പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്; മലയാളത്തിലും ബോധവത്കരിച്ച് ബഹ്റൈൻ

kuwait-19
SHARE

കുവൈത്തിൽ പൊതു അവധിയും ഇന്ത്യയടക്കമുള്ള രാജ്യക്കാർക്ക് പ്രവേശനവിലക്കും തുടരുകയാണ്. ഗൾഫ് മേഖലയിലെ ആദ്യ കോവിഡ് മരണം ബഹ്റൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയെങ്കിലും വൈറസ് വ്യാപനം തടയാൻ അതിശക്തമായ നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

കുവൈത്തിൽ ഈ മാസം പതിനൊന്നു മുതൽ രണ്ടാഴ്ചത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്വകാര്യമേഖലകൾക്ക് അവധി ബാധകമാണ്. വിദ്യാഭ്യാസസ്ഥപനങ്ങൾ അടച്ചിടുകയും പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തു. റസ്റ്ററൻറുകളിൽ പാർസൽ സംവിധാനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സൂപ്പർമാർക്കറ്റുകളും ബഖാലകളും തുറന്നതിനാൽ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടില്ല.

പെട്രോൾ പമ്പുകൾ, പാചകവാതക സ്റ്റേഷനുകൾ, ജം‌ഇയ്യകൾ (സഹകരണ സ്ഥാപനങ്ങൾ) എന്നിവയ്ക്ക് പൊതു അവധി ബാധകമാക്കിയിട്ടില്ല. ആറു ഗവർണറേറ്റുകളിലും എല്ലാ ബാങ്കുകളുടെയും ഓരോ ശാഖകൾ പ്രവർത്തനസജ്ജമാണ്. ഒപ്പം എടിഎം ബാങ്കിങ് ഓൺലൈൻ സേവനങ്ങൾക്കും തടസമില്ല. കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ യാത്രാവിമാനസർവീസുകളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. പൊതുഗതാഗതസംവിധാനങ്ങളും റദ്ദാക്കിയാണ് കുവൈത്ത് മഹാമാരിയെ പ്രതിരോധിക്കുന്നത്.

വെള്ളിയാഴ്ചകളിലെ ജുമു‌അ ഉൾപ്പെടെ പള്ളികളിൽ അഞ്ച് നേരങ്ങളിലെയും ജമാ‌അത്ത് നമസ്കാരം നിരോധിച്ചതായി ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുവൈത്ത് ഔദ്യോഗിക ടെലിവിഷനിലൂടെ മലയാളത്തിൽ കോവിഡ് 19 ബോധവൽക്കരണം നടത്തിയതും ശ്രദ്ധേയമായി. വാർത്താഅവതാരികയും പാതി മലയാളിയുമായ മറിയം അൽ ഖബന്ദിയാണ് കോഴിക്കോടൻ ഭാഷയിൽ വിവരങ്ങൾ അവതരിപ്പിച്ചത്.

കുവൈത്തിലെ വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ നീക്കമുണ്ടെന്ന സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സാ‍മൂഹികസാമ്പത്തികകാര്യമന്ത്രി മറിയം അൽ അഖീൽ വ്യക്തമാക്കുന്നു. അത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്ന വിദേശികളെ നാടുകടത്തുമെന്നുമാണ് മുന്നറിയിപ്പ്.  അതേസമയം, ബഹ്റൈനിലാണ് ഗൾഫ് മേഖലയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇറാനിൽ നിന്നും മടങ്ങിയെത്തിയ അറുപത്തഞ്ചുകാരിയായ സ്വദേശിയാണ് കഴിഞ്ഞ പതിനഞ്ചാം തീയതി മരിച്ചത്. എന്നാൽ, ആശങ്കയ്ക്കിടയില്ലാത്ത തരത്തിലുള്ള കൃത്യമായ പ്രതിരോധപ്രവർത്തനങ്ങളാണ് ബഹ്റൈനിൽ തുടരുന്നത്. ഇറാനിലുണ്ടായിരുന്ന പൌരൻമാരെ പ്രത്യേക വിമാനത്തിൽ ബഹ്റൈനിലേക്ക് മടക്കിയെത്തിച്ചിരുന്നു. ഇവരെ മാറ്റിപ്പാർപ്പിക്കുകയും ആരോഗ്യപരിശോധന നടത്തുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഓൺ‌അറൈവൽ വീസ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിർത്തലാക്കി. പതിനെട്ടാം തീയതിക്കു മുൻപ് അനുവദിച്ച വീസയുള്ളവർക്ക് നിയന്ത്രണമുണ്ടാകില്ല.

ഇന്ത്യയടക്കമുള്ള സ്ഥലങ്ങളിലേക്ക് വിമാനസർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇരുപതിലധികം പേർ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. റസ്റ്ററൻ‌റുകളിൽ ടേക് എവേ, പാഴ്സൽ എന്നിവ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സൂപ്പർ മാർക്കറ്റുകളിൽ ആദ്യത്തെ ഒരുമണിക്കൂർ പ്രായമുള്ളവർക്കും ഗർഭിണികളായ സ്ത്രീകൾക്കും മാത്രമായി അനുവദിച്ചു. സിനിമാ തീയറ്ററുകൾ, സ്വകാര്യ കായിക കേന്ദ്രങ്ങൾ,ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിട്ടു. രാജ്യത്തുപ്രവേശിക്കുന്നവരെല്ലാം സ്വയം ക്വാറൻറീനു വിധേയരാകണമെന്നാണ് നിർദേശം. ഇരുപതു മുതൽ നടത്താനിരുന്ന ബഹ്റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രി മാറ്റിവച്ചു. അത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചിലത് റദ്ദാക്കിയുമാണ് ബഹ്റൈൻ എന്ന കൊച്ചുരാജ്യം കോവിഡ് എന്ന വലിയ വിപത്തിനെ പ്രതിരോധിക്കുകയാണ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...