളുണ്ടിവിടെ. ആ കാഴ്ചകൾ, പ്രവാസലോകത്തെ മഹാമാരിയുടെ ദുരിതങ്ങളാണ് ഗൾഫ് ദിസ് വീക്കിലൂടെ മുന്നിലെത്തുന്നത്. സ്വാഗതം.

നാളെയെന്തായിരിക്കുമെന്ന ആശങ്കയോടെ, ദുരിതകാലത്തെ എങ്ങനെ അതിജീവിക്കണമെന്ന സന്ദേഹത്തോടെ ജീവിക്കുന്ന പ്രവാസികൾ.  ജോലി നഷ്ടപ്പെട്ടവർ മുതൽ ഗർഭിണികൾ വരെ. എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ ആകാശത്തേക്കു കണ്ണുനട്ടിരിക്കുന്നവർ. 

ആകാശത്തേക്കു കണ്ണും നട്ടിരിക്കുന്ന ഗൾഫിലെ ആയിരക്കണക്കിനു പ്രവാസികളുടെ പ്രതിനിധിയാണ് ആറ്റിങ്ങൽ സ്വദേശി വിക്രമൻ. ജോലി നഷ്ടപ്പെട്ടു. പുതിയൊരു ജോലി കണ്ടെത്താൻ നിലവിൽ അവസരമില്ല. താമസയിടത്തെ വാടക മുതൽ ഭക്ഷണത്തിനും മരുന്നിനും വരെ പണം കണ്ടെത്തണം. ആകെയൊരു പരിഹാരമെന്നത് എത്രയും പെട്ടെന്നു നാട്ടിലെത്തുകയെന്നതാണ്, പക്ഷേ പ്രവാസിയെന്ന നിലയിൽ, ഇരുപതു വർഷത്തോളം അന്യനാട്ടിൽ കഷ്ടപ്പെട്ട വ്യക്തിയെന്ന നിലയിൽ കരുതേണ്ട ദയ വച്ചുതാമസിപ്പിക്കുകയാണ് നമ്മുടെ അധികൃതർ. ഇന്ത്യയിലേക്കു സുരക്ഷിതമായി വിമാനസർവീസ് അനുവദിക്കാമെന്നു വ്യക്തമാക്കിക്കഴിഞ്ഞു യുഎഇ. എല്ലാവരേയും നാട്ടിലേക്കെത്തിക്കണമെന്നു ആരും ആവശ്യപ്പെടില്ല. അതു പ്രായോഗികവുമല്ല. പക്ഷേ, നാട്ടിലെത്തിച്ചില്ലെങ്കിൽ ജീവിതം വഴിമുട്ടുന്ന ചിലരുണ്ടിവിടെ. അവരെ പരിഗണിക്കേണ്ടത് രാജ്യത്തിൻറെ ഉത്തരവാദിത്തമാണ്. 

ഏറ്റവും പ്രധാനമായും പരിചരണം ആവശ്യമായ ഗർഭകാലത്തു ഈ പ്രവാസലോകത്ത് ഒറ്റപ്പെട്ടവർ ഏറെയുണ്ട്. അവരേയും പരിഗണിക്കണം. കൃത്യമായ സമയങ്ങളിൽ ആരോഗ്യപരിശോധന നടത്താൻ സൌകര്യം ലഭിക്കാത്തവർ, വേണ്ടത്ര പരിചരണം ലഭിക്കാത്തവർ. അങ്ങനെയുള്ളവരെ നാട്ടിലേക്കെത്തിക്കാൻ സർക്കാർ മുൻകയ്യെടുക്കണം. വച്ചുതാമസിപ്പിക്കുന്ന ഓരോ മണിക്കൂറുകളും ഓരോ ജീവൻറെ വിലയാണെന്നു മറക്കാതിരിക്കണം. 

സന്ദർശക വീസയിലെത്തി ജോലിയില്ലാതെ വലയുന്നവർ, പ്രമേഹവും ഹൃദ്രോഗവുമടക്കം രോഗങ്ങളുള്ളവർ അങ്ങനെ അടിയന്തിരമായി നാട്ടിലേക്കെത്തിക്കേണ്ടവരെ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രവാസലോകത്തിൻറെ ആവശ്യം. 

ഓരോദിവസവും കുതിച്ചുയരുന്ന വൈറസ് ബാധിതരുടേയും മരണത്തിൻറേയും കണക്കുകൾ പേടിപ്പിക്കുമ്പോൾ ഇനിയും തുറന്നിട്ടില്ലാത്ത ഇന്ത്യയുടെ ആകാശവാതിലുകളിലേക്കു പ്രതീക്ഷയോടെ നോക്കിയിരിക്കുന്നവർ. സ്വന്തം മകന്റെ മൃതദേഹത്തിനൊപ്പം പോകാനാവാതെ തളർന്നിരിക്കുന്ന മാതാപിതാക്കൾ, ചരക്കുവിമാനത്തൽ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടു പോകുന്നത് തകർന്ന ഹൃദയത്തോടെ കാണേണ്ടിവരുന്നവർ.  വിമാനങ്ങളിൽ പോകാൻ അനുമതിയില്ലാത്തതിനാൽ നാട്ടിലെ ഉറ്റവരുടെ അന്ത്യകർമങ്ങൾ ഓൺലൈനായി കാണാൻ വിധിക്കപ്പെട്ടവർ. നാട്ടിൽ മരിച്ച പ്രിയപ്പെട്ടവരെ ഒരു നോക്കുകാണാനാകാതെ വിലപിക്കുന്നവർ. സാന്ത്വനിപ്പിക്കാൻ പോലുമാകാതെ വിറച്ചുനിൽക്കുന്ന പ്രവാസജീവിതങ്ങൾ

പാക്കിസ്ഥാൻ, ഫിലീപ്പീൻസ് തുടങ്ങി ഇരുപതിലധികം രാജ്യങ്ങൾ മുൻകൈയെടുക്കു യുഎഇയുടെ സഹായത്തോടെ അതാത് പൌരൻമാരെ നാട്ടിലെത്തിക്കുന്നുണ്ട്. പക്ഷേ, എന്നും എല്ലായിടത്തും  സജീവമായ ഇന്ത്യൻ സമൂഹത്തിനു ഈ സഹായം ഒരു കടലകലെയാണ്. ഇന്ത്യൻ എംബസികളുടേയും കോൺസുലേറ്റുകളുടേയുമൊക്കെ ഇടപെടൽ കൂടുതൽ സജീവമാകേണ്ട മേഖലകളുണ്ട് ഇനിയും. തൊഴിലാളി ക്യാംപുകളിൽ പരിശോധനസംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കൂടുതൽ പേരെ പരിശോധനയ്ക്കു വിധേയരാക്കുന്നതിലൂടെ വൈറസ് വ്യാപനം തടയാനാകും. പ്രവാസിഇന്ത്യക്കാരുടേതടക്കെ ആശുപത്രികളുമായി സഹകരിച്ചു സൌജന്യമായി ക്യാംപുകളിലടക്കം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനും മരുന്നിനുമൊപ്പം അതേ പ്രാധാന്യത്തോടെതന്നെ പരിശോധനാസംവിധാനങ്ങളും ഒരുക്കിനൽകേണ്ടതുണ്ട്.ക്വാറൻറീൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിനും ഇടപെടൽ ആവശ്യമാണ്. മാനസിക വിഷമങ്ങളെത്തുടർന്നു ജീവിതം അവസാനിപ്പിച്ച കാഴ്ടകളും ഈ ദുരിതകാലത്ത് പ്രവാസലോകത്തെ സങ്കടപ്പെടുത്തുന്നുണ്ട്. മാനസിക പിരിമുറുക്കങ്ങളിൽ പെട്ടവർക്കും മറ്റു അസുഖങ്ങൾ അനുഭവിക്കുന്നവരേയും സഹായിക്കാൻ ടെലിമെഡിസിൻ സംവിധാനം ഒരുക്കാൻ കേരളം മുൻകയ്യെടുക്കണമെന്നും ആവശ്യമുയരുന്നു.

കോവിഡ് കാലത്തിനു ശേഷവും പ്രവാസികളോടുള്ള പരിഗണന കൂടുതൽ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഇതുവരെ പ്രവാസികളുടെ തണലിലാണ് നമ്മൾ മലയാളികളിൽ ഭൂരിപക്ഷവും മുന്നോട്ടുപോയിരുന്നത്. ആ തണൽ പ്രവാസികൾ തിരിച്ചു നൽകേണ്ട കാലമാണ് കടന്നുവരുന്നത്. കോവിഡ് കാരണം ഗൾഫിലെ സാമ്പത്തിക അസ്ഥിരത തുടരുന്നത് മലയാളികളടക്കമുള്ളവരുടെ ജോലിക്കു ഭീഷണിയാകുന്നു. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. വ്യോമയാനം, വിനോദസഞ്ചാരം മുതൽ നിർമാണമേഖലയിൽ വരെ പിരിച്ചുവിടീലും വേതനം വെട്ടിക്കുറയ്ക്കുന്നതും വെല്ലുവിളിയാണ്.  സ്വകാര്യസ്ഥാനപങ്ങൾക്ക് ജീവനക്കാരെ പിരിച്ചുവിടുന്നതിനും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും നിർബന്ധിത അവധി നൽകുന്നതിനും യുഎഇ, സൌദി സർക്കാരുകൾ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ റിക്രൂട്മെൻറുകൾ നടക്കാത്തതും ജോലി നഷ്ടപ്പെട്ടവർക്കു തിരിച്ചടിയാണ്.വരും മാസങ്ങളിൽ കൂടുതൽ പേരുടെ ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. 

ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാർ തലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. ജോലി നഷ്ടപ്പെട്ടു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി വായ്പാസംവിധാനം ഒരുക്കുക, ജോലി, സംരഭങ്ങൾ ഒരുക്കാൻ സഹായിക്കുക തുടങ്ങിയവ ഏറ്റവും ഗൌരവത്തോടെ പരിഗണിക്കണം. സർക്കാർ തലത്തിൽ ജില്ല അടിസ്ഥാനത്തിൽ പ്രവാസികളുടെ സഹായത്തിനായി പദ്ധതികൾ ഒരുക്കണമെന്നാണ് പ്രവാസലോകത്തിൻറെ ആവശ്യം. ഈ വർഷാവസാനം വരെയെങ്കിലും ലക്ഷക്കണക്കിനു പ്രവാസികൾ നാട്ടിലേക്കു മടങ്ങിയെത്തിയേക്കാം. അവരെ പരിഗണിക്കേണ്ടത്, സഹായിക്കേണ്ടത് സർക്കാരുകളുടെ, സമൂഹത്തിൻറെ ഉത്തരവാദിത്തമാണെന്നു മറക്കാതിരിക്കട്ടെ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...